അസംഘടിതരായിരുന്ന അറബികളെ സംഘടിപ്പിക്കുകയും ഉന്നതിയിലേക്ക് നയിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ മുഹമ്മദ്(ﷺ) നിർമ്മിച്ചെടുത്ത ഗ്രന്ഥമാണ് ഖുർആനെന്ന് കരുതിക്കൂടെ?

തയ്യാറാക്കിയത്: എം.എം. അക്ബര്‍

Last Update: 26 October 2019

അറബികളെ ഐക്യപ്പെടുത്തുകയും പുരോഗതിയിലേക്ക് നയിക്കുകയുമായിരുന്നു ഖുർആൻ രചിച്ചതിനു പിന്നിലുള്ള ലക്ഷ്യമെങ്കിൽ അതിലെ പ്രതിപാദനങ്ങളിൽ നിന്ന് ഇക്കാര്യം വ്യക്തമാവുമായിരുന്നു. എന്നാൽ, ഖുർആൻ ഒരാവർത്തി വായിച്ച ഒരാൾക്ക് അതിൽ അറബി ദേശീയതയുടെ ഉയിർത്തെഴുന്നേൽപ്പ് ഒരു വിഷയമായി വരുന്നേയില്ലെന്ന വസ്തുത വ്യക്തമാവുന്നതാണ്. അറബികളുടെ നവോത്ഥാനമായിരുന്നു ഖുർആൻ രചനയ്ക്കു പിന്നിലുള്ള ഉദ്ദേശ്യമെന്ന വാദം താഴെ പറയുന്ന വസ്തുതകൾക്കു മുന്നിൽ അടിസ്ഥാന രഹിതമായിത്തിരുന്നു.

ഒന്ന് : അറബികളുടെ നവോത്ഥാനത്തെയോ ഐക്യത്തെയോ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള ഒരു വചനംപോലും ഖുർആനിലില്ല.

രണ്ട് : ദേശീയമായ അതിർവരമ്പുകളില്ലാത്ത ആദർശ സമൂഹമെന്ന സങ്കല്‍പ്പമാണ് ഖുർആൻ മുന്നോട്ടുവെക്കുന്നത് . 'ഉമ്മത്ത്' എന്ന സാങ്കേതിക സംജ്ഞയാൽ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന ആദർശസമൂഹത്തിൽ സത്യവിശ്വാസം സ്വീകരിച്ച ഏവരും ദേശീയതയുടെയോ പ്രാദേശികത്വത്തിന്റെയോ വർഗ്ഗത്തിന്റെയോ ജാതിയുടെയോ അതിർവരമ്പുകളില്ലാതെ അംഗങ്ങളാണ്. അറബ് ദേശീയതയെന്ന സങ്കൽപം തന്നെ ഖുർആനിന് അന്യമാണ്.

മൂന്ന് : അറബികളുടെ നവോത്ഥാനമായിരുന്നു മുഹമ്മദി (ﷺ)ന്റെ ലക്ഷ്യമെങ്കിൽ അധികാരം വാഗ്ദാനം ചെയ്യപ്പെട്ടപ്പോൾ അത് സ്വീകരിക്കുകയും ശക്തിയും പാടവവുമുപയോഗിച്ച് അവരെ ഐക്യപ്പെടുത്തുകയും പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യാൻ അദ്ദേഹം ശ്രമിക്കുമായിരുന്നു. എന്നാൽ, അതുണ്ടായില്ല. അധികാരം സ്വീകരിച്ചുകൊണ്ട് നവോത്ഥാനത്തിന് ശ്രമിക്കുന്നതിനു പകരം അത് നിരസിക്കുകയാണ് അദ്ദേഹം ചെയ്തത്.

