വിദേശത്ത് പഠിക്കുന്നവര്‍ക്ക് രണ്ട് നമസ്കാരങ്ങള്‍ ജംഅ് ആക്കാന്‍ അനുവാദമുണ്ടോ?
ഫദ്‍ലുൽ ഹഖ് ഉമരി ആമയൂർ
Last Update 2023 March 17, 25 Shaʻban, 1444 AH
അവലംബം: islamqa
ചോദ്യം: രാവിലെ എട്ടുമണി മുതൽ വൈകുന്നേരം ആറുമണിവരെ തുടർച്ചയായി ക്ലാസിൽ പങ്കെടുക്കുന്ന ഒരു വിദ്യാർത്ഥിയുടേതാണ് ചോദ്യം. ളുഹ്ർ മുതൽ ഇശാഅ് വരെയുള്ള എല്ലാ നമസ്കാര സമയങ്ങളിലും അധ്യാപനം തുടർന്നു കൊണ്ടിരിക്കുന്നു. അപ്പോൾ എങ്ങനെയാണ് നമസ്കരിക്കേണ്ടത്. നമസ്കാരം ജംഉം (ഒരു നമസ്കാരത്തെ മറ്റൊരു നമസ്കാരത്തോട് കൂട്ടി നമസ്കരിക്കുക) ഖസ്വറും (നാലു റക്അതുള്ള നമസ്കാരം രണ്ട് റക്അതാക്കി ചുരുക്കി നമസ്കരിക്കുക) അനുവദനീയമാണോ? . അതോ ജംഅ് മാത്രമാണോ അനുവദനീയമായിട്ടുള്ളത്?. വിശദീകരണം പ്രതീക്ഷിക്കുന്നു. കാരണം നമസ്കാരം അതിന്‍റെ കൃത്യസമയത്ത് നിർവഹിക്കുന്നതിൽ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
ഉത്തരം:
(ഒന്ന്)
സർവ്വസ്തുതിയും അല്ലാഹുവിനാകുന്നു. നമസ്കാരം വലിയ പ്രാധാന്യമുള്ള കാര്യമാണ്. ഇസ്‌ലാമിൽ അതിന്‍റെ സ്ഥാനം വളരെ വലുതാണ്. നമസ്കാരം അതിന്‍റെ കൃത്യമായ സമയങ്ങളിൽ നിർവഹിക്കുവാനുള്ള കൽപ്പന വന്നിട്ടുണ്ട്. ആ വിഷയത്തിൽ പ്രേരണകളും വന്നിട്ടുണ്ട്. അതോടൊപ്പം അതിൽ വീഴ്ച വരുത്തുന്ന ആളുകൾക്കുള്ള മുന്നറിയിപ്പുകളും വന്നിട്ടുണ്ട്. ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അല്ലാഹു പറയുന്നു:
തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധബാധ്യതയാകുന്നു. (അന്നിസാഅ്: 103)
ഹദീസിൽ ഇപ്രകാരം കാണാം:
അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള കർമ്മം ഏത് എന്ന് ചോദിക്കപ്പെട്ടപ്പോൾ നബിﷺ ഇപ്രകാരം പറഞ്ഞു: നമസ്കാരം അതിന്‍റെ സമയത്ത് നിർവഹിക്കൽ. (ബുഖാരി: 527. മുസ്‌ലിം: 85)
നമസ്കാരത്തിന്‍റെ വിഷയത്തിൽ സൂക്ഷ്മത പുലർത്താനുള്ള കല്പനയും അല്ലാഹു നൽകിയിട്ടുണ്ട്.
നമസ്കാരങ്ങള്‍ നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിച്ചു പോരേണ്ടതാണ്. പ്രത്യേകിച്ചും ഉല്‍കൃഷ്ടമായ നമസ്കാരം. അല്ലാഹുവിന്‍റെ മുമ്പില്‍ ഭക്തിയോടു കൂടി നിന്നുകൊണ്ടാകണം നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്. (അൽബഖറ: 238)
ഉൽകൃഷ്ടമായ നമസ്കാരം (الصلاة الوسط) എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് അസ്വർ നമസ്കാരമാണ്. നബിﷺയിൽ നിന്നും അപ്രകാരം സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്.
