ഇമാം ഗസ്സാലി رَحِمَهُ ٱللَّٰهُ യെ കുറിച്ചുളള പണ്ഡിത വീക്ഷണം
ഫദ്‍ലുൽ ഹഖ് ഉമരി ആമയൂർ
Last Update 2020 November 14, 1442 Rabi ul Awal 27
അവലംബം: islamqa
മുഹമ്മദുബ്നു മുഹമ്മദുബ്നു മുഹമ്മദുബ്നു അഹ്മദ് അത്ത്വൂസി എന്നാണ് അദ്ദേഹത്തിന്‍റെ മുഴുവൻ പേര്. ഗസ്സാലി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഹിജ്റ വർഷം 450 ത്വൂസ് പട്ടണത്തിലാണ് അദ്ദേഹം ജനിക്കുന്നത്. അദ്ദേഹത്തിന്‍റെ പിതാവിന് ത്വൂസിലുള്ള തന്‍റെ കടയിൽ പരുത്തി നെയ്ത് വിൽപ്പന നടത്തുന്ന ജോലിയായിരുന്നു.
ജീവിതത്തിൽ വ്യത്യസ്തങ്ങളായ മേഖലകളിലൂടെ കടന്നു പോയത് കൊണ്ട് ഗസ്സാലിയെ കുറിച്ച് വിശദീകരിക്കുകയാണെങ്കിൽ അത് നീണ്ടു പോകും. ഫിലോസഫിയിൽ കുറേക്കാലം മുഴുകുകയും ശേഷം അതിൽ നിന്നും മടങ്ങി അതിന്‍റെ ആളുകൾക്ക് തന്നെ മറുപടി പറയുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ശേഷം അദ്ദേഹം മുഴുകിയത് ഇൽമുൽ കലാമിലായിരുന്നു. അതിന്‍റെ നിയമങ്ങളും അടിസ്ഥാന തത്വങ്ങളും അദ്ദേഹം നല്ലപോലെ കൈവശമാക്കിയിരുന്നു. എന്നാൽ അതിലുള്ള ദോഷങ്ങളും വൈരുദ്ധ്യങ്ങളും അതിലുള്ള ആളുകളുടെ പരസ്പര തർക്കവും ബോധ്യപ്പെട്ടപ്പോൾ അതിൽ നിന്നും അദ്ദേഹം മടങ്ങുകയുണ്ടായി.
ഫിലോസഫിയുടെ ആളുകൾക്ക് മറുപടി പറയുന്ന കാലഘട്ടത്തിൽ അദ്ദേഹം ഇൽമുൽ കലാമിന്‍റെ ആളായിരുന്നു. ഈ കാലഘട്ടത്തിലാണ് ഹുജ്ജതുൽഇസ്‌ലാം എന്ന നാമം അദ്ദേഹത്തിന് ലഭിച്ചത്. ഫിലോസഫിയുടെ ആളുകളുടെ അഭിപ്രായങ്ങളെയും ആശയങ്ങളെയും തകർത്തെറിയുകയും ധൂളികളാക്കുകയും ചെയ്തതിന് ശേഷമായിരുന്നു അത്. ശേഷം അദ്ദേഹം ഇൽമുൽ കലാം അവഗണിക്കുകയും അതിൽ നിന്നും മടങ്ങി ബാത്വിനിയ്യത്തിന്‍റെ മേഖലയിലേക്ക് കുടിയേറുകയും അവരുടെ വിജ്ഞാനങ്ങൾ പഠിക്കുകയും ചെയ്തു. അധികം താമസിയാതെ ഈ ഒരു മേഖലയെയും അദ്ദേഹം നന്നായി തിരിച്ചറിയുകയും അതിന്‍റെ ഫലമായി അവരുടെ വിശ്വാസങ്ങളുടെ പൊള്ളത്തരങ്ങളെയും മതനിയമങ്ങൾ കൊണ്ടു അവർ നടത്തുന്ന കളികളും പ്രമാണങ്ങൾ കൊണ്ട് സമൂഹത്തിന്‍റെ മുമ്പിൽ വെളിവാക്കി കൊടുത്തു. അങ്ങനെ അദ്ദേഹം തസ്വവ്വുഫിന്‍റെ മാർഗത്തിലേക്ക് ചേക്കേറി. ഇമാം ഗസ്സാലി رَحِمَهُ ٱللَّٰهُ കടന്നുപോയ നാല് പ്രധാന ഘട്ടങ്ങളാണിത്.
ഇമാം ഗസ്സാലി رَحِمَهُ ٱللَّٰهُ യെ സംബന്ധിച്ച് അബു ഉമർ ഇബ്നു സലാം رَحِمَهُ ٱللَّٰهُ പറഞ്ഞത് എത്ര നല്ല വാചകമാണ്:
"അബൂ ഹാമിദിൽ ഗസാലി പലതും പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെപ്പറ്റി ആളുകൾ പലതും പറഞ്ഞിട്ടുണ്ട്. ഈ ഗ്രന്ഥങ്ങൾ-അതായത് സത്യത്തിന് വിരുദ്ധമായ ഗ്രന്ഥങ്ങൾ- നാം തിരിഞ്ഞു നോക്കേണ്ടതില്ല. എന്നാൽ ഗസ്സാലി എന്ന വ്യക്തിയെ സംബന്ധിച്ച് നാം മൗനം പാലിക്കുകയാണ് വേണ്ടത്. അദ്ദേഹത്തിന്‍റെ കാര്യം നമുക്ക് അല്ലാഹുവിലേക്ക് വിടാം". (അബൂ ഹാമിദിൽ ഗസ്സാലിയും തസ്വവ്വുഫും എന്ന പുസ്തകത്തിൽ നിന്ന്).
