ഏറ്റവും അവസാനം വഫാത്തായ സ്വഹാബി
അന്‍വര്‍ അബൂബക്കര്‍
Last Update 11 February 2026, 23 Shaʻban, 1447 AH
ചോദ്യം: നബിﷺയുടെ സ്വഹാബിമാരില്‍ ഏറ്റവും അവസാനമായി മരിച്ച സ്വഹാബി ആരാണ്?
ഉത്തരം: അബൂ തുഫൈല്‍ ആമിര്‍ ബിന്‍ വാഥില (റളിയല്ലാഹു അന്‍ഹു)
മുഹമ്മദ് നബിﷺയെ നേരില്‍ കണ്ടും അനുഗമിച്ചും ജീവിച്ച സ്വഹാബികളില്‍ അവസാനം വഫാത്തായ വ്യക്തിയെന്ന നിലയില്‍ അബൂ തുഫൈല്‍ ആമിര്‍ ബിന്‍ വാഥില (റളിയല്ലാഹു അന്‍ഹു) ഇസ്‌ലാമിക ചരിത്രത്തില്‍ പ്രത്യേക സ്ഥാനമര്‍ഹിക്കുന്നു. സ്വഹാബികളുടെ കാലഘട്ടം അവസാനിക്കുകയും താബിഉകളുടെ തലമുറ ശക്തമായി വളരുകയും ചെയ്ത ഘട്ടത്തില്‍ ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ ജീവിതം, നബിﷺയുടെ തലമുറയും അതിനു ശേഷമുള്ള തലമുറയും തമ്മിലുള്ള ഒരു ജീവിച്ച പാലമായി നിലകൊള്ളുന്നു. “നബിﷺയെ നേരില്‍ കണ്ട സ്വഹാബിമാരില്‍ അവസാനം മരിച്ച സ്വഹാബി” എന്ന വിശേഷണം തന്നെ അദ്ദേഹത്തിന്റെ ചരിത്രപ്രാധാന്യം വ്യക്തമാക്കുന്നു.
അബൂ തുഫൈല്‍ (റളിയല്ലാഹു അന്‍ഹു)വിന് മുമ്പ് അവസാനമായി വഫാത്തായ സ്വഹാബി അനസ് ബിന്‍ മാലിക് (റളിയല്ലാഹു അന്‍ഹു) ആയിരുന്നു. അബൂ തുഫൈല്‍ (റളിയല്ലാഹു അന്‍ഹു) തന്നെയാണ് അവസാനമായി വഫാത്തായ സ്വഹാബിയെന്ന കാര്യം സ്വഹീഹ് മുസ്‍ലിമില്‍ അബൂ തുഫൈല്‍ (റളിയല്ലാഹു അന്‍ഹു) നിവേദനം ചെയ്യുന്ന ഈ ഹദീസ് സാക്ഷ്യപ്പെടുത്തുന്നു: “ഞാന്‍ അല്ലാഹുവിന്റെ പ്രവാചകനെ ﷺ കണ്ടിട്ടുണ്ട്; ഭൂമിയുടെ മേല്‍ അദ്ദേഹത്തെ കണ്ട മറ്റൊരാളും ഇന്ന് ഭൂമുഖത്ത് ശേഷിക്കുന്നില്ല.” ഈ വാക്കുകള്‍, സ്വഹാബികളുടെ മഹത്തായ തലമുറയുടെ അവസാന കണ്ണിയായി അബൂ തുഫൈല്‍ (റളിയല്ലാഹു അന്‍ഹു) നിലകൊണ്ടിരുന്നുവെന്ന ചരിത്രസത്യം ശക്തമായി അടയാളപ്പെടുത്തുന്നുണ്ട്.
മുഹമ്മദ് നബിﷺക്ക് മനുഷ്യരില്‍ അദ്ദേഹത്തിന് യോജിച്ചത്ര സൗന്ദര്യം അല്ലാഹു നല്‍കിയിട്ടുണ്ട്. അവിടുത്തെ ശാരീരിക ഗുണഗണങ്ങളും ആത്മീയ മഹത്വങ്ങളും രീതികളും സ്വഹാബിമാര്‍ കൃത്യമായി പിന്‍തലമുറകളിലേക്കു കൈമാറിയിട്ടുണ്ട്. ഇതുവഴി നബിﷺയുടെ വ്യക്തിത്വം ചരിത്രത്തില്‍ വ്യക്തമായി രേഖീകരിക്കപ്പെട്ടു. അബൂ തുഫൈല്‍ (റളിയല്ലാഹു അന്‍ഹു) നബിﷺയെ നേരില്‍ കണ്ട അനുഭവത്തെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍, അവിടുത്തേക്ക് തെളിഞ്ഞ വെളുപ്പുള്ള, ആകര്‍ഷകമായ മുഖകാന്തിയുണ്ടായിരുന്നു. ശരീരഘടനയില്‍ മിതത്വം പുലര്‍ത്തിയവനായിരുന്നു; അഥവാ അമിതവണ്ണമുള്ളവനോ അത്യധികം ക്ഷീണിച്ചവനോ ആയിരുന്നില്ല, അതുപോലെ അതിയായി ഉയരമുള്ളവനോ ഉയരംകുറഞ്ഞവനോ ആയിരുന്നില്ല. ഈ മിതത്വം തന്നെയാണ് നബിﷺയുടെ സൃഷ്ടിസൗന്ദര്യത്തിന്റെ പ്രത്യേകതയായി പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നത്. നബിﷺയെ കുറിച്ചുളള ഇത്തരം വിവരങ്ങള്‍ നമുക്ക് ലഭിച്ചതില്‍ അബൂ തുഫൈല്‍ (റളിയല്ലാഹു അന്‍ഹു)വിന്റെ പങ്ക് വിസ്‍മരിക്കാവതല്ല.
ഇമാം നവവി (റഹിമഹുല്ലാഹ്) വ്യക്തമാക്കുന്നതനുസരിച്ച്, സ്വഹാബിമാരുടെ കൂട്ടത്തില്‍ ഏറ്റവും അവസാനം വഫാത്തായ വ്യക്തി അബൂ തുഫൈല്‍ ആമിര്‍ ബിന്‍ വാഥില (റളിയല്ലാഹു അന്‍ഹു) തന്നെയാണെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്. അദ്ദേഹത്തിന്റെ വഫാത്ത് ഹിജ്റ 100-ാം വര്‍ഷത്തിലാണെന്നും ഇമാം നവവി (റഹിമഹുല്ലാഹ്) രേഖപ്പെടുത്തുന്നു. (തഹ്ദീബ് അല്‍അസ്മാഅ് വല്‍ലുഗാത്ത് (1/16))
