സ്ത്രീകൾ വീട്ടിൽവെച്ച് മയ്യിത് നമസ്കരിക്കൽ
ഫദ്‍ലുൽ ഹഖ് ഉമരി ആമയൂർ
Last Update 2020 November 18, 1442 Rabi Al-Akhar 3
അവലംബം: islamqa
ചോദ്യം: മയ്യിത് കുളിപ്പിക്കുകയും കഫൻ ചെയ്യുകയും ചെയ്തതിനു ശേഷം സ്ത്രീകൾക്ക് വീട്ടിൽ വെച്ച് മയ്യിത് നമസ്കാരം നിർവഹിക്കാമോ?
ഉത്തരം: വീട്ടിൽ വെച്ചു കൊണ്ട് സ്ത്രീകൾ മയ്യിത്തിന് വേണ്ടി നമസ്കരിക്കുന്നതിൽ വിരോധമില്ല. അവർ ഒരുമിച്ചു കൂടുകയും ജമാഅത്തായി നമസ്കരിക്കുകയും ചെയ്താൽ അതാണ് ഏറ്റവും ശ്രേഷ്ഠം. സ്ത്രീകൾക്ക് മയ്യിത് നമസ്കാരം നിർവ്വഹിക്കൽ അനുവദനീയമാണ് എന്നതിനെ അറിയിക്കുന്ന ഒരു ഹദീസ് ഇപ്രകാരം കാണുവാൻ സാധിക്കും.
ആഇശ رضي الله عنها യിൽ നിന്നും നിവേദനം. സഅ്‌ദുബ്നു അബീ വഖാസ് رضي الله عنه മരണപ്പെട്ടപ്പോൾ അദ്ദേഹത്തിനു വേണ്ടി നമസ്കരിക്കുന്നതിനായി അദ്ദേഹത്തിന്‍റെ ജനാസയെ പള്ളിയിലൂടെ കൊണ്ടു വരുവാൻ ആവശ്യപ്പെട്ടു കൊണ്ട് പ്രവാചക പത്നിമാർ ആളെ അയച്ചു. അങ്ങനെ ആളുകൾ അപ്രകാരം ചെയ്യുകയും ചെയ്തു. (മുസ്‌ലിം:973).
ഇമാം നവവി رَحِمَهُ ٱللَّٰهُ പറയുന്നു:
"സ്ത്രീകൾ പുരുഷന്മാരോടൊപ്പമാണെങ്കിൽ പുരുഷന്മാരുടെ ഇമാമിനെ പിൻതുടർന്ന് കൊണ്ട് സ്ത്രീകൾ നമസ്കരിക്കണം. സ്ത്രീകൾ മാത്രം ആണെങ്കിലും (പുരുഷനായ ഇമാമിന്‍റെ നേതൃത്വത്തിൽ നമസ്കരിക്കാവുന്നതാണ്). ഇമാം ശാഫിഇയും അദ്ദേഹത്തിന്‍റെ അനുകൂലികളും പറയുന്നു: അവർ ഒറ്റക്ക് നമസ്കരിക്കുന്നതാണ് ഉത്തമമായി ഞാൻ കാണുന്നത്. അവരിലൊരാൾ ഇമാമായി നിന്നുകൊണ്ട് ജമാഅത്തായി നമസ്കരിക്കുന്നതും അനുവദനീയമാണ്. എന്നാൽ അത് ശ്രേഷ്ഠമായതിന് (ഒറ്റക്ക് നമസ്കരിക്കൽ) എതിരാണ്. (ഇമാം ശാഫിഇയുടെ) ഈ അഭിപ്രായം പരിശോധിക്കപ്പെടേണ്ടതാണ്. കാരണം, മറ്റു നമസ്കാരങ്ങളിലെന്നതു പോലെ മയ്യിത് നമസ്കാരവും സ്ത്രീകൾക്ക് ജമാഅത്തായി നിർവ്വഹിക്കൽ സുന്നത്താണ്. മുൻഗാമികളായ ആളുകൾ ഈ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഇമാം ഹസനുബ്നു സ്വാലിഹ് رَحِمَهُ ٱللَّٰهُ , സുഫ്‌യാനുസ്സൗരി رَحِمَهُ ٱللَّٰهُ , അഹ്‌മദ് رَحِمَهُ ٱللَّٰهُ , അബൂഹനീഫ رَحِمَهُ ٱللَّٰهُ യുടെ അനുയായികൾ തുടങ്ങിയവരൊക്കെ ഈ അഭിപ്രായം പറഞ്ഞവരാണ്. അവർക്ക് ഒറ്റയ്ക്ക് നമസ്കരിക്കാം എന്നാണ് ഇമാം മാലിക് رَحِمَهُ ٱللَّٰهُ പറയുന്നത്. (ശറഹുൽ മുഹദ്ദബ്: 5/172).
