ഖുര്‍ആന്‍ രണ്ടു പുറംചട്ടകള്‍ക്കുള്ളില്‍, ഒരൊറ്റ ഗ്രന്ഥമായി ക്രോഡീകരിക്കപ്പെട്ടത് എന്നായിരുന്നു? ഏത് സാഹചര്യത്തിൽ?
തയ്യാറാക്കിയത്: എം.എം. അക്ബര്‍
Last Update: 1 April 2020
ഒന്നാം ഖലീഫ അബൂബക്കർ(റ) ന്റെ കാലത്താണ് രണ്ട് പുറം ചട്ടകൾക്കുള്ളിൽ ഒരൊറ്റ ഗ്രന്ഥമായി ഖുർആൻ ക്രോഡീകരിക്കപ്പെട്ടത്.
മുഹമ്മദ് ﷺ ന്റെ ജീവിത കാലത്തു തന്നെ തുകൽ ചുരുളുകളിലും മറ്റുമായി ഖുർആൻ രേഖപ്പെടുത്തപ്പെട്ടിരുന്നുവെങ്കിലും ഖുർആൻ പഠനത്തിനുള്ള സമൂഹത്തിന്റെ പ്രധാനപ്പെട്ട ആശ്രയം പ്രസ്തുത ഏടുകളായിരുന്നില്ല. പ്രത്യുത, ഖുർആൻ ഹൃദിസ്ഥമാക്കിയവരുടെ സേവനമായിരുന്നു. പ്രവാചകൻ ﷺ ന്റെ വിയോഗാനന്തരം ഇസ്‌ലാമിക രാഷ്ട്രത്തിന്റെ നായകത്വം അബൂബക്കർ(റ) ഏറ്റെടുത്തു. വ്യാജ പ്രവാചകൻ മുസൈലിമ അബൂബക്കർ (റ) നെതിരെ പ്രബലമായ തന്റെ ഗോത്രത്തെ -ബനുഹനീഫ- അണി നിരത്തിയപ്പോൾ യുദ്ധം നടന്നു. യുദ്ധത്തിൽ മുസ്‍ലിംകൾ വിജയിച്ചു. ഖുർആൻ പൂർണമായി ഹൃദിസ്ഥമാക്കിയിരുന്ന എഴുപത് പേരുടെ രക്തസാക്ഷിത്വമായിരുന്നു മുസ്ലിംകൾക്കുണ്ടായ വലിയ നഷ്ടം.
ഈ സംഭവം ഖുർആനിന്റെ സംരക്ഷണത്തെ കുറിച്ച് ചിന്തിക്കുവാൻ പ്രവാചക സഖാക്കളിൽ പ്രമുഖനായ ഉമർ (റ) ന് പ്രചോദനമേകി. അതിനാവശ്യമായ നടപടികളെക്കുറിച്ചു അദ്ദേഹം ഖലീഫ അബൂബകറുമായി ചർച്ച ചെയ്തു. ഖുർആൻ ക്രോഡീകരിച്ച് ഗ്രന്ഥരൂപത്തിലാക്കേണ്ടത് ആവശ്യം തന്നെയാണെന്ന് ഖലീഫക്ക് ബോധ്യമായി. പ്രവാചകന്റെ എഴുത്തുകാരനും ഖുർആൻ രേഖപ്പെടുത്തി വെച്ചവരിൽ പ്രമുഖനായിരുന്ന സൈദുബ്നു സാബിത്തിനെ ഖുർആൻ ഏക ഗ്രന്ഥത്തിലായി സമാഹരിക്കുകയെന്ന ചുമതല ഏൽപിച്ചു.
സൈദുബ്നു സാബിത്തിന് ഖുർആൻ മനഃപാഠമുണ്ടായിരുന്നു. എന്നാൽ, തന്റെ ഓർമ ശക്തിയെ മാത്രം ആശ്രയിച്ചു കൊണ്ടല്ല അദ്ദേഹം ഖുർആൻ സമാഹരണം നടത്തിയത്. അന്ന് വ്യത്യസ്ത വ്യക്തികളുടെ കൈവശമുണ്ടായിരുന്ന ഖുർആൻ ഏടുകളെല്ലാം അദ്ദേഹം പരിശോധിച്ചു. ഏടുകള്‍ കൈവശമുള്ളവർ പ്രത്യക്ഷപ്പെടുമ്പോൾ അവ തന്റെ കൈവശമുള്ള രേഖകളുമായി ഒത്തു നോക്കിയും മനഃപാഠവുമായി താരതമ്യം ചെയ്തു കൊണ്ടും അദ്ദേഹം രേഖപ്പെടുത്തിക്കൊണ്ടിരുന്നു. അങ്ങനെ ഖുർആൻ മുഴുവനായി സൈദുബ്നു സാബിത്ത് രണ്ടു ചട്ടകൾക്കുള്ളിലുള്ള ഏടുകളിലാക്കി . രണ്ടു ചട്ടകള്‍ക്കുള്ളിൽ സമാഹരിക്കപ്പെട്ട രേഖകള്‍ക്കാണ് 'മുസ്ഹഫ് ' എന്നു പറയുന്നത്. അബൂബക്കർ (റ)ന്റെ ഭരണകാലത്ത് സൈദുബ്നു സാബിത്താണ് ഖുർആൻ പൂർണ്ണമായി ഉൾക്കൊള്ളുന്ന ആദ്യത്തെ മുസ്ഹഫ് തയ്യാറാക്കിയതെന്ന് സാരം.