അബൂ ഹാമിദുൽഗസ്സാലി رَحِمَهُ ٱللَّٰهُ യുടെ ബുദ്ധി ശക്തിയും വ്യക്തി വൈഭവവും പ്രതിഭാ ശേഷിയും നീതിമാനായ ഒരാളും നിഷേധിക്കുകയില്ല. ഇമാം ദഹബി رَحِمَهُ ٱللَّٰهُ അദ്ദേഹത്തെക്കുറിച്ച് പറയുന്നു:
"കാലഘട്ടത്തിന്‍റെ അത്ഭുതവും ഇസ്‌ലാമിലെ തെളിവും സമുദ്രവും ഗ്രന്ഥ രചയിതാവും കുശാഗ്ര ബുദ്ധിയുടെ ഉടമയുമായ അശ്ശൈഖ് അൽഇമാം സൈനുദ്ദീൻ അബു ഹാമിദ് മുഹമ്മദുബ്നു മുഹമ്മദുബ്നു മുഹമ്മദുബ്നു അഹ്മദ് അത്ത്വൂസി അശ്ശാഫിഈ അൽഗസ്സാലി സ്വന്തം നാട്ടിലാണ് ആദ്യം മതവിജ്ഞാനം നേടുന്നത്. പിന്നീട് ഒരു സംഘം വിദ്യാർത്ഥികളോടൊപ്പം നൈസാബൂരിലേക്ക് പൊയി. അങ്ങിനെ ഇമാമുൽ ഹറമൈനിയോടൊപ്പം കൂടി (നിന്നു പഠിച്ചു). ചുരുങ്ങിയ കാലയളവ് കൊണ്ട് കർമശാസ്ത്രത്തിലും ഇൽമുൽ കലാമിലും നൈപുണ്യം നേടി. ഇങ്ങനെ സംവാദകരുടെ കണ്ണായി മാറി അദ്ദേഹം..." (സിയറു അഅ്‌ലാമിന്നുബലഅ്: 5/323)
ആരാധനയും ഭൗതിക വിരക്തിയും സദുദ്ദേശ്യവും സമുദ്ര സമാനമായ ഇസ്‌ലാമിക വിജ്ഞാനങ്ങളിലും ഉസൂലുകളിലും (നിദാന ശാസ്ത്രങ്ങൾ) കർമശാസ്ത്രത്തിലും തസവ്വുഫിലും ഇല്‍മുല്‍ കലാമിലും അഗാധ ജ്ഞാനവും ഉള്ളതോടൊപ്പം തന്നെ ഫൽസഫയിലേക്ക് ചായുന്ന ഒരു സമീപനമായിരുന്നു അദ്ദേഹത്തിന്‍റേത്. പക്ഷേ ഫൽസഫയെ തസവ്വുഫിലൂടെയും ഇസ്‌ലാമിക ശൈലിയിലൂടെയും ഭാഷയിലൂടെയും അവതരിപ്പിച്ചു. അതു കൊണ്ടു തന്നെ മുസ്‌ലിം ലോകത്തുള്ള പണ്ഡിതന്മാർ അദ്ദേഹത്തിന് മറുപടി കൊടുക്കുന്ന സാഹചര്യമുണ്ടായി. അദ്ദേഹത്തിന്‍റെ ഏറ്റവും അടുത്ത ആളുകൾ പോലും ഈ വിഷയത്തിൽ അദ്ദേഹത്തെ വിമർശിക്കുകയുണ്ടായി. അബൂബക്കറുബ്നു അറബി رَحِمَهُ ٱللَّٰهُ പറയുകയാണ്:
"നമ്മുടെ ശൈഖ് അബൂ ഹാമിദ് ഫൽസഫയുടെ വയറ്റിൽ പ്രവേശിച്ചു. അതിൽ നിന്നും പുറത്തു പോകാൻ ഉദ്ദേശിച്ചപ്പോൾ അദ്ദേഹത്തിന് സാധിക്കുന്നില്ല. ഇമാം ഗസ്സാലിയുടെ ബാത്വിനീ മദ്ഹബ് വാദം അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങളിൽ പ്രകടമാണ്." (മജ്മൂഉൽഫതാവാ: 4/66)
വൈജ്ഞാനിക വിഷയങ്ങളിൽ ഒരുപാട് മുന്നിട്ട വ്യക്തിയായിരുന്നു ഇമാം ഗസ്സാലി رَحِمَهُ ٱللَّٰهُ എങ്കിലും ഹദീസിലും ഹദീസ് നിദാന ശാസ്ത്രത്തിലും വളരെ പിറകിലായിരുന്നു അദ്ദേഹം. സഹീഹും ളഈഫും വേർതിരിക്കുമായിരുന്നില്ല. ഇബ്നു തൈമിയ്യ رَحِمَهُ ٱللَّٰهُ പറയുന്നു:
