അല്ലാഹു സംരക്ഷിച്ച ഹറമിലെ രണ്ട് കല്ലുകള്‍!
അന്‍വര്‍ അബൂബക്കര്‍
Last Update 5 August 2025, 11 Safar, 1447 AH
ചോദ്യം: കഅ്ബാലയത്തിനകത്തും പുറത്തും സകല കല്ലുകളെയും വിഗ്രഹങ്ങളായി സ്വീകരിച്ചിരുന്നവരാണല്ലോ മക്കാ മുശ്രിക്കുകള്‍. അവരുടെ ആരാധനകളില്‍ അകപ്പെടാതെ രണ്ട് കല്ലുകളെ അല്ലാഹു സംരക്ഷിച്ചു. ഏതൊക്കെയാണ് ആ രണ്ട് കല്ലുകള്‍?
ഉത്തരം: ഹജറുല്‍ അസ്‌വദ്, മഖാമു ഇബ്‍റാഹിം
മക്കയിലെ മുശ്‍രിക്കുകള്‍ കഅ്ബയുടെ അകത്തും അതിന്റെ ചുറ്റുമുള്ള കല്ലുകളെയും വിശുദ്ധവസ്തുക്കളായി കാണുകയും, അവയെ പലപ്പോഴും വിഗ്രഹാരാധനയുടെ ഭാഗമായി മാറ്റുകയും ചെയ്തിരുന്നു. കഅ്ബയുടെ അടുത്തും പരിസരങ്ങളിലുമായി 360-ലധികം വിഗ്രഹങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് മക്കയുടെ ചരിത്രം വ്യക്തമാക്കുന്നു. എങ്കിലും, ഇവരുടെ ശിര്‍ക്കില്‍ ഉള്‍പ്പെടാതിരിക്കാന്‍ അല്ലാഹു തന്റെ നിയന്ത്രണത്തിലൂടെ സംരക്ഷിച്ച രണ്ട് കല്ലുകള്‍, പിന്നീട് ഇസ്‌ലാമിക ആരാധനയുടെ ഭാഗമായി മാറിയത് അതിശയകരമായ ഒരു ചരിത്രസത്യമാണ്. അതെ, ഹജ്റുല്‍ അസ്‍വദും മഖാമു ഇബ്‍റാഹീമുമാണ് ആ രണ്ട് കല്ലുകള്‍. മുശ്‌രിക്കുകളുടെ ആരാധനയില്‍നിന്ന് അല്ലാഹു ഇവയെ സംരക്ഷിച്ചതിനാല്‍ ഒരാള്‍പോലും ഈ കല്ലുകളെ വിഗ്രഹാരാധനയുടെ നിലയില്‍ ആരാധിച്ചിട്ടില്ല. അത് അവരുടെ ആരാധനയുടെ ഭാഗമായിരുന്നെങ്കില്‍, പിന്നീട് മുഹമ്മദ് നബി (ﷺ)യുടെ പിറകെ വരുന്നവര്‍ക്ക് ഇസ്‌ലാമിനെയും പ്രവാചകനെയും വിമര്‍ശിക്കാന്‍ വഴിയുണ്ടാകുമായിരുന്നു. ‘മക്കയിലെ മുശ്‍രിക്കുകള്‍ ആരാധിച്ചിരുന്ന കല്ലുകളെയാണ് ഇന്നും മുസ്ലിംകള്‍ ആദരിക്കുന്നത്’ എന്ന ആരോപണം ഉന്നയിക്കാന്‍ അവര്‍ക്ക് അവസരമുണ്ടാകുമായിരുന്നു.
