സ്വര്‍ഗവാസികള്‍ അങ്ങാടിയില്‍ ഒത്തുകൂടുന്ന ദിവസം

അന്‍വര്‍ അബൂബക്കര്‍

Last Update 23 July 2025, 28 Muharram, 1447 AH

ചോദ്യം: സ്വര്‍ഗത്തില്‍ ഒരു അങ്ങാടിയുണ്ട്. സ്വര്‍ഗവാസികള്‍ ഒരു പ്രത്യേക ദിവസം അവിടെ എത്തുകയും അന്നേരം അവരുടേമേല്‍ വടക്കന്‍ കാറ്റ് അടിച്ചുവീശുകയും ചെയ്യും. അത് അവരുടെ സൗന്ദര്യവും ഓജസ്സും കൂടുതല്‍ വര്‍ദ്ധിപ്പിക്കും എന്ന് നബി(ﷺ) പറഞ്ഞുതന്നു. ഇവിടെ സ്വര്‍ഗവാസികള്‍ അങ്ങാടിയില്‍ ഒത്തുകൂടുന്ന ഈ ദിവസം ഏതാണ്?

ഉത്തരം: വെള്ളിയാഴ്ച

അനസ് ഇബ്നു മാലിക് (റളിയല്ലാഹു അന്‍ഹു)വില്‍നിന്ന് നിവേദനം. അല്ലാഹുവിന്‍റെ റസൂല്‍(ﷺ) പറഞ്ഞു: “നിശ്ചയം, സ്വര്‍ഗ്ഗത്തില്‍ ഒരു അങ്ങാടിയുണ്ട്. എല്ലാ വെള്ളിയാഴ്ചയും സ്വര്‍ഗ്ഗവാസികള്‍ അവിടെ ഒത്തുചേരും. അന്നേരം വടക്കന്‍ കാറ്റ് അവരെ സ്പർശിക്കും. അതിന്‍റെ സുഗന്ധം അവരുടെ മുഖങ്ങളിലും വസ്ത്രങ്ങളിലും വീഴും. അതോടെ അവര്‍ക്ക് സൗന്ദര്യവും ഓജസ്സും വര്‍ദ്ധിക്കും. അങ്ങനെ അവർ അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങുമ്പോൾ, അവരുടെ കുടുംബങ്ങൾ അവരോട് ചോദിക്കും: ‘അല്ലാഹുവാണ, തീര്‍ച്ചയായും ഞങ്ങളെ പിരിഞ്ഞതിനുശേഷം നിങ്ങള്‍ക്ക് സൗന്ദര്യവും ഓജസ്സും വര്‍ദ്ധിച്ചിരിക്കുന്നു. അവര്‍ പറയും: ‘അല്ലാഹുവാണ, ഞങ്ങള്‍ പോയതിനു ശേഷം നിങ്ങള്‍ക്കും സൗന്ദര്യവും ഓജസ്സും വര്‍ദ്ധിച്ചിരിക്കുന്നു.’” (മുസ്ലിം)

അബൂഹുറൈറ (റളിയല്ലാഹു അന്‍ഹു)വില്‍നിന്ന് നിവേദനം, ഞങ്ങള്‍ ചോദിച്ചു: "അല്ലാഹുവിന്‍റെ റസൂലേ, താങ്കള്‍ സ്വര്‍ഗ്ഗത്തെക്കുറിച്ച് ഞങ്ങൾക്ക് വിവരിച്ചുതരുമോ? അതിന്‍റെ നിര്‍മ്മാണം എങ്ങിനെയാണ്? അല്ലാഹുവിന്‍റെ റസൂല്‍(ﷺ) പറഞ്ഞു: ‘സ്വർഗ്ഗം സ്വർണ്ണത്താലും വെള്ളിയാലുമുളള ഇഷ്ടികകളാലാണ് നിർമ്മിച്ചിരിക്കുന്നത്. അവക്കിടയിലുള്ള മിശ്രിതപദാർത്ഥം അത്യന്തം സുഗന്ധമേറിയ കസ്തൂരിയാണ്. അതിലെ കല്ലുകള്‍ മുത്തുകളും പവിഴങ്ങളുമാണ്, അതിലെ മണ്ണ് കുങ്കുമവും വര്‍സു(മഞ്ഞവര്‍ണ്ണമുള്ള ഒരു തരം സുഗന്ധം)മാണ്. അതില്‍ പ്രവേശിക്കുന്നവന്‍ നിത്യവാസിയായിരിക്കും; അവൻ ഒരിക്കലും മരിക്കുകയില്ല. അവൻ നിത്യസുഖത്തിലായിരിക്കും; അവനെ ഒരു കഷ്ടതയും സ്പർശിക്കുകയില്ല. അവന്‍റെ യൗവനം ഒരിക്കലും നശിക്കുകയില്ല, അവന്‍റെ വസ്ത്രം ഒരിക്കലും ജീര്‍ണിക്കുകയുമില്ല.’” (മുസ്നദുഅഹ്‍മദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ച ഹദീഥ്)

