സ്വഹാബികളുടെ ഭിന്നിപ്പ്

ഡോ. ഉമര്‍ സുലൈമാന്‍ അല്‍ അശ്ഖര്‍ رحمه الله

Last Update 2023 March 26, 4 Ramadan, 1444 AH

പ്രവാചകന്‍റെ കാലത്ത് സ്വഹാബികൾ ഒരു പ്രശ്നത്തിൽ ഒരിക്കലും യോജിപ്പുണ്ടാകാത്ത വിധത്തിൽ ഭിന്നിച്ചിരുന്നില്ല. കാരണം, നബി صلى الله عليه وسلم എല്ലാ ഭിന്നിപ്പുകൾക്കും അറുതി വരുത്തിയിരുന്നു. പ്രവാചകന്‍റെ വാക്കുകൾ മത നിയമങ്ങളാണ്; അത് പിന്തുടരപ്പെടേണ്ടതാണ്. പ്രവാചകന്‍റെ മരണാനന്തരം ഭിന്നിപ്പ് സ്വാഭാവികമാണ്. ഏതൊരു സ്വഹാബിക്കും എത്ര കൂടുതൽ അറിവുണ്ടായാലും പിഴവിൽ നിന്ന് അവർ മുക്തരല്ല. സ്വഹാബികൾക്ക് ഇജ്തിഹാദ് ചെയ്യേണ്ടിവന്നിട്ടുണ്ട്. അപ്പോൾ ചില പ്രശ്നങ്ങളിൽ അവരുടെ അഭിപ്രായങ്ങൾ വ്യത്യസ്തങ്ങളായിത്തീർന്നു. എന്നാൽ വ്യത്യാസങ്ങൾ കുറച്ചേ ഉണ്ടായിരുന്നുള്ളൂ; വളരെ കുറച്ചു മാത്രം. അതിനുള്ള കാരണങ്ങൾ

1. സ്വഹാബികൾക്ക് ഉണ്ടായ അപാരമായ ഗ്രാഹ്യശേഷി.

2. അന്നത്തെ രാഷ്ട്രീയം മതത്തെ തുടർന്നായിരുന്നു. മതം രാഷ്ട്രീയത്തെ തുടർന്നായിരുന്നില്ല

3. സ്വഹാബത്ത് സ്വീകരിച്ച രീതി (മന്‍ഹജ്) അത് താഴെ പറയുന്നവയിലധിഷ്ഠിതമായിരുന്നു.

(ഒന്ന്) അബൂബക്കർ, ഉമർ رضي الله عنهما എന്നിവരുടെ കാലത്ത് പ്രമുഖ സ്വഹാബികളെ മദീനയിൽ താമസിക്കാൻ നിർബന്ധിച്ചു. അതു നിമിത്തം മസ്അലകൾ അവരുമായി ചർച്ച ചെയ്യാൻ കഴിഞ്ഞു. അബദ്ധങ്ങൾ ചർച്ച ചെയ്ത് ദുരീകരിക്കാനും കഴിഞ്ഞു.

(രണ്ട്) സ്വഹാബത്ത് മതവിധികൾ ആവിഷ്കരിക്കുമ്പോൾ ബുദ്ധിക്ക് അമിത സ്ഥാനം നൽകിയില്ല. അങ്ങിനെ ചെയ്യുന്നത് മതത്തിൽ ചതിപ്രയോഗം നടത്തലാണെന്ന് അവർ ധരിച്ചിരുന്നു. മാത്രമല്ല വിലപ്പെട്ട സമയത്തെ പാഴാക്കലുമാണ്.

(മൂന്ന്) ‘ശൂറ’യെ ഉപയോഗപ്പെടുത്തി. ഖലീഫക്ക് ഒരു പുതിയ പ്രശ്നം നേരിട്ടാൽ പ്രമുഖ സ്വഹാബിമാരോട് കൂടിയാലോചന നടത്തിയിരുന്നു.

(നാല്) ഹദീഥ് റിപ്പോർട്ടിന്‍റെ കുറവ്.

(അഞ്ച്) അഭിപ്രായം പറയാൻ ധൃതി കാണിക്കാതിരിക്കുക. വിഷയങ്ങൾ പഠിച്ച് സാവകാശമേ ഒരു അഭിപ്രായം അവർ പറഞ്ഞിരുന്നുള്ളൂ.