ശൈഖ് ഇബ്നു ഉഥയ്‌മീനോട് رَحِمَهُ ٱللَّٰهُ ഈ വിഷയത്തെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു:
“അതെ, സ്ത്രീകൾ മയ്യത്തിന് വേണ്ടി നമസ്കരിക്കുന്നതിൽ വിരോധമില്ല. മറ്റുള്ള ആളുകളോടൊപ്പം പള്ളിയിൽ വച്ച് നമസ്കരിച്ചാലും ശരി മയ്യിത്തിന്‍റെ വീട്ടിൽ വച്ച് നമസ്കരിച്ചാലും ശരി. കാരണം മയ്യിത്ത് നമസ്കാരത്തിൽ നിന്നും സ്ത്രീകൾ തടയപ്പെട്ടിട്ടില്ല. ഖബ്റുകൾ സിയാറത്ത് ചെയ്യുന്നതിൽ നിന്നാണ് സ്ത്രീകൾ തടയപ്പെട്ടിട്ടുള്ളത്...” (മജ്മൂഉൽഫതാവാ-ഇബ്നു ഉസൈമീൻ: 17/157).
മയ്യിത്തിന് വേണ്ടി സ്ത്രീകൾ വീട്ടിലാണോ പള്ളിയിലാണോ നമസ്കരിക്കേണ്ടത് എന്ന് ചോദിക്കപ്പെട്ടപ്പോൾ ഇബ്നു ഉഥയ്‌മീൻ رَحِمَهُ ٱللَّٰهُ ഇപ്രകാരം മറുപടി പറഞ്ഞു:
“വീട്ടിൽ വച്ച് നമസ്കരിക്കലാണ് അവർക്ക് ശ്രേഷ്ഠകരമായിട്ടുള്ളത്. എന്നാൽ വീട്ടിൽ നിന്ന് പുറത്തു പോയി ജനങ്ങളോടൊപ്പം നമസ്കരിക്കുന്നതിനും വിരോധമില്ല. എന്നാൽ ഇത് നമ്മുടെ അടുക്കൽ പതിവില്ലാത്ത ഒരു കാര്യമായതിനാൽ അങ്ങിനെ നമസ്കരിക്കാതിരിക്കലാണ് ഉത്തമം. അതായത് മയ്യിത്ത് നമസ്കാരത്തിന് വേണ്ടി പള്ളിയിലേക്ക് പോകാതിരിക്കൽ. മയ്യിത്ത് വീട്ടിൽ ഉള്ള ആളാണെങ്കിൽ വീട്ടിൽ വെച്ച് മയ്യിത്ത് നമസ്ക്കരിക്കുകയാണ് വേണ്ടത്. എന്നാൽ മയ്യിത്ത് പുറത്താണ് എങ്കിൽ മറഞ്ഞ മയ്യിത്തിന് വേണ്ടിയുള്ള നമസ്കാരം നിർവഹിക്കാവുന്നതല്ല.” (മജ്മൂഉൽഫതാവാ -ഇബ്നു ഉസൈമീൻ: 17/114).
അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.