തൗറാത്ത്, സബൂർ, ഇൻജീൽ തുടങ്ങിയവ ഇന്ന് ബൈബിളിൽ കാണുന്ന തോറ (പഞ്ച പുസ്തകങ്ങൾ), സങ്കീർത്തനങ്ങൾ, സുവിശേഷങ്ങൾ എന്നിവയാണോ?
തയ്യാറാക്കിയത്: എം.എം അക്ബര്‍
Last Update: 7 October 2019
മൂസ(അ)ക്ക് നൽകപ്പെട്ട വേദഗ്രന്ഥമാണ് തൗറാത്ത്. ഇതേപോലെ ദാവൂദ് (അ)നും ഈസാ(അ)ക്കും നൽകപ്പെട്ട വേദഗ്രന്ഥങ്ങളാണ് സബൂർ, ഇൻജീൽ എന്നിവ. പടച്ച തമ്പുരാൻ പ്രവാചകന്മാർക്ക് അവതരിപ്പിച്ച ഗ്രന്ഥങ്ങളായിട്ടാണ് വേദഗ്രന്ഥങ്ങളെ ഖുർആൻ പരിചയപ്പെടുത്തുന്നത്. 'തീർച്ചയായും നാം തന്നെയാണ് തൗറാത്ത് അവതരിപ്പിച്ചിരിക്കുന്നത്. അതിൽ മാർഗദർശനവും പ്രകാശവുമുണ്ട്.(5:44)
'ദാവൂദിന് നാം സബൂർ നൽകുകയും ചെയ്തിരിക്കുന്നു.'(17: 55)
'സന്മാർഗനിർദ്ദേശവും സത്യപ്രകാശവുമടങ്ങിയ ഇൻജീലും നാം അദ്ദേഹത്തിന് (ഈസാക്ക്) നൽകി'( 5:46)
ഇവയിൽനിന്ന് ദൈവം തമ്പുരാൻ പ്രവാചകന്മാർക്ക് അവതരിപ്പിച്ച ഗ്രന്ഥങ്ങളാണിവയെന്ന് സുതരാം വ്യക്തമാണ്. എന്നാൽ ബൈബിൾ പുസ്തകങ്ങളുടെ സ്‌ഥിതി ഇതല്ല. പ്രവാചകന്മാർക്ക് ശേഷം പതിറ്റാണ്ടുകൾ കഴിഞ്ഞ് രചിക്കപ്പെട്ട ഗ്രന്ഥങ്ങളാണവ. ദൈവദൂതന്മാർക്ക് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥങ്ങളാണെന്ന് ഖണ്ഡിതമായി പറയാവുന്ന ഒരു പുസ്തകവും ബൈബിളിലില്ല. പഞ്ചപുസ്തകങ്ങൾ( തോറാ ) മോശെ രചിച്ചുവെന്നാണ് പരമ്പരാഗത യഹൂദ വിശ്വാസം. ദൈവം അവതരിപ്പിച്ച ഗ്രന്ഥമാണെന്നല്ല. മോശെ രചിച്ചതാണ് പഞ്ചപുസ്തകങ്ങളെന്ന പരമ്പരാഗത വിശ്വാസം അടിസ്ഥാന രഹിതമാണെന്നാണ് ആധുനിക ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. മോശെയുടെ മരണവും മരണാനന്തര സംഭവങ്ങളുമെല്ലാം പഞ്ചപുസ്തകത്തിൽ വിവരിക്കപ്പെട്ടിട്ടുള്ളതിനാൽ (ആവർത്തനം 34:5-10) അതൊരിക്കലും മോശെ രചിച്ചതായിരിക്കാനിടയില്ലെന്നാണ് പണ്ഡിതാഭിപ്രായം. സങ്കീർത്തനങ്ങളുടെ സ്ഥിതിയും തഥൈവ. ദാവീദ് രചിച്ചതാണെന്ന് ഖണ്ഡിതമായി പറയാവുന്ന ഒരു സങ്കീർത്തനം പോലുമി ല്ലെന്നതാണ് വാസ്തവം. സുവിശേഷങ്ങളിൽ യേശു പ്രസംഗിച്ച ദൈവത്തിന്‍റെ സുവിശേഷത്തെക്കുറിച്ച സൂചനകളുണ്ടെങ്കിലും (മാർക്കോസ് 1:14,15) പ്രസ്തുത സുവിശേഷത്തെക്കുറിച്ച വ്യക്തമായൊരു ചിത്രം നാലു സുവിശേഷങ്ങളും നൽകുന്നില്ല. പുതിയ നിയമത്തിലുള്ള സുവിശേഷങ്ങളാകട്ടെ യേശുവിന് അഞ്ചു പതിറ്റാണ്ടുകളെങ്കിലും കഴിഞ്ഞ് രചിക്കപ്പെട്ടതാണ്. യേശുവിന്‍റെ ജീവിതത്തെയും സന്ദേശത്തെയും കുറിച്ച് വ്യത്യസ്തവും വിരുദ്ധവുമായ ചിത്രങ്ങളാണ് സുവിശേഷങ്ങൾ നൽകുന്നത്. ഇവയൊന്നുംതന്നെ യേശുവിന് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥമല്ലെന്ന് വ്യക്തമാണല്ലോ. ചുരുക്കത്തിൽ തൗറാത്തിലെയും സബൂറിലെയും ഇൻജീലിലെയും പല ആശയങ്ങളും ബൈബിളിലെ വ്യത്യസ്ത പുസ്തകങ്ങളിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയൊന്നും പൂർണമായി ബൈബിളിൽ ഉണ്ടെന്ന് പറയാൻ കഴിയില്ല.