ആകാശത്തുള്ളവരും ഭൂമിയിലുള്ളവരും പുകഴ്ത്തുന്ന പേര്
അന്‍വര്‍ അബൂബക്കര്‍
Last Update 25 February 2026, 8 Ramadan, 1447 AH
ചോദ്യം: മുഹമ്മദ് എന്ന നാമം ക്വുര്‍ആനില്‍ എത്ര തവണയാണ് പരാമര്‍ശിച്ചിട്ടുള്ളത്?
ഉത്തരം: നാല് തവണ
മുഹമ്മദ് നബിﷺയുടെ ജനനം ഒരു സാധാരണ കുഞ്ഞിന്റെ ജനനമല്ല. ചരിത്രം കാത്തിരുന്ന ഒരു ലോകോത്തര നേതാവിന്റെ ജനനമാണ്. ആകാശലോകത്ത് നിന്ന് ദിവ്യസന്ദേശം ഇറങ്ങാനിരിക്കുന്ന ഒരു ഹൃദയത്തിന്റെ ജനനം. ലോകത്തെ ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കാനുളള ദൌത്യമേറ്റെടുത്ത ഒരു പ്രവാചകന്റെ ജനനം. ആ കുഞ്ഞിന്റെ ജനനത്തിന് ശേഷം ആ കുട്ടിക്ക് ഒരു പേര് നല്‍കി, “മുഹമ്മദ്”.
പിതാമഹനായ അബ്ദുല്‍മുത്തലിബ് ജനിച്ച ഏഴാം ദിവസം ആ കുഞ്ഞിനെ വളരെ കരുതലോടുകൂടി കഅ്ബയുടെ സമീപത്തേക്ക് കൊണ്ടുപോയി ആ കുട്ടിക്ക് വേണ്ടി അറവ് നടത്തി. അതിലേക്ക് ഖുറൈശികളെയും ക്ഷണിച്ചിരുന്നു. എന്നിട്ട് ആ പരിശുദ്ധ ഭവനത്തിന്റെ സാന്നിധ്യത്തില്‍, ഈ ഒരു പേര് പ്രഖ്യാപിച്ചു. അന്നേരം ഖുറൈശികള്‍ അത്ഭുതപ്പെട്ടുകൊണ്ട് ചോദിച്ചു. നിങ്ങളുടെ പൂര്‍വ്വികരില്‍ ആര്‍ക്കും ഇങ്ങനെ ഒരു പേരില്ലല്ലോ. അവരുടെ ചോദ്യം വെറും കൗതുകമല്ലായിരുന്നു.
അതൊരു അത്ഭുതത്തിന്റെ മുന്നറിയിപ്പായിരുന്നു. ആ ചോദ്യത്തിന് അബ്ദുല്‍മുത്തലിബ് നല്‍കിയ മറുപടി ചരിത്രത്തില്‍ ഇന്നും മുഴങ്ങി കേള്‍ക്കുന്നു. അദ്ദേഹം പറഞ്ഞു: “ആകാശത്തുള്ളവരും ഭൂമിയിലുള്ളവരും അവനെ പുകഴ്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.” ഈ മറുപടി, അത് ഒരു പിതാമഹന്‍ തന്റെ കുഞ്ഞിനെകുറിച്ച് പറഞ്ഞ അതിശയോക്തി ഉളവാക്കിയ ഒരു സംസാരം മാത്രമായിരുന്നോ? അങ്ങനെയാകാന്‍ സാധ്യതയില്ല. അത് ലോകത്തിന്റെ നാഥനായ അല്ലാഹു അവരുടെ ഹൃദയത്തില്‍ നിക്ഷേപിച്ച വാക്കുകളാകാനേ സാധ്യതയുളളൂ.
മുഹമ്മദ് എന്ന പദത്തിന്റെ അര്‍ത്ഥം ഏറെ പുകഴ്ത്തപ്പെടുന്നവന്‍ എന്നാണ്. ചരിത്രത്തില്‍ എപ്പോഴെങ്കിലും ഒന്ന് രണ്ടുപ്രാവശ്യം അദ്ദേഹത്തിന്റെ പേര് പുകഴ്ത്തി എന്നല്ല, ഭൂമിയൂടെ പരപ്പില്‍ ജീവിക്കുന്ന എത്രയോ ആളുകള്‍ വീണ്ടും വീണ്ടും അദ്ദേഹത്തിന്റെ ആ മഹനീയ നാമം പുകഴ്ത്തികൊണ്ടിരിക്കുകയാണ്. മുമ്പും അങ്ങനെതന്നെ. കാലം എത്രതന്നെ കടന്നുപോയാലും, ഏതൊക്കെ തലമുറകള്‍ മാറി മറഞ്ഞു വന്നാലും, അദ്ദേഹത്തിന്റെ പേര് നാവുകളില്‍ നിന്നു മായാതെ ഉരുവിട്ടുകൊണ്ടിരിക്കും.
ഇന്ന് ലോകത്തിന്റെ ഏത് കോണില്‍ നിന്നായാലും അവിടെ ബാങ്കിന്റെ വിളിനാളം നമ്മള്‍ കേള്‍ക്കുമ്പോള്‍ “അഷ്ഹദു അന്ന മുഹമ്മദ റസൂലുല്ലാഹ്” എന്ന പ്രസ്താവന നമ്മള്‍ കേള്‍ക്കുന്നു. കോടിക്കണക്കിന് ആളുകളത് ഏറ്റ് പറയുകയാണ്. ഒരു മനുഷ്യന്റെ പേര് ഒരു ദിവസത്തില്‍ മാത്രം അഞ്ചുതവണ ലോകമെമ്പാടും പ്രഖ്യാപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് എല്ലാ ദിവസവും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ആകാശത്തുള്ളവരും ഭൂമിയിലുള്ളവരും അവനെ പുകഴ്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്ന അബ്ദുല്‍മുത്വലിബിന്റെ പ്രസ്താവന കേവലം യാദൃശ്ചികമാന്‍ സാധ്യതയില്ല.