"മദ്ഹബു സ്സലഫിന് പുറത്തുള്ള ആളുകൾ മദ്ഹബുസ്സലഫിനെ കുറിച്ച് പറയുമ്പോൾ പലപ്പോഴും സ്വഹാബികളുടെ വാക്കുകളെ കുറിച്ചും മറ്റും വിജ്ഞാനം കുറഞ്ഞവരാണവർ. അബുൽ മആലിയും ഇമാം അബൂ ഹാമിദുൽ ഗസ്സാലിയും ഇബ്നുൽ ഖത്വീബുമെല്ലാം ഇതിനുദാഹരണമാണ്. ഹദീസുകളുടെ വിഷയത്തിൽ പ്രാഗൽഭ്യം നേടിയ പണ്ഡിതന്മരിൽ ഇവരെ ഉൾപ്പെടുത്തുന്നത് പോയിട്ട് സാധാരണക്കാരിൽ പോലും ഇവരെ പരിഗണിക്കുവാൻ പറ്റാത്ത വിധത്തിൽ ഹദീസിൽ പരിജ്ഞാനമില്ലാത്തവരാണ് അവർ. പൊതുജനങ്ങൾ കേട്ട് പറയുന്നതുപോലെ പറയുന്നു എന്നുള്ളതല്ലാതെ ഇമാം ബുഖാരിയെയൊ മുസ്‌ലിമിനെയോ അവരുടെ ഹദീസുകളെയോ ഇവർക്കറിയില്ല. ഹദീസ് പണ്ഡിതന്മാരുടെ അടുക്കൽ അംഗീകരിക്കപ്പെട്ടിട്ടുള്ള സ്വീകാര്യമായതേത് അസ്വീകാര്യമായതേത് കെട്ടിച്ചമച്ചതേത് എന്ന് വേർതിരിക്കാൻ ഇവർക്ക് അറിയില്ല. ഇവരുടെ ഗ്രന്ഥങ്ങൾ തന്നെ അതിനുള്ള ഏറ്റവും വലിയ തെളിവാണ്. അത്ഭുതങ്ങളാണ് ഈ വിഷയത്തിൽ അവരുടെ ഗ്രന്ഥങ്ങളിൽ ഉള്ളത്. ഇൽമുൽകലാമിലും തസ്വവ്വുഫിലും പെട്ട മൻഹജുസ്സലഫിൽ നിന്നും പുറത്തുപോയ ഇവർ അത് സമ്മതിക്കുകയും ചെയ്യുന്നു. ഈ സമ്മതം ഒന്നുകിൽ മരണ സന്ദർഭത്തിൽ ആയിരിക്കും അല്ലെങ്കിൽ മരണത്തിനുമുമ്പ് ആയിരിക്കും. ഈ വിഷയത്തിലുള്ള സംഭവങ്ങൾ ഒട്ടനവധിയാണ്... അബൂ ഹാമിദിൽ ഗസാലി അതിനൊരു ഉദാഹരണമാണ്. വലിയ ബുദ്ധിയുടെ ഉടമയാവുകയും ഫൽസഫയെക്കുറിച്ചും തർക്ക ശാസ്ത്രത്തെക്കുറിച്ചുമെല്ലാം നന്നായി അറിയുകയും വിരക്തിയുടെയും തസ്വവ്വുഫിന്റെയും മാർഗ്ഗത്തിൽ പ്രവേശിക്കുകയുമൊക്കെ ചെയ്തിട്ടും ഈ വിഷയങ്ങളിലെല്ലാം തന്‍റെ അവസാന കാലഘട്ടത്തിൽ പരിഭ്രാന്തനായി നിന്ന സാഹചര്യമാണ് ഉണ്ടായത് ...’’ (മജ്മൂഉൽഫതാവാ: 4/71)
ഇബ്നു തൈമിയ്യ رَحِمَهُ ٱللَّٰهُ തുടരുന്നു:
അബൂ ഹാമിദുൽ ഗസ്സാലി رَحِمَهُ ٱللَّٰهُ യുടെ ഗ്രന്ഥങ്ങളിൽ ഫൽസഫക്കാർക്കുള്ള മറുപടിയും അവർ കാഫിറുകളാണെന്ന് സമർത്ഥിക്കലും അമ്പിയാക്കൾക്കുള്ള ബഹുമാനം തുടങ്ങി ഉപകാരപ്രദവും നന്മ നിറഞ്ഞതുമായ ഒട്ടനവധി കാര്യങ്ങൾ ഉണ്ടെങ്കിലും അദ്ദേഹത്തിന്‍റെ ചില വചനങ്ങളിൽ ഫൽസഫക്കാരുടെ ആശയങ്ങളും അവരുടെ പിഴച്ച അടിസ്ഥാനങ്ങളും നുബുവ്വത്തിനു നിരക്കാത്ത ചില സംസാരങ്ങളും തികച്ചും ബുദ്ധിക്കെതിരായ ചില കാര്യങ്ങളും കാണുവാൻ സാധിക്കും. ഖുറാസാനിലെയും ഇറാഖിലെയും മൊറോക്കോയിലെയും പണ്ഡിതന്മാർ ഈ വിഷയങ്ങളിൽ ഗസ്സാലിക്കെതിരെ സംസാരിച്ചിട്ടുണ്ട്.
