ഇസ്‍റാഈല്‍ രാഷ്ട്രം : പേരിന്റെ മറവിലുള്ള വഞ്ചന

അന്‍വര്‍ അബൂബക്കര്‍

Last Update 25 June 2025, 29 Dhuʻl-Hijjah, 1446 AH, 1446 AH

ചോദ്യം: പരിശുദ്ധ ക്വുര്‍ആനില്‍ യഅ്കൂബ് നബി(അലൈഹിസ്സലാം)യെ 'ഇസ്രാഈല്‍' എന്നു വിളിക്കുന്നത് പ്രത്യക്ഷമായി കാണുന്ന ഒരേയൊരു ആയത്ത് ഏത് സൂറഃത്തിലാണ്? എത്രാമത്തെ ആയത്തിലാണ്?

ഉത്തരം: ആലുഇംറാന്‍ 93

മുസ്ലിംകള്‍ക്കും, ജൂതന്മാര്‍ക്കും, ക്രിസ്ത്യാനികള്‍ക്കും ഒരുപോലെ ആധികാരികമായി പ്രാധാന്യമുള്ള ചരിത്രഭൂമിയാണ് ഫലസ്തീന്‍. വിശ്വാസത്തിന്റെ വേരുകളും ആത്മീയ മൂല്യങ്ങളുമെല്ലാം ഈ മണ്ണില്‍ ആഴമായി പതിഞ്ഞിരിക്കുന്നു. യഹൂദ മതചരിത്രത്തില്‍, ക്രിസ്തുമതത്തില്‍, ഇസ്ലാമിക വിശ്വാസങ്ങളില്‍ ഈ മണ്ണിന് കേന്ദ്രസ്ഥാനമുണ്ട്. വേദഗ്രന്ഥങ്ങളുടെ പ്രതിഫലനത്തിലൂടെ അനന്തമായ തെളിവുകളായി അത് നിലകൊള്ളുന്നു. ഇന്ന് ആ മണ്ണ് മതപരമായും രാഷ്ട്രീയപരമായും ഭൂമിശാസ്ത്രപരമായും വളരെയധികം സങ്കീര്‍ണ്ണമായ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന ഭൂപടമാണ്. ദേശീയത, ഭൂപ്രതിഷേധം, വംശീയാധികാരം എന്നിങ്ങനെയുള്ള പരിപ്രേഷ്യത്തിലൂടെ പലരും ഈ പ്രശ്നത്തെ വ്യാഖ്യാനിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലങ്ങള്‍ക്കിടയിലും ഫലസ്തീന്‍ എന്ന പേരിന് ഒരു അന്തസ്സുള്ള തനിമ ഇന്നും നിലനില്‍ക്കുന്നു എന്നത് ശ്രദ്ധ്യേയമാണ്.

