ഒരു ഉന്നതമായ സാഹിത്യകൃതിയാണ് എന്നതുകൊണ്ടുമാത്രം ഖുർആൻ ദൈവികമാണെന്ന് പറയാനാകുമോ?
തയ്യാറാക്കിയത്: എം.എം. അക്ബര്‍
Last Update: 30 November 2019
ഉന്നതമായ സാഹിത്യകൃതിയാണ് എന്നതുകൊണ്ടുമാത്രം ഒരു ഗ്രന്ഥവും ദൈവികമാണെന്ന് പറയുക സാധ്യമല്ല; വടി നിലത്തിട്ട് സർപ്പമാക്കി കാണിക്കുന്നവരെല്ലാം ദൈവ പ്രവാചകന്മാരായി അംഗീകരിക്കാൻ പറ്റാത്തപോലെ. ദൈവിക ദൃഷ്ടാന്തവും മാനുഷിക വിദ്യകളും തമ്മിൽ അടിസ്ഥാനപരമായ ഒരന്തരമുണ്ട്. ദൃഷ്ടാന്തങ്ങൾ മനുഷ്യരുടെ കഴിവുകളെ മുഴുവൻ വെല്ലുവിളിക്കുന്നതായിരിക്കുമെന്നതാണ്. അതിനു മുകളിൽ നിൽക്കുവാൻ മാനുഷിക വിദ്യകൾക്ക് ഒന്നിനും കഴിയില്ല. അവ എത്ര സാർഥമാണെന്നിരിക്കിലും. മോശെയുടെ സർപ്പം മാന്ത്രികന്മാരുടെ സർപ്പങ്ങളെ മുഴുവൻ വിഴുങ്ങിയത് പോലെ ദൈവിക ദൃഷ്ടാന്തങ്ങൾ മാനുഷിക വിദ്യകളെ മുഴുവൻ വെല്ലുവിളിച്ചുകൊണ്ട് നിലനിൽക്കും; തീർച്ച.
ഖുർആൻ ഉന്നതമായ സാഹിത്യ നിലവാരം പുലർത്തുകയും മനുഷ്യമനസ്സുകളെ സ്വാധീനിക്കുകയും ചെയ്യുന്നു. അതോടൊപ്പം അത് മാനവരാശിയോട് ഒരു അത്യുജ്ജ്വലമായ വെല്ലുവിളി നടത്തുകയും ചെയ്യുന്നു. അതിന് സമാന്തരമായി ഒരു രചന നിർവഹിക്കുവാനാണ് പ്രസ്തുത വെല്ലുവിളി. ഈ വെല്ലുവിളിക്കുമുമ്പിൽ മറ്റു സാഹിത്യ കൃതികൾ എല്ലാം മോശെയുടെ സർപ്പത്തിനു മുന്നിലെ മാന്ത്രിക പാമ്പുകളെ പോലെ നിസ്സഹായരായി നിൽക്കുകയാണ്.
ഖുർആൻ ആദ്യം വെല്ലുവിളിച്ചത് അതുപോലൊരു ഗ്രന്ഥം കൊണ്ടുവരുവാനാണ്.ഖുർആൻ പറഞ്ഞു: "പറയുക: ഈ ഖുർആൻ പോലൊന്ന് കൊണ്ടുവരുന്നതിനായി മനുഷ്യരും ജിന്നുകളും ഒന്നിച്ചു ചേർന്നാലും തീർച്ചയായും അതുപോലൊന്ന് അവർ കൊണ്ടുവരികയില്ല. അവരിൽ ചിലർ ചിലർക്ക് പിന്തുണ നൽകുന്നവരായാൽ പോലും" (17:88)
ഖുർആനിന് തുല്യമായ ഒരു ഗ്രന്ഥം കൊണ്ടുവരുന്നതിനു വേണ്ടിയുള്ള വെല്ലുവിളിക്കു മുമ്പിൽ അറബി സാഹിത്യകാരന്മാരെല്ലാം മുട്ടുമടക്കി. എങ്കിലും ഖുർആൻ കെട്ടിച്ചമച്ചതാണെന്നും മാരണമാണെന്നും വാദിക്കുന്നവരോട് അത് വീണ്ടും വെല്ലുവിളിച്ചു:
"അതല്ല, അദ്ദേഹം അത് കെട്ടിച്ചമച്ചുവെന്നാണോ അവർ പറയുന്നത്? എന്നാൽ ഇതുപോലുള്ള പത്ത് അധ്യായങ്ങൾ ചമച്ചുണ്ടാക്കിയത് നിങ്ങൾ കൊണ്ടുവരൂ. അല്ലാഹുവിന് പുറമെ നിങ്ങളെ സഹായിക്കുന്നവരെയെല്ലാം നിങ്ങൾ വിളിച്ചു കൊള്ളുകയും ചെയ്യുക. നിങ്ങൾ സത്യവാന്മാരാണെങ്കിൽ" (10:13)
ഖുർആനിലെ പത്ത് അധ്യായങ്ങൾക്ക് തുല്യമായ അധ്യായങ്ങളെങ്കിലും രചിച്ചുകൊണ്ട് അത് മനുഷ്യനിർമ്മിതമാണെന്ന വാദം സ്ഥാപിക്കുവാനുള്ള ഖുർആനിന്റെ വെല്ലുവിളിക്ക് ഉത്തരം നൽകാൻ സമകാലികരായ മനുഷ്യർക്കൊന്നും കഴിഞ്ഞില്ല. എന്നാൽ, അവിശ്വാസികൾ ഖുർആൻ വചനങ്ങൾ മുഹമ്മദി ()ന്റെ രചനയാണെന്ന പ്രചാരണം നിർത്തിയതുമില്ല. അപ്പോൾ ഖുർആൻ വീണ്ടും പറഞ്ഞു: "അതല്ല, അദ്ദേഹം അത് കെട്ടിച്ചമച്ചുവെന്നാണോ നിങ്ങൾ പറയുന്നത്? പറയുക: എന്നാൽ, അതിനു തുല്യമായ ഒരു അധ്യായം നിങ്ങൾ കൊണ്ടുവരൂ. അല്ലാഹുവിന് പുറമെ നിങ്ങൾക്ക് സാധിക്കുന്നവരെയെല്ലാം വിളിച്ചുകൊള്ളുകയും ചെയ്യുക; നിങ്ങൾ സത്യവാന്മാരാണെങ്കിൽ" (10:38).