അല്ലാഹുവിനെ ആരാധിക്കുന്നതിനായി ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട ആദ്യ മന്ദിരമാണ് കഅ്ബാലയം. അതിന്റെ തുടക്കം മുതല്‍തന്നെ ഏകദൈവാരാധനക്ക് സാക്ഷ്യം വഹിച്ചു കൊണ്ടിരുന്ന ഒരു വിശിഷ്ട കല്ലാണ് ഹജറുല്‍ അസ്‍വദ്. സ്വര്‍ഗത്തില്‍ നിന്നാണ് ഈ കല്ല് കൊണ്ടുവന്നത് എന്നും, മുഹമ്മദ് നബി(ﷺ) അതിനെ സ്വന്തം കയ്യാല്‍ ചുംബിച്ചു എന്നതുമാണ് അതിന്റെ പ്രത്യേകത. ഹജ്ജ്, ഉംറ, ത്വവാഫ് എന്നിവയുടെ വേളയില്‍ ഹജറുല്‍ അസ്‍വദ് എന്ന ഈ കല്ല് ചുംബിക്കുന്നത് സുന്നത്ത് ആകുന്ന ഒരു ആരാധനയായി അല്ലാഹു നിശ്ചയിച്ചിരിക്കുന്നു.
കഅ്ബയുടെ വാതിലിന് മുമ്പ്, എല്ലാവര്‍ക്കും കാണാനാകുന്ന വിധത്തില്‍, അതിന്റെ വാതിലിനെ അഭിമുഖീകരിച്ച് ശരാശരി വലതുഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ കല്ലാണ് മഖാമു ഇബ്രാഹീം. മക്വാമു ഇബ്‌റാഹീം എന്ന വാക്കിന് ഇബ്‌റാഹീം നബി (അലൈഹിസ്സലാം) നിന്ന സ്ഥാനം എന്നാണ് ഭാഷാര്‍ത്ഥം. മഹാനായ ഇബ്രാഹിം നബി (അലൈഹിസ്സലാം) കഅ്ബയുടെ നിര്‍മാണം നടത്തുമ്പോള്‍, ചുമരുകളുടെ പൊക്കം കൂടിയതിനെ തുടര്‍ന്ന് കയറിനില്‍ക്കേണ്ടതായി വന്നപ്പോള്‍ ഉപയോഗിച്ച കല്ലാണ് ഇതെന്ന് ചരിത്രം വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ ഈ കല്ലില്‍ ഇബ്രാഹിം നബി(അലൈഹിസ്സലാം)യുടെ കാല്‍പാദ ചിഹ്നങ്ങള്‍ അനായാസം തിരിച്ചറിയാവുന്ന വിധത്തില്‍ രേഖപ്പെട്ടു കിടന്നിരുന്നു. നിര്‍മാണ സമയത്ത്, ഇസ്മാഈല്‍ നബി (അലൈഹിസ്സലാം) പിതാവായ ഇബ്രാഹിം നബി (അലൈഹിസ്സലാം)ക്ക് ഓരോ കല്ലുകളും എടുത്തുകൊടുക്കുകയും, ഓരോ ചുമരിന്റെയും പടവുയര്‍ന്ന് വരുമ്പോള്‍ ഈ കല്ല് അടുത്തടുത്തായി മാറ്റിവെക്കുകയും ചെയ്തിരുന്നതായി ചരിത്രരേഖകളിലുണ്ട്. കഅ്ബയുടെ നിര്‍മാണം അവസാനിക്കുമ്പോഴേക്കും ഇബ്രാഹിം നബി (അലൈഹിസ്സലാം) കയറിനിന്ന് ജോലി ചെയ്ത അതേ കല്ലില്‍ അദ്ദേഹത്തിന്റെ കാല്‍പാടുകള്‍ ആഴത്തില്‍ പതിഞ്ഞ് പോയതും ചരിത്രത്തില്‍ രേഖയായി