മറ്റു വേദങ്ങളും ദൈവികമാണെന്ന് അവകാശപ്പെടുന്നില്ലേ?
തയ്യാറാക്കിയത്: എം.എം. അക്ബര്‍
Last Update: 17 October 2019
ഇല്ല. മറ്റു വേദഗ്രന്ഥങ്ങളൊന്നും തന്നെ സ്പഷ്ടവും വ്യക്തവുമായി അവ ദൈവികമാണെന്ന് സ്വയം പ്രഖ്യാപിക്കുന്നില്ല.
തിമോത്തെയോസ് 3:16-ൽ ബൈബിൾ ദൈവവചനമാണെന്ന് പറയുന്നുണ്ടല്ലോ. ഇതിന്റെ വിവക്ഷയെന്താണ്?
"യേശുക്രിസ്തുവിലുള്ള ഈ വിശ്വാസത്തിലൂടെ രക്ഷപ്രാപിക്കാൻ നിന്നെ പ്രബോധിപ്പിക്കുന്ന വിശുദ്ധ ലിഖിതങ്ങൾ ബാല്യം മുതലേ നിനക്ക് പരിചയമുണ്ടല്ലോ. വിശുദ്ധ ലിഖിതങ്ങളെല്ലാം ദൈവനിവേശിതമാണ്. പഠിപ്പിക്കാനും ശാസിക്കാനും തെറ്റ് തിരുത്താനും നീതിയിലുള്ള പരിശീലനത്തിനും അത് ഉപകരിക്കുന്നു. (2 തിമോത്തെയോസ് 3:15 -16).
ഇവിടെ, പൗലോസ് വിശുദ്ധ ലിഖിതങ്ങളെന്ന് പറഞ്ഞത് ബൈബിൾ പുസ്തകങ്ങളെക്കുറിച്ചാണെങ്കിൽ മാത്രമേ ബൈബിൾ ദൈവനിവേശിതമാണെന്ന് അതുതന്നെ അവകാശവാദം ഉന്നയിച്ചുവെന്ന് പറയാനാകൂ.എന്നാൽ, വസ്തുത അതല്ല. ബൈബിൾ പുതിയ നിയമത്തിൽ സ്വീകരിക്കപ്പെട്ടിരിക്കുന്ന ഇരുപത്തിയേഴ് പുസ്തകങ്ങളിൽ ആദ്യമായി രചിക്കപ്പെട്ടവ പൗലോസിന്റെ ലേഖനങ്ങളാണ്. ക്രിസ്താബ്ദം 40-നും 60-നും ഇടയിലാണ് അവ രചിക്കപ്പെട്ടതെന്നാണ് പണ്ഡിതാഭിപ്രായം. പൗലോസിന്റെ ലേഖനങ്ങളൊഴിച്ചു മറ്റ് പുതിയ നിയമഗ്രന്ഥങ്ങളെല്ലാം രചിക്കപ്പെട്ടിരിക്കുന്നത് ക്രിസ്താബ്ദം 65-നും 150-നുമിടക്കാണ്. മുകളിൽ ഉദ്ധരിച്ചിരിക്കുന്ന വചനം ശ്രദ്ധിക്കുക. പൗലോസ് ഇവിടെ പരാമർശിക്കുന്നത് തിമൊത്തെയോസിനു പരിചയമുള്ള ഏതോ വിശുദ്ധ ലിഖിതങ്ങളെയാണ്. ആ ലിഖിതങ്ങൾ പൗലോസിന്റെ ലേഖനങ്ങൾക്ക് മുമ്പേ പ്രചാരത്തിലുള്ളവയാണെന്നാണ് അദ്ദേഹത്തിൻറെ ശൈലിയിൽ നിന്ന് മനസ്സിലാവുന്നത്. പുതിയ നിയമത്തിലാവട്ടെ, പൗലോസിന്റെ ലേഖനത്തിനു മുമ്പ് രചിക്കപ്പെട്ട ഒരു ലിഖിതവുമില്ലെന്നുറപ്പാണ്. അപ്പോൾ പിന്നെ, ദൈവനിവേശിതമായ വിശുദ്ധ ലിഖിതങ്ങൾ എന്ന് പൗലോസ് പരിചയപ്പെടുത്തിയത് ബൈബിളിലുള്ള ഏതെങ്കിലും പുസ്തകത്തെയാണെന്ന് കരുതുന്നതിൽ ന്യായമില്ല. ബൈബിളിലെ പുതിയ നിയമപുസ്തകങ്ങൾ രചിക്കുന്നതിന് മുമ്പ് നിലനിന്നിരുന്ന ഏതോ ലിഖിതങ്ങളെയാണ് പൗലോസ് ഇവിടെ പരാമർശിക്കുന്നത് എന്നുറപ്പാണ്. അപ്പോൾ ഈ വചനമെങ്ങനെ ദൈവികമാണെന്ന് ബൈബിളിന്റെ അവകാശവാദമാകും? ഇത് ബൈബിളിന്റെ അവകാശവാദമല്ല. ബൈബിളിലില്ലാത്ത ഏതോ ലിഖിതങ്ങളെക്കുറിച്ച ഈ പൗലോസിന്റെ പരാമർശം മാത്രമാണത്. പ്രസ്തുത ലിഖിതങ്ങളാകട്ടെ ഇന്ന് ഉപലബ്ധമല്ലതാനും.