ഖുർആനിനെ അതുല്യവും അനുകരണാതീതവുമാക്കുന്നതെന്തെല്ലാം?

തയ്യാറാക്കിയത്: എം.എം. അക്ബര്‍

Last Update: 19 November 2019

ഖുർആനിൽ ഉപയോഗിക്കപ്പെട്ടിരിക്കുന്ന ഭാഷാശൈലിയും അതിലെ വിവരണ രീതിയുമെല്ലാം മാനുഷിക രചനകളിൽനിന്നും തികച്ചും വ്യത്യസ്തമാണ്. ഏതാനും സവിശേഷതകൾ താഴെ:

1. ഖുർആനിലെ വചനങ്ങളെല്ലാം വിവരിക്കപ്പെട്ട വിഷയങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഹ്രസ്വവും അമിതവികാര പ്രകടനം ഉൾക്കൊള്ളാത്തവയുമാണ്.

മാനുഷിക വചനങ്ങൾ എപ്പോഴും വ്യക്തിയുടെ മാനസികാവസ്ഥയെ ആശ്രയിച്ചാണ് പ്രകടമാക്കപ്പെടുന്നത്. കോപത്തിലിരിക്കുന്ന ഒരാളുടെ വാക്കുകളിൽ കോപം പ്രകടമായിരിക്കും. അന്നേരം ദയവും പ്രശംസയും ആ വാക്കുകളിലുണ്ടാവുകയില്ല. സന്തോഷാവസ്ഥയിലും സ്ഥിതി തഥൈവ !

കോപത്തിന്റെയും സന്തോഷത്തിന്റെയും തീവ്രമായ അവസ്ഥകളിൽ പ്രകടിപ്പിക്കപ്പെടുന്ന പദങ്ങളെ പ്രസ്തുത വികാരം നിലനിൽക്കുന്ന അവസ്ഥകളുടെ അടിസ്ഥാനത്തിൽ മാത്രമേ വ്യാഖ്യാനിക്കുവാനാകൂ. പ്രസ്തുത പദങ്ങളിൽ വികാരങ്ങളുടെ അമിതപ്രകടനം കാണാനാവും. ഏതു സാഹിത്യകാരന്മാരുടെയും കൃതികളിൽ ഈ അമിതവികാരപ്രകടനം കാണാം. കാരണം അവർ വികാരങ്ങളുള്ള മനുഷ്യരാണെന്നതുതന്നെ!

ഖുർആനിലെ വചനങ്ങൾ സന്തോഷ വാർത്ത അറിയിക്കുന്നതാകട്ടെ, മുന്നറിയിപ്പ് നൽകുന്നതാകട്ടെ, നിയമങ്ങൾ വിശദീകരിക്കുന്നതാകട്ടെ, ദൈവാനുഗ്രഹങ്ങളെക്കുറിച്ച് സംസാരിക്കുന്നതാകട്ടെ, എവിടെയും അമിതമായ വികാരപ്രകടനങ്ങൾ കാണുക സാധ്യമല്ല. വികാരങ്ങൾക്കതീതനായ പടച്ചതമ്പുരാനിൽ നിന്ന് അവതരിപ്പിക്കപ്പെട്ടതുകൊണ്ടാണിത്.

2. ഖുർആൻ ഏതു വിഷയത്തെക്കുറിച്ച് വിശദീകരിക്കുമ്പോഴും അതിന്റെ വാഗ്മിതയും രചനാ സൗഷ്ടവവും നിലനിർത്തുന്നു.

വ്യക്തികളുടെ രചനാ സൗഷ്ടവം ചില പ്രത്യേക വിഷയങ്ങളോട് ബന്ധപ്പെട്ടായിരിക്കും പ്രകടമാക്കപ്പെടുക. പ്രസ്തുത വിഷയങ്ങളിൽ അവരുടെ രചനകൾ ഉന്നത നിലവാരം ഉൾക്കൊള്ളുന്നതാകാം. എന്നാൽ, അവർ തന്നെ മറ്റു വിഷയങ്ങളിൽ രചന നടത്തിയാൽ അവ പലപ്പോഴും ശരാശരി നിലവാരം പോലും പുലർത്തുകയില്ല. രചയിതാവിന്റെ മാനസിക ഘടന, കുടുംബാന്തരീക്ഷം, വികാരവിചാരങ്ങൾ, സമൂഹത്തിന്റെ അവസ്ഥ എന്നിവയെല്ലാം അയാളുടെ താൽപര്യത്തെ സ്വാധീനിക്കും.

