നബിﷺയുടെ ദുആ സ്വീകരിക്കപ്പെട്ട പള്ളി
അന്‍വര്‍ അബൂബക്കര്‍
Last Update 3 December 2025, 12 Jumada II, 1447 AH
ചോദ്യം:മസ്ജിദുന്നബവിയുടെ വടക്കുകിഴക്ക് ഏകദേശം പകുതി കിലോമീറ്റര്‍ ദൂരത്തായി സ്ഥിതിചെയ്യുന്ന ഒരു പള്ളിയില്‍ നബിﷺ രണ്ട് റകഅത്ത് നമസ്കരിച്ച് മൂന്ന് കാര്യങ്ങള്‍ക്കുവേണ്ടി ദീര്‍ഘമായി ദുആ ചെയ്തു. അതില്‍ രണ്ടെണ്ണം അല്ലാഹു സ്വീകരിക്കുകയും ഒന്നിനെ തടയുകയും ചെയ്തു. ഈ ദുആ നടന്ന ആ പള്ളിയുടെ പേര് ഏതാണ്?
ഉത്തരം: മസ്ജിദുല്‍ ഇജാബ (മസ്ജിദ് ബനീ മുആവിയ)
മസ്ജിദുല്‍ ഇജാബ (مَسْجِد ٱلْإِجَابَة) എന്നറിയപ്പെടുന്ന പള്ളി, മസ്ജിദ് ബനീ മുആവിയ (مَسْجِد بَنِي مُعَاوِيَة) എന്ന പേരിലും പ്രശസ്തമാണ്. സൗദി അറേബ്യയിലെ മദീനയില്‍ സ്ഥിതി ചെയ്യുന്ന ഈ പള്ളി, മുഹമ്മദ് നബിﷺയുടെ കാലത്ത് അസ്സൂസ് ഗോത്രത്തിലെ മുആവിയ ബിന്‍ മാലിക് ബിന്‍ ഔഫ് എന്നീ വ്യക്തിയുടെ സ്വകാര്യഭൂമിയിലാണ് നിര്‍മ്മിക്കപ്പെട്ടത്. ആധുനിക വിപുലീകരണത്തിന് ശേഷമുള്ള മസ്ജിദുന്‍ നബവിയുമായി ഇവിടത്തെ ദൂരം വെറും 580 മീറ്റര്‍ മാത്രമാണ്. മദീനില്‍ ഇന്ന് കാണുന്ന മസ്ജിദുല്‍ ഇജാബ, അതിന്റെ അതേ ചരിത്രസ്ഥലത്ത് തന്നെയാണ് പണികഴിപ്പിച്ചിരിക്കുന്നത്.
ഈ മസ്ജിദിനെക്കുറിച്ച് സ്വഹീഹ് മുസ്‍ലിമില്‍ ഒരു പ്രശസ്തമായ ഹദീസ് ഉണ്ട്. സഅ്ദ് (റളിയല്ലാഹു അന്‍ഹു) നിവേദനം: “ഒരിക്കല്‍ നബിﷺ ആലിയയുടെ ഭാഗത്തു നിന്നും വന്ന് മുആവിയ ഗോത്രത്തിന്റെ പള്ളിയില്‍ പ്രവേശിച്ചു. രണ്ടു റക്അത്തുകള്‍ അവിടുന്ന് നമസ്കരിച്ച ശേഷം ഞങ്ങളോടൊന്നിച്ചു നമസ്കരിച്ചു. അതിനുശേഷം തന്റെ രക്ഷിതാവിനോട് സുദീര്‍ഘമായി പ്രാര്‍ത്ഥിച്ചു. ശേഷം ഞങ്ങളിലേക്ക് തിരിഞ്ഞുകൊണ്ട് അവിടുന്നു പറഞ്ഞു: ഞാന്‍ എന്റെ രക്ഷിതാവിനോട് മൂന്ന് കാര്യങ്ങള്‍ക്കുവേണ്ടി ചോദിച്ചു. എനിക്ക് രണ്ട് കാര്യങ്ങള്‍ നല്‍കി, ഒന്നില്‍നിന്നും എന്നെ അവന്‍ തടയുകയും ചെയ്തു. വരള്‍ച്ച് കൊണ്ട് എന്റെ സമുദായത്തെ നശിപ്പിക്കാതിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു. അത് എനിക്ക് അനുവദിച്ചു തന്നു. പ്രളയം കൊണ്ടും എന്റെ സമുദായത്തെ നശിപ്പിക്കാതിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു. അതും എനിക്ക് അനുവദിച്ചു തന്നു. എന്നാല്‍ എന്റെ സമുദായത്തിനിടയില്‍ ഭിന്നതയില്ലാതാക്കാന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ അത് തടഞ്ഞു.” (മുസ്‍ലിം)
ഈ പള്ളി “മസ്ജിദുല്‍ ഇജാബ” എന്നറിയപ്പെടാന്‍ കാരണമാകുന്നത്, സ്വഹീഹ് മുസ്‍ലിമിലെ ഹദീഥില്‍ വ്യക്തമാക്കുന്നതുപോലെ, നബിﷺ ഈ പള്ളിയില്‍ രണ്ട് റക്അത്ത് നമസ്കരിച്ച് അല്ലാഹുവിനോട് ദീര്‍ഘമായി ദുആ ചെയ്തതും, അതില്‍ ഒന്നൊഴികെ ബാക്കിയുള്ളവയെല്ലാം അല്ലാഹു സ്വീകരിച്ചതുമാണ്. നബിﷺ പലവട്ടം ഈ പള്ളിയില്‍ നമസ്കരിച്ചിരുന്നതായി രേഖീകരിക്കപ്പെട്ടിരിക്കുന്നു.
അബ്ദുല്ലാഹ് ഇബ്നു ഉമര്‍(റളിയല്ലാഹു അന്‍ഹു) ബനൂ മുആവിയയിലെ ഈ പള്ളി സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞു: “നബിﷺഈ പള്ളിയില്‍ ഏത് ഭാഗത്ത് നമസ്കരിച്ചുവെന്ന് നിങ്ങള്‍ക്ക് അറിയാമോ?”
അവര്‍ പറഞ്ഞു: “അതെ”. തുടര്‍ന്ന് അദ്ദേഹം ചോദിച്ചു: “ഈ പള്ളിയില്‍ നബിﷺ ചെയ്ത മൂന്നു ദുആകള്‍ അറിയാമോ?” അവര്‍ പറഞ്ഞു: “അതെ”. തുടര്‍ന്ന് അവര്‍ വിശദീകരിച്ചു. അപ്പോള്‍ അബ്ദുല്ലാഹ് ബിന്‍ ഉമര്‍ പറഞ്ഞു: “നിങ്ങള്‍ സത്യം പറഞ്ഞു. ഈ നിരസിച്ച ദുആ കാരണമായി, കലഹങ്ങളും ഏറ്റുമുട്ടലും ക്വിയാമത്തുനാള്‍വരെ തുടരും.” (ഇമാം മാലിക്, മുവത്വ) ഇത് സത്യമായി പുലര്‍ന്നുകൊണ്ടേയിരിക്കുന്നു എന്നുളളത് ഇന്നത്തെ മുസ്‍ലിം ഉമ്മത്തിന്റെ അവസ്ഥ സാക്ഷിയാണ്.
