ദൈവികമാണെന്ന സ്വയം അവകാശവാദം കൊണ്ടുമാത്രം ഒരു ഗ്രന്ഥം ദൈവികമാകുമോ?
തയ്യാറാക്കിയത്: എം.എം. അക്ബര്‍
Last Update: 20 October 2019
ഇല്ല. ദൈവികമാണെന്ന് അവകാശപ്പെടുന്ന ഏതൊരു ഗ്രന്ഥവും അതിന്റെ ദൈവികത തെളിയിക്കേണ്ടതുണ്ട്. എന്നാൽ, ഒരു ഗ്രന്ഥം ദൈവികമാണെങ്കിൽ അത് സ്വയമോ അതല്ലെങ്കിൽ അതുമായി വന്ന പ്രവാചകനോ പ്രസ്തുത വാദം ഉന്നയിക്കേണ്ടതുണ്ടെന്നത് പ്രാഥമികമായ ഒരു കാര്യമാകുന്നു. ഗ്രന്ഥം സ്വയമോ അതുമായി വന്ന വ്യക്തിയോ അത് ദൈവികമാണെന്ന അവകാശവാദം ഉന്നയിക്കാത്തിടത്തോളം മറ്റാർക്കും ആ വാദം ഉന്നയിക്കാൻ അവകാശമില്ലെന്നതാണ് യാഥാർഥ്യം. ഗ്രന്ഥത്തിന്റെ അനുയായികൾ അത് ദൈവികമാണെന്ന് പറയുമ്പോൾ ആ ഗ്രന്ഥമോ അതുമായി വന്ന വ്യക്തിയോ ഉന്നയിച്ച വാദത്തിനുള്ള സാക്ഷ്യം മാത്രമേ ആകുന്നുള്ളു. വാദം നിലനിൽക്കുന്നില്ലെങ്കിൽ സാക്ഷ്യം അപ്രസക്തമാണല്ലോ.
ഖുർആനൊഴിച്ചു മറ്റു വേദഗ്രന്ഥങ്ങളുടെയെല്ലാം സ്ഥിതിയിതാണ്. അവയൊന്നും സ്വയം ദൈവികമാണെന്ന് അവകാശപ്പെടുന്നില്ല. അവയുടെ അനുയായികൾ അവയിൽ ദൈവികത ആരോപിക്കുകയാണ് ചെയ്യുന്നത്. തർക്കശാസ്ത്രപ്രകാരം തികഞ്ഞ അസംബന്ധമാണിത്. വിവരമുള്ളവരുടെ പരിഗണനക്കുപോലും വരേണ്ടതില്ലാത്ത സംഗതി. വാദമില്ലാത്ത കേസിൽ പ്രത്യക്ഷപ്പെടുന്ന സാക്ഷികളെപ്പോലെ അവഗണിക്കപ്പെടേണ്ട കാര്യം മാത്രമാണിത്.
ഖുർആനിന്റെ അവസ്ഥ ഇതല്ല.അത് സ്വയം ദൈവികമാണെന്ന് പ്രഖ്യാപിക്കുന്നു. അതിനാൽ ഒരു വാദം നിലനിൽക്കുന്നു. ഇനി ഈ വാദത്തിൽ എത്രത്തോളം കഴമ്പുണ്ടെന്ന് പരിശോധിക്കപ്പെടണം. പ്രസ്തുത പരിശോധനക്ക് ഒരു അർത്ഥമുണ്ട്. സ്വയം ദൈവികമാണെന്ന് പറയാത്ത ഗ്രന്ഥങ്ങളുടെ ദൈവികത പരിശിധിക്കുന്നത്തുപോലെ നിരർത്ഥകമല്ല അത്.