പ്രവാചകചര്യ സ്വഹാബികളുടെ കാലഘട്ടത്തില്‍

ഡോ. ഉമര്‍ സുലൈമാന്‍ അല്‍ അശ്ഖര്‍ رحمه الله

Last Update 2023 March 15, 23 Shaʻban, 1444 AH

നബി صلى الله عليه وسلم വഫാത്തായപ്പോൾ അവിടുത്തെ ചര്യ ജനമനസ്സുകളിൽ സൂക്ഷിക്കപ്പെട്ടിരുന്നു. അവരാകട്ടെ വിശ്വസ്തരും നീതിമാന്മാരും സൂക്ഷ്മതയുള്ളവരുമായിരുന്നു. അല്ലാഹു അവരെ പുകഴ്ത്തുകയും പ്രവാചകന്‍ അവരെ പ്രശംസിക്കുകയും ചെയ്തുവെന്നത് തന്നെ മതി അവരുടെ മഹത്വത്തിന്.

ആദ്യത്തെ രണ്ടു ഖലീഫമാർ പ്രവാചകചര്യയിൽ വ്യാജം കലരുമോയെന്ന് ഭയാശങ്കയുള്ളവരായിരുന്നു. അങ്ങിനെ സംഭവിച്ചാൽ മതത്തിലെ രണ്ടാമത്തെ സ്തംഭം തകർന്നു വീഴും. രണ്ടു നിലക്കാണ് ഈ ശങ്ക അവരിലുണ്ടായത്.

(ഒന്ന്) മനഃപ്പൂർവമല്ലാതെ മറവി നിമിത്തം സുന്നത്തിൽ അബദ്ധവും മാറ്റത്തിരുത്തലും കടന്നു കൂടുക.

(രണ്ട്) ഇസ്ലാമിന്‍റെ ശത്രുക്കൾ മുസ്ലിം സമുദായത്തിൽ കടന്നുകൂടി ഇസ്ലാമിനെ നശിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് കളവും തെറ്റും സുന്നത്തിൽ കലർത്തുക. ഈ ഇനത്തിൽ ഒരു കാലവും മുക്തമല്ല. നബി صلى الله عليه وسلم യുടെ കാലത്ത് മദീന മുനവ്വറയിൽ കപട വിശ്വാസികളുടെ സാന്നിധ്യമുണ്ടായിരുന്നതുതന്നെ മതിയല്ലോ നമുക്ക് തെളിവായിട്ട്.

പ്രവാചകചര്യയിൽ കുട്ടിച്ചേർക്കലും പൂഴ്ത്തിവെക്കലും സംഭവിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന് രണ്ടു ഖലീഫമാരും സ്വഹാബത്തിനെ വേണ്ടുവോളം ബോധ്യപ്പെടുത്തിയിരുന്നു. കൂടുതൽ റിപ്പോർട്ട് രിവായത്ത് ചെയ്യുന്നതിൽ സൂക്ഷ്മത പാലിക്കാനും അവർ നിർദ്ദേശിച്ചിരുന്നു. നബി صلى الله عليه وسلم പറഞ്ഞുവെന്ന് പറഞ്ഞ് അവർ രണ്ടുപേരുടെയും അടുത്ത് ഒരു ഹദീഥ് പറയപ്പെട്ടാൽ അവർ അത് ഉറപ്പുവരുത്തുമായിരുന്നു.

ഖബീസത്തുബ്നു ദുഐബിൽ നിന്ന് ഇമാം മാലിക്കും, അഹ്‍മദും, ദാരിമിയും ഇബ്നുമാജയും റിപ്പോർട്ട് ചെയ്യുന്നു: ഒരു ഉമ്മാമ തനിക്ക് ലഭിക്കേണ്ട അനന്തരാവകാശം ആവശ്യപ്പെട്ടുകൊണ്ട് അബൂബക്കർ رضي الله عنه വിന്‍റെ അടുത്തു വന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങൾക്ക് അല്ലാഹുവിന്‍റെ ഗ്രന്ഥത്തിലും പ്രവാചക ചര്യയിലും അവകാശമുണ്ടെന്ന് പറഞ്ഞതായി ഞാൻ കാണുന്നില്ല. അതിനാൽ നിങ്ങൾ ഇപ്പോൾ മടങ്ങിപ്പോവുക. ഞാൻ ജനങ്ങളോട് അതിനെക്കുറിച്ച് അന്വേഷിക്കട്ടെ. അങ്ങനെ അദ്ദേഹം അന്വേഷിച്ചപ്പോൾ മുഗീറത്തു ബ്നു ശുഅ്ബ رضي الله عنه പറഞ്ഞു നബി صلى الله عليه وسلم അവർക്ക് ആറിലൊന്ന് കൊടുത്തതിന് ഞാൻ സാക്ഷിയാണ്. അബൂബക്കർ رضي الله عنه ചോദിച്ചു മറ്റാരെങ്കിലും സാക്ഷിയുണ്ടോ? അപ്പോൾ മുഹമ്മദ് ബ്നു മസ്‍ലമത്ത് رضي الله عنه മുഗീറത്ത് رضي الله عنه പറഞ്ഞതുപോലെ പറഞ്ഞു. അപ്പോൾ അബൂബക്കർ رضي الله عنه ഉമ്മാമക്ക് ആ വിഹിതമുണ്ടെന്നു വിധിച്ചു.

