തശ്‍രീഅ് സ്വഹാബികളുടെ കാലഘട്ടത്തില്‍
ഡോ. ഉമര്‍ സുലൈമാന്‍ അല്‍ അശ്ഖര്‍ رحمه الله
Last Update 2023 March 08, 16 Shaʻ-ban, 1444 AH
സ്വഹാബികളുടെ സ്ഥാനം
റസൂൽ صلى الله عليه وسلم യുടെ സ്വഹാബികൾ മാതൃകാ തലമുറയാണ്. റസൂൽ صلى الله عليه وسلم യാണ് അവരെ വളർത്തിയത്. ഹൃദയത്തിലെ രോഗങ്ങൾ ചികിത്സിക്കാനും മനസ്സുകളെ സംസ്കരിക്കാനും അവരെ ഉത്തുംഗതയിലെത്തിക്കാനും ക്വുർആനിന്‍റെ നിർദ്ദേശങ്ങൾ അവർക്ക് ലഭിച്ചിരുന്നു. ഇബ്നു മസ്ഊദ് رضي الله عنه പറഞ്ഞു: മുഹമ്മദ് നബി صلى الله عليه وسلم യുടെ സ്വഹാബികളായ അവർ ഈ സമുദായത്തിലെ ഏറ്റവും നല്ല മനസ്സുള്ളവർ, ആഴത്തിൽ വിജ്ഞാനം ഉള്ളവരും, കൃത്രിമത്വം ഇല്ലാത്തവരും നേർവഴിയും നേരെ ചൊവ്വേ നിലകൊള്ളുന്നവരും നല്ല അവസ്ഥയിലുള്ളവരുമാകുന്നു. അല്ലാഹു അവന്‍റെ പ്രവാചകനോടൊപ്പം ജീവിക്കാനും അവന്‍റെ മതത്തെ നിലനിർത്താനും തെരെഞ്ഞെടുത്ത ജനവിഭാഗമാണ് അവർ. അവരുടെ ശ്രേഷ്ഠത നിങ്ങൾ മനസ്സിലാക്കുകയും അവരുടെ കാൽപ്പാടുകളെ പിന്തുടരുകയും ചെയ്യുവിൻ. അവരാണ് നേർമാർഗത്തിൽ നിലകൊണ്ടവർ. (جامع الاصول ٢٩٢/١)
റസൂൽ صلى الله عليه وسلم മരണമടഞ്ഞതിനെ തുടർന്നുവന്ന കാലഘട്ടത്തിൽ പ്രവാചകന്‍റെ മൻഹജ് (രീതി) പ്രകാരം ഇസ്ലാമിക സമൂഹത്തിൽ ജീവിതം നയിക്കാൻ സ്വഹാബത്തിന് കഴിഞ്ഞു. അങ്ങിനെ സംഭവിക്കുമെന്ന് നബി പ്രവചിച്ചിരുന്നു. ഇമാം അഹ്‍മദ് ബ്നു ഹമ്പൽ رحمه الله ഉദ്ധരിച്ച ഹുദൈഫത്ത് رضي الله عنه വിന്‍റെ ഒരു ഹദീസിൽ നമുക്ക് ഇപ്രകാരം കാണാം; നബി പറഞ്ഞു: “പ്രവാചകത്വം നിങ്ങളിൽ അവൻ ഉദ്ദേശിക്കുന്ന കാലം നിലവിലുണ്ടാകും. പിന്നീട് അത് ഉയർത്തപ്പെടും പിന്നെ പ്രവാചകത്വത്തിന്‍റെ മാർഗ്ഗ (മിൻഹാജ്) മനുസരിച്ചുള്ള ഖിലാഫത്ത് ഉണ്ടാകും. അല്ലാഹു ഉദ്ദേശിച്ച കാലം അത് നിലനിൽക്കും. പിന്നീട് അതിനെയും അല്ലാഹു ഉയർത്തും.“ (جامع العلوم والحكم ٢٤٨)
ഖുലഫാ ഉർറാഷിദുകളുടെ ചര്യയെ പിന്തുടരാൻ അല്ലാഹു നമ്മോട് കല്പിച്ചിരിക്കുന്നു.