ഖുർആനിലെ വചനങ്ങൾ പ്രകൃതിയെക്കുറിച്ച് വിവരിക്കുമ്പോഴും പരലോകത്തെക്കുറിച്ച് സംസാരിക്കുമ്പോഴും ഒരേ വാഗ്മിത പ്രകടിപ്പിക്കുന്നു. ദൈവമഹത്വത്തെ പ്രകീർത്തിക്കുമ്പോഴും നിയമ നിർദേശങ്ങൾ അവതരിപ്പിക്കുമ്പോഴും ഒരേ രചനാ സൗഷ്ടവമാണ് അവയ്ക്കുള്ളത്. സ്ഥലകാലങ്ങൾക്ക് അതീതനായ സ്രഷ്ടാവിൽ നിന്ന് അവതരിപ്പിക്കപ്പെട്ടതുകൊണ്ടാണിത്.

3. ഖുർആൻ വചനങ്ങൾ ഉയർന്ന സാഹിത്യനിലവാരം പുലർത്തുന്നതോടൊപ്പം സൂക്ഷ്മതയും സത്യസന്ധതയും പുലർത്തുന്നവയുമാണ്.

സാഹിത്യം സുന്ദരമാകുന്നത്, ഇല്ലാത്തത് വിവരിക്കുമ്പോഴാണല്ലോ. അർധസത്യങ്ങളുടെയും അസത്യങ്ങളുടെയും മേമ്പൊടിയില്ലാതെ സാഹിത്യത്തെ സൗന്ദര്യവത്കരിക്കാൻ കഴിയില്ലെന്ന് പറയാറുണ്ട്. കവിത നന്നാകണമെങ്കിൽ കളവ് പറയണമെന്നാണല്ലോ ആപ്തവാക്യം. സത്യസന്ധമായ വിവരങ്ങൾ മാത്രം നൽകുന്ന സാഹിത്യകൃതികൾ വിരസവും വരണ്ടതുമായിരിക്കും. അതുകൊണ്ടുതന്നെ സത്യം പറയണമെന്നാഗ്രഹിക്കുന്ന സാഹിത്യകാരന്മാർക്കു പോലും അസത്യത്തിന്റെ മേമ്പൊടിയോടു കൂടി മാത്രമേ പ്രസ്തുത സത്യം അവതരിപ്പിക്കുവാനാകൂ. പൊടിപ്പും തൊങ്ങലുമില്ലാതെ മനുഷ്യമനസ്സിന്റെ വൈകാരിക തലങ്ങളെ സംതൃപ്തമാക്കാൻ കഴിയുകയില്ലെന്ന ധാരണയാണ് ഇതിനു കാരണം.

ഖുർആൻ വചനങ്ങൾ ഈ പൊതുധാരയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. വസ്തുതകൾ മാത്രമാണ് അതിലെ പ്രതിപാദ്യം. പക്ഷെ, ഉന്നതമായ സാഹിത്യ നിലവാരം നിലനിർത്തുവാനും മനുഷ്യ മനസ്സുകളെ സംതൃപ്തമാക്കുവാനും അവയ്ക്ക് സാധിക്കുന്നു. മനസ്സിനെക്കുറിച്ച് ശരിക്കറിയാവുന്ന സർവ്വജ്ഞനിൽ നിന്ന് അവതരിപ്പിക്കപ്പെട്ടതുകൊണ്ടാണിത്.

4. ഖുർആൻ തുടക്കം മുതൽ ഒടുക്കം വരെ ഉന്നതമായ സാഹിത്യ നിലവാരം പുലർത്തുന്നു.

ഒരു കവിത മനോഹരമാണെന്ന് നാം വിധിയെഴുതുന്നത് അതിലെ ഏതാനും വരികളുടെ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. പ്രസ്തുത കവിതയിലെ തന്നെ എല്ലാ വരികളും അതേ നിലവാരം പുലർത്തിക്കൊള്ളണമെന്നില്ല. ഒരു സാഹിത്യകാരനെ ഉന്നത നിലവാരമുള്ളവനെന്ന് വിളിക്കുന്നത് അയാളുടെ ഏതാനും ചില കൃതികളുടെ അടിസ്ഥാനത്തിലുമായിരിക്കും. അയാളുടെ തന്നെ മറ്റു രചനകൾ പ്രസ്തുത നിലവാരം പുലർത്തിക്കൊള്ളണമെന്നില്ല. ഓരോരുത്തർക്കും ഉന്നതമായ രചനകൾ നിർവ്വഹിക്കപ്പെടുന്ന ചില പ്രത്യേക പ്രായവും സന്ദർഭവുമെല്ലാം ഉണ്ടായിരിക്കും. പ്രായം, ചുറ്റുപാട്, അന്തരീക്ഷം തുടങ്ങിയവ രചയിതാവിനെ സ്വാധീനിക്കുന്നതുകൊണ്ടാണിത്.

