ആഴ്ചയിൽ ഏഴു ദിവസം ആരംഭിച്ചതെങ്ങനെ?
ഫദ്‍ലുൽ ഹഖ് ഉമരി ആമയൂർ.
Last Update 2020 November 27, 1442 Rabi Al-Akhar 12
അവലംബം: islamqa
ചോദ്യം: എല്ലാം അല്ലാഹു സൃഷ്ടിച്ചത് ആറ് ദിവസം കൊണ്ടാണെങ്കിൽ പിന്നെ എന്തുകൊണ്ടാണ് ആഴ്ചയിൽ ഏഴു ദിവസം?
ഉത്തരം: ഏഴു ദിവസം എന്നുള്ള ഈ വിഭജനം എന്തു കൊണ്ട് എന്നോ അത് എപ്പോൾ മുതൽ തുടങ്ങിയെന്നോ നമുക്ക് കൃത്യമായി പറയാൻ സാധ്യമല്ല. അതായത് ആകാശ ഭൂമികളുടെ വിഭജനത്തിലേക്ക് എത്തിച്ചത് കൃത്യമായി പറയാൻ കഴിയില്ല.
കാരണം ഇക്കാര്യത്തെ കൃത്യമായി അറിയിക്കുന്ന ഖണ്ഡിതമായ തെളിവ് നമുക്ക് ലഭിച്ചിട്ടില്ല. ചരിത്രങ്ങളും മുൻ സമുദായങ്ങളുടെ പതിവുകളും പരിശോധിക്കുമ്പോൾ ഈ വിഭജനത്തിന് മതവുമായി ബന്ധമുണ്ട് എന്നും മതത്തിൽ നിന്നും സ്വീകരിക്കപ്പെട്ടതാണ് എന്നും മതനിയമങ്ങളുമായി ബന്ധമുണ്ട് എന്നും മനസ്സിലാക്കുവാൻ സാധിക്കും.
ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ(رَحِمَهُ ٱللَّٰهُ) പറയുന്നു:
“ഗ്രന്ഥം നല്‍കപ്പെടാത്ത ഏതൊക്കെ സമുദായങ്ങളുണ്ടോ അവരുടെ ഭാഷകളിലൊന്നിലും (ഏഴു ദിവസങ്ങളുളള) ആഴ്ചയിലെ ദിനങ്ങള്‍ക്ക് നാമങ്ങളില്ല. അവരുടെ ഭാഷയിൽ ദിവസത്തിന്‍റെയും മാസത്തിന്‍റെയും വർഷത്തിന്‍റെയും പേരുകൾ കാണാൻ സാധിക്കും. ബുദ്ധികൊണ്ടും അനുഭവം കൊണ്ടും അറിയപ്പെട്ട കാര്യമാണിത്. സമുദായങ്ങളാണ് അവർക്ക് പേരുകൾ നൽകിയത്. എന്നാൽ ആഴ്ചയിലെ ദിവസങ്ങളെ കുറിച്ച് തലമുറകളിൽ നിന്ന് കേട്ടുകൊണ്ടാണ് മനസ്സിലാക്കിയിട്ടുള്ളത്. ആറു ദിവസങ്ങളിലായിക്കൊണ്ട് അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചു എന്നും ശേഷം സിംഹാസനത്തില്‍ ആരോഹണം ചെയ്തു എന്നും നമ്മൾ മനസ്സിലാക്കിയത് അമ്പിയാക്കൻമാർ നമ്മളെ അറിയിച്ചു തന്നതിലൂടെയാണ്. അമ്പിയാക്കന്മാർ തന്നെയാണ് അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി ആഴ്ചയിലൊരു ദിവസം ഒരുമിച്ചു കൂടണം എന്ന് മതനിയമമായി പഠിപ്പിച്ചതും. ലോകത്തിന്‍റെ സൃഷ്ടിപ്പ് ആരംഭിച്ച സന്ദർഭത്തെ ആഴ്ചകളുടെ തുടക്കമായി ആ നിലയ്ക്ക് അവർ മനസ്സിലാക്കുകയാണ്. അറബി ഭാഷയിലും ഹീബ്രു ഭാഷയിലും ആഴ്ചയിലെ ദിവസങ്ങള്‍ക്കു നാമങ്ങളുണ്ട്. എന്നാൽ തുർക്കികൾ അങ്ങനെയല്ല. അവരുടെ ഭാഷയിൽ ആഴ്ചയിലെ ദിവസങ്ങള്‍ക്കു നാമങ്ങളില്ല കാരണം അതിനെകുറിച്ച് അവർക്കു അറിയില്ല. അതിനാല്‍ അവര്‍ക്കതിന് വാക്കുകളില്ല." (മജ്മൂഉൽ ഫതാവാ: 7/95).
ഡോ: ജവാദ് അലി പറയുന്നു:
“ഒരു മാസത്തെ നാലാക്കി ഭാഗിക്കാം. അതിലെ ഓരോ ഭാഗവും ഓരോ ആഴ്ചയാണ്. ഏഴു ദിവസത്തിലൂടെയാണ് ആഴ്ച രൂപപ്പെടുന്നത്. ഈ തരം തിരിക്കലിന്‍റെ ചിന്ത ചേർക്കപ്പെടുന്നത് ബാബിലോണിയക്കാരിലേക്കാണ്. എന്നാൽ ആഴ്ചകളുടെ ചിട്ടപ്പെടുത്തലുകളും ഇന്ന് അറിയപ്പെടുന്ന രൂപത്തിൽ അതിനെ തുടർന്ന് പോരലുമെല്ലാം ബാബിലോണിയക്കാരുടെ എത്രയോ കാലശേഷം തുടങ്ങിയതാണ്. "شبوعة" Shavu'ha എന്നാണ് തൗറാത്തിൽ (ഉൽപത്തി) ആഴ്ചയെക്കുറിച്ച് (الأسبوع) വന്നിട്ടുള്ളത്. സൃഷ്ടിപ്പിന്‍റെ സംഭവവും യഹൂദികളുടെ ശബ്ബത് ദിവസവും സംയോജിപ്പിച്ച് കൊണ്ട് ഇന്ന് പ്രചാരത്തിലുള്ള ആഴ്ചയുടെ വ്യവസ്ഥ കണക്കാക്കപ്പെട്ടു.)
അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.