ഖുർആൻ ഒരു അമാനുഷിക ദൃഷ്ടാന്തമാണെന്ന് പറയുമ്പോൾ എന്താണ് അർത്ഥമാക്കുന്നത്?
തയ്യാറാക്കിയത്: എം.എം. അക്ബര്‍
Last Update: 16 November 2019
സർവ്വശക്തനായ സ്രഷ്ടാവിനാൽ നിയുക്തരാവുന്ന പ്രവാചകന്മാർക്ക് തങ്ങളുടെ പ്രവാചകത്വത്തിന്റെ സത്യത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി ചില അമാനുഷിക ദൃഷ്ടാന്തങ്ങൾ ദൈവം നൽകിയിരുന്നതായി വേദഗ്രന്ഥങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. അവർ ജീവിച്ചിരുന്ന സമൂഹത്തിലെ ജനങ്ങൾക്ക് അവരുടെ പ്രവാചകത്വത്തെക്കുറിച്ച അവകാശവാദം ശരിതന്നെയാണെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു പ്രസ്തുത ദൃഷ്ടാന്തങ്ങളുടെ ഉദ്ദേശ്യം. മൂസാ നബി عليه السلامക്ക് നൽകപ്പെട്ട സർപ്പമായി മാറുന്ന വടി ഒരുദാഹരണം. ഇതുപോലുള്ള അത്ഭുതങ്ങൾ മുഹമ്മദ് നബി(ﷺ)യിലൂടെയും വെളിപ്പെട്ടിട്ടുണ്ട്. ചന്ദ്രനെ പിളർത്തിയത് ഒരുദാഹരണം മാത്രം.
ഇത്തരം അത്ഭുതങ്ങൾ പ്രവാചകന്മാരുടെ ജീവിതകാലത്ത് മാത്രം നിലനിന്നിരുന്നവയാണ്. അവർക്ക് ശേഷം ആ അത്ഭുതങ്ങളൊന്നും നിലനിന്നിട്ടില്ല; നിലനിൽക്കുകയുമില്ല. അന്തിമ പ്രവാചകനിലൂടെ വെളിപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട അത്ഭുതത്തിന്റെ സ്ഥിതിയിതല്ല. അത് അദ്ദേഹത്തിന്റെ ദൗത്യം പോലെതന്നെ അവസാനനാൾ വരെ നിലനിൽക്കുന്നതാണ്. ഖുർആനാണ് പ്രസ്തുത അമാനുഷിക ദുഷ്ടാന്തം. അവസാനനാൾ വരെ ആർക്കും ഖുർആൻ പരിശോധിക്കാം. അതിലെ അത്ഭുതങ്ങൾ ആസ്വദിക്കാം. അങ്ങനെ മുഹമ്മദ് നബി(ﷺ)യുടെ പ്രവാചകത്വം സത്യമാണോയെന്ന് തീർച്ചപ്പെടുത്താം. ഒരേ സമയം, വേദഗ്രന്ഥവും അമാനുഷിക ദൃഷ്ടാന്തവുമായ ഖുർആൻ അവസാനനാൾ വരെ നിലനിൽക്കുന്ന അത്ഭുതങ്ങളുടെ അത്ഭുതമാണ്.