സൂറത്തുല്‍ കൗഥറിന്റെ ചരിത്രസാക്ഷ്യം

അന്‍വര്‍ അബൂബക്കര്‍

Last Update July 01 2026 | 16 Muharram 1447 AH

ചോദ്യം: മുഹമ്മദ് നബിﷺയുടെ മകന്‍ ഇബ്‍റാഹീം മരണപ്പെട്ടപ്പോള്‍, പ്രവാചകനെ "വാലറ്റവന്‍" എന്ന് പരിഹസിച്ചവര്‍ക്കുള്ള മറുപടിയായി അവതരിച്ച സൂറത്തിന്റെ പേര് എന്താണ്?

ഉത്തരം: സൂറത്തുല്‍ കൗഥര്‍

മക്കയിലെ പ്രബോധനത്തിന്റെ ആദ്യഘട്ടത്തില്‍ മുഹമ്മദ് നബിﷺ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ഖുറൈശികളുടെ കടുത്ത എതിര്‍പ്പായിരുന്നു. അല്ലാഹുവിന്റെ സന്ദേശത്തില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാന്‍ അവര്‍ പലവിധ തന്ത്രങ്ങളും പ്രയോഗിച്ചു. പരിഹാസവും നിന്ദയും അപവാദങ്ങളും ഭീഷണികളും സാമ്പത്തിക ഉപരോധവും ഉള്‍പ്പെടെ എല്ലാ മാര്‍ഗങ്ങളും അവര്‍ പരീക്ഷിച്ചു. എന്നാല്‍ അതിനൊന്നും നബിﷺയുടെ ദൗത്യത്തെ തടയാന്‍ കഴിഞ്ഞില്ല. ഇതാണ് അവരെ കൂടുതല്‍ അസ്വസ്ഥരാക്കിയത്.

നബിﷺയുടെ സന്ദേശം ദിനംപ്രതി കൂടുതല്‍ ആളുകളിലേക്ക് എത്തിക്കൊണ്ടിരിക്കെ ശത്രുക്കള്‍ പുതിയൊരു പ്രചാരണം ആരംഭിച്ചു. നബിﷺയുടെ ആണ്‍മക്കള്‍ ബാല്യത്തില്‍ തന്നെ മരണപ്പെട്ടിരുന്നതിനാല്‍, "മുഹമ്മദ് അധികം വൈകാതെ മരിച്ചുപോകും; അദ്ദേഹത്തിന്റെ പ്രസ്ഥാനം അതോടെ അവസാനിക്കും. പിന്തുടരാന്‍ ആണ്‍സന്താനമില്ലാത്തതിനാല്‍ അദ്ദേഹത്തിന് ഭാവിയില്ല" എന്ന തരത്തിലുള്ള പരിഹാസങ്ങള്‍ അവര്‍ പ്രചരിപ്പിച്ചു. ഇങ്ങനെ പറഞ്ഞുകൊണ്ട് അവര്‍ സ്വയം ആശ്വസിക്കുകയും വിജയം പ്രതീക്ഷിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് അല്ലാഹു സൂറത്തുല്‍ കൗഥറിന്റെ അവസാന സൂക്തത്തില്‍ വ്യക്തമായ മറുപടി നല്‍കിയത്: " നിശ്ചയമായും നിന്നോടു വിദ്വേഷം വെക്കുന്നവന്‍ തന്നെയാണ് വാലറ്റവന്‍ (അബ്തര്‍)." മനുഷ്യരുടെ കണക്കുകൂട്ടലുകളെ തിരുത്തിക്കൊണ്ട് അല്ലാഹു പ്രഖ്യാപിച്ചത്, യഥാര്‍ത്ഥത്തില്‍ പിന്തുടര്‍ച്ച നഷ്ടപ്പെടുന്നവര്‍ നബിﷺ അല്ല, മറിച്ച് അദ്ദേഹത്തോട് വിദ്വേഷവും പകയും പുലര്‍ത്തിയവരാണെന്നാണ്.