ജൂതന്‍മാര്‍ അവരുടെ സ്വന്തം ദേശീയ ഭരണകൂടമായി ജൂതരാജ്യം സ്ഥാപിക്കാനുള്ള ശ്രമം ആധുനിക കാലഘട്ടത്തില്‍ പ്രയോഗത്തില്‍ കൊണ്ടുവന്നത് മതപരമായ ഒരു ചരിത്രവായനയിലൂടെയാണ്‌. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അബ്രഹാമിനും അവിടുത്തെ സന്തതികള്‍ക്കും ദൈവം വാഗ്ദാനം നല്‍കിയതായി വിശ്വസിക്കപ്പെടുന്ന വാഗ്ദത്തഭൂമിയോടാണ്‌ ഈ രാഷ്ട്രീയമോഹത്തെ അവര്‍ ബന്ധപ്പെടുത്തിയിരിക്കുന്നത്. ഈ ദീര്‍ഘകാലത്തെ സ്വപ്നമായ ആത്മീയ രാഷ്ട്രം ഇസ്രായേല്‍ എന്ന പേരില്‍ അവര്‍ യാഥാര്‍ത്ഥ്യമാക്കാനാണ്‌ ശ്രമിച്ചത്. എന്നാല്‍, നൂറുകണക്കിന് വര്‍ഷങ്ങളായി ആ ഭൂമിയില്‍ ഒറ്റപ്പെട്ട ഒരു പ്രദേശത്ത് പോലും ജൂതന്മാര്‍ക്ക് തങ്ങളുടെ സ്വയംഭരണാധികാരം ഉറപ്പിക്കാനാവാതെ പോയത് എന്തുകൊണ്ടാണ്‌ എന്നതാണ്‌ പാഠം നല്‍കുന്ന പ്രസക്തമായ ചോദ്യം. ദൈവത്തിന്റെ വാഗ്ദാനങ്ങളില്‍ പിശകുണ്ടായിരുന്നുവെന്ന് നമ്മള്‍ വിശ്വസിക്കണമോ? അതല്ലെങ്കില്‍, ഈ പരാജയത്തിന് ജൂതജനതയുടെ കയ്യിലിരിപ്പുമായി ബന്ധപ്പെട്ട ചെയ്തികള്‍ക്കൊരു ആത്മപരിശോധന ആവശ്യമായ സാഹചര്യങ്ങളുണ്ടായിരുന്നോ? അവരുടെ താത്പര്യങ്ങളും വ്യാമോഹങ്ങളും സംരക്ഷിക്കാന്‍ അന്യായമായി കൂട്ടിച്ചേര്‍ത്ത ചരിത്രവ്യാഖ്യാനങ്ങളിലൂടെ ആ വാഗ്ദാനം അവരുടെ കൈവശം കൊണ്ടുവരാനുള്ള ശ്രമമായിരുന്നോ എന്നതും ഗൗരവമായ ചോദ്യങ്ങളായി മുന്നില്‍ നിര്‍ത്തേണ്ടതുണ്ട്.

19-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും, ലോകമാകെയുള്ള ജൂതന്മാരുടെ ഇടയില്‍ സയണിസം എന്ന പ്രസ്ഥാനത്തിന് ശക്തമായ ജനപിന്തുണ ലഭിച്ചുവെന്നത് സുപരിചിതമായ ചരിത്രസത്യമാണ്. ജൂതന്മാരുടെ സ്വപ്നഭൂമിയായ ഫലസ്തീനില്‍ ഒരു സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കണമെന്ന ആഗ്രഹമാണ് ഈ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യമായി നിലകൊണ്ടത്. യൂറോപ്പില്‍ ജൂതന്മാരോടുണ്ടായിരുന്ന വംശീയവിരുദ്ധതയും അതിന്റെ ഭീഷണിയും, അവര്‍ക്ക് സുരക്ഷിതമായ ഒരു അഭയകേന്ദ്രം വേണമെന്ന ആവശ്യം ഉണര്‍ത്താന്‍ കാരണമായി. ഈ സാഹചര്യങ്ങളിലാണ് സയണിസം, ജൂത രാഷ്ട്ര നിര്‍മ്മിതിയെ ലക്ഷ്യമാക്കി ആസൂത്രിതമായ മുന്നേറ്റം ആരംഭിച്ചത്. ഈ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായി, ഒന്നാം ലോകമഹായുദ്ധകാലത്താണ് 1917-ല്‍ ബ്രിട്ടീഷ് സര്‍ക്കാറിന്റെ കുപ്രസിദ്ധമായ Balfour Declaration അറബ് ലോകത്തോട് വിശ്വാസവഞ്ചന നടത്തുന്നത്. ഫലസ്തീനില്‍ ജൂതന്മാര്‍ക്ക് ഒരു “National Home” സ്ഥാപിക്കണമെന്ന പ്രഖ്യാപനം ഇതിലൂടെ നടന്നു. പിന്നീട്, യുദ്ധാനന്തര ലോകക്രമത്തില്‍, ലീഗ് ഓഫ് നേഷന്‍സ് ബ്രിട്ടനു ഫലസ്തീനിന്റെ മേല്‍ അധികാരം നല്‍കുകയുണ്ടായി. ഇതിലൂടെയാണ് പല ഘട്ടങ്ങളിലായി ജൂതന്മാരുടെ പലസ്തീനിലേക്കുളള സംഘടിതമായ കുടിയേറ്റം വിപുലമായി നടപ്പിലാകുന്നത്. പിന്നീട്, രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികള്‍ ലക്ഷക്കണക്കിന് ജൂതന്മാരെ വധിച്ച ഹോളോകോസ്റ്റിന്റെ ഭീകരത, ആഗോളതലത്തില്‍ വലിയൊരു സഹതാപ വികാരത്തിനും രാഷ്ട്രീയ പിന്തുണക്കും വഴിയൊരുക്കി. ജൂതന്മാരെക്കുറിച്ചുള്ള ഈ സഹതാപം, അവരുടെ സ്വപ്നമായ ഒരു രാഷ്ട്രം സ്ഥാപിക്കാനുള്ള അന്താരാഷ്ട്ര സമ്മതത്തിന് അനുകൂലമായി പ്രവര്‍ത്തിച്ചു. ഈ പശ്ചാത്തലത്തിലാണ്, 1947-ല്‍ ഐക്യരാഷ്ട്രസഭ ഫലസ്തീന്‍ വിഭജിച്ചുകൊണ്ടുള്ള ഒരു പദ്ധതി മുന്നോട്ടുവെച്ചത്. അറബ് രാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പുകള്‍ അവഗണിച്ചുകൊണ്ടുതന്നെ, 1948 മെയ് 14-ന് ഇസ്രായേല്‍ എന്ന പേരില്‍ ഒരു പുതിയ ജൂത രാഷ്ട്രം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. മഹാനായ യഅ്ക്വൂബ് നബി(അലൈഹിസ്സലാം)യുടെ പാരമ്പര്യവാദത്തെ ആധികാരികമാക്കാനുള്ള ശ്രമം കൂടിയായിരുന്നു ഇത്. എന്നാല്‍, “ഇസ്രായേല്‍” എന്ന പേരിന്റെ പുറകിലുമുണ്ടായിരുന്ന വലിയൊരു വഞ്ചന; ഒരു ജനതയുടെ നാടും സ്വത്വവുമെല്ലാം നിഷേധിച്ചുകൊണ്ടുണ്ടായ അതിരൂക്ഷമായ നീക്കമാണതെന്ന് ചരിത്രം നമ്മോട് പ്രതികരിക്കുന്നത്.