നാല് : അധികാരം ലഭിച്ചതിനുശേഷവും അദ്ദേഹം അറബികളുടെ ഏതെങ്കിലും തരത്തിലുള്ള ഔന്നത്യത്തിനുവേണ്ടി വാദിച്ചിട്ടില്ല. തന്റെ അന്തിമ പ്രസംഗത്തിൽ അദ്ദേഹം അർഥശങ്കക്കിടയില്ലാത്ത വണ്ണം പ്രഖ്യാപിച്ചു: " അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല; ധർമ്മനിഷ്ഠയുടെ പേരിലല്ലാതെ". ഇത് അറബി ദേശീയതയുടെ നവോത്ഥാനത്തിനു വേണ്ടി ശ്രമിച്ച ഒരു വ്യക്തിയുടെ വാക്കുകളാകുമോ?

അഞ്ച്‌ : സത്യവിശ്വാസികൾക്ക് മാതൃകയായി ഖുർആനിൽ പരാമർശിക്കപ്പെട്ടിട്ടുള്ളത് രണ്ടു വനിതകളാണ്. ഒന്ന്, ഫറോവയുടെ പത്നി. രണ്ട്, യേശുവന്റെ മാതാവ്(66:11,12). രണ്ടുപേരും അറബികളല്ല . അറബ് ദേശീയതക്കുവേണ്ടി ഗ്രന്ഥമെഴുതിയ വ്യക്തി ലോകത്തിന് മാതൃകയായി എടുത്തു കാണിക്കുന്നത് അറബികളുടെ എതിരാളികളെയാകുമോ? മറിയമിനെക്കുറിച്ച് ഖുർആൻ പറയുന്നതിങ്ങനെയാണ്: " മലക്കുകൾ ഇപ്രകാരം പറഞ്ഞ സന്ദർഭം: മർയമേ, തീർച്ചയായും അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുക്കുകയും നിനക്ക് പരിശുദ്ധി നൽകുകയും ലോകത്തുള്ള സ്ത്രീകളിൽ വെച്ച് ഉൽകൃഷ്ടയായി നിന്നെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു"(3:42). ബൈബിളിലൊരിടത്തും ഇത്ര ബഹുമാനത്തോടുകൂടി മർയമിനെക്കുറിച്ച് പരാമർശിക്കപ്പെട്ടിട്ടില്ല എന്നുകൂടി ഓർക്കുക. ലോക വനിതകളിൽ ഉൽകൃഷ്ടയായി ഖുർആൻ എടുത്തുകാണിക്കുന്നത് മുഹമ്മദി(ﷺ)ന്റെ മാതാവിനെയോ ഭാര്യയെയോ മറ്റേതെങ്കിലും അറബ് സ്ത്രീയെയോ അല്ല; ഇസ്രായേൽ വനിതയായ മർയമിനെയാണ്. അറബ് ദേശീയതയുടെ വക്താവിൽ നിന്ന് ഇത്തരമൊരു പരാമർശം പ്രതീക്ഷിക്കുവാൻ പറ്റുമോ?

ആറ് : അറബ് ദേശീയതയുടെ നവോത്ഥാനത്തിനു വേണ്ടി പണിയെടുക്കുന്ന ഒരു വ്യക്തി അറബികളുടെ അഹംബോധത്തെ ഉദ്ദീപിക്കുവാനായിരിക്കും തന്റെ രചനയിൽ ശ്രമിക്കുക. അറബികളുടെ ശ്രേഷ്ഠതയെക്കുറിച്ചായിരിക്കും അയാൾ സംസാരിക്കുക. എന്നാൽ ഖുർആൻ ഇസ്രായേല്യർക്ക് നൽകിയ ശ്രേഷ്ഠതയെക്കുറിച്ചാണ് സംസാരിക്കുന്നത്". ഇസ്രായേൽ സന്തതികളേ, നിങ്ങൾക്ക് ഞാൻ ചെയ്തുതന്നിട്ടുള്ള അനുഗ്രഹവും മറ്റു ജനവിഭാഗങ്ങളേക്കാൾ നിങ്ങൾക്ക് ഞാൻ ശ്രേഷ്ഠത നൽകിയതും നിങ്ങളോർക്കുക.” (2:47)

0
0
0
s2sdefault

ദഅ്‌വ : മറ്റു ലേഖനങ്ങൾ