ചരിത്രം ഈ ദൈവിക പ്രഖ്യാപനത്തിന്റെ സത്യാവസ്ഥ അതേപടി തെളിയിച്ചു. നബിﷺയെ പരിഹസിച്ച പ്രമുഖ ഖുറൈശി നേതാക്കളില്‍ പലരുടെയും പേരുകള്‍ ഇന്ന് ചരിത്രഗ്രന്ഥങ്ങളില്‍ വിരളമായി മാത്രമാണ് അവശേഷിക്കുന്നത്. എന്നാല്‍ മുഹമ്മദ് നബിﷺയുടെ നാമം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ആദരവോടെയും സ്നേഹത്തോടെയും ഉച്ചരിക്കപ്പെടുന്നു. ഓരോ ദിവസവും കോടിക്കണക്കിന് വിശ്വാസികള്‍ അവിടുത്തെ പേര് അനുസ്മരിക്കുന്നു.
നബിﷺയുടെ ദൗത്യം ഒരു കുടുംബപാരമ്പര്യത്തിലോ ആണ്‍സന്താനത്തിലോ ഒതുങ്ങിയതല്ല. അല്ലാഹുവിന്റെ ദിവ്യസന്ദേശത്തെ ആധാരമാക്കിയ ആ സന്ദേശം വിശ്വാസികളുടെ ഹൃദയങ്ങളിലൂടെയും പ്രവാചകന്റെ സുന്നത്തിലൂടെയും തലമുറകളിലേക്ക് കൈമാറപ്പെട്ടു. അതുകൊണ്ടാണ് പതിനാലു നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇസ്‌ലാമിന്റെ പ്രബോധനവും പ്രവാചകസ്മരണയും കൂടുതല്‍ ശക്തമായി തുടരുന്നത്.

സൂറത്തുല്‍ കൗഥറിന്റെ അവസാന വചനം ഒരു ചരിത്രസംഭവത്തെ മാത്രം വിവരിക്കുന്നതല്ല; സത്യത്തെ എതിര്‍ക്കുന്നവര്‍ക്ക് നല്‍കുന്ന ശാശ്വതമായ ഒരു മുന്നറിയിപ്പ് കൂടിയാണ്. അല്ലാഹുവിന്റെ ദീനിനെ ഇല്ലാതാക്കാന്‍ മനുഷ്യര്‍ എത്ര പദ്ധതികള്‍ ആസൂത്രണം ചെയ്താലും അവ പരാജയപ്പെടും. സത്യത്തിന്റെ വാഹകരെ പരിഹസിക്കുന്നവരാണ് ഒടുവില്‍ ചരിത്രത്തില്‍ പ്രസക്തിയില്ലാത്തവരായി മാറുന്നത്. അതുകൊണ്ട്, "അബ്തര്‍" എന്ന വിശേഷണം നബിﷺക്ക് ചാര്‍ത്താന്‍ ശ്രമിച്ചവര്‍ തന്നെയാണ് യഥാര്‍ത്ഥത്തില്‍ ആ വിശേഷണത്തിന് അര്‍ഹരായത്. അല്ലാഹുവിന്റെ വാഗ്ദാനം അക്ഷരംപ്രതി പുലര്‍ന്നു. മുഹമ്മദ് നബിﷺയുടെ നാമവും സന്ദേശവും അനുയായികളും ലോകാവസാനം വരെ നിലനില്‍ക്കുമെന്ന ക്വുര്‍ആനിന്റെ പ്രഖ്യാപനം ചരിത്രം സാക്ഷ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. സൂറത്തുല്‍ കൗഥറിന്റെ ഈ അവസാന വചനം അല്ലാഹുവിന്റെ സത്യവാഗ്ദാനത്തിന്റെയും പ്രവാചകന്റെ മഹത്വത്തിന്റെയും അനശ്വര സാക്ഷ്യമായി എന്നും നിലനില്‍ക്കും.

മുതനവ്വിആത്ത് : മറ്റു ലേഖനങ്ങൾ