ക്വുര്‍ആന്‍ വിവര്‍ത്തനം: വെളിച്ചത്തിലേക്കുള്ള കനല്‍വഴി!
അന്‍വര്‍ അബൂബക്കര്‍
Last Update 13 August 2025, 19 Safar, 1447 AH
ചോദ്യം: ക്വുര്‍ആനിന്‍റെ അര്‍ത്ഥം ലോകത്തിന്റെ വിവിധ ഭാഷകളിലേക്കായി വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. യൂറോപ്യന്‍ ഭാഷകളില്‍ ക്വുര്‍ആന്‍ ആദ്യമായി വിവര്‍ത്തനം ചെയ്യപ്പെട്ടത് ഏത് ഭാഷയിലേക്കാണ്?
ഉത്തരം: ലാറ്റിന്‍
പരിശുദ്ധ ക്വുര്‍ആന്‍ ആദ്യമായി യൂറോപ്യന്‍ ഭാഷയിലേക്കായി വിവര്‍ത്തനം ചെയ്യപ്പെട്ടത് 1143-ല്‍ ലാറ്റിന്‍ ഭാഷയിലേക്കാണ്. ഈ പ്രവര്‍ത്തനം നടത്തിയത് ക്രിസ്ത്യന്‍ പണ്ഡിതനായ റോബെര്‍ട്ടസ് കെറ്റിനെന്‍സിസ് (Robertus Ketenensis), പാപ്പാ Eugene III-ന്റെ ആവശ്യപ്രകാരമായിരുന്നു. "Lex Mahumet pseudoprophete" എന്നായിരുന്നു ഈ വിവര്‍ത്തനത്തിന് നല്‍കിയ പേര്. ഇതിലൂടെ ക്വുര്‍ആന്‍ ആദ്യമായി യൂറോപ്യന്‍ ലോകത്തിന് പരിചിതമായെങ്കിലും, അതില്‍ ഇസ്ലാമിനെ തെറ്റായി അവതരിപ്പിക്കുന്ന ധാരാളം വിവരണങ്ങളും ഉള്‍പ്പെട്ടിരുന്നു.
പരിശുദ്ധ ക്വുര്‍ആന്‍ എന്ന ദൈവദത്തമായ വേദഗ്രന്ഥം ആദ്യമായി മക്കയിലെ മണലാരണ്യത്തില്‍ പാരായണം ചെയ്യപ്പെട്ട നാളുമുതലേ അതിനെ തടയാനായി പലരുടെയും എതിര്‍പ്പും കഠിനവിരോധവും തുടങ്ങുകയായിരുന്നു. ക്വുര്‍ആന്‍ കൊണ്ട് വരുന്ന സത്യത്തിന്റെ വെളിച്ചം മനുഷ്യഹൃദയങ്ങളെ തൊട്ടൊഴുകി. ജനങ്ങളെ കൂട്ടത്തോടെ ഈ ഗ്രന്ഥം ഇസ്‌ലാമിലേക്ക് എത്തിച്ചു തുടങ്ങി. ഏതൊരു സാമൂഹികഹേതുവിനാലുമല്ല, അല്ലാഹുവില്‍ നിന്നുള്ള സംരക്ഷണമാണ് ഈ ദിവ്യഗ്രന്ഥത്തെ അഴുക്കില്ലാതെ താങ്ങി നിര്‍ത്തിയത്. മലിനതയുടെ സ്പര്‍ശം പോലും അതിലേക്ക് എത്താനാകാതെ അതിലടങ്ങിയ സൂക്തങ്ങള്‍ കുടിലുകളില്‍ നിന്നും കൊട്ടാരങ്ങളിലേക്കായി വെളിച്ചമാകുകയായിരുന്നു.
അന്ന്, ക്വുര്‍ആനിന്റെ ഭാഷയിലേക്കും അതിലെ വിജ്ഞാനസമ്പത്തിലേക്കും ലോകം ഏറെ ആകര്‍ഷിച്ച കാലമായിരുന്നു. അതിനാല്‍ അറബികള്‍ ഒന്നടങ്കം അവരുടെ ഭാഷ എഴുതാനും വായിക്കാനും ഉത്സാഹം കാണിക്കുകയും അതില്‍ ഗ്രന്ഥങ്ങള്‍ രചിക്കാനും തുടങ്ങി. അങ്ങനെ ഈ ഭാഷ ഇതരഭാഷക്കാര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തി. പക്ഷേ, പിന്നീട് അറബി അറിയാത്ത മുസ്ലിം ജനസംഖ്യ അവര്‍ വളരുന്നതിനൊപ്പം ക്വുര്‍ആന്‍ നേരിട്ട് വായിക്കാതെ പരിഭാഷകളെ ആശ്രയിക്കാന്‍ തുടങ്ങി. ഈ മാറ്റം, ക്വുര്‍ആന്‍ നല്‍കുന്ന അതിന്റെ യഥാര്‍ത്ഥ സന്ദേശത്തില്‍ നിന്ന് ജനങ്ങളെ അകറ്റാനുള്ള അവസരമായി ചില ശത്രുക്കള്‍ ഉപയോഗിച്ചു. അവര്‍ ക്വുര്‍ആന്‍ വിവര്‍ത്തനങ്ങളിലൂടെയാണ് തങ്ങളുടെ തെറ്റായ ആശയങ്ങളും കുഴപ്പങ്ങളും ഇസ്‍ലാമിലേക്ക് ചേര്‍ക്കാന്‍ ശ്രമിച്ചത്. അതിനായി ക്വുര്‍ആന്‍ വിവര്‍ത്തനം ഏറ്റവും ഫലപ്രദമായ ഉപാധിയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു.