ഖുർആൻ വചനങ്ങൾ മുഴുവനും ഉന്നതമായ സാഹിത്യ നിലവാരം പുലർത്തുന്നവയാണ്. ആറായിരത്തിലധികം സൂക്തങ്ങളിൽ ഒന്നു പോലും നിലവാരം കുറഞ്ഞതാണെന്ന് പറയാൻ ആർക്കും സാധ്യമല്ല. നീണ്ട ഇരുപത്തിമൂന്ന് വർഷക്കാലത്തെ പ്രവാചകദൗത്യത്തിനിടയിൽ വ്യത്യസ്ത സന്ദർഭങ്ങളിലായിരുന്നു ഖുർആൻ അവതരിപ്പിക്കപ്പെട്ടുകൊണ്ടിരുന്നത്. അത് പ്രവാചക രചനയായിരുന്നുവെങ്കിൽ അവതരണ സന്ദർഭങ്ങളിലെ പ്രവാചകന്റെ മാനസികാവസ്ഥകൾക്ക് അനുസൃതമായി അവയുടെ നിലവാരത്തിൽ മാറ്റമുണ്ടാകേണ്ടതായിരുന്നു. എന്നാൽ, ഖുർആനിലെ ഓരോ സൂക്തവും മറ്റുള്ളവയോട് കിടപിടിക്കുന്നവയാണ്. സർവ്വശക്തനായ തമ്പുരാനിൽ നിന്നായതുകൊണ്ടാണിത്.

5. ഒരേ സംഗതി തന്നെ ഒന്നിലധികം തവണ വിവരിക്കുമ്പോഴും ഖുർആൻ ഉന്നതമായ സാഹിത്യ നിലവാരം പുലർത്തുന്നു.

ഒരേ കാര്യം തന്നെ ഒന്നിലധികം തവണ വിവരിക്കുമ്പോൾ സാധാരണ സാഹിത്യകൃതികളിൽ ആദ്യത്തെ വിവരണം പോലെ മനോഹരമാവുകയില്ല രണ്ടാമത്തെ വിവരണം. ആവർത്തന വിരസത രചയിതാവിന്റെ വചനങ്ങളിലും ആസ്വാദകന്റെ മനസ്സിലും രൂപപ്പെടുന്നതു കാണാം. മനുഷ്യൻ, അവൻ എത്ര ഉന്നതനായ സാഹിത്യകാരനാണെങ്കിലും അടിസ്ഥാനപരമായ പരിമിതികൾ ഉൾക്കൊള്ളുന്നവനായതുകൊണ്ടാണിത്.

ഖുർആനാകട്ടെ പല വിഷയങ്ങളും പല തവണ ആവർത്തിക്കുന്നുണ്ട്. സൃഷ്ടി, മരണം, മരണാനന്തര ജീവിതം, ദൈവമഹത്വത്തെക്കുറിച്ച വിവരണങ്ങൾ, അവനെ മാത്രം ആരാധിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങൾ ഖുർആനിൽ ആവർത്തിച്ചു പ്രതിവാദിക്കുന്നുണ്ട്. എന്നാൽ, ഓരോ തവണ വിവരിക്കുമ്പോഴും ശ്രോതാവിന് അത് പുതുമയുള്ളതായി അനുഭവപ്പെടുകയും അവന്റെ മനസ്സിൽ മാറ്റത്തിന്റെ ആന്ദോളനങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. പരിമിതികൾക്ക് അതീതനായ പരമോന്നതനിൽ നിന്ന് അവതരിപ്പിക്കപ്പെട്ടതുകൊണ്ടാണിത്.

6. സാഹിത്യ കൃതികൾക്ക് വഴങ്ങാത്ത വിഷയങ്ങളാണ് ഖുർആനിൽ പ്രതിപാദിക്കപ്പെടുന്നതെങ്കിലും പ്രസ്തുത വിവരണങ്ങളിലെല്ലാം അത് ഉന്നതമായ നിലവാരം പുലർത്തുകയും മനോഹാരിത കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു.

