എന്തിനാണ് വേദഗ്രന്ഥങ്ങൾ?

തയ്യാറാക്കിയത്: എം.എം അക്ബര്‍

Last Update: 5 October 2019

മനുഷ്യരെ ഒന്നിപ്പിക്കുകയാണ് വേദഗ്രന്ഥത്തിന്റ പരമപ്രധാനമായ ധർമ്മമെന്നാണ് ഖുർആനിക വീക്ഷണം. വിശുദ്ധ ഖുർആൻ സൂചിപ്പിക്കുന്നത് കാണുക: 'മനുഷ്യൻ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവർ ഭിന്നിച്ചപ്പോൾ വിശ്വാസികൾക്ക്) സന്തോഷവാർത്ത അറിയിക്കുവാനും, (നിഷേധികൾക്ക്) താക്കീത് നൽകുന്നതിനും വേണ്ടി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. അവർ ഭിന്നിച്ച വിഷയത്തിൽ ദൈവീകമായ തീർപ്പ് കൽപ്പിക്കുന്നതിനായി അവരുടെ കൂടെ സത്യവേദവും അവൻ അയച്ചു കൊടുത്തു.' (2 : 213)

മനുഷ്യർ ഭിന്നിച്ച വിഷയത്തിൽ ദൈവീകമായ തീർപ്പുകൽപ്പിക്കുന്നതിനു വേണ്ടിയാണ് വേദഗ്രന്ഥങ്ങൾ അവതരിപ്പിക്കപ്പെട്ടതെന്നാണല്ലോ ഇതിൽ നിന്ന് മനസ്സിലാവുന്നത്. മനുഷ്യരെ ഭിന്നതയിൽ നിന്ന് കരകയറ്റുവാൻ വേണ്ടിയാണ് ഖുർആനിന്റെയും അവതരണമെന്ന് അത് പ്രഖ്യാപിക്കുന്നുണ്ട്. 'അവർ ഏതൊരു കാര്യത്തിൽ ഭിന്നിച്ചു പോയിരിക്കുന്നുവോ, അതവർക്ക് വ്യക്തമാക്കിക്കൊടുക്കാൻ വേണ്ടിയും വിശ്വസിക്കുന്ന ജനങ്ങൾക്ക് മാർഗദർശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ് ഞാൻ നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നത്. ' (16:64)

വേദഗ്രന്ഥത്തിന്റെ ആളുകളെന്ന് സ്വയം അഭിമാനിച്ചിരുന്നവർ ഭിന്നിച്ചതുപോലെ അഭിപ്രായഭിന്നതകൾ രൂപമെടുത്ത് ഛിന്നഭിന്നമാകാതിരിക്കാൻ അന്തിമവേദഗ്രന്ഥമായ ഖുർആനും അതിന്റെ പ്രായോഗിക ജീവിതമാതൃകയായ നബിചര്യയും മുറുകെ പിടിക്കുകയാണ് വേണ്ടതെന്ന് ഖുർആന്‍ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു. 'നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറിൽ മുറുകെ പിടിക്കുക. നിങ്ങൾ ഭിന്നിച്ചു പോകരുത്' (3:103). ഇവിടെ അല്ലാഹുവിന്റെ കയറുകൊണ്ടുള്ള വിവക്ഷ വിശുദ്ധഖുർആനും നബിചര്യയുമാണെന്ന് വ്യാഖ്യാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

ചുരുക്കത്തിൽ, വേദഗ്രന്ഥത്തിന്റ പരമപ്രധാനമായ ധർമ്മം ജനങ്ങളെ സത്യത്തിലേക്ക് നയിച്ചുകൊണ്ട് അവർക്കിടയിലുള്ള ഭിന്നിപ്പും സ്പർധയും ഇല്ലാതെയാക്കുകയാകുന്നു.

0
0
0
s2sdefault

ദഅ്‌വ : മറ്റു ലേഖനങ്ങൾ