അബു സഈദ് رضي الله عنه വിൽ നിന്ന് ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്യുന്നു; അദ്ദേഹം പറയുന്നു: അബു മൂസ ഞങ്ങളുടെ അടുത്തുവന്നു പറഞ്ഞു, എന്നോട് ഹാജരാകാൻ പറഞ്ഞുകൊണ്ട് ഉമർ رضي الله عنه ആളെ അയച്ചു. ഞാൻ അദ്ദേഹത്തിന്‍റെ വീടിനടുത്ത് ചെന്നു മൂന്നു തവണ സലാം ചൊല്ലി. അദ്ദേഹം സലാം മടക്കിയില്ല; അപ്പോൾ ഞാൻ മടങ്ങിപ്പോന്നു. അദ്ദേഹം ചോദിച്ചു: ഞങ്ങളുടെ അടുത്ത് വരാൻ നിങ്ങൾക്കെന്താണ് തടസ്സമുണ്ടായത്? അബു മൂസ പറഞ്ഞു: ഞാൻ നിങ്ങളുടെ വാതിൽക്കൽ വന്നു, മൂന്നുതവണ സലാം പറഞ്ഞു. നിങ്ങൾ സലാം മടക്കിയില്ല. അപ്പോൾ ഞാൻ മടങ്ങിപ്പോന്നു. എന്നോട് റസൂൽ صلى الله عليه وسلم പറയുകയുണ്ടായിട്ടുണ്ട്; “ നിങ്ങളിൽ ഒരാൾ മൂന്നു തവണ അനുമതി ചോദിച്ചിട്ട് അനുമതി ലഭിച്ചിട്ടില്ലെങ്കിൽ മടങ്ങി പോവുക.”

ഉമർ رضي الله عنه പറയുകയുണ്ടായി: “നീ ഈ പറഞ്ഞതിന് തെളിവ് കൊണ്ടുവരണം.” അബു സഈദ് പറയുന്നു അപ്പോൾ ഞാനും അദ്ദേഹത്തോടൊപ്പം ഉബയ്യു ബ്നു കഅ്ബിന്‍റെ അടുത്തുപോയി. അദ്ദേഹം നബി صلى الله عليه وسلم അങ്ങിനെ പറഞ്ഞിട്ടുണ്ടെന്ന് സാക്ഷ്യം വഹിച്ചു.

നോക്കൂ; ഹദീഥു പറയുന്നത് മഹത്തുക്കളായ സ്വഹാബികളായിരുന്നിട്ടു കൂടി അബൂബക്കറും ഉമറും رضي الله عنهما അത് നബി صلى الله عليه وسلم പറഞ്ഞതാണെന്ന് ഉറപ്പുവരുത്തുന്നു. അലിയ്യ് رضي الله عنه ഹദീഥ് പറയുന്നവരെ കൊണ്ട് സത്യം ചെയ്യിച്ചിരുന്നു. ഇത്തരത്തിലുള്ള സമീപനം അവർ കൈക്കൊണ്ടതിനാൽ അവരുടെ കാലഘട്ടത്തിൽ പ്രവാചകനെക്കുറിച്ച് കളവ് പ്രചരിച്ചിരുന്നില്ല.

പ്രവാചകചര്യയുടെ ക്രോഡീകരണം

പ്രവാചകന്‍റെയും സഹാബത്തിന്‍റെയും കാലത്ത് പ്രവാചകചര്യ ഒരു ഗ്രന്ഥത്തിലായി ക്രോഡീകരിക്കപ്പെട്ടിട്ടില്ല. ഇബ്നു ഹജറുൽ അസ്‌ഖലാനി അതിന് പ്രധാനമായി രണ്ടു കാരണങ്ങളാണ് പറയുന്നത്.

(ഒന്ന്) ഹദീഥ് എഴുതിവെക്കുന്നതിന് തുടക്കകാലത്ത് അവർക്ക് ചില വിലക്കുണ്ടായിരുന്നു. ക്വുർആനുമായി അത് കൂടിക്കലരുമോയെന്ന ഭയമാണ് അതിനു കാരണമെന്ന് സ്വഹീഹ് മുസ്ലിമിൽ വന്നിട്ടുണ്ട്.