മരണാനന്തര ജീവിതം, ദൈവാസ്തിത്വം, അനുഷ്ഠാനമുറകൾ, നിയമ നിർദേശങ്ങൾ, വിധി വിലക്കുകൾ, നന്മ ചെയ്യുവാനുള്ള പ്രേരണ, സത്യസന്ധമായ ചരിത്രം തുടങ്ങിയവയെല്ലാം സാഹിത്യകാരന്റെ ദൃഷ്ടിയിൽ വരണ്ട വിഷയങ്ങളാണ്. അതുകൊണ്ടുതന്നെ പ്രസ്തുത വിഷയങ്ങളിൽ രചന നിർവഹിച്ചാൽ സാഹിത്യം സുന്ദരമാവുകയില്ലെന്നാണ് പൊതുവേയുള്ള ധാരണ. അവ ഭാവനയ്ക്ക് വഴങ്ങുന്ന വിഷയങ്ങളല്ല. അതിനാൽ ഇത്തരം വിഷയങ്ങളെടുത്തുകൊണ്ട് നിർവഹിക്കപ്പെട്ട രചനകളിൽ ഒന്നും തന്നെ ലോകോത്തര കൃതികളായി അറിയപ്പെടുന്നില്ല. മനുഷ്യന്റെ പരിമിതിയാണ് ഇവിടെയും പ്രകടമാവുന്നത്.

ഖുർആനിലെ പ്രതിപാദ്യങ്ങളാകട്ടെ, മിക്കവാറും ഇത്തരം വിഷയങ്ങളാണ് ഉൾക്കൊള്ളുന്നത്. എന്നാൽ, അവയെല്ലാം ഉന്നതമായ സാഹിത്യ നിലവാരം പുലർത്തുകയും ആസ്വാദകന്റെ മനസ്സിനെ സംതൃപ്തമാക്കുകയും ചെയ്യുന്നു. പദാർഥാതീതനായ പടച്ച തമ്പുരാനിൽ നിന്ന് അവതരിപ്പിക്കപ്പെട്ടതുകൊണ്ടാണിത്!

7. ഒരു വിഷയത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോഴും സാഹിത്യ ഭംഗി ചോർന്നുപോകാതെ സൂക്ഷിക്കുവാൻ ഖുർആനിന് കഴിയുന്നു.

ഒരൊറ്റ സാഹിത്യകൃതിയിൽതന്നെ ഒരു വിഷയത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ അതുവരെ പുലർത്തിപ്പോന്ന നിലവാരം പുലർത്താൻ പലപ്പോഴും കഴിയാറില്ല. ഒരു വിഷയത്തെക്കുറിച്ച് വിവരിക്കുന്ന സാഹിത്യകാരന്റെ മനസ്സിൽ രൂപപ്പെടുന്ന ബിംബങ്ങളുടെ ചാരുത അടുത്ത വിഷയത്തെക്കുറിച്ച് സംസാരിക്കാനാരംഭിക്കുമ്പോൾ മങ്ങുകയും പുതിയ ബിംബങ്ങൾ പ്രശോഭിക്കുവാൻ സമയമെടുക്കുകയും ചെയ്യുന്നതു കൊണ്ടാണിത്. വിദഗ്ധമായി ജോലി നിർവഹിച്ചുകൊണ്ടിരിക്കുന്ന ഒരാളെ പെട്ടെന്ന് മറ്റൊരു ജോലിയിൽ ഏൽപിക്കുന്നതു പോലെയാണിത്. ഇതും മനുഷ്യന്റെ പൊതുവായ പരിമിതിയാണ്.

ഖുർആനിലുടനീളം വിഷയങ്ങളിൽനിന്ന് വിഷയങ്ങളിലേക്കുള്ള ചാട്ടം കാണാം. എന്നാൽ ഈ ചാട്ടങ്ങളിലൊന്നും തന്നെ അതിന്റെ ചാരുതക്ക് ഭംഗം വരുകയോ മനോഹാരിതക്ക് ഹാനി സംഭവിക്കുകയോ ചെയ്യുന്നില്ല. സർവശക്തനിൽ നിന്നായതുകൊണ്ടാണിത്.

8. ഏതാനും പദങ്ങൾ മാത്രമുപയോഗിച്ച്, മനോഹാരിതയും സ്ഫുടതയും നഷ്ടപ്പെടാത്ത രൂപത്തിൽ, അർഥഗംഭീരമായ ആശയം പ്രകടിപ്പിക്കുന്ന ഗ്രന്ഥമാണ് ഖുർആൻ.

