പ്രബോധനത്തില്‍ ഉത്തമമായത് ഏത്?

തയ്യാറാക്കിയത്: ശൈഖ് സ്വാലിഹ് അല്‍മുനജ്ജിദ്, വിവര്‍ത്തനം: ഇബ്രാഹിം ഫൈസി അടിമാലി

Last Update 2018 October 30, 1440 Safar 21

അമുസ്ലിംകള്‍ക്ക് ഇസ്ലാമിക പ്രബോധനം നടത്തലോ അതല്ല മുസ്ലിംകളെ അവരുടെ ബാധ്യതകളിലേക്ക് ക്ഷണിക്കലോ, ഇതിലേതാണ് ബാധ്യതാ നിര്‍വഹണത്തില്‍ ഉത്തമമായിട്ടുളളത്?

ചോദ്യം: അമുസ്ലിംകള്‍ക്ക് വേണ്ടി നടത്തേണ്ട ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനത്തെക്കുറിച്ച് എന്‍റെ മുസ്ലിം സഹോദരങ്ങളെ ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ പറയുന്നത് നമസ്കാരം തുടങ്ങിയ കാര്യങ്ങള്‍ പോലുമില്ലാത്ത മുസ്ലിംകളുടെ അവസ്ഥ നന്നാക്കുകയാണ് നമ്മള്‍ ആദ്യം ചെയ്യേണ്ടത് എന്നാണ്. ഞങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. ചോദ്യം ഇതാണ് : കമ്പനിയില്‍ ഞങ്ങള്‍ക്കൊപ്പമുള്ള ആയിരങ്ങളെ നന്നാക്കുകയാണോ അതല്ല ആ കൂട്ടത്തിലേക്ക് മറ്റൊരു ആയിരം പേരെ ചേര്‍ത്തു കൊടുക്കലാണോ ശ്രേഷ്ഠമായ കാര്യം? അപ്രകാരമുളള പ്രബോധന പ്രവര്‍ത്തനം നിര്‍ബന്ധമാണോ?

മറുപടി:അല്ലാഹുവിലേക്കുള്ള ക്ഷണം സാമൂഹ്യ ബാധ്യത (ഫര്‍ള് കിഫായ) എന്ന നിലയ്ക്ക് സമൂഹത്തിനും, ഒരു വ്യക്തിയുടെ കഴിവും അറിവും അനുസരിച്ച് ഓരോ മുസ്ലിമിനും നിര്‍ബന്ധമാകുന്നുവെന്നാണ് (ഫർള് ഐൻ) മതപരമായ തെളിവുകളില്‍ നിന്നും മനസ്സിലാകുന്നത് . നബി (ﷺ) പറയുകയുണ്ടായി:

بلغوا عني ولو آية

"എന്നില്‍ നിന്നും കിട്ടിയത് ഒരു ആയത്താണെങ്കില്‍ പോലും അത് നിങ്ങള്‍ എത്തിച്ചു കൊടുക്കുക." ബുഖാരി 3461

وَلْتَكُنْ مِنْكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ وَأُولَئِكَ هُمُ الْمُفْلِحُونَ എന്ന ആയത്തിന്‍റെ വിശദീകരണത്തില്‍ ഇബ്നു കസീര്‍ (റഹി) പറഞ്ഞു: "ഈ സൂക്തത്തിന്‍റെ ഉദ്ദേശ്യം, സാധ്യമാകുന്ന വിധത്തില്‍ ഓരോരുത്തരുടെയും നിര്‍ബന്ധ ബാധ്യതയാണെങ്കില്‍ പോലും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുള്ള ഒരു വിഭാഗമാളുകള്‍ സമൂഹത്തില്‍ ഉണ്ടാകേണ്ടതുണ്ട്. സ്വഹീഹ് മുസ്ലിമില്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു ഹദീസ് ഈ ദൌത്യം ഓരോ വ്യക്തിയും ഏറ്റെടുക്കേണ്ടതാണ് എന്നു മനസ്സിലാക്കിത്തരുന്നു. അബൂ ഹുറൈറ(റ)വില്‍ നിന്നും നിവേദനം: 'നബി (സ) പറഞ്ഞു : നിങ്ങളില്‍ ആരെങ്കിലും ഒരു തിന്മ കണ്ടാല്‍ അതിനെ തന്‍റെ കൈ കൊണ്ട് തടുക്കട്ടെ. അതിനു സാധ്യമല്ലെങ്കില്‍ തന്‍റെ നാവ് കൊണ്ട് തടുക്കട്ടെ. അതിനു സാധ്യമല്ലെങ്കില്‍ ഹൃദയം കൊണ്ട് (വെറുക്കട്ടെ). അതാകുന്നു ഈമാനിന്‍റെ ഏറ്റവും താഴ്ന്ന പടി." തഫ്സീര്‍ ഇബ്നുകസീര്‍ 2/78

