ഖുർആനിനു മുമ്പുള്ള വേദഗ്രന്ഥങ്ങളെക്കുറിച്ച് ഖുർആൻ എന്തു പറയുന്നു?

തയ്യാറാക്കിയത്: എം.എം അക്ബര്‍

Last Update: 6 October 2019

ഖുർആനിനു മുമ്പ് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളെയെല്ലാം അത് അംഗീകരിക്കുന്നു. ആകെ എത്ര വേദഗ്രന്ഥങ്ങൾ അവതരിപ്പിക്കപ്പെട്ടുവെന്ന് ഖണ്ഡിതമായി ഖുർആൻ പ്രസ്താവിക്കുന്നില്ല. നാല് വേദഗ്രന്ഥങ്ങളുടെ പേര് മാത്രമാണ് ഖുർആനിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത്. മൂസാ നബി(അ)ക്ക് അവതരിപ്പിക്കപ്പെട്ട തൗറാത്തും ദാവൂദ് നബി(അ )ക്ക് അവതരിപ്പിക്കപ്പെട്ട സബൂറും ഈസാ നബി(അ)ക്ക് അവതരിപ്പിക്കപ്പെട്ട ഇൻജീലും മുഹമ്മദ്(ﷺ)ക്ക് അവതരിപ്പിക്കപ്പെട്ട ഖുർആനുമാണവ. ഈ നാലു വേദഗ്രന്ഥങ്ങൾക്കു പുറമെയും എഴുതപ്പെട്ട രേഖകൾ പടച്ച തമ്പുരാനിൽനിന്ന് അവതരിപ്പിക്കപ്പെട്ടിട്ടുണ്ടന്നാണ് ഖുർആൻ നൽകുന്ന സൂചന.

' നിങ്ങൾ പറയുക: അല്ലാഹുവിലും അവങ്കൽ നിന്ന് ഞങ്ങൾക്ക് അവതരിപ്പിച്ചു കിട്ടിയതിലും ഇബ്രാഹിമിനും ഇസ്മായിലിനും ഇസ്ഹാഖിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികൾക്കും അവതരിപ്പിച്ചു കൊടുത്തതിലും മൂസാ, ഈസാ എന്നിവർക്ക് നൽകപ്പെട്ടതിലും സർവ്വ പ്രവാചകന്മാർക്കും അവരുടെ രക്ഷിതാവിങ്കൽ നിന്ന് നൽകപ്പെട്ടതിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു' (2:136).

'തീർച്ചയായും ഇത് ആദ്യത്തെ ഏടുകളിൽ തന്നെയുണ്ട്. അഥവാ ഇബ്രാഹിമിന്‍റെയും മൂസായുടെയും ഏടുകളിൽ' (87:18,19).

മുമ്പുള്ള വേദങ്ങളെ മുഴുവൻ ഖുർആൻ സത്യപ്പെടുത്തുന്നു. 'അവൻ ഈ വേദഗ്രന്ഥത്തെ മുൻവേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട് സത്യവുമായി നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. മനുഷ്യർക്ക് മാർഗദർശനത്തിനായി ഇതിനുമുമ്പ് അവൻ തൗറാത്തും ഇൻജീലും അവതരിപ്പിച്ചു. ഫുർഖാനും അവൻ അവതരിപ്പിച്ചിരിക്കുന്നു' (3:3,4).

അല്ലാഹുവിൽനിന്ന് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളിലെല്ലാം വിശ്വസിക്കേണ്ടത് മുസ്‌ലിമിന്‍റെ നിർബന്ധബാധ്യതയാണ്. മുമ്പ് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളിലേതെങ്കിലും ദൈവികമല്ലെന്ന് വിശ്വസിക്കുന്നത് വലിയൊരു അപരാധമായിട്ടാണ് ഖുർആൻ കാണുന്നത്.

' സത്യവിശ്വാസികളേ, അല്ലാഹുവിലും അവന്‍റെ ദൂതനിലും അവന്‍റെ ദൂതന് അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും അവൻ മുമ്പ് അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങൾ വിശ്വസിക്കുവിൻ. അല്ലാഹുവിലും അവന്‍റെ മലക്കുകളിലും അവന്‍റെ ഗ്രന്ഥങ്ങളിലും അവന്‍റെ ദൂതന്മാരിലും അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീർച്ചയായും അവൻ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു (4:136).

0
0
0
s2sdefault