അധികാരമായിരുന്നു മുഹമ്മദ് (ﷺ) ലക്ഷ്യമാക്കിയിരുന്നതെന്ന് കരുതുന്നതിലെന്താണ് തെറ്റ്?
തയ്യാറാക്കിയത്: എം.എം. അക്ബര്‍
Last Update: 26 October 2019
അധികാരമോഹമെന്നാൽ എന്താണ്? രാജ്യത്തിന്റെ അധികാരം കൈക്കലാക്കി സുഖസമൃദ്ധമായ ജീവിതം നയിക്കാനുള്ള ആഗ്രഹം . പതിമൂന്ന് വർഷത്തെ കഷ്ടപ്പാടുകൾക്കും പീഡനങ്ങൾക്കും ശേഷം പലായനം ചെയ്തു മദീനയിലെത്തിയ പ്രവാചകന് (ﷺ) അധികാരം ലഭിച്ചുവെന്നത് നേരാണ്. എന്നാൽ, അദ്ദേഹത്തിന് അധികാരം സുഖലോലുപതയ്ക്കുള്ള മാർഗ്ഗമായിരുന്നില്ല. ഭരണാധികാരിയായിരിക്കുമ്പോഴും ഈത്തപ്പനപ്പായയിൽ അന്തിയുറങ്ങുകയും വസ്ത്രങ്ങൾ സ്വയം അലക്കുകയും പാദരക്ഷകൾ തുന്നുകയും ആടിനെ കറക്കുകയും ചെയ്യുന്ന മനുഷ്യനെ അധികാരമോഹിയെന്ന് വിളിക്കാൻ ആർക്കാണ് സാധിക്കുക?
അധികാരത്തിന്റെ പേരിൽ ജനങ്ങളാൽ ആദരിക്കപ്പെടുകയും അവരിൽ നിന്ന് ഉയർന്നു നിൽക്കുകയും ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് അധികാരം മോഹിക്കുക . പ്രവാചക(ﷺ)നാവട്ടെ ജനങ്ങളെ സേവിച്ച് ജനങ്ങളോടൊപ്പം ജീവിച്ചയാളായിരുന്നു. ഒരിക്കൽ ഒരു സദസ്സിലേക്ക് പ്രവാചകൻ(ﷺ) കടന്നുവന്നപ്പോൾ എല്ലാവരും എഴുന്നേറ്റ് നിന്നു. പ്രവാചകൻ(ﷺ) ഇത് വിലക്കി. അദ്ദേഹം പറഞ്ഞു: "പേർഷ്യക്കാരിൽ ചിലർ ചിലരെ ബഹുമാനിക്കുവാൻ വേണ്ടി ചെയ്യുന്നതുപോലെ നിങ്ങൾ എന്നെ ബഹുമാനിച്ചുകൊണ്ട് എഴുന്നേറ്റു നിൽക്കരുത്".
അദ്ദേഹം ഉപദേശിച്ചു : "ക്രിസ്ത്യാനികൾ മറിയമിന്റെ പുത്രനായ യേശുവിനെ പുകഴ്ത്തിയതുപോലെ എന്നെ നിങ്ങൾ പുകഴ്ത്തരുത്" ഇതെല്ലാം തന്നെ മുഹമ്മദ് (ﷺ) ഒരു അധികാരമോഹി ആയിരുന്നില്ലെന്ന് വ്യക്തമാക്കുന്നു.
മാത്രവുമല്ല, തന്റെ പ്രബോധന പ്രവർത്തനങ്ങൾ നിർത്തിവെക്കുകയാണെങ്കിൽ, പ്രയാസപൂർണമായ ആദ്യനാളുകളിൽ തന്നെ അധികാരം നൽകാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. സമൂഹത്തിലെ നേതാക്കന്മാരെല്ലാം കൂടി ഒരു ദിവസം മുഹമ്മദ് (ﷺ) അടുത്ത് ചെന്ന് അദ്ദേഹത്തെ വശീകരിക്കാനായി ശ്രമിച്ചു. അവർ പറഞ്ഞു "നീ സമ്പത്താണ് കൊതിക്കുന്നതെങ്കിൽ ആവശ്യമുള്ളത്ര ധനം ഞങ്ങൾ തരാം. അധികാരമാണ് ആഗ്രഹിക്കുന്നതെങ്കിൽ ഈ പ്രദേശത്തെ രാജാവായി നിന്നെ ഞങ്ങൾ വാഴിക്കാം. സൗന്ദര്യമാണ് മോഹിക്കുന്നതെങ്കിൽ നിനക്ക് ഇഷ്ടപ്പെട്ട സുന്ദരിയെ വിവാഹം ചെയ്യാനുള്ള അവസരമുണ്ടാക്കിത്തരാം". ആരും വീണുപോകുന്ന വാക്കുകൾ! ആശിച്ചു പോകുന്ന പ്രലോഭനങ്ങൾ!
ഒരൊറ്റ വാക്കു പറഞ്ഞാൽ മതി, ഈ പ്രദേശത്തെ ഏറ്റവും വലിയ ധനവാനാകും. നാട്ടാർ മുഴുവൻ തന്റെ രാജധാനിയിലെത്തി തനിക്ക് പാദസേവ ചെയ്യും. സൗന്ദര്യധാമങ്ങൾ തനിക്കു മുമ്പിൽ നൃത്തമാടും. പക്ഷേ, പ്രവാചകൻ പറഞ്ഞതിങ്ങനെയാണ്: "അധികാരമോ കവർച്ച മുതലോ എനിക്കാവശ്യമില്ല. മനുഷ്യർക്കുള്ള മുന്നറിയിപ്പുകാരനായിട്ടാണ് പടച്ചതമ്പുരാൻ എന്നെ നിയോഗിച്ചിരിക്കുന്നത് . അവന്റെ സന്ദേശമാണ് ഞാൻ നിങ്ങൾക്ക് എത്തിച്ചുതരുന്നത്. അത് സ്വീകരിക്കുന്നവർക്ക് ഇഹലോകത്ത് സുഖവും സമാധാനവും പരലോകത്ത് ശാശ്വത വിജയവും കരസ്ഥമാക്കാം. ദൈവിക സന്ദേശം സ്വീകരിക്കാത്തവർക്കിടയിൽ തീർപ്പ് കൽപ്പിക്കുന്നത് അവൻ തന്നെയാണ്".
മക്കയിലെ പ്രബോധന പ്രവർത്തനങ്ങളുടെ ആദ്യനാളുകളിലായിരുന്നു ഈ സംഭവം. ഖുർആൻ രചിച്ചുകൊണ്ട് താൻ ദൈവദൂതനാണെന്ന് വരുത്തിത്തീർത്ത് അധികാരം കൈക്കലാക്കുകയായിരുന്നു പ്രവാചകൻ(ﷺ) ലക്ഷ്യമെങ്കിൽ പ്രയാസങ്ങൾ ഏറെയൊന്നും സഹിക്കാതെ അധികാരം തന്റെ കാൽക്കീഴിൽ വന്ന സമയത്ത് അദ്ദേഹം അതു സ്വീകരിക്കുവാൻ വൈമനസ്യം കാണിച്ചതെന്തിനാണ്? മുഹമ്മദ് (ﷺ) അധികാരം കാംക്ഷിച്ചിരുന്നില്ല എന്ന് ഇതിൽ നിന്ന് സുതരാം വ്യക്തമാണ്. ഖുർആൻ രചിച്ചതിനുപിന്നിൽ അധികാരമോഹമായിരുന്നില്ല എന്ന് സാരം.