ആദ്യമായി ജയിലുകൾ ആവിഷ്കരിച്ച ഇസ്‍ലാമിക ഭരണാധികാരി
അന്‍വര്‍ അബൂബക്കര്‍
Last Update 27 June 2025, 2 Muharram, 1447 AH
ചോദ്യം: ഇസ്‌ലാമിക ഭരണത്തിൽ ആദ്യമായി ജയിലുകൾ ആവിഷ്കരിച്ച ഭരണാധികാരി ആരാണ്?
ഉത്തരം: ഉമർ ബിൻ അൽഖത്താബ് (റളിയല്ലാഹു അന്‍ഹു)
നീതിയുടെയും നിയമത്തിന്‍റെയും ശക്തമായ മുന്നേറ്റം കാഴ്ചവെച്ച ഉമർ (റളിയല്ലാഹു അന്‍ഹു) ഖലീഫയായിരുന്ന കാലത്താണ് കുറ്റവാളികളെ പ്രത്യേകം തടവിൽ വെക്കുന്നതിനുള്ള ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ ജയിൽ സംവിധാനം പ്രയോഗത്തില്‍ വന്നത്. മക്കയിൽ സഫ്‌വാൻ ഇബ്‌നു ഉമയ്യയുടെ വീട് വാങ്ങികൊണ്ട് അതിനെ ഒരു തടവറയാക്കി മാറ്റിയായിരുന്നു അതിന് തുടക്കം കുറിച്ചത്. ശരീഅത്തിന് വിരുദ്ധമല്ലാത്ത രീതിയിൽ ജീവനക്കാരുടെ കാര്യങ്ങൾ ചിട്ടപ്പെടുത്തുകയും തൊഴിൽ സംവിധാനങ്ങളെ ക്രമപ്പെടുത്തുകയും ചെയ്യുന്നത് മനുഷ്യനിർമ്മിത രീതിയായിരുന്നാലും, പൊതുജന താൽപ്പര്യം സംരക്ഷിക്കുന്നതിനെ ലക്ഷ്യമിടുന്ന ഇത്തരം നടപടികൾ ശരീഅത്തിന്‍റെ അടിസ്ഥാന തത്വങ്ങൾക്ക് ഒരിക്കലും വിരുദ്ധമാകുന്നില്ല.
ശിക്ഷ നൽകുമ്പോൾ ഏതൊരവസ്ഥയിലും അനീതി സംഭവിക്കരുതെന്ന ലക്ഷ്യത്തോടെ ഉമര്‍(റളിയല്ലാഹു അന്‍ഹു) ധൈര്യപൂർണ്ണമായ സമീപനമാണ് ഈ ഒരു പരിഷ്കാരത്തിലൂടെ സ്വീകരിച്ചത്. നിയമത്തിന്‍റെ മേൽക്കോയ്മ ഉറപ്പാക്കാൻ ശക്തമായ നിരീക്ഷണവും നടപടികളും സ്വീകരിച്ചതുവഴി ദുര്‍ബലരും ശക്തരും ഒരേ നിയമം പാലിക്കേണ്ടതെന്ന ഉത്തമ സംസ്‌കാരം നടപ്പിലാക്കാൻ അദ്ദേഹത്തിന് സാധിച്ചു. നിയമവും ശിക്ഷാവിധിയും ഉറപ്പാക്കേണ്ടത് ഭരണാധികാരികളുടെ പ്രധാന ഉത്തരവാദിത്വമാണ്. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ മാത്രം ശിക്ഷ അനിവാര്യമാകാം, പക്ഷേ അതിൽ നീതി ഉറപ്പാക്കണം. പൊതുസമൂഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വവും ഭരണാധികാരികൾക്കുണ്ട്. ഇസ്‌ലാമിക ഭരണസംവിധാനത്തിൽ തടവുശിക്ഷയെ ഒരു നിയമബദ്ധമായ സംവിധാനമാക്കി മാറ്റിയത് ഉമർ (റളിയല്ലാഹു അന്‍ഹു) ആയിരുന്നു എന്നത് ചരിത്രപരമായ അത്യന്തം പ്രാധാന്യമുള്ള ഒരു നിമിഷമാണ്.!
പ്രസ്തുത ഭരണകാലത്ത് ജയിലിന്‍റെ ആശയം ആദ്യമായി നിർവചിക്കപ്പെട്ടപ്പോൾ അതിന്‍റെ അടിസ്ഥാന തത്വങ്ങളില്‍ നീതിക്ക് പരമപ്രധാനത നൽകിയിരുന്നു. എന്നാൽ, ഇന്നത്തെ പല രാജ്യങ്ങളിലെ ജയിലുകളിലും ഈ ഒരു കാര്യം വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ല, അതുമാത്രമല്ല, അവിടെയെല്ലാം ശിക്ഷക്കാണ് മുഖ്യ പ്രാധാന്യം നല്‍കുന്നത്. എന്നാല്‍, ഉമർ(റളിയല്ലാഹു അന്‍ഹു)വിന്‍റെ ഇസ്‌ലാമിക നീതിന്യായ വ്യവസ്ഥയുടെ പ്രധാന ലക്ഷ്യം ശിക്ഷയല്ല, മറിച്ച് പരിവര്‍ത്തനമായിരുന്നു. കുറ്റവാളികളെ തിരിച്ച് നല്ല പൗരന്മാരാക്കാനുള്ള ശ്രമം!