അല്ലാഹുവിനെ ഭയപ്പെട്ട് ജീവിച്ചവര്‍ക്ക് അവന്‍ ഒരുക്കിയ മഹത്തായ പ്രതിഫലവും മഹനീയ പാരിതോഷികവുമാണ് സ്വര്‍ഗ്ഗം. സമാധാനത്തിന്‍റേയും സര്‍വ്വസുഖങ്ങളുടേയും ഭവനമാണത്. ഈ ലോകത്തിലെ സൗകര്യങ്ങൾ എത്ര പരിപൂർണ്ണമെന്നു തോന്നിയാലും സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങളോട് അവ തുലനം ചെയ്യുമ്പോള്‍ അവയെല്ലാം നിസ്സാരവും അതിനോട് ഒരു നിലക്കും തുല്യപ്പെടുത്താനാകാത്തതുമാണെന്ന് ബോധ്യപ്പെടും. അല്ലാഹുവിന്‍റെ റസൂല്‍(ﷺ) സ്വര്‍ഗ്ഗത്തില്‍ ഒരു വടിവെക്കുന്ന സ്ഥലത്തെ കുറിച്ച് പറഞ്ഞത്: “സ്വര്‍ഗ്ഗത്തില്‍ ഒരു ചാട്ട വെക്കാനുള്ള സ്ഥലം ഈ ദുനിയാവിനേക്കാളും അതിലുള്ളതിനേക്കാളും ഉത്തമമാകുന്നു.” (ബുഖാരി)

സ്വർഗ്ഗപ്രവേശനം നേടുകയും നരകത്തിൽ നിന്ന് മോചിതനാകുകയും ചെയ്യുക എന്നതാണ് ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും മഹത്തായ വിജയം. ഇതിലുപരിയായുളള രക്ഷയും അത്യുന്നതമായ ഭാഗ്യവും അവിസ്മരണീയമായ ദൈവാനുഗ്രഹവും വേറെയില്ല. അതിനായുള്ള പരിശ്രമം ജീവിതത്തിലെ പരമോന്നത ലക്ഷ്യമായി കാണണം, കാരണം ഇതിൽ വിജയിച്ചവനാണ് യഥാർത്ഥത്തിൽ അഭിവൃദ്ധിയും സമ്പൂർണ്ണ സംരക്ഷണവും നേടുന്നവൻ. അല്ലാഹു പറയുന്നു: “അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.” (ആലുഇംറാന്‍ 185)

ഈ വിജയം നേടുന്നതിന് ദൈവികനിയമങ്ങൾ അനുസരിക്കുകയും അല്ലാഹുവിന്‍റെ മഹത്വം മുൻനിർത്തി ജീവിക്കുകയും ചെയ്യേണ്ടതുണ്ട്. ഇസ്‌ലാം നമുക്ക് വിശുദ്ധ ദിവസങ്ങളെയും ആരാധനയുടെ സുപ്രധാന സമയങ്ങളെയും ബോധിപ്പിക്കുകയും അതിലൂടെ വിജയത്തിലേക്കുള്ള വഴി കാണിച്ചുതരുകയും ചെയ്യുന്നു. അല്ലാഹുവിന്‍റെ റസൂല്‍(ﷺ) പറഞ്ഞു: “വെള്ളിയാഴ്ചയുടെ കാര്യത്തില്‍ നമുക്ക് മുമ്പുള്ള ജനവിഭാഗങ്ങളെ അല്ലാഹു തെറ്റിച്ചുകളഞ്ഞു. യഹൂദികള്‍ ശനിയാഴ്ചയും, നസ്വാറാക്കള്‍ ഞായറാഴ്ചയും തിരഞ്ഞെടുത്തു. അല്ലാഹു നമ്മെ നിയോഗിക്കുകയും വെള്ളിയാഴ്ച കൊണ്ട് സന്മാര്‍ഗം നല്‍കുകയും ചെയ്തു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി തുടര്‍ച്ച നിശ്ചയിക്കപ്പെട്ടു. അപ്രകാരംതന്നെ അവര്‍ പരലോകത്തും നമ്മുടെ പിന്നാലെയാണ് ഉണ്ടാവുക. നാം ഈ ലോകത്തില്‍ അവസാനം വന്നവരാണെങ്കിലും അന്ത്യനാളില്‍ ഒന്നാമതായി എത്തുന്നവരായിരിക്കും.” (മുസ്‍ലിം)