അവശേഷിക്കുന്നു. ഇബ്നു കഥീര്‍(റഹിമഹുല്ലാഹ്) രേഖപ്പെടുത്തി: “ ഇബ്‍റാഹീമിന്റെ കാല്‍പ്പാടുകള്‍ ഇപ്പോഴും കല്ലില്‍ കാണാം. ജാഹിലിയ്യാ കാലത്ത് അറബികള്‍ക്ക് ഈ വസ്‍തുത അറിയാമായിരുന്നു. അതുകൊണ്ടാണ് അബൂത്വാലിബ് അല്‍ലാമിയ്യ എന്നറിയപ്പെടുന്ന തന്റെ കവിതയില്‍ ഇങ്ങനെ പറഞ്ഞത്,
കല്ലില്‍ നഗ്നമായ കാലുകളുളള ഇബ്‍റാഹീമിന്റെ കാല്‍പ്പാടുകള്‍ ഇപ്പോഴും കാണാം.” (തഫ്‍സീര്‍ ഇബ്നുകഥീര്‍, സൂറഃ അല്‍ബക്വറ 125 വ്യാഖ്യാനം)
അനസ് ബ്‍നു മാലിക് (റളിയല്ലാഹു അന്‍ഹു) പറഞ്ഞതായി ഇബ്നു കഥീര്‍ (റഹിമഹുല്ലാഹ്) ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്: “പ്രവാചകന്റെ കാലത്തെ മുസ്‍ലിംകളും ഇബ്‍റാഹീം നബി(അലൈഹിസ്സലാം)യുടെ കാല്‍പ്പാടുകള്‍ ആ കല്ലില്‍ കണ്ടു, ഇബ്‍റാഹീമിന്റെ കാല്‍വിരലുകളും കാലടിയും മുദ്രിതമായ മഖാം ഞാന്‍ ഇപ്പോഴും കാണുന്നുണ്ട്, പക്ഷേ ആളുകള്‍ കൈകൊണ്ട് കല്ല് തടവി തേഞ്ഞുപോയതിനാല്‍ ആ കാല്‍പ്പാടുകള്‍ മാഞ്ഞുപോയി.” (തഫ്‍സീര്‍ ഇബ്നുകഥീര്‍, സൂറഃ അല്‍ബക്വറ 125 വ്യാഖ്യാനം)
ഇമാം ക്വത്താദഃ (റഹിമഹുല്ലാഹ്) പറഞ്ഞതായി ഇബ്‌നുജരീര്‍ (റഹിമഹുല്ലാഹ്) ഉദ്ധരിക്കുന്നു: “മഖാമു ഇബ്രാഹീമിന്റെ സമീപത്ത് നമസ്കരിക്കാന്‍ നമ്മോട് ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു. അതിനെ തൊട്ടുതടവാന്‍ നമ്മോട് ആജ്ഞയുണ്ടായിട്ടില്ല. മുന്‍സമുദായങ്ങള്‍ ചെയ്യാത്ത ഒരു കാര്യമാണ് ഈ ഉമ്മത്ത് അത്യുത്സാഹത്തോടെ ചെയ്യുന്നത്. ഇബ്രാഹീം നബി (അലൈഹിസ്സലാം)യുടെ കാല്‍മടമ്പിന്റെയും വിരലുകളുടെയും പാടുകള്‍ അതില്‍ കണ്ടവരില്‍ നിന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. ഈ ഉമ്മത്ത് അതിനെ തൊട്ടുതടവിയതിനാലാണ് ആ പാടുകള്‍ ഇല്ലാതായത്.” (തഫ്‍സീര്‍ ഇബ്നുകഥീര്‍, സൂറഃ അല്‍ബക്വറ 125 വ്യാഖ്യാനം)