താരീഖു തത്വവ്വുരി തര്‍ജ്ജമത്തി മആനില്‍ ക്വുര്‍ആനില്‍ കരീം ഇലല്‍ ലുഗത്തില്‍ മലയ്ബാരിയ്യ എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ ഡോ. മുഹമ്മദ് അശ്റഫ് അലി അല്‍മലബാരി എഴുതി: “ഏഴാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനുമിടയില്‍ പേര്‍ശ്യയിലേക്കും ഗ്രീക്കിലേക്കുമൊക്കെ പരിഭാഷപ്പെടുത്തിയ വേദഗ്രന്ഥത്തിന്‍റെ ശകലങ്ങള്‍ സൂക്ഷിച്ചുവെക്കപ്പെട്ടിട്ടുണ്ടെങ്കിലും അതൊന്നും സമ്പൂര്‍ണമായിരുന്നില്ല. റോബെര്‍ട്ടസ് കെറ്റിനെന്‍സിസ് എന്ന ജ്യോതിശ്ശാസ്‌ത്രജ്ഞനും പുരോഹിതനും പരിഭാഷകനമായി അറിയപ്പെട്ട വ്യക്തിയുടെ കീഴിലുളള ഒരു സംഘമാളുകളാണ് യൂറ്യോപ്പില്‍ ലാറ്റിന്‍ ഭാഷയിലേക്ക് ആദ്യമായി ക്വുര്‍ആന്‍ വിവര്‍ത്തനം ചെയ്യുന്നത്. തുടര്‍ന്നങ്ങോട്ട് ഫ്രഞ്ചിലും ഡച്ചിലുമൊക്കെയായി ഒന്നിന് പിറകെ മറ്റൊന്നായി പരിഭാഷകളുടെ എണ്ണം വര്‍ദ്ധിച്ചു. ആഫ്രോ ഏഷ്യന്‍ ഭാഷകളിലേക്ക് കൂടി വിശുദ്ധ ക്വുര്‍ആന്‍ വിവര്‍ത്തനം വ്യാപിച്ചതോട് കൂടി ഏ.ഡി. 1980ല്‍ പൂര്‍ണമായോ ഭാഗികമായോ ശത്രുവിന്‍റെ കരങ്ങളിലൂടെ വെളിച്ചം കണ്ട ക്വുര്‍ആന്‍ പരിഭാഷകളുടെ എണ്ണം 671 ആയി (ഹസന്‍ അല്‍ മആയിര്‍ജി, അല്‍ഹയ്അത്തുല്‍ ആലമിയ്യ ലില്‍ ക്വുര്‍ആനില്‍ കരിം). ഇതോടെ മുസ്ലിം ലോക പണ്ഡിതന്മാര്‍ ഉണര്‍ന്നെഴുന്നേറ്റു. വൈകിയാണെങ്കിലും അവര്‍ വിശുദ്ധ ക്വുര്‍ആനിന്‍റെ ആശയവിവര്‍ത്തനം ഒരു ചര്‍ച്ചാവിഷയമാക്കി. ഈ വിഷയത്തെ അനുകൂലിക്കുന്നവരുടെയും പ്രതികൂലിക്കുന്നവരുടെയും ഇടയില്‍ ചര്‍ച്ച ദീര്‍ഘകാലം രൂക്ഷമായി നിലനിന്നു. ഒടുവില്‍ ഓറിയന്‍റലിസ്റ്റുകളുടെയും കുരിശ് യോദ്ധാക്കളുടെയും ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് തടയിടാനെന്നോണം ക്വുര്‍ആന്‍ ആശയവിവര്‍ത്തനം അനുവദനീയമാണെന്ന് ലോകത്തിന്‍റെ നാനാദിക്കുകളില്‍നിന്നും പ്രമുഖ പണ്ഡിതന്‍മാര്‍ പ്രഖ്യാപനം നടത്തിയതോടെ പ്രസ്തുത ചര്‍ച്ച നിലച്ചു.”
ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍, മദീനയിലെ ചരിത്ര പണ്ഡിതനായ ഡോ. മുഹമ്മദ് അശ്റഫ് അലി അല്‍മലബാരി എഴുതിയ “താരീഖു തത്വവ്വുരി തര്‍ജ്ജമത്തി മആനില്‍ ക്വുര്‍ആനില്‍ കരീം ഇലല്‍ ലുഗത്തില്‍ മലയ്ബാരിയ്യ” എന്ന ഗന്ഥം വായിക്കുന്നത് ഉപകാരപ്രദമായിരിക്കും. വിശുദ്ധ മദീനയിലെ മലിക് ഫഹദ് ക്വുര്‍ആന്‍ പ്രിന്റിംഗ് പ്രസ്സ് കോംപ്ലക്സിന്‍റെ താത്പര്യപ്രകാരമാണ് അദ്ദേഹം ഈ ഗ്രന്ഥം തയ്യാറാക്കിയത്. ഈ മഹത്തായ കൃതിയെ ബഹുമാന്യ പണ്ഡിതന്‍ അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ലാഹ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇരുപണ്ഡിതന്മാര്‍ക്കും അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ.