ലോകസൃഷ്ടിയുടെ ആരംഭകാലത്ത് ആഴ്ചയിൽ എത്ര ദിവസങ്ങളുണ്ടായിരുന്നു എന്നത് വ്യക്തമല്ല. ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു മാസങ്ങളുടെ എണ്ണം പന്ത്രണ്ട് രേഖപ്പെടുത്തിയതായി ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട് (തൌബ: 36). പ്രാചീന കലണ്ടറുകളിലും നാട്ടാചാരങ്ങളിലും ആഴ്ചയുടെ ദൈർഘ്യം വ്യത്യസ്തമായിരുന്നു; 3 മുതൽ 10 വരെ ദിവസങ്ങളടങ്ങിയ പ്രീമോഡേൺ കലണ്ടറുകൾ പ്രചാരത്തിലുണ്ടായിരുന്നു. അതേസമയം, 7 ദിവസങ്ങളുള്ള ആഴ്ച മതപരമായ അടിസ്ഥാനങ്ങളോടെ ഉരുത്തിരിഞ്ഞതാണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു (ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ, മജ്മൂഉൽ ഫതാവാ: 7/95). അല്ലാഹു ആകാശവും ഭൂമിയും ആറു ദിവസം കൊണ്ട് സൃഷ്ടിച്ചതും, വിശ്വാസികളോട് ആഴ്ചയിൽ ഒരു ദിവസം ആരാധനക്കായി പ്രത്യേകം കല്‍പിക്കപ്പെട്ടതും പ്രവാചകന്‍മാരിലൂടെ ലഭിച്ച ദിവ്യവെളിപാടുകളാണ്. ആദം നബി(അലൈഹിസ്സലാം)യെ സൃഷ്ടിച്ചതും, സ്വർഗത്തിൽ നിന്ന് പുറത്താക്കിയതും, അദ്ദേഹത്തിന്‍റെ പശ്ചാത്താപം സ്വീകരിച്ചതും, അദ്ദേഹം മരണപ്പെട്ടതും, ഇതെല്ലാം വെള്ളിയാഴ്ച ദിവസമാണ് നടന്നതെന്ന് ഹദീഥുകള്‍ അറിയിക്കുന്നു. എന്നിരുന്നാലും, ആഴ്ച 7 ദിവസമായി രൂപീകരിക്കപ്പെട്ടതിന്‍റെ കൃത്യമായ ഉത്ഭവം വ്യക്തമാക്കുന്ന ഖണ്ഡിതമായ തെളിവുകൾ നമുക്കാര്‍ക്കും ലഭ്യമല്ല. ചരിത്രപരമായും, വ്യത്യസ്ഥ സമൂഹങ്ങളിലെ ആചാരാനുഷ്ഠാനങ്ങളെയും പഠിക്കുമ്പോൾ, ആഴ്ചയുടെ ഈ വിഭജനം മതപരമായ പ്രാധാന്യമുള്ളതും മതനിയമങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടതുമാണെന്ന് നിസ്സംശയം ഉറപ്പിക്കാം. പ്രത്യേകിച്ച് വെള്ളിയാഴ്ച, അത് ഒരു സാധാരണ ദിവസമല്ല; അല്ലാഹു തന്നെ അതിന് മഹത്തായ പ്രത്യേകത നൽകിയിരിക്കുന്നു. ഈ ദിവസത്തിന് ഇസ്‌ലാമിക ചരിത്രത്തിലും ആരാധനയിലും അതുല്യമായ സ്ഥാനമാണ് നല്‍കിയിട്ടുളളത്. അതിനാൽ, വിശ്വാസികളും അതിന്‍റെ മഹത്വം മനസ്സിലാക്കി ഈ ദിവസത്തെ ഒരു അനുഗ്രഹമായി സ്വീകരിക്കണം.

മുതനവ്വിആത്ത് : മറ്റു ലേഖനങ്ങൾ