ഈ വെല്ലുവിളികൾക്കൊന്നിനും മറുപടി നൽകുവാൻ അന്നു ജീവിച്ചിരുന്ന സാഹിത്യകാരന്മാർക്കൊന്നും കഴിഞ്ഞില്ല. അവരിൽ പലരും അതിനു ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു പിൻവാങ്ങേണ്ടി വന്നു. ഖുർആൻ അവസാന നാളുവരെയുള്ള മുഴുവൻ മനുഷ്യർക്കുള്ള ദൃഷ്ടാന്തമാണല്ലോ. അതുകൊണ്ടുതന്നെ മുഴുവൻ മാനവസമൂഹത്തോടുമായി ഈ വെല്ലുവിളി അത് ഒരിക്കൽ കൂടി ആവർത്തിച്ചു: “നമ്മുടെ ദാസന് നാം അവതരിപ്പിച്ചു കൊടുത്തതിനെപ്പറ്റി നിങ്ങൾ സംശയാലുക്കളാണെങ്കിൽ അതിന്റേതുപോലുള്ള ഒരു അധ്യായമെങ്കിലും നിങ്ങൾ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങൾക്കുള്ള സഹായികളെയും വിളിച്ചുകൊള്ളുക; നിങ്ങൾ സത്യവാന്മാരാണെങ്കിൽ. നിങ്ങൾക്കത് ചെയ്യാനായില്ലെങ്കിൽ- നിങ്ങൾക്കതൊരിക്കലും ചെയ്യാൻ കഴിയുകയില്ല - മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങൾ കാത്തു സൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികൾക്കു വേണ്ടി ഒരുക്കപ്പെട്ടതാകുന്നു അത് (2:23 ,24).
ദൈവമൊഴിച്ചുള്ള മുഴുവൻ പേരും ഒരുമിച്ചു കൂടിയാൽ പോലും ഖുർആനിലെ ഏറ്റവും ചെറിയ അധ്യായത്തിന് തുല്യമായ ഒരു രചന പോലും കൊണ്ടുവരാൻ കഴിയില്ലെന്നതാണ് വെല്ലുവിളി. ഈ വെല്ലുവിളിക്ക് ഉത്തരം നൽകാൻ അറേബ്യൻ സാഹിത്യത്തറവാട്ടിലെ കാരണവന്മാർക്ക് കഴിഞ്ഞില്ല. ഇന്നും ആ വെല്ലുവിളി ലോകത്തിനു മുമ്പിൽ സ്പഷ്ടമായി നിലനിൽക്കുന്നു. മാനവരാശിയുടെ കർണപുടങ്ങളിൽ ഖുർആനിന്റെ വെല്ലുവിളി അലച്ചു കൊണ്ടിരിക്കുന്നു. മറ്റു വേദഗ്രന്ഥങ്ങളുടെ ഭാഷകളെപ്പോലെ ഖുർആനിന്റെ ഭാഷ ഒരു നിർജീവ ഭാഷയല്ല. അത് സജീവമായൊരു സംസാര ഭാഷയാണ്. അറബി സംസാരിക്കുന്നവരായ ഒരുപാട് അമുസ്ലിംകളുണ്ട്. ഇസ്ലാമിന്റെ കഠിന വിരോധികളായ കുറെ അറബി സാഹിത്യകാരന്മാരുമുണ്ട്. അവർക്കൊന്നുംതന്നെ ഖുർആനിന്റെ ഈ വെല്ലുവിളിക്ക് മറുപടി പറയാൻ കഴിഞ്ഞില്ല. ഇനിയൊട്ട് കഴിയുകയുമില്ല.
ഖുർആൻ കേവലമായ ഒരു മാനുഷിക രചനയായിരുന്നുവെങ്കിൽ ഇത്തരമൊരു വെല്ലുവിളി നടത്താൻ അതിന് സാധിക്കുമായിരുന്നില്ല. മനുഷ്യർ മുഴുവൻ ഒന്നിച്ചു ചേർന്നാൽ പോലും തന്റെ രചനയിലെ ഒരു അധ്യായത്തിന് തുല്യമായ ഒരെണ്ണം കൊണ്ടുവരാൻ കഴിയില്ലെന്ന് പറയാൻ ഒരു മനുഷ്യന് ധൈര്യം വരുന്നതെങ്ങനെ? ഖുർആനിന്റെ അമാനുഷികത പ്രകടമാക്കപ്പെടുന്നത് ഈ വെല്ലുവിളിയിലാണ്. ഈ വെല്ലുവിളിയില്ലായിരുന്നുവെങ്കിൽ, ഖുർആനിക സാഹിത്യത്തിന് മാത്രമായി അമാനുഷികതയുണ്ടെന്ന് പറയാൻ കഴിയുകയില്ലായിരുന്നുവെന്നർത്ഥം; മറ്റേത് ഉന്നതമായ സാഹിത്യ കൃതിയെയും പോലെ.