4. പിൽക്കാലത്തുണ്ടായ സംഭവവികാസങ്ങളെ അപേക്ഷിച്ച് സംഭവങ്ങളുടെ വിരളത

ഇത്തരം കാര്യങ്ങളാണ് ഭിന്നത കുറയാൻ കാരണം.

ഇനി താഴെ പറയുന്ന കാര്യങ്ങളാണ് ചില പ്രശ്നങ്ങളിൽ ഭിന്നത കാണപ്പെടാൻ കാരണമാക്കിയത്.

1. നബി صلى الله عليه وسلم യുടെ കാലത്ത് ഉണ്ടായിട്ടില്ലാത്ത ചില പ്രശ്നങ്ങളുടെ ആവിർഭാവം ഇസ്ലാമിക സാമ്രാജ്യത്തിന്‍റെ വിസ്തൃതിയും വ്യത്യസ്ത ആചാരങ്ങളും പാരമ്പര്യങ്ങളുമുള്ള സമൂഹങ്ങളും ഇസ്ലാമിലേക്ക് കടന്നുവന്നതും ആ പുത്തൻ സംഭവങ്ങൾ ഉണ്ടാവാൻ ഇടയാക്കി. അപ്പോൾ അത്തരം പ്രശ്നങ്ങളിൽ ഇജ്തിഹാദ് വേണ്ടി വന്നു. അത് ഭിന്നിപ്പിനും കാരണമായി.

2. നസ്സുകൾ ഗ്രഹിക്കുന്നതിൽ സഹാബത്തിന്‍റെ കഴിവിലുള്ള ഏറ്റക്കുറച്ചിൽ.

3. ഹദീഥുകൾ ചിലർക്ക് ലഭിച്ചതും, വേറെ ചിലർക്ക് ലഭിക്കാതിരുന്നതും.

4. ഉഥ്മാൻ رضي الله عنه തന്‍റെ ഭരണകാലത്ത് സ്വഹാബത്തിന് മദീനയിൽ നിന്ന് മാറി സാമ്രാജ്യത്തിന്‍റെ എവിടെയും താമസിക്കാന്‍ അനുമതി നൽകിയത്. പ്രശ്നങ്ങളുണ്ടായപ്പോൾ പരസ്പരം കൂടിച്ചേരാനും ആലോചിക്കാനും തദ്വാരാ കഴിയാതെ വന്നു.

5. ഉഥ്മാൻ رضي الله عنه വിന്‍റെ ഭരണകാലത്ത് മുളച്ചുപൊങ്ങിയ കുഴപ്പങ്ങൾ അത് ആ മഹാന്‍റെ രക്തസാക്ഷിത്വത്തിൽ എത്തി. സ്വഹാബികൾ അലി رضي الله عنه വിന്‍റെ ഖിലാഫത്തിൽ വ്യാപൃതരായി. ഈ പ്രശ്നം അധികാരത്തിനും ഭരണത്തിനും വേണ്ടിയായിരുന്നുവെങ്കിലും നിരവധി ഹുകുമുകളിലേക്കും അത് ചെന്നെത്തി.

6. ബുദ്ധിയെ (റഅ്യ) ആശ്രയിക്കുന്നതിലുള്ള സമീപനം. അത് ആകാമെന്നും, ആകരുതെന്നും അഭിപ്രായങ്ങളുണ്ടായി.

7. സ്വഹാബിമാർ മാറിത്താമസിച്ച പ്രദേശങ്ങളിലെ സാഹചര്യങ്ങളുടെയും സമുദായങ്ങളുടെയും ആവശ്യങ്ങളുടെയും വ്യത്യാസങ്ങൾ.


അവലംബം: താരീഖുല്‍ ഫിഖ്‍ഹില്‍ ഇസ്‍ലാമി

വിവര്‍ത്തനം: അബ്ദുല്‍ഹഖ് സുല്ലമി, ആമയൂര്‍ رحمه الله

0
0
0
s2sdefault

ഫിഖ്‌ഹ് : മറ്റു ലേഖനങ്ങൾ