ശൈഖ് അബ്ദുല്‍ അസീസ് ഇബ്നു ബാസ് (റഹി) പറഞ്ഞു : "അല്ലാഹുവിലേക്കുള്ള ക്ഷണം നിര്‍ബന്ധ ബാധ്യതകളില്‍ പെട്ടതാണെന്ന് ഖുര്‍ആനും സുന്നത്തും പ്രകാരമുളള തെളിവുകള്‍ അറിയിക്കുന്നത്. അതാകട്ടെ ധാരാളമാണ്.

وَلْتَكُنْ مِنْكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ وَأُولَئِكَ هُمُ الْمُفْلِحُونَ

"നന്‍മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍." ക്വുര്‍ആന്‍ 3:104

ادْعُ إِلَى سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ وَجَادِلْهُمْ بِالَّتِي هِيَ أَحْسَنُ

"യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക." ക്വുര്‍ആന്‍ 16:125

وَادْعُ إِلَى رَبِّكَ وَلَا تَكُونَنَّ مِنَ الْمُشْرِكِينَ

"നിന്‍റെ രക്ഷിതാവിങ്കലേക്ക് നീ ക്ഷണിക്കുക. നീ ബഹുദൈവവിശ്വാസികളുടെ കൂട്ടത്തിലായിപ്പോകരുത്." ക്വുര്‍ആന്‍ 28:87

قُلْ هَذِهِ سَبِيلِي أَدْعُو إِلَى اللَّهِ عَلَى بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي

"പറയുക: ഇതാണ് എന്‍റെ മാര്‍ഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും." ക്വുര്‍ആന്‍ 12:108

അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവരാണ് നബി(ﷺ)യെ പിന്‍പറ്റുന്നവരെന്ന് അല്ലാഹു വ്യക്തമാക്കുന്നത്. ഉള്‍ക്കാഴ്ചയുള്ളവരും അവര്‍ തന്നെയാകുന്നു. നബി(ﷺ)യെ അനുധാവനം ചെയ്യലും ആ മാര്‍ഗത്തിലൂടെ സഞ്ചരിക്കലും നിര്‍ബന്ധമാകുന്നു എന്നത് അറിയപ്പെട്ടിട്ടുള്ളതാണ്. അല്ലാഹു പറയുന്നുണ്ടല്ലോ:

لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِمَنْ كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا

"തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്." ക്വുര്‍ആന്‍ 33:21

പണ്ഡിതന്മാര്‍ വ്യക്തമാക്കിത്തന്നു: തീര്‍ച്ചയായും, ഒരു പ്രദേശത്ത് അതിന്‍റെ എല്ലാ ഭാഗത്തും എത്തുന്ന വിധത്തില്‍ പ്രബോധനം നിര്‍വഹിക്കുന്ന ആളുകള്‍ ഉണ്ടെങ്കില്‍ അവിടെ ബാക്കിയുള്ളവര്‍ ആ നിര്‍ബന്ധ ബാധ്യതയില്‍ നിന്നും ഒഴിവാകുന്നതാണ്. അവര്‍ക്ക് അതൊരു സാമൂഹ്യ ബാധ്യതയും ശക്തമായ സുന്നത്തും മഹത്കര്‍മ്മവുമാകുന്നു. ഓരോ പ്രദേശത്തും പ്രബോധനം വഴി ഉണര്‍വുണ്ടാക്കേണ്ടത് അത്യാവശ്യമാണ്. ഇനി ഒരു നാട്ടില്‍ ആരും ഇതിന് വേണ്ടി സന്നദ്ധരാകുന്നില്ലെങ്കില്‍ അവിടെയുള്ള എല്ലാവരും കുറ്റക്കാരാവുകയും അവിടെയുള്ള ഓരോരുത്തര്‍ക്കും അവരുടെ കഴിവും സൌകര്യവുമനുസരിച്ച് പ്രബോധനം നിര്‍ബന്ധമായിത്തീരുകയും ചെയ്യും. സാമൂഹ്യ ബാധ്യത എന്ന നിലയ്ക്കു നോക്കുമ്പോള്‍ സാധ്യമാകുന്ന മാര്‍ഗങ്ങളിലൂടെയെല്ലാം ലോകമെമ്പാടുമുള്ള ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിക്കുകയും അവന്‍റെ സന്ദേശങ്ങള്‍ അവരിലേക്ക് എത്തിക്കുകയും അവന്‍റെ കല്പനകള്‍ അവര്‍ക്ക് വ്യക്തമാക്കിക്കൊടുക്കുകയും ചെയ്യുന്ന ഒരു വിഭാഗം നിലനില്‍ക്കേണ്ടതുണ്ട്. ജനങ്ങളിലേക്ക് പ്രബോധകരെ നിയോഗിച്ചും രാജാക്കന്മാര്‍ക്കും നേതാക്കള്‍ക്കും കത്തുകള്‍ അയച്ചും നബി(ﷺ) അവരെ അല്ലാഹുവിലേക്ക് ക്ഷണിച്ചിട്ടുണ്ട്." (മജ്മൂഹ് ഫതാവാ ഇബ്നുബാസ് 1/ 330)

രണ്ടാമതായി അറിയേണ്ടത്: മുസ്ലിം അമുസ്ലിം പ്രബോധനത്തില്‍ ഏതാണ് ഉത്തമം എന്ന കാര്യത്തില്‍ ഭിന്നത ഉണ്ടാകേണ്ടതിന്‍റെയോ വ്യത്യാസം കാണേണ്ടതിന്‍റെയോ ആവശ്യമില്ല. ഇതിലേതെങ്കിലും ഒന്ന് നിര്‍വഹിക്കാന്‍ ഒരാള്‍ക്ക് അല്ലാഹു കഴിവ് നല്‍കിയിട്ടുണ്ടെങ്കില്‍ അയാള്‍ അത് നിര്‍വഹിക്കുകയാണ് വേണ്ടത്. അല്ലാഹു നല്കിയ വശ്യമായ സംസാര ശൈലി കൊണ്ട് അമുസ്ലിംകളുടെ ഭാഷയും രീതിയും മനസ്സിലാക്കി നന്നായി പ്രബോധനം ചെയ്യാന്‍ കഴിയുന്ന ചിലര്‍ മുസ്ലിംകളിലുണ്ട്. ജോലിയുടെയും, യാത്രയുടെയും, അയല്‍പക്ക ബന്ധത്തിന്‍റെയും, മറ്റു പല കാര്യങ്ങളുടെയും പേരില്‍ ധാരാളം അമുസ്ലിംകളുമായി ബന്ധം പുലര്‍ത്തിപ്പോരുന്നവരുമുണ്ട്. അവരോട് നമുക്ക് പറയാനുള്ളത് യുക്തിദീക്ഷയോടെയും, സദുപദേശങ്ങള്‍ കൊണ്ടും, വ്യക്തമായ തെളിവുകള്‍ മുന്‍നിര്‍ത്തിയും ക്ഷമയോടുകൂടെ അവര്‍ക്കിടയില്‍ പ്രബോധനം നിര്‍വഹിക്കണമെന്നാണ്.

