മഹാപാപങ്ങൾ ചെയ്യുന്ന ബിസിനസ്സ് പാർട്ണർ
ഫദ്‍ലുൽ ഹഖ് ഉമരി ആമയൂർ
Last Update 2021 April 16, 1442 Ramadan 04
അവലംബം: islamqa
ചോദ്യം: മഹാപാപങ്ങൾ ചെയ്യുന്ന ഒരു ബിസിനസ്സ് പാർട്ണർ എനിക്കുണ്ട്. എന്നോടൊപ്പം പാർട്ട്ണർഷിപ്പ് കൂടിയതിനു ശേഷമാണ് ഞാൻ ഇക്കാര്യം അറിയുന്നത്. ഞങ്ങളുടെ കമ്പനി തന്നെ ഇല്ലാതാകുന്ന രൂപത്തിലുള്ള രൂക്ഷ ഭിന്നതകൾ ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. എന്നാലും കമ്പനി ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ഈ ഒരു സന്ദർഭത്തിൽ ഞങ്ങളുടെ പണം പരസ്പരം കൂടിക്കലരുന്നതിന്‍റെ വിധി എന്താണ്? എങ്ങനെയാണ് സകാത്ത് കൈകാര്യം ചെയ്യേണ്ടത്! ഇത്തരം കമ്പനികളുടെ പൊതുനിയമം എന്താണ്? ഞാനാകട്ടെ ഇത്തരം കച്ചവടങ്ങൾ ആവശ്യമുള്ള ഒരു വ്യക്തിയും ആണ്
ഉത്തരം:
"പാർട്ണർ മഹാ പാപങ്ങൾ ചെയ്യുന്നു എന്നുള്ളതോ ചില തിന്മകൾ ചെയ്യുന്നു എന്നുള്ളതോ കമ്പനിയെ ബാധിക്കുന്ന വിഷയമല്ല. എന്നാൽ പലിശയുമായി ഇടപെടുകയോ കമ്പനി കൈക്കൂലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏർപ്പെടുകയോ കമ്പനിയുടെ പണത്തിലേക്ക് ഹറാമായ മേഖലകളിൽനിന്നുള്ളത് ചേർക്കുകയോ ചെയ്യുന്ന അവസ്ഥ ഉണ്ട് എങ്കിൽ അത് പരിശോധിക്കേണ്ട കാര്യമാണ്. അപ്പോൾ നിങ്ങൾ അദ്ദേഹത്തിൽ നിന്നും വേർ പിരിയുകയും കമ്പനി അവസാനിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഹറാമുമായി നിങ്ങൾ ബന്ധപെടാതിരിക്കുവാനും ഹറാം നിങ്ങൾ ഭക്ഷിക്കാതിരിക്കാനും വേണ്ടിയാണത്.
എന്നാൽ വ്യഭിചാരം മദ്യപാനം തുടങ്ങിയ കമ്പനിയുമായി ബന്ധമില്ലാത്ത തിന്മകളാണ് ആ വ്യക്തി ചെയ്യുന്നത് എങ്കിൽ - കമ്പനിയുടെ പ്രവർത്തനങ്ങൾ മതപരമായ നിയമങ്ങളിലൂടെ തന്നെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ- താങ്കളെയോ കമ്പനിയേയോ അത് ദോഷം ചെയ്യുകയില്ല. ഈയൊരു സാഹചര്യത്തിൽ കമ്പനി അവസാനിപ്പിക്കുവാനും തുടർന്നു കൊണ്ടുപോകുവാനുമുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. ഇത്തരം ആളുകളുമായുള്ള ബന്ധം നിങ്ങൾക്ക് ദോഷം വരുത്താതിരിക്കാൻ അവരുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ് നിങ്ങൾക്ക് ഏറ്റവും നല്ലതും ഏറ്റവും സുരക്ഷിതമായിട്ടുള്ളതും. ഇനി കുറച്ചു കാലത്തേക്ക് കമ്പനി തുടർന്ന് പോയാലും അത് കമ്പനിയെ ദോഷം ചെയ്യുന്നതല്ല. കാരണം ആ വ്യക്തി ചെയ്യുന്നതിന്‍റെ ദോഷം ആ വ്യക്തിക്കാണ്. പലിശ, സാമ്പത്തിക വഞ്ചന, അല്ലാഹു നിഷിദ്ധമാക്കിയ സമ്പത്ത് കമ്പനിയിലേക്ക് പ്രവേശിപ്പിക്കൽ, നിഷിദ്ധമാക്കപ്പെട്ട വസ്തുക്കൾ വാങ്ങൽ, കൈക്കൂലിയുടെ വിവിധ ഇനങ്ങൾ, ചതി, പലിശയുടെ വിവിധ ഇനങ്ങൾ തുടങ്ങിയവയുമായി ബന്ധമുള്ള തിന്മകളാണ് വ്യക്തി ചെയ്യുന്നത് എങ്കിൽ മാത്രമേ അത് കമ്പനിയെ ബാധിക്കുകയുള്ളൂ".
അവലംബം: (ഫതാവാ നൂറുൻ അലദ്ദർബ് - ശൈഖ് അബ്ദുൽ അസീസ് ഇബ്നു ബാസ് رَحِمَهُ ٱللَّٰهُ : 3/1459)