ഗസ്സാലിയുടെ തന്നെ സഹപാഠിയായിരുന്ന അബൂ ഇസ്‌ഹാഖ് അൽമുർഗൈനാനി رَحِمَهُ ٱللَّٰهُ , അബുൽവഫാ ഇബ്നു ഉഖൈൽ رَحِمَهُ ٱللَّٰهُ , ഖുശൈരി رَحِمَهُ ٱللَّٰهُ , ത്വർത്വൂശി رَحِمَهُ ٱللَّٰهُ , ഇബ്നു റുശ്ദ് رَحِمَهُ ٱللَّٰهُ , മാസിരീ رَحِمَهُ ٱللَّٰهُ , ആദ്യകാലക്കാരായ മറ്റു പണ്ഡിതന്മാർ തുടങ്ങിയവരൊക്കെ ഗസ്സാലിയെ വിമർശിച്ച ആളുകളാണ്. ശാഫിഈ പണ്ഡിതന്മാരെ കുറിച്ച് പറഞ്ഞ അബു അംറുബ്‌നു സ്വലാഹ് رَحِمَهُ ٱللَّٰهُ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. അബൂ സക്കരിയ അന്നവവി رَحِمَهُ ٱللَّٰهُ പറയുന്നു: "ഇമാം ഗസ്സാലിയുടെ കിതാബിൽ വന്നിട്ടുള്ള വിമർശനവിധേയമായതും അദ്ദേഹത്തിന്‍റെ മദ്ഹബിൽ പെട്ട ആളുകൾ തന്നെ എതിർത്തതുമായ പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള അധ്യായം. മുസ്തസ്വ്‌ഫയുടെ മുഖദ്ദിമയിൽ (ആമുഖത്തിൽ) അദ്ദേഹം പറഞ്ഞിട്ടുള്ള വാക്ക് ഇതിനുദാഹരണമാണ്: 'എല്ലാ വിജ്ഞാനങ്ങളുടെയും ആമുഖമാണിത്. ഇത് ആരെങ്കിലും ഉൾക്കൊള്ളാത്ത പക്ഷം അവന്‍റെ അറിവുകൾക്ക് യാതൊരു ദൃഢതയും ഇല്ല'.
ശൈഖ് അബൂ അംറ് رَحِمَهُ ٱللَّٰهُ പറയുന്നു: ബാഗ്ദാദിലെ അധ്യാപകനായ യൂസുഫുദ്ദിമശ്ഖിയിൽ നിന്നും ശൈഖ് ഇമാദുബ്നു യൂനുസ് പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്. അതായത് ഇമാം ഗസ്സാലിയുടെ ഈ വീക്ഷണത്തെ അദ്ദേഹം ഇപ്രകാരം എതിർത്തു സംസാരിച്ചിരുന്നു: "മഹത്വങ്ങളുടെയും ദൃഢതയുടെയും ഉന്നതങ്ങളിലേക്ക് എത്തിയ അബൂബക്കർ (റ) ഉമർ (റ) തുടങ്ങിയവരൊന്നും (ഇമാം ഗസ്സാലി പറഞ്ഞ) ആമുഖം അറിഞ്ഞവരോ അതിന്‍റെ കാരണങ്ങൾ മനസ്സിലാക്കിയവരോ അല്ല. " (അൽഅഖീദതുൽ അസ്വ്‌ഫഹാനിയ്യ1:169).
ഇമാം ദഹബി رَحِمَهُ ٱللَّٰهُ തന്‍റെ സിയറു അഅ്‌ലാമിന്നുബലാഅ് എന്ന ഗ്രന്ഥത്തിൽ മുഹമ്മദുൽ വലീദ് അത്തർത്വൂശീ رَحِمَهُ ٱللَّٰهُ ഇബ്നു മുളഫ്ഫറിനു എഴുതിയ ഒരു സന്ദേശത്തെ കുറിച്ച് പറയുന്നുണ്ട്. അത് ഇപ്രകാരമാണ്:
"അബൂ ഹാമിദുൽ ഗസ്സാലിയെ കുറിച്ച് താങ്കൾ ഇപ്രകാരം പറഞ്ഞുവല്ലോ; അതായത് മഹാപണ്ഡിതനും ബുദ്ധിയും ഗ്രാഹ്യ ശക്തിയും സമ്മേളിച്ച വ്യക്തിയും ജീവിതകാലം മുഴുവനും അറിവിനോട് ചേർന്ന് ജീവിച്ച ആളും തന്‍റെ കാലഘട്ടത്തിലെ ആദരിക്കപ്പെടുന്ന വ്യക്തിയുമൊക്കെയാണ് (ഗസ്സാലി) എന്ന്. എന്നാൽ പിന്നീട് ഉലമാക്കളുടെ വഴിയിൽ നിന്നും മാറണം എന്ന് അദ്ദേഹത്തിനു തോന്നി. അങ്ങിനെ ഉബ്ബാദുകളുടെ (ആരാധനകളിൽ മുഴുകിയവർ) ആഴങ്ങളിൽ അദ്ദേഹം പ്രവേശിച്ചു. ശേഷം തസവ്വുഫിലേക്ക് തിരിഞ്ഞു. വിജ്ഞാനങ്ങളെയും അതിന്‍റെ ആളുകളെയും ഉപേക്ഷിച്ചു. ആത്മീയ വിജ്ഞാനങ്ങളിലേക്കും ഹൃദയങ്ങളുടെ നിയന്ത്രണങ്ങളിലേക്കും പിശാചുക്കളുടെ വസ്‍വാസുകളിലേക്കും അദ്ദേഹം വഴിമാറി. പിന്നീട് അദ്ദേഹം ഫിലോസഫികളോടും ഹല്ലാജിന്‍റെ (സൂഫി) ആശയങ്ങളോടും സാദൃശ്യനായി. പണ്ഡിതന്മാരെ കുത്തിപ്പറയാൻ തുടങ്ങി. മതത്തിൽ നിന്നു തന്നെ ഊരിപ്പോകുന്ന അവസ്ഥയിലേക്ക് എത്താറായിട്ടുണ്ടായിരുന്നു അദ്ദേഹം. എന്നാൽ 'ഇഹ്‌യാഅ്' രചിച്ചതോടെ മനുഷ്യന്‍റെ അവസ്ഥകളെക്കുറിച്ചും സൂഫികൾ വാദിക്കുന്ന രഹസ്യങ്ങളെറിച്ചും പറയാൻ തുടങ്ങി. അദ്ദേഹമാകട്ടെ അതിനോട് പൂർണ്ണമായി ഇണങ്ങിയ ആളുമായിരുന്നില്ല. അതിനെ കുറിച്ചുള്ള പൂർണ്ണ വിജ്ഞാനവും ഉണ്ടായിരുന്നില്ല. അങ്ങിനെ അദ്ദേഹം സ്വയം നാശത്തിലേക്ക് എത്തുകയായിരുന്നു...
“ഞാൻ (ദഹബി) പറയട്ടെ: ഇഹ്‌യാഇൽ ഒരുപാട് പൊള്ളയായ ഹദീസുകളുണ്ട്. സൂഫികളുടെ വഴികേടുകളും ചില ഉലമാക്കളുടെ മാർഗ്ഗങ്ങളും തുടങ്ങി പലതും അതിൽ ഇല്ലായിരുന്നെങ്കിൽ ആ കിതാബിൽ ഒരുപാട് നന്മയുണ്ടാകുമായിരുന്നു. ഉപകാരപ്രദമായ അറിവിനു വേണ്ടി അല്ലാഹുവിനോട് നാം പ്രാർത്ഥിക്കുകയാണ്. എന്താണ് ഉപകാരപ്രദമായ അറിവ് എന്ന് നിനക്കറിയാമോ? ഖുർആനിൽ വന്നിട്ടുള്ളതും, വാക്കു കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും നബി ﷺ സ്വീകരിച്ചതും നിരോധനങ്ങൾ പറഞ്ഞിട്ടുള്ളതുമായ കാര്യങ്ങളാണ് ഉപകാരപ്രദമായ അറിവ്.
നബി ﷺ പറയുന്നു: "എന്‍റെ സുന്നത്തിനെ വല്ലവനും അവഗണിച്ചാൽ അവൻ എന്നിൽ പെട്ടവനല്ല". അതുകൊണ്ട് സഹോദരാ അല്ലാഹുവിന്‍റെ ഗ്രന്ഥത്തിനെക്കുറിച്ച് ചിന്തിക്കുക. ബുഖാരി, മുസ്‌ലിം, നസാഇ, ഇമാം നവവിയുടെ റിയാദുസ്സ്വാലിഹീൻ, അദ്കാർ, എന്നീ ഗ്രന്ഥങ്ങൾ ശ്രദ്ധിച്ചു വായിക്കുക പഠിക്കുക. ഫൽസഫയുടെ ഉബ്ബാദുകളുടെ അഭിപ്രായങ്ങളെയും രിയാളക്കാരുടെ പ്രവർത്തനങ്ങളെയും പുരോഹിതന്മാരുടെ വിശപ്പ് സഹിക്കലിനെയും ഏകാഗ്രതയിൽ ഇരിക്കുന്നവരുടെയും പ്രവർത്തനങ്ങൾ ഒഴിവാക്കുക. ഋജുവായ (ഇസ്‌ലാമിന്‍റെ) ശരിയായ പാത പിൻപറ്റുന്നതിനാലാണ് എല്ലാ നന്മയും ഉള്ളത്. അല്ലാഹുവിനോട് സഹായം തേടുന്നു. അല്ലാഹുവേ ചൊവ്വായ പാതയിലൂടെ വഴി നടത്തേണമേ".
ഇമാം മാസിരി ഫിഖ്ഹിന്‍റെ കാര്യത്തിൽ അബൂ ഹാമിദുൽ ഗസ്സാലിയെ പുകഴ്ത്തി പറയുന്നുണ്ട്. അദ്ദേഹം പറയുന്നു:
"ഫിഖ്ഹിന്‍റെ കാര്യത്തിൽ അതിന്‍റെ നിദാനശാസ്ത്രം അടക്കം നല്ലപോലെ അറിവുള്ള ആളാണ് ഗസ്സാലി. എന്നാൽ ഇല്‍മുല്‍ കലാം ദീനിന്‍റെ അടിസ്ഥാനങ്ങളിൽ പെട്ടതല്ല. അത് ഒരു ഭാഗം മാത്രമാണ്. അതിലാകട്ടെ ഗസ്സാലി പ്രാവീണ്യം നേടിയ ആളുമല്ല.