‘നിങ്ങൾ എന്‍റെ ചര്യയും എനിക്ക് ശേഷമുള്ള സച്ചരിതരായ പിൻഗാമികളുടെ ചര്യയും മുറുകെ പിടിക്കുക. നിങ്ങൾ അതിനെ അണപ്പല്ലുകൊണ്ട് കടിച്ചു പിടിക്കുക. നൂതന കാര്യങ്ങൾ സംഭവിക്കുന്നതിനെ നിങ്ങൾ സൂക്ഷിക്കുക’ .
പ്രവാചകന് ശേഷം ഖിലാഫത്ത് മുപ്പത് വർഷം തുടർന്നു. അബൂബക്കർ, ഉമർ, ഉസ്മാൻ, അലി رضي الله عنهم എന്നിവരുടെ ഭരണകാലമാണത്. (جامع العلوم والحكم ص ٢٤٢)
അല്ലാഹു സ്വഹാബികൾക്ക് സാക്ഷിയാണെന്നതും അവൻ അവരെ തൃപ്തിപ്പെട്ടിട്ടുണ്ടെന്നതും മതി അവരുടെ ശ്രേഷ്ഠതക്ക് തെളിവായിട്ട്. വിശുദ്ധ ക്വർആനിലും പൂർവ്വ ഗ്രന്ഥങ്ങളിലും അവരെക്കുറിച്ചുള്ള പ്രശംസകൾ വന്നിട്ടുണ്ട്.
ഇങ്ങിനെയുള്ള ശ്രേഷ്ഠതകൾ അവർക്കുണ്ടെന്നതിനാൽ അവർ കൂരിരുട്ടിലെ കെടാവിളക്കുകളായിയെന്നതിലും, നേർവഴിയുടെ പതാകകളായിയെന്നതിലും, തങ്ങളുടെ റബ്ബിനടുത്തേക്കു സഞ്ചരിക്കുന്നവർക്കുള്ള ദീപസ്തംഭങ്ങളായിയെന്നതിലും, ഈ ഉമ്മത്തിന്‍റെ മാർഗഭ്രംശങ്ങളിൽ സമുദായത്തിന് അവലംബമാണെന്നതിലും വിസ്മയിക്കേണ്ടതില്ല.
ഇസ്ലാമിക ശരീഅത്തിൽ സ്വഹാബത്തിനുള്ള ( رضي الله عنهم ) പങ്ക്
സ്വഹാബത്ത് അല്ലാഹുവിന്‍റെ മതപ്രകാരം ജീവിച്ചു. അതു പാഴായിപ്പോകാതെ അവർ കാത്തുസൂക്ഷിച്ചു. ആ മതത്തെ അവർ ലോകത്തിന് എത്തിച്ചു കൊടുത്തു. അല്ലാഹുവിന്‍റെ മാർഗത്തിൽ അവർ മുറപ്രകാരം ജിഹാദ് ചെയ്തു. ഖുലഫാ ഉർറാശിദുകളുടെ കാലഘട്ടത്തിൽ 'ശൂറ' അതിന്‍റെ ഏറ്റവും ഉന്നതമായ വിധത്തിൽ സാക്ഷാൽകൃതമായി. അന്ന് ഇസ്ലാമിക സമൂഹത്തിന്‍റെ കാവൽഭടനായത് ഇസ്ലാമിക ശരീഅത്തായിരുന്നു. സ്വഹാബികളിലെ ഫുഖഹാക്കൾ കൂടിയാലോചനയുടെ വക്താക്കളായിരുന്നു. (اصحاب الشورى) അവരുടെ കരങ്ങളിലായിരുന്നു കാര്യങ്ങളുടെ നിയന്ത്രണം. ശരീഅത്തിനനുയോജ്യമല്ലാത്തതൊന്നും അന്ന് പുറത്തു വന്നിരുന്നില്ല. ശരീഅത്തിന്‍റെ അളവു കോലനുസരിച്ച് ഭരണകർത്താക്കളെ നിരീക്ഷിക്കാൻ മുസ്ലിംകളെ അവർ പ്രോത്സാഹിപ്പിച്ചിരുന്നു. ശരീഅത്ത് ഒരുവിധ കോട്ടിമാട്ടലുകൾക്കും വിധേയമാകാതെ പ്രശോഭിതമായി പരിലസിച്ചു.
