താബിഉകളുടെ കാലഘട്ടം
ഡോ. ഉമര്‍ സുലൈമാന്‍ അല്‍ അശ്ഖര്‍ رحمه الله
Last Update 2023 April 29, 9 Shawwal, 1444 AH
സ്വഹാബാക്കൾ വളർന്നത് പ്രവാചകന്‍ صلى الله عليه وسلم യുടെ പരിരക്ഷണത്തിലാണെങ്കിൽ താബിഉകൾ വളർന്നത് അവർക്ക് ഈ മതത്തെ എത്തിച്ചുകൊടുക്കുകയും വിജ്ഞാന സമ്പാദനത്തിലും ഫിഖ്ഹിലും ഫത്‍വ നൽകുന്നതിലും ഇസ്ലാമിന്‍റെ മൻഹജ് അവർക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്ത സ്വഹാബാക്കളുടെ പരിരക്ഷണത്തിലാണ്. സ്വഹാബികളുടെ കാലഘട്ടം പ്രവാചകനു ശേഷം ഏറ്റവും ഉത്തമ കാലമാണെങ്കിൽ - അവർ മത നിയമമനുസരിച്ച് നിലകൊള്ളുന്നവരും മുഅ്മിനുകളുടെ നേതാക്കളുമാണ്- താബിഉകളുടെ കാലം പ്രവാചകന്‍റെയും സ്വഹാബാക്കളുടെയും ശേഷമുള്ള ഉൽകൃഷ്ടകാലമാണ്. കാരണം ഈ കാലഘട്ടത്തിലും സ്വഹാബികളുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്. സ്വഹാബികൾ ഇല്ലാതായിത്തീർന്ന ശിഷ്ടകാലത്തിലെ താബിഉകൾ സ്വഹാബികൾ കാണിച്ചുകൊടുത്ത സരണിയിൽ ജീവിക്കുകയും ചെയ്തു.
ഈ കാലം തുടങ്ങുന്നത് ഹസനു ബ്നു അലി رضي الله عنه സ്ഥാനത്യാഗം ചെയ്ത് ഖിലാഫത്ത് മുആവിയക്ക് ഏൽപ്പിച്ചു കൊടുത്ത ഹി: 41 മുതൽക്കും അത് അവസാനിക്കുന്നത് ബനൂഉമയ്യാഖിലാഫത്ത് അവസാനിക്കുന്നതോടുകൂടിയാണ്. ഈ കാലത്തിന്‍റെ ആരംഭത്തിൽ സ്വഹാബിമാർ ഉണ്ടായിരുന്നുവെങ്കിലും അവർ വളരെ കുറച്ചുമാത്രമേ ഉണ്ടായിരുന്നുള്ളൂ.
താബിഉകൾക്ക് സ്വഹാബത്തിന്‍റെ ഫിഖ്ഹ് ലഭിച്ചതെങ്ങിനെ ?
ഇസ്ലാമിക ലോകം ഒരു രാഷ്ട്രമായിരുന്നു. രാജ്യത്തുകൂടിയുള്ള സഞ്ചാരം വളരെ എളുപ്പമായിരുന്നു. അതിർത്തികളോ പ്രതിബന്ധങ്ങളോ ഇല്ല; വിജ്ഞാനദാഹികൾ അന്ന് ഇസ്ലാമിക സാമ്രാജ്യത്തിലൂടെ യഥേഷ്ടം സഞ്ചരിച്ചിരുന്നു. എന്നിട്ട് സ്വഹാബത്തിനെ കണ്ടുമുട്ടുകയും അവരിൽ നിന്ന് പഠിക്കുകയും ചെയ്തിരുന്നു. താബിഅ് ആയ ഹസനുൽ ബസ്വരി رحمه الله അഞ്ഞൂറ് സ്വഹാബികളെ കണ്ടുമുട്ടിയെന്നത് മാത്രം മതി നമുക്ക് തെളിവിന്. അതോടൊപ്പം ഉഥ്മാനുബ്നു അഫ്ഫാൻ رضي الله عنه തന്‍റെ ഖിലാഫത്ത് കാലത്ത് സ്വഹാബികൾ ഇസ്ലാമിക രാജ്യത്ത് വ്യാപരിച്ചതും മനസ്സിലാക്കുക. അവരെല്ലാം താമസിച്ച പ്രദേശങ്ങളിൽ വിജ്ഞാനത്തെ പ്രചരിപ്പിച്ചു കൊണ്ടിരുന്നു. അലിയും ഇബ്നു മസ്ഊദ് കൂഫയിലും ഉമർ ബ്നുൽ ഖത്വാബും അദ്ദേഹത്തിൻറെ പുത്രൻ അബ്ദുല്ലയും സൈദു ബ്നു ഥാബിത്തും മദീനയിലും അബൂമൂസൽ അശ്അരി ബസ്വറയിലും മുആദ്ബ്നു ജബലും മുആവിയ്യത്തുബ്നു അബീ സുഫ്‍യാനും സിറിയയിലും ഇബ്നു അബ്ബാസ് മക്കയിലും അബ്ദുല്ലാഹിബ്നു അംറ്ബ്നുല്‍ ആസ് رضي الله عنهم ഈജിപ്തിലും വാസമുറപ്പിച്ചു. ഈ പട്ടണങ്ങളിൽ നിന്നാണ് ഇതര പ്രദേശങ്ങളിലേക്ക് വിജ്ഞാനം വ്യാപരിച്ചത്.