അസ്വർ നമസ്കാരം ആരെങ്കിലും ഉപേക്ഷിച്ചാൽ അവന്‍റെ കർമ്മങ്ങൾ നിഷ്ഫലമാകും. (ബുഖാരി: 553)
ഇതാണ് വസ്തുത എങ്കിൽ മഹത്തായ ഈ നിർബന്ധ ബാധ്യത അതിന്‍റെ കൃത്യസമയത്ത് തന്നെ നിർവഹിക്കുവാനുള്ള സാധ്യതകളും മാർഗങ്ങളും കണ്ടെത്താൻ ചോദ്യകർത്താവ് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. അതായത് നമസ്കാരം നിർവഹിക്കപ്പെടുന്ന സമയങ്ങളോട് എതിരാകാത്ത രൂപത്തിൽ അധ്യാപനത്തിന്‍റെ സമയം ക്രമീകരിക്കുക, ശുദ്ധമായ ഒരു സ്ഥലത്ത് വെച്ച് നമസ്കാരം നിർവഹിക്കുവാൻ വേണ്ടി പുറത്തുപോകാൻ അനുവാദം ചോദിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. മാത്രവുമല്ല നമസ്കാരം നിർവഹിക്കാൻ വളരെ ചുരുങ്ങിയ സമയം മാത്രമേ വേണ്ടതുളളൂ എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ലജ്ജ കാരണത്താലോ ഞാനൊരു മുസ്‌ലിമാണ് എന്ന് മറ്റുള്ളവർ അറിയുമെന്ന കാരണത്താലോ നമസ്കാരത്തിനു വേണ്ടി പുറത്തു പോകുന്നതിനെ ഉപേക്ഷിക്കൽ വർജിക്കേണ്ടതുണ്ട്.
ഒരു വ്യക്തിക്ക് താൻ നിലകൊള്ളുന്ന രാജ്യത്ത് തന്‍റെ മതപരമായ കാര്യങ്ങൾ നിലനിർത്താൻ സാധിക്കുന്നില്ലെങ്കിൽ അവിടെ നിന്നും ഹിജ്റ പോകൽ നിർബന്ധമാണ് എന്ന് പണ്ഡിതന്മാർ സ്ഥിരപ്പെടുത്തിയിട്ടുണ്ട്. (മതപരമായി നിർവഹിക്കേണ്ട ബാധ്യതകൾ ഒഴിവാക്കിക്കൊണ്ട്) ആ രാജ്യത്ത് തന്നെ തുടരൽ ആ വ്യക്തിക്ക് അനുവദനീയമല്ല. എന്നാൽ ഹിജറ പോകാൻ സാധ്യമല്ലാത്ത നിലക്ക് അശക്തനായ ഒരു വ്യക്തിയാണ് എങ്കിൽ അവൻ ഇതിൽ നിന്നും (ഹിജ്റയിൽ നിന്നും) ഒഴിവാണ്. അല്ലാഹു പറയുന്നു:
(അവിശ്വാസികളുടെ ഇടയില്‍ തന്നെ ജീവിച്ചുകൊണ്ട്) സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും: ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്‍റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശം വിട്ട് അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം! എന്നാല്‍ യാതൊരു ഉപായവും സ്വീകരിക്കാന്‍ കഴിവില്ലാതെ, ഒരു രക്ഷാമാര്‍ഗവും കണ്ടെത്താനാകാതെ അടിച്ചൊതുക്കപ്പെട്ടവരായിക്കഴിയുന്ന പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും ഇതില്‍ നിന്നൊഴിവാകുന്നു. (അന്നിസാഅ്: 97-99)
(രണ്ട്)
തന്നാലാവുന്ന എല്ലാ കാര്യങ്ങളും ചെയ്തിട്ടും നമസ്കാരം അതിന്‍റെ സമയത്ത് നിർവഹിക്കാൻ സാധിക്കാത്ത അവസ്ഥ വന്നാൽ രണ്ട് നമസ്കാരം ഒന്നിച്ച് ജംഅ് ചെയ്യുന്നതിൽ വിരോധമില്ല. ഇത്തരം സന്ദർഭങ്ങളിൽ ളുഹറും അസ്വറും തമ്മിലും മഗരിബും ഇശാഉം തമ്മിലും ജംഅ് ചെയ്യാവുന്നതാണ്.
