ഖുർആനിനെ അമാനുഷിക ദൃഷ്ടാന്തമാക്കുന്നത് എന്താണ്?
തയ്യാറാക്കിയത്: എം.എം. അക്ബര്‍
Last Update: 16 November 2019
ഖുർആനിലെ ആശയങ്ങളും ശൈലിയും ഭാഷയുമെല്ലാം അത്ഭുതം തന്നെയാണ്. അറബി സാഹിത്യത്തിലെ അതികായന്മാർക്കിടയിലേക്കാണ് ഖുർആനിന്റെ അവതരണം. പതിനാലു നൂറ്റാണ്ടു മുമ്പത്തെ കവിതകൾ അറബ് സാഹിത്യത്തിലെ മാസ്റ്റർ പീസുകളാണിന്നും. അവർക്കിടയിൽ ജനിച്ചു വളർന്ന ഒരു നിരക്ഷരനിലൂടെയാണ് ഖുർആൻ ലോകം ശ്രവിക്കുന്നത്. അദ്ദേഹമാകട്ടെ നാല്പതു വയസ്സു വരെ യാതൊരുവിധ സാഹിത്യാഭിരുചിയും കാണിക്കാത്ത വ്യക്തിയും. ഖുർആനിന്റെ സാഹിത്യമേന്മയെ സംബന്ധിച്ച് അത് അവതരിപ്പിക്കപ്പെട്ട സമൂഹത്തിൽ അഭിപ്രായ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. വിശ്വാസികളും അവിശ്വാസികളുമായ അറബികളെല്ലാം ഖുർആനിന്റെ ഉന്നതമായ സാഹിത്യമൂല്യം അംഗീകരിക്കുന്നവരായിരുന്നു. അത് മാരണമാണെന്നും പൈശാചിക വചനങ്ങളാണെന്നും പറഞ്ഞ്, അതിന്റെ ദൈവികത അംഗീകരിക്കാതെ മാറി നിൽക്കുകയായിരുന്നു അവിശ്വാസികൾ ചെയ്തതെന്ന് മാത്രം.
ഖുറൈശി നേതാവും അറബി സാഹിത്യത്തിലെ അജയ്യനുമായിരുന്ന വലീദുബ്നു മുഗീറയോട് ഖുർആനിനെതിരെ പരസ്യപ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട അബൂജഹലിന് അദ്ദേഹം നൽകിയ മറുപടി ശ്രദ്ധേയമാണ്. 'ഞാനെന്താണ് പറയേണ്ടത്? ഗദ്യത്തിലും പദ്യത്തിലും ജിന്നുകളുടെ കാവ്യങ്ങളിലും അറബി ഭാഷയുടെ മറ്റേതൊരു സാഹിത്യ ശാഖയിലും നിങ്ങളേക്കാൾ എനിക്ക് അറിവുണ്ട്. അല്ലാഹുവാണ് സത്യം! ഈ മനുഷ്യൻ സമർപ്പിക്കുന്ന വചനങ്ങൾക്ക് അവയിൽ ഒന്നിനോടും സാദൃശ്യമില്ല. അല്ലാഹുവാണെ, അവന്റെ വചനങ്ങൾക്ക് വിസ്മയാവഹമായ ഒരു മാധുര്യവും പ്രത്യേകമായൊരു ഭംഗിയുമുണ്ട്. അതിന്റെ കൊമ്പുകളും ചില്ലകളും ഫലങ്ങൾ നിറഞ്ഞതും മുരട് പശിമയാർന്ന മണ്ണിൽ ഊന്നി നിൽക്കുന്നതുമാണ്. തീർച്ചയായും അത് സർവ്വ വചനങ്ങളേക്കാളും ഉന്നതമാണ്. അതിനെ താഴ്ത്തിക്കാണിക്കാൻ മറ്റൊരു വചനത്തിനും സാധ്യമല്ല. അതിന്റെ കീഴിൽ അകപ്പെടുന്ന സകലതിനെയും അത് തകർത്തുകളയും, തീർച്ച!
ഇത് ഒരു അമുസ്ലിമിന്റെ പ്രസ്താവനയാണെന്ന് നാം ഓർക്കണം. ഖുർആനിന്റെ സാഹിത്യമൂല്യത്തെക്കുറിച്ച് ഇതിനേക്കാൾ നല്ല ഒരു സർട്ടിഫിക്കറ്റ് ആവശ്യമില്ല.
അനുകരിക്കാനാകാത്ത ശൈലിയാണ് ഖുർആനിന്റെത്. ഇക്കാര്യം ആധുനികരായ മുസ് ലിംകളല്ലാത്ത അറബി പണ്ഡിതന്മാർ പോലും അംഗീകരിച്ചിട്ടുള്ളതാണ്. ഓറിയൻറലിസ്റ്റായ ജി. സെയ്ൽ എഴുതുന്നത് കാണുക:
The style of the Quran is beautiful, it is adorned with bold figures after the Eastern taste, enlivened with florid and sententions expressions and in many places where the Majesty and attributes of God are described, sublime and magnificient (G. Sale, The Koran: Commonly called Al-Quran, with a preliminary discourse, London 1899 vol 1 Page 47 )
(പൗരസ്ത്യാസ്വാദനത്തിന്റെ വ്യക്തമായ ബിംബങ്ങളാൽ അലംകൃതമാക്കപ്പെടുകയും ഉപമാലങ്കാരങ്ങളാലും അർഥ സമ്പുഷ്ടമായ പദപ്രയോഗങ്ങളാലും ചൈതന്യവത്താക്കപ്പെടുകയും ചെയ്തിട്ടുള്ള ഖുർആനിന്റെ ശൈലി അതിസുന്ദരമാണ്. ദൈവികഗുണങ്ങളെയും പ്രതാപത്തെയും കുറിച്ച് പ്രതിപാദിക്കുമ്പോൾ അതിന്റെ ഭാഷ പ്രൗഢവും ഗംഭീരവുമായിത്തീരുന്നു.)