ഇബ്നുൽ ഖയ്യിം رحمه الله പറയുന്നതുപോലെ ഇബ്നു മസ്ഊദിന്‍റെ അനുയായികൾ, ഉമറിന്‍റെ അനുയായികൾ, അബ്ദുല്ലാഹിബ്നു അബ്ബാസിന്‍റെ, അനുയായികൾ رضي الله عنهم എന്നിവരിൽ നിന്നാണ് ഈ മതത്തിന്‍റെ ഭൂരിഭാഗം കർമ്മശാസ്ത്ര വിജ്ഞാനവും ഈ സമുദായത്തിൽ പ്രചരിച്ചത്.
വിധികൾ മനസ്സിലാക്കുന്നതിൽ താബിഉകളുടെ മൻഹജ്
ഇസ്ലാമിക വിധികൾ കണ്ടെത്തുന്നതിൽ താബിഉകൾ സ്വഹാബത്തിന്‍റെ സരണി പിന്തുടർന്നു. അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ക്വുർആനിനെയും ഹദീഥിനെയും അവലംബിച്ചു. അവ രണ്ടിലും കണ്ടില്ലെങ്കിൽ സ്വഹാബത്തിന്‍റെ ഇജ്തിഹാദിനെ അവലംബിക്കുന്നു. അതിലും കണ്ടില്ലെങ്കിൽ, ക്വുർആനും സുന്നത്തും വഴികാണിച്ചുകൊടുത്തത് പ്രകാരവും സ്വഹാബത്ത് അവരുടെ ഇജ്തിഹാദിൽ പരിഗണിച്ച നിബന്ധനപ്രകാരവും അവരുടെ ബുദ്ധികൊണ്ട് ഇജ്തിഹാദ് നടത്തും.
ഈ കാലഘട്ടത്തിൽ പുതുതായി ചില പ്രശ്നങ്ങളുണ്ടായി. അവയെക്കുറിച്ച് ചുരുക്കി പറയാം.
അഭിപ്രാ യം സ്വീകരിക്കുന്നതിലുള്ള വിശാലത.
(التوسع في الأخذ بالرأي)
ബുദ്ധിയെ (റഅ്‍യ്) അവലംബിക്കുന്നത് വർദ്ധിച്ചപ്പോൾ ചില പണ്ഡിതന്മാർ മുകളിൽ പറഞ്ഞ മന്‍ഹജില്‍ നിന്നും പുറത്തു കടന്നു. അവർ മസ്അലകള്‍ ഉണ്ടാക്കാനും ബുദ്ധിപരമായി സാധ്യതയെ രൂപപ്പെടുത്തി സങ്കൽപ്പിക്കാനും എന്നിട്ടതിന് വിധി കൽപ്പിക്കാനും തുടങ്ങി. ഈ വിഭാഗം ആളുകൾ “അഹ്‍ലുര്‍റഅ്‍യ്” എന്ന പേരിൽ അറിയപ്പെട്ടു. ഇറാഖിലായിരുന്നു അവർ കൂടുതൽ. ഹിജ്റ: 96ല്‍ മരണപ്പെട്ട ഹമ്മാദ്ബ്നു അബീസുഫ്‍യാന്‍റെ (حماد بن أبي سفيان) ഗുരുവായ ഇബ്രാഹിം ഇബ്നു യസീദ് അന്നഖഈ (إبراهيم بن يزيد النخعي) ആയിരുന്നു ഇവരുടെ നേതാവ്. ഹമ്മാദ് അബൂ ഹനീഫ ഇമാമിന്‍റെ ഗുരുവും
സ്വഹാബികളുടെ മന്‍ഹജ് സ്വീകരിച്ച താബിഉകളിലെ ഫുഖഹാക്കള്‍ ഈ വിഭാഗത്തിനെതിരെ ആക്ഷേപശരങ്ങളുമായി പുറപ്പെട്ടു. ഇത് സ്വഹാബത്തിന്‍റെ മാർഗ്ഗത്തിന് വിരുദ്ധമാണെന്നും പ്രവാചകൻ സഞ്ചരിച്ച മാർഗത്തിനെതിരാണെന്നും അവർ അഭിപ്രായപ്പെട്ടു. ക്വുര്‍ആനും സുന്നത്തും ശ്രദ്ധിക്കുന്നതിൽ നിന്ന് മുസ്ലീംകളെ തെറ്റിക്കുന്ന നാശത്തിന്‍റെ കവാടം തുറക്കലാണ് ഇതെന്നും അവർ പറഞ്ഞു.