ഇത് പോലെത്തന്നെ മുസ്ലിംകളോടും പ്രബോധനം ചെയ്യാന്‍ കഴിവുള്ള മേല്‍ പറയപ്പെട്ട ഗുണങ്ങളുള്ളവര്‍ മുസ്ലിംകള്‍ക്കിടയിലുണ്ട്. അമുസ്ലിംകളോട് പ്രബോധനം നടത്താന്‍ ക്ഷമ കിട്ടാത്തത് കൊണ്ടോ, മതപരമായ വിഷയങ്ങളില്‍ അവഗാഹമുള്ളതിനാല്‍ എതിര്‍ ന്യായങ്ങളെ തെളിവുകള്‍ നിരത്തി ഖണ്ഡിക്കാന്‍ സാധിക്കുമെന്നത് കൊണ്ടോ മുസ്ലിംകള്‍ക്ക് തന്നെ പ്രബോധനം നടത്തണം എന്ന് ആഗ്രഹിക്കുന്നവരാണവരെങ്കില്‍ അവര്‍ക്ക് ആ മേഖലയും തെരഞ്ഞെടുക്കാവുന്നതാണ്.

ചുരുക്കത്തില്‍ , ഒരു തര്‍ക്കത്തിനോ ഭിന്നതക്കോ ഈ വിഷയത്തില്‍ സ്ഥാനമില്ല. പ്രത്യേകിച്ച് ഇതിന്‍റെ പേരില്‍ ഒരു അനൈക്യം ഉണ്ടാകുക എന്നത് പാടില്ല. ഈ രണ്ട് പ്രബോധനവും മതപരമായി അംഗീകരിക്കപ്പെട്ടതാണ്. ഓരോന്നിനും സൌകര്യമുള്ളവര്‍ അത് നിര്‍വഹിക്കുകയാണ് വേണ്ടത്. ഇതില്‍ ഒന്നു ചെയ്യാന്‍ സാധിക്കുന്നയാള്‍ മറ്റെയാളെ എതിര്‍ക്കേണ്ടതില്ല. അടിസ്ഥാനപരമായി ഇതില്‍ ഒരു ക്രമം നിശ്ചയിക്കപ്പെട്ടിട്ടുമില്ല. സത്യനിഷേധികള്‍ക്കുള്ള പ്രബോധനത്തില്‍ വ്യാപൃതനായതിന്‍റെ പേരില്‍ മുസ്ലിംകളെ പഠിപ്പിക്കുന്നതും, അവരുടെ അവസ്ഥ നന്നാക്കുന്നതും, അവര്‍ക്കുള്ള പ്രബോധനം ഉപേക്ഷിച്ചതുമായ ഒരാളെയും നമുക്കറിയില്ല. അല്ലാഹു നല്കിയ അറിവും സഹനവും സമ്പാദ്യവുമെല്ലാം ഉപയോഗിച്ച് ഭിന്നതയോ ഏറ്റുമുട്ടലുകളോ ഇല്ലാതെ ഓരോ മുസ്ലിമും ഇക്കാര്യത്തില്‍ തന്‍റെ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ പരിശ്രമിക്കുകയാണ് വേണ്ടത്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.

(അവലംബം: Islamqa # 186813)

0
0
0
s2sdefault

നിസാഇയ്യ : മറ്റു ലേഖനങ്ങൾ

തര്‍ജമത്തുരിജാല്‍ : മറ്റു ലേഖനങ്ങൾ

സീറഃ : മറ്റു ലേഖനങ്ങൾ

റൗദത്തുല്‍ ഖുതുബ് : മറ്റു ലേഖനങ്ങൾ

അദ്കാര്‍ : മറ്റു ലേഖനങ്ങൾ

വാഹത്തുല്‍ അത്വ്ഫാല്‍ : മറ്റു ലേഖനങ്ങൾ

ദഅ്‌വ : മറ്റു ലേഖനങ്ങൾ