ആ വിഷയത്തിലുള്ള അദ്ദേഹത്തിന്‍റെ പ്രാവീണ്യക്കുറവ് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. കാരണം, നിദാനശാസ്ത്രങ്ങളുടെ മേഖലയിൽ പ്രാവീണ്യം നേടുന്നതിന് മുമ്പാണ് അദ്ദേഹം ഫൽസഫയുടെ വിജ്ഞാനങ്ങൾ വായിച്ചത്. യാഥാർത്ഥ്യങ്ങളോട് ഏറ്റുമുട്ടാൻ എളുപ്പമായതു കൊണ്ടും അർത്ഥം ഗ്രഹിക്കാനുള്ള അദ്ദേഹത്തിന്‍റെ ധൈര്യവുമാണ് ഫൽസഫ പഠിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. മാത്രവുമല്ല ഭാവനകളിലൂടെയാണ് ഫൽസഫക്കാർ സഞ്ചരിക്കാറുള്ളത്. മതനിയമങ്ങൾ അവർക്ക് തടസ്സമല്ല. ഇഖ്‌വാനുസ്സ്വഫയുടെ രിസാലകൾ (ലേഖനങ്ങൾ) എപ്പോഴും വായിച്ചു കൊണ്ടിരിക്കുന്ന ഒരു സുഹൃത്ത് എന്നെ പരിചയപ്പെട്ടു. അമ്പത്തിയൊന്ന് ലേഖനങ്ങളാണ് ഇഇഖ്‌വാനുസ്സ്വഫയുടെതായിട്ടുള്ളത്. മതപരമായ അറിവിലും യുക്തിയിലും പ്രാവീണ്യം നേടിയിട്ടുള്ള ഒരു വ്യക്തിയാണ് അത് രചിച്ചിട്ടുള്ളത്. അതു കൊണ്ടു തന്നെ രണ്ട് വിജ്ഞാന മേഖലകളെയും അദ്ദേഹം ഒന്നിപ്പിച്ചു. ഗ്രന്ഥങ്ങൾ കൊണ്ട് ഈ ലോകത്തെ തന്നെ നിറച്ചു കളഞ്ഞ ഇബ്നു സീന എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഫൽസഫയ്യിലുള്ള അദ്ദേഹത്തിന്‍റെ കഴിവ് ഇസ്‌ലാമിക വിശ്വാസങ്ങളുടെ അടിസ്ഥാനങ്ങളെ ഫൽസഫയുടെ വിജ്ഞാനങ്ങളിലേക്ക് കൊണ്ടെത്തിക്കാൻ അദ്ദേഹത്തിനു സഹായകരമായി. ആ വിഷയത്തിൽ അദ്ദേഹം കഠിനാധ്വാനം ചെയ്തു. മറ്റുള്ളവർക്കൊന്നും ചെയ്യാൻ സാധിക്കാത്തതായിട്ടുള്ള ഈ ഒരു ദൗത്യം നിർവഹിക്കുവാൻ ഇബ്നു സീനക്കു സാധിച്ചു. അദ്ദേഹം ക്രോഡീകരിച്ച് പലതും ഞാൻ കണ്ടിട്ടുണ്ട്.
ഫൽസഫയുടെ കാര്യത്തിൽ ഇമാം ഗസ്സാലി സൂചിപ്പിക്കുന്ന പല കാര്യങ്ങളിലും ഇബ്നുസീനയുടെ ഗ്രന്ഥങ്ങളിലേക്ക് മടങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ സൂഫീ വീക്ഷണങ്ങളിൽ ആരിലേക്കാണ് അദ്ദേഹം മടങ്ങുന്നത് എന്ന് എനിക്കറിയില്ല. എന്നാൽ അദ്ദേഹം കൊടുത്ത പല സൂചനകളും ഇബ്നു സീനയെ കുറിച്ച് പരാമർശിക്കുന്നതായി ഞാൻ കണ്ടിട്ടുണ്ട്. അബൂഹയ്യാൻ അത്തൗഹീദിയുടെ ഗ്രന്ഥത്തെക്കുറിച്ചും ഗസ്സാലി പരാമർശിക്കുന്നുണ്ട്. സൂഫി വീക്ഷണങ്ങളിൽ ഇദ്ദേഹമാണ് ഗസ്സാലിയുടെ അവലംബം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അബു ഹയ്യാനിനാകട്ടെ സൂഫിസത്തിൽ വലിയ സമാഹാരം തന്നെയുണ്ട്.