സ്വഹാബികൾ അവരുടെ കാലത്ത് വലിയ പ്രശ്നങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. പ്രവാചകന്‍റെ വിയോഗാനന്തരം ആരായിരിക്കണം ഖലീഫയെന്ന കാര്യത്തിൽ തർക്കമുണ്ടായി. പക്ഷേ അല്ലാഹുവിന്‍റെ അനുഗ്രഹത്താൽ പ്രവാചകനു ശേഷം ഈ സമുദായത്തിലെ ഏറ്റവും ഉത്തമനായ വ്യക്തിയെ തിരഞ്ഞെടുത്തുകൊണ്ട് ആ തർക്കം അവസാനിച്ചു. മുർത്തദ്ദുകളുടെ പ്രശ്നമുണ്ടായപ്പോൾ അതിശക്തമായ പോരാട്ടം നടത്തി ആ വിപത്ത് അവർ തല്ലിക്കെടുത്തി. സമുദായത്തിന്‍റെ ഭിന്നിപ്പ് മുസ്ലിം ലോകത്ത് തലപൊക്കി. മഹാനായ ഖലീഫ ഉസ്മാനുബ്നു അഫ്ഫാൻ അതിൻറെ ഇരയായി. സ്വഹാബികൾ രണ്ടു വിഭാഗമായി. കുഴപ്പങ്ങളും യുദ്ധങ്ങളമുണ്ടായി. എങ്കിലും മുസ്ലിം സമൂഹം ഒരു ഉമ്മത്തായി നിലകൊള്ളുക തന്നെ ചെയ്തു.
തശ്‍രീഇന്‍റെ ഭാഗത്ത് താഴെ പറയുന്ന പ്രശ്നങ്ങൾ സ്വഹാബത്ത് അഭിമുഖീകരിച്ചു.
1) ഇസ്ലാമിക ശരീഅത്തിന്‍റെ പ്രഥമവും പ്രധാനവുമായ പ്രമാണം (വിശുദ്ധ ക്വർആൻ) നഷ്ടപ്പെട്ടു പോകുമോയെന്ന സ്വഹാബികളുടെ ഭയം.
2) പണ്ടുകാലത്ത് ജൂതരും ക്രൈസ്തവരും ദൈവീക ഗ്രന്ഥത്തിൽ ഭിന്നിച്ചതുപോലെ മുസ്ലിം ഉമ്മത്ത് ക്വുർആനിൽ ഭിന്നിച്ചു പോകുമോയെന്ന ഭയം.
3) നബിയുടെ സുന്നത്തിൽ വ്യാജം കലരുമോയെന്ന ഭയം.
4) തശ്‍രീഇന്‍റെ ഭാഗത്ത് മതം അവർക്ക് നിശ്ചയിച്ചുകൊടുത്ത മൻഹജിൽ നിന്ന് അവർ വ്യതിചലിക്കുമോയെന്ന ഭയം.
(5) സ്വഹാബികൾ പുതിയ ജീവിത പ്രശ്നങ്ങൾ നേരിട്ടു. അത്തരം ഘട്ടങ്ങളിൽ ഇസ്ലാമിക വിധിപ്രകാരം തീർപ്പ് കൽപ്പിക്കൽ അവർക്ക് നിർബന്ധമായിരുന്നു. കാരണം ജീവിതത്തിന്‍റെ പാറാവുകാരനായിട്ടാണ് ഈ മതം അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. അല്ലാഹുവിന്‍റെ ശറഅ് പ്രകാരം ജീവിതത്തെ നയിക്കേണ്ടതാണ്.
ഈ ഓരോ പ്രശ്നങ്ങളെയും സ്വഹാബത്ത് എങ്ങിനെ അഭിമുഖീകരിച്ചുവെന്ന് നമുക്ക് പരിശോധിക്കാം.
അവലംബം: താരീഖുല്‍ ഫിഖ്‍ഹില്‍ ഇസ്‍ലാമി
വിവര്‍ത്തനം: അബ്ദുല്‍ഹഖ് സുല്ലമി, ആമയൂര്‍ رحمه الله