ജൂഡേയ, സിയോന്‍, എബ്രാ തുടങ്ങിയ മറ്റു പേരുകള്‍ പുതിയ ജൂത രാഷ്ട്രത്തിനായി ആലോചിച്ചിരുന്നെങ്കിലും, ഒടുവില്‍ “ഇസ്രായേല്‍” എന്ന പേരാണ് ഡേവിഡ് ബെന്‍ ഗുറിയോണ്‍ നയിച്ച നേതൃസംഘം ഔദ്യോഗികമായി തെരഞ്ഞെടുക്കുന്നത്. ഈ പേര് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ തന്നെ, ഫലസ്തീനികളെയും അവരുടെ നാടിനെയും പൂര്‍ണമായി അവഗണിച്ചും, അവരുടെ ചരിത്രബോധത്തെ ഇല്ലാതാക്കാനുമുള്ള ഒരു കൃത്രിമ ചരിത്രപുനരാഖ്യാനം ഉണ്ടായിരുന്നതായി നിരീക്ഷകരും ചരിത്രകാരന്മാരും പറയുന്നുണ്ട്. നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ഈ രാഷ്ട്രം നിലവില്‍ വന്നത് അനേകം ഫലസ്തീനികളെ സ്വന്തം നാടുകളില്‍ നിന്നു കുടിയൊഴിപ്പിച്ചുകൊണ്ടായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് വര്‍ഷങ്ങളായി ഈ പ്രദേശത്ത് സംഘര്‍ഷങ്ങളും തര്‍ക്കങ്ങളും നിലനില്‍ക്കുന്നത്. ഈ സാഹചര്യങ്ങളിലാണ് നമ്മില്‍ പലരും ജൂതന്മാരെയും അവരുടെ രാഷ്ട്രത്തിന്റെ പേരിനേയും എതിരാളികളായി കാണുകയും, “ഇസ്രായേല്‍” എന്ന പേരിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഭാഷയില്‍ സംസാരിക്കുകയും ചെയ്യുന്നത്. ഇതൊരു മുസ്‍ലിമിന് മനഃസംഘര്‍ഷം ഉണ്ടാക്കുന്ന വിഷയം തന്നെയാണ്. കാരണം, ഇസ്രായേല്‍ എന്നത് മഹാനായ യഅ്കൂബ് നബി (അലൈഹിസ്സലാം)യുടെ അപരനാമമാണ്; ഒരിക്കലും അപമാനിക്കപ്പെടരുതാത്ത ഒരു പേര്.

