മുഹമ്മദ് നബി (ﷺ)യുടെ രചനയാണോ ഖുർആൻ?

തയ്യാറാക്കിയത്: എം.എം. അക്ബര്‍

Last Update: 22 October 2019

മുഹമ്മദ് നബി(ﷺ)ജീവിച്ചത് ചരിത്രത്തിന്റെ വെളിച്ചത്തിലാണ്. അദ്ദേഹത്തിലൂടെയാണ് ലോകം ഖുർആൻ ശ്രവിച്ചത്. അതുകൊണ്ടുതന്നെ ഖുർആനിന്റെ ദൈവീകത അംഗീകരിക്കാത്തവരെ സംബന്ധിച്ചിടത്തോളം അവർക്ക് പറയാനുള്ളത് ഇത് മുഹമ്മദി(ﷺ)ന്റെ രചനയാണെന്നാണ്. ഈ വാദം വിശദമായി ചർച്ച ചെയ്യേണ്ടതാണ്. ചർച്ചയുടെ ആമുഖമായി നാം മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവയുടെ അടിത്തറയിൽ നിന്നുകൊണ്ടായിരിക്കണം മുഹമ്മദ് നബി(ﷺ)യിൽ ഖുർആനിന്റെ കർതൃത്വം ആരോപിക്കുന്നത്.

ഒന്ന്: 40 വയസ്സുവരെ അറബികൾക്കിടയിൽ സുസമ്മതനായ വ്യക്തിയായിരുന്നു മുഹമ്മദ്(ﷺ). ഖുർആൻ ദൈവികമാണെന്നും അതിലെ വിധിവിലക്കുകൾ അനുസരിക്കേണ്ടതുണ്ടെന്നും പ്രബോധനം ചെയ്തതുകൊണ്ടാണ് അദ്ദേഹം വെറുക്കപ്പെട്ടവനായത്; ബഹിഷ്കരിക്കപ്പെട്ടത്; ജനിച്ചുവളർന്ന നാട്ടിൽ നിന്ന് പാലായനം ചെയ്യേണ്ടി വന്നത്.

രണ്ട്: സത്യസന്ധനായിരുന്നു മുഹമ്മദ്(ﷺ)എന്ന കാര്യത്തിൽ അദ്ദേഹത്തിന്റെ കഠിന ശത്രുക്കൾക്കുപോലും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല. നാൽപതു വയസ്സുവരെ സത്യസന്ധനായിജീവിച്ച അദ്ദേഹം ഒരുദിവസം പടച്ചതമ്പുരാന്റെ പേരിൽ ഒരു പച്ചക്കള്ളം പറഞ്ഞുവെന്നും അത് പ്രചരിപ്പിക്കുന്നതിനുവേണ്ടി സ്വന്തം ജീവൻ തൃണവൽഗണിച്ചുവെന്നും വിശ്വസിക്കുക പ്രയാസമാണ്.

മൂന്ന്: സാഹിത്യകാരന്മാർക്ക് അറേബ്യയിൽ ഉന്നതമായ സ്ഥാനം നൽകപ്പെട്ടിരുന്നു. ഖുർആൻ അത്യുന്നതമായ ഒരു സാഹിത്യസൃഷ്ടിയാണെന്ന കാര്യത്തിൽ ആർക്കും ഭിന്നാഭിപ്രായമുണ്ടായിരുന്നില്ല. അത് തന്റേതാണ് എന്ന് അവകാശപ്പെട്ടിരുന്നുവെങ്കിൽ അദ്ദേഹത്തിന് അറബികൾക്കിടയിൽ ഉന്നതമായ സ്ഥാനമാനങ്ങൾ ലഭിക്കുമായിരുന്നു.

നാല്: മുഹമ്മദി(ﷺ)ന്റെ ചില നടപടികളെ വിമർശിക്കുന്ന വാക്യങ്ങൾ ഖുർആനിലുണ്ട്.

അഞ്ച്: മുഹമ്മദി(ﷺ)നെ ശക്തമായി താക്കീത് ചെയ്യുന്ന വചനങ്ങളും ഖുർആനിലുണ്ട്.

ഈ വസ്തുതകൾ മുന്നിൽ വെച്ചുകൊണ്ടാണ് ഖുർആൻ മുഹമ്മദി(ﷺ)ന്റെ സൃഷ്ടിയാണ് എന്ന വാദത്തിലെ ശരിയും തെറ്റും പരിശോധിക്കേണ്ടത്.

സാഹിത്യമൂല്യമുള്ള ഒരു സൃഷ്ടി നടത്തി അത് ദൈവത്തിന്റെ പേരിൽ ആരോപിച്ചതാണെങ്കിൽ അതിനുപിന്നിൽ സ്വാർത്ഥമായ വല്ല ലക്ഷ്യങ്ങളുമുണ്ടാവണമല്ലോ. അതെന്തായിരുന്നുവെന്നാണ് വിമർശകർ ആദ്യം വ്യക്തമാക്കേണ്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് ഈ വാദത്തിന്റെ സത്യത പരിശോധിക്കപ്പെടേണ്ടത്.

0
0
0
s2sdefault

ദഅ്‌വ : മറ്റു ലേഖനങ്ങൾ