ഇഹ്‌യാഉ ഉലൂമുദ്ദീനൽ ഒരുപാട് ദുർബലങ്ങളായവയുണ്ട്... എന്നിട്ട് അദ്ദേഹം പറയുന്നു. ചില കാര്യങ്ങളൊക്കെ അതിൽ നല്ലതായി തോന്നാമെങ്കിലും അതിന്‍റെ അടിസ്ഥാനങ്ങൾക്ക് യാതൊരു യാഥാർത്ഥ്യവും ഇല്ല. നഖം വെട്ടുമ്പോൾ ആദ്യം ചൂണ്ടു വിരലിലെ നഖം വെട്ടണം. കാരണം മറ്റു വിരലുകളെക്കാൾ ആ വിരലിന് പ്രത്യേകതയുണ്ട്. അത് തസ്ബീഹ് ചൊല്ലാൻ ഉപയോഗിക്കുന്നതാണ്. ശേഷം നടുവിരലിന്‍റെ നഖം വെട്ടണം. കാരണം അത് ചൂണ്ടു വിരലിന്‍റെ വലതു ഭാഗത്താണ്. തള്ളവിരൽ കൊണ്ട് അവസാനിപ്പിക്കണം എന്ന് തുടങ്ങിയ കാര്യങ്ങളൊക്കെ അർത്ഥ രഹിതങ്ങളാണ്. ചില റിപ്പോർട്ടുകളും ഇതിനു വേണ്ടി അദ്ദേഹം കൊടുത്തിട്ടുണ്ട്".
ഞാൻ പറയട്ടെ (ദഹബി) ഇത് വ്യാജ നിർമ്മിത റിപ്പോർട്ടാണ്.....
അബുൽഫറജ് ഇബ്നുൽജൗസി رَحِمَهُ ٱللَّٰهُ പറയുന്നു: "അബു ഹാമിദ് ഇഹ്‌യാഅ് രചിച്ചു. ബാത്വിലായ ഒരുപാട് ഹദീസുകൾ അതിൽ കൊടുത്തു. അവ ബാത്വിലുകളാണെന്ന് അദ്ദേഹത്തിന് അറിയുമായിരുന്നില്ല. വെളിപാടുകളെ കുറിച്ച് സംസാരിച്ചു. ഫിഖ്ഹിന്‍റെ നിയമങ്ങളിൽ നിന്ന് അദ്ദേഹം പുറത്തു ചാടി. ഇബ്‌റാഹിം നബി കണ്ട സൂര്യനും ചന്ദ്രനും നക്ഷത്രവുമെല്ലാം അല്ലാഹുവിന്‍റെ മറയാകുന്ന പ്രകാശമാണെന്ന് പറഞ്ഞു. പ്രത്യക്ഷത്തിൽ ഉള്ളവയെ അദ്ദേഹം ഉദ്ദേശിച്ചില്ല. ഇതെല്ലാം ബാത്വിനിയാക്കളുടെ സംസാരങ്ങളുടെ ഭാഗമാണ്.” (അസ്സിയർ: 19/340)
ഇമാം ഗസ്സാലി رَحِمَهُ ٱللَّٰهُ തന്‍റെ ജീവിതത്തിന്‍റെ അവസാന കാലഘട്ടത്തിൽ അഹ്‌ലുസുന്നതി വൽജമാഅത്തിന്‍റെ വിശ്വാസത്തിലേക്ക് മടങ്ങി. ഖുർആനിലും സുന്നത്തിലും മുഖം കുത്തിയിരുന്നു. ഇല്‍മുല്‍ കലാമും അതിന്‍റെ ആളുകളെയും ആക്ഷേപിച്ചു സംസാരിച്ചു. അല്ലാഹുവിന്‍റെ കിതാബിലേക്കും റസൂലിന്‍റെ ﷺ സുന്നത്തിലേക്കും മടങ്ങുവാനും ഏതൊരു വിശ്വാസത്തിലായിരുന്നു സ്വഹാബികളും ഖിയാമത്ത് നാൾ വരെ നന്മയോടു കൂടി അവരെ തുടർന്നവരും ഉണ്ടായിരുന്നത് അതനുസരിച്ച് പ്രവർത്തിക്കുവാനും ഈ ഉമ്മത്തിനോട് അദ്ദേഹം വസ്വിയ്യത്ത് ചെയ്തു.
ശേയ്ഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ്യ(റഹിമഹുള്ള) പറയുന്നു:
"... അതിനു ശേഷം അദ്ദേഹം ഹദീസിന്‍റെ മാർഗത്തിലേക്ക് മടങ്ങുകയും 'ഇൽജാഉൽഅവാം അൻ ഇൽമിൽകലാം എന്ന ഗ്രന്ഥം രചിക്കുകയും ചെയ്തു." (മജ്മൂഉൽ ഫതാവാ: 4/72).
ഇമാം ഗസ്സാലിയുടെ ഈ ഗ്രന്ഥം നമ്മൾ പരിശോധിച്ചാൽ പല മേഖലകളിലൂടെയും അദ്ദേഹത്തിന്‍റെ മാറ്റം നമുക്ക് ബോധ്യപ്പെടും.
(1) സച്ചരിതരായ മുൻഗാമികളുടെ വിശ്വാസമാണ് ശരിയായ വിശ്വാസം എന്നും അവർക്കെതിരാകുന്നവർ ബിദ്അത്തിന്‍റെ ആളുകളാണെന്നും ഈ ഗ്രന്ഥത്തിൽ അദ്ദേഹം സമർത്ഥിക്കുന്നു.