സാധാരണ സാഹിത്യ കൃതികളിൽ പദങ്ങളുടെ സമുദ്രമാണുണ്ടാവുക; പ്രസ്തുതസമുദ്രത്തിൽ ആശയങ്ങളുടെ മുത്തുകൾ തുലോം പരിമിതവും. പ്രൗഢമായ ആശയങ്ങൾ പ്രകടിപ്പിക്കുന്നതിനുവേണ്ടി രചിക്കപ്പെട്ട കൃതികളിലാകട്ടെ പദങ്ങളുടെ വേലിയേറ്റം തന്നെ കാണാനാവും. താൻ ഉദ്ദേശിക്കുന്ന ആശയങ്ങൾ ആസ്വാദകനിലെത്തുവാൻ എന്തൊക്കെ രീതിയിലാണ് പദപ്രയോഗം നടത്തേണ്ടതെന്നതിനെക്കുറിച്ച് ഓരോ രചയിതാവിനും അയാളുടേതായ വീക്ഷണമുണ്ടായിരിക്കും. പ്രസ്തുത വീക്ഷണം അയാളുടേതായതുകൊണ്ടുതന്നെ ആസ്വാദകന് അയാളുടെ പദപ്രയോഗങ്ങളിൽ പലതും അനാവശ്യമായാണ് അനുഭവപ്പെടുക. ഒരു ആസ്വാദകന് അനാവശ്യമെന്നു തോന്നുന്ന പദങ്ങൾ മറ്റൊരാളുടെ വീക്ഷണത്തിൽ അനിവാര്യമാകാം. അതുകൊണ്ടുതന്നെ എല്ലാവരെയും സംതൃപ്തരാക്കുന്നതിനുവേണ്ടി പദങ്ങൾ ഒരുപാട് പ്രയോഗിക്കുവാൻ അയാൾ നിർബന്ധിതനായിരിക്കും. അന്യരുടെ മനസ്സുകൾ വായിക്കുവാനുള്ള മനുഷ്യരുടെ കഴിവില്ലായ്മയാണ് ഇതിന് കാരണം.

ഖുർആനിലാകട്ടെ, അനിവാര്യമായ പദങ്ങൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. പാരായണം ചെയ്യുന്നവന് അത് ഉദ്ദേശിക്കുന്ന ആശയം പകർന്നു നൽകുവാൻ ഈ പദങ്ങൾ കൊണ്ടുതന്നെ സാധിക്കുന്നു. പ്രൗഢമായ ആശയങ്ങൾ അനിവാര്യമായ പദങ്ങൾ മാത്രമുപയോഗിച്ച് പ്രകടിപ്പിക്കുകയും അത് മനോഹരമായി അവതരിപ്പിച്ച് എല്ലാത്തരം വായനക്കാരെയും സംതൃപ്തരാക്കുകയും ചെയ്യുന്ന ഗ്രന്ഥമാണ് ഖുർആൻ. മനുഷ്യമനസ്സിന്റെ സൂക്ഷ്മ തലങ്ങളെക്കുറിച്ച് വ്യക്തമായി അറിയാവുന്നവനിൽ നിന്ന് അവതരിപ്പിക്കപ്പെട്ടതു കൊണ്ടാണിത്.

9. സാഹിത്യത്തിന്റെ ഏതു മാനത്തിലൂടെ നോക്കിയാലും ഖുർആൻ ഒരു ഉന്നതമായ സാഹിത്യ കൃതിയാണ്.

സാഹിത്യ കൃതികളെല്ലാം മനുഷ്യരുടെ ഏതെങ്കിലുമൊരു വികാരത്തെ ഉത്തേജിപ്പിക്കുവാൻ വേണ്ടിയുള്ളതായിരിക്കും. ദുഃഖം, സന്തോഷം, ദയ, കാരുണ്യം, വെറുപ്പ്, പ്രതിഷേധം എന്നിങ്ങനെ. അതുപോലെ തന്നെ പ്രഭാവം, മാധുര്യം ,സൗന്ദര്യം, ചാരുത തുടങ്ങിയവയെല്ലാം ഒരേ സാഹിത്യകൃതിയിൽതന്നെ കണ്ടെത്തുക പ്രയാസമാണ്. സാഹിത്യത്തിന്റെ ഏതെങ്കിലും പ്രത്യേകമായ മാനങ്ങളിലൂടെ നോക്കിയാൽ മാത്രമേ സാഹിത്യ കൃതികളെ ആസ്വദിക്കുവാനും വിലയിരുത്തുവാനും കഴിയൂ. എല്ലാ അംശങ്ങളെയും ഒരേപോലെ ഉൾക്കൊണ്ടു കൊണ്ട് ഒരു രചന നടത്തുക സാധ്യമല്ല. ഇതും മനുഷ്യന്റെ പരിമിതിയാണ്.