ഇതാ, ഇമാം ശഅ്ബി رحمه الله, താബിഉകളുടെ നേതാവ്. നൂറ്റി ഇരുപതോളം സ്വഹാബിമാരെ നേരിൽ കണ്ട് അവരിൽനിന്ന് കേട്ടുപിടിച്ച മഹാൻ. വിവാഹ സംബന്ധമായ ഒരു പ്രശ്നം ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: “എന്‍റെ അഭിപ്രായമനുസരിച്ച് ഞാൻ പറഞ്ഞാൽ നീ അതിനു നേരെ മൂത്രമൊഴിക്കുക”. അദ്ദേഹം പറയാറുണ്ടായിരുന്നു “നിങ്ങൾ എന്തു അഭിപ്രായപ്പെടുന്നു എന്നു ചോദിക്കുന്നവനെ അല്ലാഹു ശപിക്കട്ടെ”
സുഫ്‍യാൻബ്നു ഉയൈയ്ന رحمه الله പറയുന്നു: “റഅയ്അനുസരിച്ച് ഇജ്തിഹാദ് ചെയ്യുകയെന്നു പറഞ്ഞാൽ പണ്ഡിതന്മാരോട് കൂടിയാലോചിക്കുകയാണ്; തന്‍റെ അഭിപ്രായം പറയുകയല്ല.” ഉമറു ബ്നു അബ്ദില്‍ അസീസ് رحمه الله ജനങ്ങളുടെ അറിവിനായി ഇപ്രകാരം എഴുതി: റസൂൽ صلى الله عليه وسلم ചര്യയാക്കിയതിനോടൊപ്പം ഒരാൾക്കും ഒരു അഭിപ്രായം പറയാൻ പാടുള്ളതല്ല.
ഇബ്നു ശിഹാബ്സ്സുഹരി رحمه الله പറയുന്നു: “നിങ്ങൾ സുന്നത്തിനെ മുന്നോട്ടു പോകാൻ വിട്ടേക്കുക. അഭിപ്രായങ്ങൾകൊണ്ട് അതിനെ പ്രതിബദ്ധമിടരുത്. ഉര്‍വ്വത്തു ബ്നു സ്സുബൈർ പറയുന്നു رضي الله عنهم “ബനൂ ഇസ്റായീല്യരുടെ സ്ഥിതി നല്ല നിലയിലായിരുന്നു. ആ സമയത്ത് ഇതര സമുദായങ്ങളിൽ നിന്ന് ബന്ദികളായിവന്നവരുടെ സന്താനങ്ങൾ ഉണ്ടായി. അവർ അഭിപ്രായങ്ങൾ പറഞ്ഞ് അവരെ പിഴപ്പിച്ചു. (إعلام الموقعين12/77-78)
ശഅബി رحمه الله പറയുന്നു: ഇവർ അല്ലാഹുവിന്‍റെ റസൂലിന്‍റെയടുക്കൽ നിന്ന് കൊണ്ടുവന്നത് നിങ്ങൾ സ്വീകരിക്കുക. അവരുടെ അഭിപ്രായങ്ങൾ കൊണ്ടുവന്നാൽ അത് വിസർജന സ്ഥലത്തേക്ക് വലിച്ചെറിയുക”. (إعلام الموقعين1/78)
ഔസാഈ رحمه الله പറയുന്നു: സലഫുകളുടെ അഭിപ്രായങ്ങളെ നീ സ്വീകരിക്കുക; ആളുകൾ നിന്നെ തള്ളിക്കളഞ്ഞാലും. ആളുകളുടെ അഭിപ്രായങ്ങളെ നീ വർജ്ജിക്കുക. അവർ നിന്‍റെ മുമ്പിൽ വാക്കുകളെ മോടിപിടിപ്പിച്ച് കാണിച്ചു തന്നാലും. (إعلام الموقعين1/79)
ആളുകൾ സുന്നത്ത് ഉപേക്ഷിച്ച് അഭിപ്രായത്തെ പിന്തുടരുന്ന സ്ഥിതിയിൽ അകപ്പെട്ടതിനെ കുറിച്ച് പറയവേ; ഇബ്നു ശ്ശിഹാബ് സ്സുഹ്‍രി رحمه الله പറയുന്നു: ജൂതരും ക്രൈസ്തവരും അവരുടെ കൈവശമുണ്ടായിരുന്ന അറിവിനെ വലിച്ചെറിഞ്ഞ് അവർ സ്വാഭിപ്രായമുണ്ടാക്കി അതിനെ പിന്തുടരാൻ തുടങ്ങിയപ്പോഴാണ്.