(2) (അല്ലാഹുവിന്‍റെ സിഫാത്തുകളെ) വ്യാഖ്യാനിക്കാൻ പാടില്ല എന്ന് അദ്ദേഹം ശക്തമായി പറയുന്നു. അല്ലാഹുവിന്‍റെ സ്വിഫാത്തുകൾ സ്ഥിരപ്പെടുത്തുന്നതിലേക്കും വ്യാഖ്യാനിക്കാൻ പാടില്ല എന്നതിലേക്കും ക്ഷണിക്കുകയാണ് അദ്ദേഹം. കാരണം വ്യാഖ്യാനം നിഷേധത്തിലേക്കാണ് കൊണ്ടെത്തിക്കുക.
(3) ഇല്‍മുല്‍ കലാമിന്‍റെ ആളുകൾക്കെതിരെ ശക്തമായി സംസാരിക്കുന്നു. അവരുടെ അടിസ്ഥാനങ്ങളും അളവുകോലുകളുമെല്ലാം ആക്ഷേപാർഹമായ ബിദ്അത്ത് കൊണ്ടാണ് എന്നും മിക്ക ആളുകളും ദുരന്തത്തിൽപെട്ടു പോകാൻ അത് കാരണമാണ് എന്നും മുസ്‌ലിംകൾക്കിടയിൽ തിന്മയുടെയുടെ ഉത്ഭവത്തിന് അത് കാരണമാണ് എന്നും അദ്ദേഹം സമർത്ഥിക്കുന്നു. ഗസാലി പറയുന്നത് ഇപ്രകാരമാണ്:
"ജനങ്ങൾക്ക് അപകടം ചെയ്യും എന്ന് പറയാനുള്ള കാരണം അനുഭവങ്ങളും നേർക്കാഴ്ചകളും സാക്ഷ്യങ്ങളും തർക്ക ശാസ്ത്രത്തിന്‍റെ ആളുകൾ ഉണ്ടായതു മുതൽ ജനങ്ങൾക്കിടയിൽ വ്യാപിച്ചിട്ടുള്ള തിന്മകളുമാണ്. സ്വഹാബികളാകുന്ന ഒന്നാമത്തെ കാലഘട്ടം കഴിഞ്ഞതിനു ശേഷമാണ് ഇല്‍മുല്‍ കലാമിന്‍റെ വ്യാപനത്തിന്‍റെ തുടക്കം തന്നെ. അല്ലാഹുവിന്‍റെ പ്രവാചകനും ﷺ സ്വഹാബിമാരും ഇവർ പറയുന്ന വിഭജനങ്ങളുടെയും മറ്റും മാർഗത്തിലേക്ക് പ്രവേശിച്ചിട്ടില്ല എന്നതിന് വ്യക്തമായ തെളിവാണിത്. നബി ﷺ ക്കോ സ്വഹാബിമാർക്കോ സാധിക്കാത്ത കാര്യം ആയിരുന്നതുകൊണ്ടല്ല അത്. അത്തരം കാര്യങ്ങളിൽ നന്മ ഉണ്ടായിരുന്നെങ്കിൽ അവർ തന്നെ ചെയ്യുമായിരുന്നു. ഇവർ നടത്തിയതിനേക്കാളെല്ലാം കൂടുതൽ തെളിവുകളുടെ വിശകലനങ്ങളിലേക്ക് അവർ പ്രവേശിക്കുമായിരുന്നു".
അദ്ദേഹം വീണ്ടും പറയുന്നു:
"മുഹമ്മദ് നബി ﷺ യുടെ പ്രവാചകത്വം സമർത്ഥിക്കുന്നതിന് വേണ്ടി ജൂത നസ്വാറാക്കൾക്കതിരെ ഏറ്റവും കൂടുതൽ തെളിവുകൾ സമർത്ഥിക്കുന്നതിന്‍റെ ആവശ്യമുള്ളവരായിരുന്നു സ്വഹാബിമാർ. എന്നാൽ അതിനു വേണ്ടി ഖുർആനിലെ തെളിവുകളില്ലാത്ത മറ്റൊന്നും അവർ കൊണ്ടുവന്നിട്ടില്ല. ബുദ്ധിപരമായ അളവുകോലുകളോ സ്വയം നിർമ്മിത ആമുഖങ്ങളോ അവർ കൊടുത്തിട്ടില്ല. അതെല്ലാം കുഴപ്പങ്ങൾ ഉണ്ടാകാൻ കാരണമാകും എന്ന് അവർ നന്നായി മനസ്സിലാക്കിയവരായിരുന്നു. അല്ലാഹുവിൽ നിന്നുള്ള വിശദീകരണങ്ങൾ നൽകിയതിനു ശേഷം വാളും കുന്തവുമാണ് പിന്നീട് അവരെ തൃപ്തിപ്പെടുത്തിയത്". (അബൂ ഹാമിദുൽ ഗസ്സാലി വത്തസ്വവ്വുഫ് എന്ന ഗ്രന്ഥത്തിൽ നിന്ന്).
ഇമാം ഗസ്സാലിയെക്കുറിച്ച് അംഗീകാര യോഗ്യമായ ചില പണ്ഡിതന്മാർ പറഞ്ഞ കാര്യങ്ങളാണ് മുകളിൽ സൂചിപ്പിച്ചത്. സന്മാർഗം ഉദ്ദേശിക്കുന്നവർക്ക് ഇത് എത്രയോ മതിയായതാണ് എന്ന് കരുതുന്നു. യഥാർത്ഥ മാർഗത്തിലേക്ക് വഴി നടത്തുന്നവൻ അല്ലാഹുവാണ്.