ഹദീസിൽ ഇപ്രകാരം കാണാം:
മഴയോ ഭയമോ ഇല്ലാത്ത സന്ദർഭത്തിൽ തന്നെ മദീനയിൽ വെച്ച് നബിﷺ ളുഹ്റും അസ്വറും തമ്മിലും മഗ്‌രിബും ഇശാഉം തമ്മിലും ജംഅ് ചെയ്തിട്ടുണ്ട്. എന്തിനാണ് നബി ﷺഅപ്രകാരം ചെയ്തത് എന്ന് ഇബ്നു അബ്ബാസ്(റ)വിനോട് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: തന്‍റെ സമുദായത്തിന് ബുദ്ധിമുട്ട് ഇല്ലാതിരിക്കുവാൻ വേണ്ടിയാകുന്നു അത്. (മുസ്‌ലിം: 705)
ശൈഖ് ഇബ്നു ഉസൈമിനോട് (റ) ഇപ്രകാരം ചോദിക്കപ്പെട്ടു:
നമസ്കാരത്തിന്റെ സമയം ആയ സന്ദർഭത്തിൽ ഒരു വിദ്യാർത്ഥിനി തന്റെ ക്ലാസില്‍ പ്രവേശിച്ചു. രണ്ടുമണിക്കൂർ സമയത്തേക്കാണ് ആ ക്ലാസ്സിലെ പീരിയേഡ് ഉള്ളത്. (നമസ്കാരത്തിന്‍റെ കാര്യത്തിൽ) അവൾ എന്താണ് ചെയ്യേണ്ടത്.?
ഉത്തരം:
(ചോദ്യത്തിൽ സൂചിപ്പിച്ച) രണ്ടു മണിക്കൂർ സമയം ളുഹ്റിന്‍റെ സമയത്തിൽ നിന്നും പുറത്തു പോകുന്നില്ല. കാരണം സൂര്യൻ മധ്യത്തിൽ നിന്നും തെറ്റിയത് മുതൽ അസ്വറിന്‍റെ സമയത്തിലേക്ക് പ്രവേശിക്കുന്നത് വരെ ളുഹ്ർ നമസ്കാരം നിർവഹിക്കാവുന്നതാണ്. അതാകട്ടെ രണ്ടുമണിക്കൂറിൽ കൂടുതൽ സമയവും ഉണ്ട്. അതുകൊണ്ടു തന്നെ ക്ലാസിന്‍റെ സമയം അവസാനിച്ചതിനു ശേഷം അവർക്ക് ളുഹർ നമസ്കരിക്കാവുന്നതാണ്. കാരണം ളുഹ്റിന്‍റെ സമയം ബാക്കിയുണ്ട്. ക്ലാസിന്‍റെ സമയത്ത് നമസ്കാരം നിർവഹിക്കാൻ സാധ്യമാകാതെ വന്നാലാണ് ഈ രൂപത്തിൽ നിർവഹിക്കേണ്ടത്. ക്ലാസ് നടന്നുകൊണ്ടിരിക്കെ തന്നെ ളുഹ്ർ നമസ്കാരം (ആദ്യസമയത്ത്) നിർവഹിക്കാൻ സാധിക്കുകയാണെങ്കിൽ അതാണ് ഏറ്റവും സൂക്ഷ്മമായിട്ടുള്ളത്. എന്നാൽ അസ്വറിന്‍റെ സമയം പ്രവേശിച്ചതിനു ശേഷം മാത്രമാണ് ക്ലാസ് അവസാനിക്കുന്നത്, അതോടൊപ്പം ക്ലാസ് നടന്നു കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ നമസ്കാരം നിർവഹിക്കൽ പ്രയാസവുമാണ് എങ്കിൽ ളുഹ്റും അസ്വറും ജംഅ് ചെയ്തു നമസ്കരിക്കാവുന്നതാണ്. അതായത് ളുഹ്ർ നമസ്കാരത്തെ അസ്വർ നമസ്കാരത്തിലേക്ക് പിന്തിപ്പിച്ചു ഒന്നിച്ച് നമസ്കരിക്കുക. ഇബ്നു അബ്ബാസ്(റ)വിൽ നിന്നുളള ഒരു ഹദീസിൽ ഇപ്രകാരം കാണാം:
മഴയോ ഭയമോ ഇല്ലാത്ത സന്ദർഭത്തിൽ തന്നെ മദീനയിൽ വെച്ച് നബി ﷺ ളുഹ്റും അസ്വറും തമ്മിലും മഗ്‌രിബും ഇശാഉം തമ്മിലും ജംഅ് ചെയ്ത് നമസ്കരിച്ചിട്ടുണ്ട്. എന്തിനാണ് നബി ﷺ അപ്രകാരം ചെയ്തത് എന്ന് ഇബ്നു അബ്ബാസ്(റ)വിനോട് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: തന്‍റെ സമുദായത്തിന് ബുദ്ധിമുട്ട് ഇല്ലാതിരിക്കുവാൻ വേണ്ടിയാകുന്നു അത്. (മുസ്‌ലിം: 705) ഒരു വ്യക്തിക്ക് ബുദ്ധിമുട്ടോ പ്രയാസമോ ഉണ്ടെങ്കിൽ രണ്ടു നമസ്കാരങ്ങളെ അതിലേതെങ്കിലും ഒരു നമസ്കാരത്തിന്‍റെ സമയത്ത് ജംഅ് ചെയ്തു നമസ്കരിക്കാവുന്നതാണ് എന്ന് ഇബ്നു അബ്ബാസ് (റ) വിന്‍റെ ഈ വചനത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും. ഈ സമുദായത്തിന് അവരുടെ മതത്തിൽ അല്ലാഹു നൽകിയിട്ടുള്ള ഇളവിന്‍റെ ഭാഗമാകുന്നു ഇത്. അല്ലാഹുവിന്‍റെ ഈ വചനമാണ് അതിനുള്ള അടിസ്ഥാനം: "നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല". മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു: "നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും വരുത്തിവെക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല". അല്ലാഹു വീണ്ടും പറയുന്നു: "മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല". "മതം
എളുപ്പമാണ്" എന്ന് നബിﷺയും പറഞ്ഞിട്ടുണ്ട്. ഇങ്ങനെയുള്ള പ്രമാണങ്ങളെല്ലാം മതകാര്യങ്ങൾ എളുപ്പമാണ് എന്നതിനെ അറിയിക്കുന്നു. (മജ്മൂഉൽഫതാവാ- ഇബ്നു ഉസൈമീൻ: 12/216) (മൂന്ന്)
നമസ്കാരം ചുരുക്കാതെ അത് പൂർണ്ണമായി നിർവഹിക്കൽ നിർബന്ധമാണ്. കാരണം ഒരു വ്യക്തി ഒരു രാജ്യത്ത് നാല് ദിവസത്തിൽ കൂടുതൽ താമസിക്കാൻ ഉദ്ദേശിച്ചാൽ അവൻ അവിടുത്തെ താമസക്കാരനാണ്. അപ്പോൾ താമസക്കാരുടെ നിയമമാണ് അവർക്ക് ഉണ്ടാവുക. ഇതാണ് ഭൂരിപക്ഷ കർമ്മശാസ്ത്ര പണ്ഡിതന്മാരുടെയും അഭിപ്രായം. നമസ്കാരം ജംഉം ഖസ്വറും ചേർന്ന് വരണം എന്നില്ല. എന്നാൽ യാത്രാ വേളകളിൽ രണ്ടും ഒന്നിച്ചു വരികയും ചെയ്യും. (അതായത് ഒരു വ്യക്തി യാത്രക്കാരനാണ് എങ്കിൽ അവന് നമസ്കാരം ചുരുക്കുകയും ജംഅ് ചെയ്ത് നിർവഹിക്കുകയും ചെയ്യാം) യാത്രയിൽ അല്ലാത്ത ഒരു വ്യക്തിക്ക് രോഗം, ആർത്തവരോഗം, (ഇസ്തിഹാളത്) സ്വന്തം കാര്യത്തിലോ സമ്പത്തിലോ ഉള്ള ഭയം, ശക്തമായ മഴ തുടങ്ങി അനുവദനീയമായ കാരണങ്ങൾ ഉള്ള സന്ദർഭങ്ങളിൽ നമസ്കാരം ജംആക്കി നിർവഹിക്കാവുന്നതാണ്. ഇത്തരം സന്ദർഭങ്ങളിൽ ഖസ്വർ വരുന്നില്ല. കാരണം യാത്രയിൽ മാത്രമാണ് ഖസ്വർ അനുവദനീയമായിട്ടുള്ളത്.
അല്ലാഹു അഅ്‌ലം.