പരിശുദ്ധ ക്വുര്‍ആനിലെ മൂന്നാം അധ്യായമായ സൂറത്തു ആലു ഇംറാനിലെ 92-ാമത്തെ ആയത്തില്‍, അല്ലാഹു യഅ്കൂബ് നബി (അലൈഹിസ്സലാം)യെ പരാമര്‍ശിക്കുന്നത് “ഇസ്രാഈല്‍” എന്ന പേരിലൂടെയാണ്.

كُلُّ الطَّعَامِ كَانَ حِلًّا لِّبَنِي إِسْرَائِيلَ إِلَّا مَا حَرَّمَ إِسْرَائِيلُ عَلَىٰ نَفْسِهِ مِن قَبْلِ أَن تُنَزَّلَ التَّوْرَاةُ

എല്ലാ ഭക്ഷണവും ഇസ്‌റാഈല്‍ സന്തതികള്‍ക്ക് അനുവദനീയമായിരുന്നു;- തൗറാത്ത് അവതരിപ്പിക്കപ്പെടുന്നതിന് മുമ്പായി ഇസ്‌റാഈല്‍ അദ്ദേഹത്തിന്റെ സ്വന്തം പേരില്‍ നിഷിദ്ധമാക്കിയത് ഒഴികെ. (ആലുഇംറാന്‍ 93)

‘തൗറാത്ത് അവതരിപ്പിക്കപ്പെടുന്നതിന് മുമ്പായി യഅ്‍കൂബ് അദ്ദേഹത്തിന്റെ സ്വന്തം പേരില്‍ നിഷിദ്ധമാക്കിയത് ഒഴികെ’ എന്ന് അല്ലാഹു പറയാതെ, ‘ഇസ്‌റാഈല്‍ അദ്ദേഹത്തിന്റെ സ്വന്തം പേരില്‍ നിഷിദ്ധമാക്കിയത് ഒഴികെ’ എന്നാണ് അല്ലാഹു പറഞ്ഞിട്ടുളളത്. അതിനാല്‍ തന്നെ, അല്ലാഹു എടുത്തു പറഞ്ഞ ഒരു പ്രവാചകന്റെ പേരിനെ ഒരു മുസ്‌ലിമിന് എക്കാലവും ആദരവോടെ സമീപിക്കേണ്ടതാണെന്നത്, ജൂതന്‍മാര്‍ക്ക് പോലും നന്നായി അറിയാവുന്ന കാര്യമാകുന്നു. “ഇസ്രായേല്‍” എന്ന പേര് അവരുടെ രാജ്യത്തിന് നല്‍കിയതില്‍ ഒളിഞ്ഞിരിക്കുന്നത് ഗൂഢതന്ത്രവും, ആഴത്തിലുള്ള മതവഞ്ചനയും, ചരിത്ര വ്യാഖ്യാനത്തിലെ വഴിതെറ്റിപ്പിക്കലുമാണെന്നത് പ്രാധാന്യമേറിയ ഒരു അന്വേഷണ വിഷയമാണ്. കാരണം, ജൂതര്‍ ദ്വയാര്‍ത്ഥം ഉള്ള വാക്കുകളും ഇരട്ട മുഖത്തോടുകൂടിയ സമീപനങ്ങളും ഉപയോഗിക്കുന്നതില്‍ പാരമ്പര്യമുളളവരാണെന്ന് ചരിത്രം തന്നെ തെളിയിക്കുന്നുണ്ട്.