അമാനി മൌലവി(റഹിമഹുല്ലാഹ്) എഴുതി: “ഇബ്‌റാഹീം നബി (അലൈഹിസ്സലാം)ക്കു ശേഷം -ആയിരക്കണക്കിന് കൊല്ലങ്ങള്‍ ആ കല്ല് കഅ്ബഃയുടെ ചുവരിനോട് തൊട്ട് കിടന്ന ശേഷം- അല്ലെങ്കില്‍ ചില രിവായത്തുകളില്‍ വന്നത്‌പോലെ, മലവെള്ളം വന്ന് കല്ല് ഒലിച്ച് പോകുമോ എന്ന് ഭയന്ന് മുമ്പാരോ സ്ഥാനത്ത് നിന്ന് നീക്കിവെക്കുകയും കൊല്ലങ്ങള്‍ പിന്നിടുകയും ചെയ്തശേഷം -ഉമര്‍ (റളിയല്ലാഹു അന്‍ഹു) അതിനെ ചുവരില്‍ നിന്ന് അല്‍പം അകറ്റിവെച്ചത് ത്വവാഫ് ചെയ്യുന്നവരുടെ സൗകര്യത്തെ മുന്‍നിറുത്തിയാണെന്നും ചില രിവായത്തുകളില്‍ കാണാം. ഏതായലും ഉമര്‍ (റളിയല്ലാഹു അന്‍ഹു) മാറ്റിവെച്ച സ്ഥാനത്ത് 1300ല്‍ പരം കൊല്ലം സ്ഥിതി ചെയ്ത ശേഷം, ത്വവാഫിന് വരുന്നവരുടെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന തിരക്കും ആധിക്യവും നിമിത്തം ലോകമുസ്‌ലിം പണ്ഡിതന്‍മാരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞറിഞ്ഞശേഷം- ഏതാണ്ട് പന്ത്രണ്ട് കൊല്ലം മുമ്പ് ഫൈസലുബ്‌നു അബ്ദില്‍ അസീസ് രാജാവ് ആ കല്ല് അല്പംകൂടി പുറകോട്ട് മാറ്റി സ്ഥാപിച്ചിരിക്കുന്നു. നൂറ്റാണ്ടുകളായി ഒരു ചെറിയ കെട്ടിടത്തില്‍ (ക്വുബ്ബയില്‍) പരക്കെ ആര്‍ക്കും കാണുവാന്‍ സാധ്യമല്ലാത്തവിധം അത് ഭദ്രമായി വെക്കപ്പെട്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ ആ കെട്ടിടം പൊളിച്ച് നീക്കി ഒരു വലിയ പളുങ്ക് കൂട്ടില്‍, പുറമെ നിന്ന് കാണത്തക്കവിധം കഅ്ബഃയുടെ മുന്‍ വശത്ത് അത് സ്ഥിതി ചെയ്യുന്നു.
മുഹമ്മദ് ത്വാഹിറുല്‍ കുര്‍ദീ – അല്‍മക്കീ എന്ന പണ്ഡിതന്‍ അദ്ദേഹത്തിന്റെ മക്വാമു ഇബ്‌റാഹീം എന്ന ഗ്രന്ഥത്തില്‍ ആ കല്ലിനെപ്പററി വിവരിച്ച ചില കാര്യങ്ങള്‍ അറിയുന്നത് സന്ദര്‍ഭോചിതമായിരിക്കും: ‘ഏതാണ്ട് ചതുരാകൃതിയിലുള്ള ആ കല്ലിന്റെ മുകള്‍ഭാഗത്ത് മൂന്ന് വശം 36 സെന്റീമീറ്റര്‍ വീതവും ഒരു വശം 38 സെന്റീമീറ്ററുമാകുന്നു. അടിഭാഗം അല്‍പം കൂടുതല്‍ വരും. ഉയരം – കനം – 20 സെന്റീമീറ്റര്‍. അതേ വലിപ്പത്തിലുള്ള ഒരു മാര്‍ബിള്‍ തറയില്‍ അത് ഉറപ്പിക്കപ്പെട്ടിരിക്കുന്നു. ഈ തറ മറ്റൊരു തറയിലും അതൊരു മരപ്പെട്ടിയിലുമാണ്. എല്ലാം