ഈ കാലഘട്ടത്തിലെ ഭിന്നതയുടെ വിശാലത
(اتساع دائرة الإختلاف في هذا العصر)
ഈ കാലഘട്ടത്തിൽ ഭിന്നതയുടെ വൃത്തം വിശാലമായി. അതിനുള്ള കാരണങ്ങൾ.
1. നാം വിശദീകരിച്ച വിധമുള്ള റഅ്‍യിനെ അവലംബിക്കൽ.
2. ഇസ്ലാമികലോകത്ത് അടിച്ചുവീശിയ കുഴപ്പം. അത് മുസ്ലിംകളെ ഭിന്നിപ്പിക്കുകയും അവരുടെ ഐക്യം തകർക്കുകയും ചെയ്തു. -ഈ ഘട്ടത്തിൽ ചിലര്‍- ഖവാരിജുകൾ മുഅ്തസിലുകൾ പോലുള്ള കക്ഷികൾ സലഫുകൾക്കെതിരായ വിശ്വാസങ്ങളും ശരീഅത്ത് വിധികളും കൊണ്ടുവന്നു.
3. ഇസ്ലാമിക സാമ്രാജ്യത്തിൽ സുന്നത്ത് ചിതറപ്പെട്ടു. ഓരോ പ്രദേശത്തും നബിയുടെ സുന്നത്തിന്‍റെ അംശങ്ങളുണ്ടായി. പ്രവാചകചര്യ ഒരു ഗ്രന്ഥത്തിൽ ക്രോഡീകരിക്കപ്പെട്ടിരുന്നില്ല എന്ന് നാം മനസ്സിലാക്കി. സ്വഹാബത്തിന്‍റെ മനസ്സുകളിൽ അത് സൂക്ഷിക്കപ്പെട്ടിരിക്കുകയാണ്. സ്വഹാബികൾ വിവിധ ദിക്കുകളിലായപ്പോൾ അവിടങ്ങളിലുള്ളവർ അവിടെയുള്ള സ്വഹാബിമാരിൽ നിന്ന് പഠിച്ചു. ഫത്‍വ നൽകിയിരുന്നവർ അവരുടെ പക്കലുള്ള നബിചര്യ പ്രകാരം ഫത്‍വ നൽകും. അറിയാത്ത കാര്യങ്ങളിൽ ഇജ്തിഹാദ് ചെയ്യും. ഈ കാരണത്താൽ അവർ വിഭിന്ന അഭിപ്രായക്കാരായി.
4. ജയിച്ചടക്കപ്പെട്ട നാട്ടുകാർക്ക് അവരുടേതായ ആചാരങ്ങളും സമ്പ്രദായങ്ങളുമുണ്ടായിരുന്നു. ഈ ഭിന്നതയും ഫുഖഹാക്കളുടെ ഭിന്നതക്ക് കാരണമായി. കാരണം ഓരോ ഫക്കീഹും തന്‍റെ നാട്ടിലെ സാഹചര്യങ്ങളും ചുറ്റുപാടുകളും പരിഗണിച്ചുകൊണ്ടാണ് ഫത്‍വ നൽകിയിരുന്നത്. അത്തരം വിഷയങ്ങൾ ശറഇനെതിരല്ലെങ്കിൽ.
അവലംബം: താരീഖുല്‍ ഫിഖ്‍ഹില്‍ ഇസ്‍ലാമി
വിവര്‍ത്തനം: അബ്ദുല്‍ഹഖ് സുല്ലമി, ആമയൂര്‍ رحمه الله