ഉമർ(റ)വിന്‍റെ കാലത്തെ ജയിൽ സംവിധാനം ഇന്നത്തെ ജയിലുകളേക്കാൾ വ്യത്യസ്തവും കൂടുതൽ മനുഷ്യത്വപരവുമായിരുന്നു. ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ, ജയിലിൽ പ്രവേശിക്കുന്ന പലരും അവിടെ കൂടുതൽ കുറ്റവാളികളായി മാറുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ക്രിമിനൽ ഗ്യാംഗുകളുടെ സാന്നിദ്ധ്യമുള്ളതിനാൽ, ചെറിയ കുറ്റക്കാർ പോലും വലിയ കുറ്റവാളികളായി പുറത്തുവരുന്ന കാഴ്ച! ഉമർ (റളിയല്ലാഹു അന്‍ഹു) തുടക്കം കുറിച്ച ജയില്‍ സംവിധാനം ഇസ്‌ലാമിക അടിസ്ഥാന തത്വങ്ങളിൽ സ്ഥാപിക്കപ്പെട്ടതിനാൽ, അവിടെ ആത്മസംസ്കരണം, കനിവ്, മതബോധനം എന്നിവ മുഖാന്തിരം കുറ്റവാളികളുടെ ക്രിമിനൽ മനോഭാവം മാറ്റാനുള്ള പരമാവധി ശ്രമങ്ങൾ പ്രാവർത്തികമാക്കിയിരുന്നു. ഇന്നും ഇസ്‌ലാമിക രാജ്യങ്ങളിൽ ഈ മാതൃക തുടര്‍ന്നു പോരുന്നുണ്ട്.
വലിയ സാമ്പത്തിക ശേഷിയുള്ളവർക്ക് പലപ്പോഴും ജയിലിൽ പോകേണ്ടി വരാതെ രക്ഷപ്പെടാനുള്ള സാഹചര്യം ഇന്നത്തെ സമൂഹത്തിൽ കാണാം. ധനികർ വലിയ അഭിഭാഷകരെ നിയമിച്ച് നിയമപ്രക്രിയയെ വഷളാക്കുകയും ശിക്ഷയിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്ന സംഭവങ്ങൾ പതിവായിരിക്കുകയാണ്. എന്നാൽ, ഇസ്‌ലാമിക ഭരണത്തിൽ, ആരായാലും ഒരേ നിയമം അനുഭവിച്ചറിയണമെന്നത് നിർബന്ധമാണ്. മാത്രമല്ല, ആധുനിക ജയിലുകളിൽ ക്രൂരത, മനുഷ്യാവകാശ ലംഘനങ്ങൾ, ചിലപ്പോൾ തീവ്രമായ പീഡനവും ഉണ്ടായികൊണ്ടിരിക്കുന്നു. ഇസ്‌ലാമിക ഭരണസംവിധാനത്തിൽ ഇത്തരത്തിലുള്ള അവസ്ഥ അനുവദിച്ചതുമില്ല, അംഗീകരിച്ചതുമില്ല. മാത്രമല്ല, ജയിലിലുള്ളവരെ തിരിച്ച് നല്ല പൗരന്മാരാക്കാൻ ചെയ്യുന്ന ശ്രമങ്ങൾക്കാണ് ഏറ്റവും വലിയ മുൻഗണന നൽകിയിരുന്നത്.
ജയിലുകളുടെ കാര്യത്തിലും തടവുകാരോടുളള സമീപനത്തിലും ഇസ്‌ലാം വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട്. ഏതെങ്കിലും സ്ഥലത്തോ കാലത്തോ ഇതുപോലെയുള്ള നീതിന്യായസംവിധാനം കണ്ടെത്തുക അസാധ്യമാണ്. തടവുകാരെ സംബന്ധിച്ച വിധിന്യായങ്ങൾ, അവരുടെ സാഹചര്യങ്ങള്‍, അവരോടുള്ള പെരുമാറ്റം എന്നിവയെക്കുറിച്ച് കര്‍മ്മശാസ്ത്ര പണ്ഡിതൻമാർ അവരുടെ ഗ്രന്ഥങ്ങളിൽ വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, തടവുകാർക്കും അവരുടെ ഭാര്യമാർക്കും സംരക്ഷണം നൽകുന്നതിനായി, ജയിലിൽ അനുയോജ്യമായ ഒരു സ്ഥലം ഉണ്ടെങ്കിൽ, അവർക്ക് ഭാര്യമാരെ കാണാനും അവരുമായി സ്വകാര്യബന്ധം പുലർത്താനും അനുമതി നൽകണം. ജയിലായി ഉപയോഗിക്കുന്ന സ്ഥലം വിശാലവും, വൃത്തിയുള്ളതും, മതിയായ വായുസഞ്ചാരമുള്ളതും, പ്രകൃതിദത്ത സൂര്യപ്രകാശം ലഭിക്കുന്നതുമായിരിക്കണം. കൂടാതെ, ശുചിത്വമുള്ള ടോയ്‌ലറ്റുകൾ ഉൾപ്പെടെയുള്ള ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും അവിടെ ഉണ്ടായിരിക്കണം. ഈ അടിസ്ഥാന സൌകര്യം ഇല്ലാത്ത സ്ഥലത്ത് തടവുകാരെ ഒരുമിച്ചുകൂട്ടുന്നത് ഇസ്‍ലാമില്‍ അനുവദനീയമല്ല. ഇതുപോലെ, കുറ്റവാളികളോട് ചെയ്യാന്‍ പാടില്ലെന്ന് ഇസ്‌ലാം പഠിപ്പിക്കുന്ന നിയമങ്ങള്‍ അപഗ്രഥിച്ചാൽ, മനുഷ്യന്‍റെ സംരക്ഷണത്തിനായുള്ള ഇസ്ലാമിന്‍റെ കരുതലും മനുഷ്യത്വത്തോടുള്ള ആദരവും എന്തുമാത്രം മാനവികമാണെന്ന് ആരെയും ബോധ്യപ്പെടുത്തും, തീര്‍ച്ച.