(രണ്ട്)അവരുടെ മനഃപ്പാഠത്തിന്‍റെ വിശാലത; അതിനുള്ള അപാരമായ കഴിവും.

എങ്കിലും സ്വഹാബിമാരിൽ ചിലർ ഹദീഥുകൾ എഴുതിവെച്ചിരുന്നു. അബൂ റാഫിഅ് അപ്രകാരം എഴുതിവെക്കുന്ന ആളായിരുന്നു. ഇബ്നു അബ്ബാസ് رضي الله عنهما യായിരുന്നു അദ്ദേഹത്തിന് എഴുതിക്കൊടുത്തിരുന്നത്.

ഹിജ്റ 141ൽ മരണപ്പെട്ട മൂസ ബ്നു ഉഖ്ബയിൽ നിന്ന് ഇബ്നു സഅദ് തന്‍റെ ത്വബഖാത്തിൽ രേഖപ്പെടുത്തുന്നു. ഇബ്നു അബ്ബാസിന്‍റെ رضي الله عنهما അടിമയായ ഇബ്നു ഖുറൈബ് ഒരു ഒട്ടകത്തിന് ചുമക്കാവുന്നത്ര ഗ്രന്ഥം നമ്മുടെ അടുത്ത് എത്തിച്ചിട്ടുണ്ട്. അബ്ദുല്ലാഹി ബ്നു അബ്ബാസ് رضي الله عنهما യുടെ പുത്രൻ അലിയ്യ് അദ്ദേഹത്തിന് എന്തെങ്കിലും എഴുതേണ്ടിവരുമ്പോൾ ‘ഇന്ന ഏട് ഇങ്ങോട്ടെത്തിക്കുക’ എന്നു പറഞ്ഞ് ആളെ അയക്കാറുണ്ടായിരുന്നു. നിരവധി ഏടുകൾ ചേർന്നതായിരുന്നു അവരുടെ ഗ്രന്ഥം (ത്വബഖാത്ത് 5 /216)

പിതാമഹന്‍റെയും പിതാമഹിയുടെയും അനന്തരാവകാശത്തെ സംബന്ധിച്ച് സൈദു ബ്നു ഥാബിത്ത് رضي الله عنه മുആവിയക്ക് رضي الله عنه എഴുതിയതിന്‍റെ പകർപ്പ് ബുഖാരിയുടെ അദബുല്‍ മുഫ്റദിലുണ്ട്. ആ കത്ത് എഴുതിയത് ഹിജ്റ 42 റമദാൻ 17 വ്യാഴാഴ്ചയായിരുന്നു. (അദബുല്‍ മുഫ്റദ് ഹദീഥ് നമ്പർ 1231)

ശൈഖ് താഹിറുൽ ജസാഇരിയുടെ ‘തൗജീഹുന്നള്ർ’ എന്ന ഗ്രന്ഥത്തിൽ സൈദു ബ്നു ഥാബിത്ത് رضي الله عنه അനന്തരാവകാശ നിയമത്തിൽ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ടെന്നു പറയുന്നുണ്ട്. (പേജ് 8)

അപ്രകാരം ജാബിർ رضي الله عنه വിന് ഹജ്ജ് കര്‍മ്മത്തില്‍ ഒരു ഗ്രന്ഥമുണ്ടായിരുന്നുവെന്ന് ഇമാം മുസ്ലിം തൻറെ സ്വഹീഹിൽ പറയുന്നു. അതുപോലെ ‘കിതുബ്’ എന്നൊരു പ്രതി അദ്ദേഹത്തിന്‍റെ കൈവശമുണ്ടായിരുന്നുവെന്ന് ഇബ്നു സഅദ് പറയുന്നുണ്ട്. അതു നോക്കിയായിരുന്നുവത്രേ അദ്ദേഹം ഹദീഥ് പറഞ്ഞിരുന്നത്. ഇബ്നു അബ്ദിൽ ബർറിന്‍റെ ജാമിഉ ബയാനിൽ ഇൽമിൽ റബീഉ ബ്നു സഅദിൽ നിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം പറയുകയാണ്: “ഇബ്നു ഥാബിത്തിന്‍റെ സമീപത്തിരുന്ന് ഒരു പലകയിൽ ജാബിർ എഴുതുന്നത് ഞാൻ കണ്ടിട്ടുണ്ട്”.


അവലംബം: താരീഖുല്‍ ഫിഖ്‍ഹില്‍ ഇസ്‍ലാമി

വിവര്‍ത്തനം: അബ്ദുല്‍ഹഖ് സുല്ലമി, ആമയൂര്‍ رحمه الله

0
0
0
s2sdefault

ഫിഖ്‌ഹ് : മറ്റു ലേഖനങ്ങൾ