മുഹമ്മദ് നബി(ﷺ)യുടെ അനുയായികള്‍ പ്രവാചകനോട് എന്തെങ്കിലും ചോദിക്കുമ്പോള്‍, ‘ഞങ്ങള്‍ക്ക് ഒന്നുകൂടി മനസ്സിലാക്കാന്‍ കഴിയുന്ന രൂപത്തില്‍ ഞങ്ങളെ ഒന്ന് ഗൌനിക്കണം’ എന്ന അര്‍ത്ഥത്തില്‍ റാഇനാ എന്ന് പറഞ്ഞിരുന്നു. ഇതേ വാക്ക് ഒരു ചീത്ത പറയുന്ന വാക്കായികൊണ്ടും വിഡ്ഢി എന്ന അര്‍ത്ഥത്തിലും അറബികള്‍ക്കിടയില്‍ ഉപയോഗിക്കാറുണ്ട്. മുഹമ്മദ് നബി(ﷺ) വല്ലതും പറയുമ്പോള്‍, സന്ദര്‍ഭത്തിന് അനുസരിച്ച് ആദരവും മര്യാദയും പ്രകടിപ്പിക്കുന്നതുപോലെ തോന്നുന്ന രീതിയില്‍ ജൂതന്‍മാര്‍ നബി(ﷺ)യോട് ഈ വാക്ക് പറയാറുണ്ട്. അവരുടെ ഹൃദയത്തിനുള്ളിലുണ്ടായിരുന്ന യഥാര്‍ത്ഥ ഉദ്ദേശ്യം നബി (ﷺ)യെ വിഡ്ഢിയെന്നു വിളിച്ചുകൊണ്ട് പരിഹസിക്കലായിരുന്നു. ആ വികാരം കൃത്യമായി തിരിച്ചറിയുന്ന അല്ലാഹു ക്വുര്‍ആനിലൂടെ പ്രവാചകന്റെ അനുചരന്‍മാരോട് കല്‍പിച്ചു:

يَا أَيُّهَا الَّذِينَ آمَنُوا لَا تَقُولُوا رَاعِنَا وَقُولُوا انظُرْنَا

അല്ലയോ സത്യവിശ്വാസികളേ, നിങ്ങള്‍ 'റാഇനാ' എന്ന് പറയരുത്. നിങ്ങള്‍ ഉന്‍ദ്വുര്‍നാ [ഞങ്ങളെ നോക്കണേ] എന്നു പറഞ്ഞുകൊള്ളുക.

ജൂതന്മാരുടെ ഇരട്ടമുഖത്വം അവരുടെ പ്രവര്‍ത്തനങ്ങളിലും ചിന്തകളിലും ബന്ധങ്ങളിലുമെല്ലാം ഏത് കാലഘട്ടങ്ങളിലായാലും മാറ്റങ്ങളില്ലാതെ പ്രതിഫലിക്കുന്ന ഒരു ദുസ്വഭാവമാണ്. അതുകൊണ്ടാണ് ഇസ്രായേല്‍ എന്നത് മഹാനായ യഅ്ക്വൂബ് നബി (അലൈഹിസ്സലാം)യുടെ പേരാണെന്ന് അറിഞ്ഞുകൊണ്ടിരിക്കെ പോലും, ജൂതന്മാര്‍ അതിനെ തങ്ങളുടെ രാഷ്ട്രീയ ആശയങ്ങളുടെ മറയായി ഉപയോഗിക്കുന്നത്. എന്നാല്‍ ഇസ്രാഈല്‍ രാഷ്ട്രത്തിനെതിരില്‍ ഒരു മുസ്‍ലിം പ്രാര്‍ത്ഥിക്കുമ്പോള്‍, തീര്‍ച്ചയായും, അവരാരും അല്ലാഹു പേരെടുത്തു പറഞ്ഞ ആ മഹാ പ്രവാചകനെ കുറിച്ച് മോശമായി ചിന്തിക്കുക പോലുമില്ല. ദൈവത്തെ ധിക്കരിച്ചും ദൈവത്തിന്റെ പ്രവാചകന്‍മാരെ കൊലപ്പെടുത്തിയും പാരമ്പര്യമുളള, ദൈവത്തോട് അനുസരണക്കേട് മാത്രം കാണിച്ചു ശീലവുമുളള ജൂതന്‍മാര്‍ ഉണ്ടാക്കിവെച്ച കെണികളെ തിരിച്ചറിഞ്ഞ് വിശ്വാസികള്‍ ജാഗ്രതയോടെയായിരിക്കേണ്ടതുണ്ടെന്ന് മാത്രം.

മുതനവ്വിആത്ത് : മറ്റു ലേഖനങ്ങൾ