മറ്റൊരു ഓറിയൻറലിസ്റ്റായ എ.ജെ. ആർബറി എഴുതുന്നു:
"The complex prosody, a rich repertory of subtle and complicated rhymes had been completely perfected. A vocabulary of themes, images and figures extensive but nevertheless circumscribed, was firmly established" (A.J. Arberry, The Quran interpreted, London 1955 page 11 )
(ഗഹനവും സങ്കീർണ്ണവുമായ കാവ്യശകലങ്ങളുടെ ഒരു സമ്പന്നമായ കലവറ സരളമല്ലാത്ത പദ്യരചനാരീതിയിൽ പൂർണ്ണമായി കുറ്റമറ്റതാക്കപ്പെട്ടിരിക്കുന്നു . പ്രമേയങ്ങളുടെയും ബിംബങ്ങളുടെയും രൂപങ്ങളുടെയും വിപുലമല്ലെങ്കിലും ക്ലിപ്തമായ പദസഞ്ചയത്തിൽ അവ ബലിഷ്ഠമായി സ്ഥാപിക്കപ്പെടുകയും ചെയ്തിരിക്കുന്നു)
ഖുർആനിന്റെ ശൈലിയും ഭാഷയും സാഹിത്യവുമെല്ലാം അതുല്യമാണ്. അനുകരണത്തിന് അതീതമാണ്. അതിസുന്ദരമാണ്. അറബിയറിയാവുന്ന എല്ലാവർക്കും മനസ്സിലാക്കാവുന്നതാണിത്. ഖുർആനിലെ ഓരോ സൂക്തവും അത്യാകർഷവും ശ്രോതാവിന്റെ മനസ്സിൽ മാറ്റത്തിന്റെ വേലിയേറ്റമുണ്ടാക്കുന്നതുമാണ്. ഇത് അറബി അറിയാവുന്ന ആധുനികരും പൗരാണികവുമായ വിമർശകരെല്ലാം സമ്മതിച്ചിട്ടുള്ളതാണ്.
ഒരു കാര്യം അമാനുഷിക ദൃഷ്ടാന്തമാകുന്നത് അത് അജയ്യമാകുമ്പോഴാണ്. മോശെ പ്രവാചകൻ തന്റെ വടി നിലത്തിട്ടപ്പോൾ അത് ഉഗ്ര സർപ്പമായി മാറി. പ്രസ്തുത ദൈവിക ദൃഷ്ടാന്തത്തോട് മൽസരിക്കാനായി വന്ന മാന്ത്രികന്മാരുടെ വടികളെയും കയറുകളെയുമെല്ലാം പ്രസ്തുത സർപ്പം വിഴുങ്ങി. ഇത് ഖുർആനിലും ബൈബിളിലുമെല്ലാം വിവരിക്കുന്നുണ്ട്.
ഖുർആൻ അവകാശപ്പെടുന്നത് അതിന്റെ ശൈലിയും ഘടനയും ആശയാലേഖനവും സാഹിത്യവുമെല്ലാം അജയ്യമാണെന്നും അതിനു തുല്യമായ ഒരു രചന നടത്തുവാൻ സൃഷ്ടികൾക്കൊന്നും സാധ്യമല്ലെന്നുമാണ്. 'നമ്മുടെ ദാസന് നാം അവതരിപ്പിച്ചു കൊടുത്തതിനെപ്പറ്റി നിങ്ങൾ സംശയാലുക്കളാണെങ്കിൽ അതിന്റേത് പോലെയുള്ള ഒരു അധ്യായമെങ്കിലും നിങ്ങൾ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങൾക്കുള്ള സഹായികളെയും വിളിച്ചു കൊള്ളുക. നിങ്ങൾ സത്യവാന്മാരാണെങ്കിൽ! നിങ്ങൾക്കത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ - നിങ്ങൾക്ക് ഒരിക്കലും അതു ചെയ്യാൻ കഴിയുകയില്ല - മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങൾ കാത്തു സൂക്ഷിച്ചു കൊള്ളുക. സത്യനിഷേധികൾക്കു വേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത് ' (2:23,24). ഇത് സത്യമാണെന്ന് ഭാഷാ പരിജ്ഞാനമുള്ളവരെല്ലാം സമ്മതിക്കുന്നു.
ഖുർആനിലേതിന് തുല്യമായ ഒരു അധ്യായമെങ്കിലും കൊണ്ടുവരാനുള്ള അതിന്റെ വെല്ലുവിളിക്ക് ഉത്തരം നൽകുവാൻ അറബ് സാഹിത്യ രംഗത്തുള്ള ആർക്കുംതന്നെ ഇതുവരെ കഴിഞ്ഞിട്ടുമില്ല. ഖുർആൻ മുഹമ്മദ് നബി(ﷺ)ക്ക് അവതരിപ്പിക്കപ്പെട്ട അമാനുഷിക ദൃഷ്ടാന്തമാണെന്ന വാദത്തെ പരിഹസിക്കുവാനല്ലാതെ പ്രതിരോധിക്കുവാനോ മറുപടി നൽകുവാനോ അതിലെ ഏതെങ്കിലുമൊരു അധ്യായത്തിന് തുല്യമായ അധ്യായം കൊണ്ടുവരാനോ അറബിയറിയാവുന്ന വിമർശകന്മാർക്ക് പോലും കഴിയുന്നില്ലെന്നതാണ് വാസ്തവം.