ഖുർആനാകട്ടെ മനുഷ്യ വികാരത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിക്കുന്നു. മനുഷ്യനെ സന്തോഷിപ്പിക്കുവാനും ദുഃഖിപ്പിക്കുവാനും ദയയും കാരുണ്യവും പ്രകടിപ്പിക്കുന്നവനാക്കിത്തീർക്കുവാനും വെറുപ്പും പ്രതിഷേധവും ഉത്തേജിപ്പിക്കുവാനുമെല്ലാം കഴിയുന്ന വരികളാണ് അതിലുള്ളത്. അതോടൊപ്പംതന്നെ അത് മനുഷ്യബുദ്ധിയെ പ്രവർത്തനക്ഷമമാക്കുകയും ചെയ്യുന്നു. പ്രഭാവം, മാധുര്യം, സൗന്ദര്യം, ചാരുത തുടങ്ങിയ ആസ്വാദക പ്രധാനമായ സാഹിത്യത്തിന്റെ സവിശേഷതകൾ ഖുർആനിക വചനങ്ങളിൽ സമഞ്ജസമായി സമ്മേളിക്കുകയും ചെയ്തിരിക്കുന്നു. സാഹിത്യത്തിന്റെ ഏതു മാനത്തിലൂടെ നോക്കിയാലും അത് ഉന്നതമായ നിലവാരം പുലർത്തുന്നതാണെന്ന് കാണാം.

10. ഖുർആനിൽ മറ്റാരുടെയെങ്കിലും ശൈലിയോ പ്രയോഗങ്ങളോ രീതിയോ ആശയങ്ങളോ കടമെടുക്കപ്പെട്ടിട്ടില്ല. സാഹിത്യകൃതികൾ എത്ര തന്നെ മൗലികങ്ങളാണെങ്കിലും മറ്റു സാഹിത്യകാരന്മാരുടെ ശൈലികളും പ്രയോഗങ്ങളുമെല്ലാം അതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടാകും. അത് സ്വാഭാവികമാണ്. മുൻഗാമികളുടെ രചനകളുടെ സ്വാധീനമുൾക്കൊള്ളാതെ ഒരാൾക്കും സാഹിത്യകൃതികൾ രചിക്കുക സാധ്യമല്ല. നേരിട്ടുള്ള കോപ്പിയടിയല്ല ഇവിടെ വിവക്ഷിക്കപ്പെട്ടിരിക്കുന്നത്. ശൈലികളുടെയും ബിംബങ്ങളുടെയും സ്വാധീനമാണ്. അതില്ലാതെ രചന നടത്തുവാൻ കഴിയില്ല. ഇത് മനുഷ്യമനസ്സിന്റെ പരിമിതിയാണ്. മുൻഗാമിയിൽ നിന്ന് പഠിക്കുകയും അത് വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നവനാണല്ലോ മനുഷ്യൻ. ഖുർആൻ ഇത്തരം കടമെടുക്കലുകളിൽ നിന്ന് തികച്ചും മുക്തമാണ്. അറബ് സാഹിത്യ രംഗത്തുണ്ടായിരുന്ന ആരുടെയും ശൈലിയോ രൂപമോ രീതിയോ ആശയങ്ങളോ ഖുർആൻ കടമെടുത്തിട്ടില്ല. ആരുടെ കൃതിയുടെയും സ്വാധീനവും ഖുർആനിൽ ഇല്ലതാനും.എല്ലാ നിലയ്ക്കും ഒരു മൗലിക കൃതിയാണ് ഖുർആൻ. പരിധികളോ പരിമിതിയോ ഇല്ലാത്ത അറിവിന്റെ ഉടമസ്ഥനിൽ നിന്ന് അവതരിപ്പിക്കപ്പെട്ടതിനാലാണ് ഇത്.

0
0
0
s2sdefault

ദഅ്‌വ : മറ്റു ലേഖനങ്ങൾ