വെള്ളിത്തകിട് പതിക്കപ്പെട്ടിരിക്കുന്നു. ഈ തകിട് ഹിജ്‌റഃ 1113-ല്‍ നിര്‍മിക്കപ്പെട്ടതാണെന്ന് അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇബ്‌റാഹീം (അലൈഹിസ്സലാം)ന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞ സ്ഥലത്ത് ദീര്‍ഘകാലമായി ജനങ്ങള്‍ തൊട്ടുതടവിക്കൊണ്ടിരുന്നതിനാല്‍, വലിയ രണ്ട് കുഴികളാണുള്ളത്. അവയുടെ നീളം മുകള്‍പരപ്പില്‍ 27 സെന്റിമീറ്ററും അടിയില്‍ 25 സെന്റിമീറ്ററും വരും. രണ്ടും തമ്മിലുള്ള വിടവ് ഒരു സെ.മി മാത്രം. കുഴികള്‍ വലുതായതോടെ തമ്മിലുള്ള അകലം കുറഞ്ഞുവന്നതാണ്. വിരലടയാളം തീരെ കാണുകയില്ല. കല്ലിന്റെ നിറം കുറേശ്ശ ചുവപ്പും മഞ്ഞയും കലര്‍ന്ന വെളളനിറത്തിലാണ് കാണുന്നത്.
ആ ഗ്രന്ഥത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയ ഒരു സംഗതികൂടി അറിയുന്നത് നന്നെന്ന് തോന്നുന്നു. അതിന്റെ ചുരുക്കം ഇതാണ്: ‘ജാഹിലിയ്യാ അറബികള്‍ -മക്കാ പരിസരങ്ങളിലുള്ളവര്‍ പ്രത്യേകിച്ചും- കല്ലുകളെ ആരാധിക്കുന്നതില്‍ പ്രസിദ്ധരായിരുന്നുവല്ലോ. എന്നാലും ഹജറുല്‍ അസ്‌വദിനെയും, മക്വാമു ഇബ്‌റാഹീമിനെയും അവര്‍ ആരാധിച്ചതായി അറിയുന്നില്ല. അതേ സമയത്ത് ഈ രണ്ട് കല്ലിനെയും അവര്‍ ബഹുമാനിക്കുകയും ചെയ്തിരുന്നു. ഇതിനെപ്പറ്റി ചിന്തിച്ചപ്പോള്‍ മനസ്സിലായത് ഇതാണ്: ‘അന്ന് അവ ആരാധിക്കപ്പെട്ടിരുന്നുവെങ്കില്‍ പിന്നീട് (ത്വവാഫില്‍)ഹജറുല്‍ അസ്‌വദിന്റെ മൂല (ركن الحجر) തൊട്ട് മുത്തുവാനും, മക്വാമു ഇബ്‌റാഹീമിങ്കല്‍ നമസ്‌കരിക്കുവാനും കല്‍പിക്കപ്പെടുന്നപക്ഷം, ഇസ്‌ലാമിന്റെ ശത്രുക്കളും കപടവിശ്വാസികളും അതിനെ ആയുധമാക്കി വിഗ്രഹങ്ങളോടുള്ള ബഹുമാനത്തില്‍ നിന്ന് ഇസ്‌ലാമും ശുദ്ധമല്ലെന്ന് പറയുമായിരുന്നു. അതുകൊണ്ടായിരിക്കാം രണ്ടും ആരാധിക്കപ്പെടുവാന്‍ ഇടവരാതെ അല്ലാഹു കാത്ത് സൂക്ഷിച്ചത്. ഇദ്ദേഹത്തിന്റെ ഈ അഭിപ്രായം ഏതാണ്ട് യുക്തമായി തോന്നുന്നു والله أعلم” (അമാനി തഫ്‍സീര്‍, സൂറഃ അല്‍ബക്വറ 125 വ്യാഖ്യാനം)