ലോകത്തിന്റെ വിവിധ ദിക്കുകളില്‍ എല്ലാ ദിവസം വിശ്വാസികള്‍ പാരായണം ചെയ്തുകൊണ്ടിരിക്കുന്ന പരിശുദ്ധ ക്വുര്‍ആനിലെ 47-ാം അധ്യായത്തിന്റെ പേര് തന്നെ മുഹമ്മദ് എന്നാണ്. അതിനെ പുറമെ ക്വുര്‍ആനിലെ നാല് സ്ഥലങ്ങളില്‍ മുഹമ്മദ് എന്ന പേര് അല്ലാഹു എടുത്തുപറഞ്ഞിട്ടുണ്ട്. അല്ലാഹു പറഞ്ഞു: “മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല നിയോഗിച്ചത്; എങ്കിലും, (അദ്ദേഹം) അല്ലാഹുവിന്‍റെ റസൂലും, നബിമാരില്‍ അവസാനവുമാകുന്നു.” (അഹ്സാബ് 40)
ഇതുപോലെ, ക്വുര്‍ആനിലെ 48-ാം അധ്യായമായ സൂറഃത്തു ഫത്ഹിലെ 29-മത്തെ സൂക്തത്തില്‍, ക്വുര്‍ആനിലെ 47-ാം അധ്യായമായ സൂറഃത്തു മുഹമ്മദിലെ 2-മത്തെ സൂക്തത്തില്‍, അതുപോലെ ക്വുര്‍ആനിലെ 3-ാം അധ്യായമായ സൂറഃത്തു ആലുഇംറാനിലെ 144-മത്തെ സൂക്തത്തില്‍ മുഹമ്മദ് എന്ന പേര് പരിശുദ്ധ ക്വുര്‍ആനില്‍ സ്ഥാനം പിടിച്ചിരിക്കുന്നു, കാലാകാലങ്ങളായി വിശ്വാസി സമൂഹം ആ പേര് പാരായണം ചെയ്യുകയും പ്രവാചകനെ പുകഴ്ത്തുകയും വാഴ്ത്തുകയും ചെയ്യുന്നു.
ഇതുപോലെ മുഹമ്മദ് നബിﷺയുടെ മറ്റൊരു പേരാണ് അഹ്‍മദ്. ഈ പേരിന്റെ അര്‍ത്ഥം വാഴ്ത്തുന്നവന്‍ എന്നും വാഴ്ത്തപ്പെട്ടവന്‍ എന്നുമാണ്. മുഹമ്മദ് നബിﷺ ഏറ്റവും അധികം അല്ലാഹുവിനെ വാഴ്ത്തിയവനാണ്. അതുകൊണ്ടുതന്നെ ലോകം അദ്ദേഹത്തെ വാഴ്ത്താന്‍ വിധിക്കപ്പെടുകയായിരുന്നു. അഹ്‍മദ് എന്ന പേര് തൌറാത്തിലും ഇഞ്ചീലിലുമൊക്കെ എടുത്തുപറഞ്ഞിട്ടുളള ഒരു പേരാണ്. ഈസാ നബി(അലൈഹിസ്സലാം) തന്റെ ജനങ്ങളോട് അറിയിച്ചതായി ക്വുര്‍ആന്‍ രേഖപ്പെടുത്തുന്നു: “മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): അല്ലയോ ഇസ്രാഈല്‍ സന്തതികളേ, നിശ്ചയമായും ഞാന്‍ നിങ്ങളിലേക്കു അല്ലാഹുവിന്റെ റസൂലാകുന്നു; തൗറാത്താകുന്ന എന്റെ മുമ്പിലുള്ള വേദഗ്രന്ഥത്തെ സത്യമാക്കുന്നവനായിക്കൊണ്ടും, എന്റെശേഷം വരുന്നതായ, 'അഹ്മദ്' എന്നു പേരുള്ള ഒരു റസൂലിനെക്കുറിച്ചു സുവിശേഷം അറിയിക്കുന്നവനായിക്കൊണ്ടും (നിയോഗിക്കപ്പെട്ടവനാണ് ഞാന്‍).” (സ്വഫ്ഫ് 6)
ഈസാ നബി(അലൈഹിസ്സലാം)യൂടെ ഈ പ്രസ്താവന വെറുമൊരു പ്രവചനം മാത്രമല്ല. ഇത് പ്രവാചകത്വത്തിന്റെ ശൃംഖലയിലെ അവസാന കണ്ണിയായി പ്രഖ്യാപിക്കപ്പെട്ട മുഹമ്മദ് നബിﷺയുടെ സ്ഥാനം ലോകത്തിന് അറിയിച്ചു തന്ന ഒരു നിമിഷമായിരുന്നു. ആദം നബി(അലൈഹിസ്സലാം) മുതല്‍ തുടങ്ങിയ പ്രവാചകത്വദൗത്യം മുഹമ്മദ് നബിﷺയിലൂടെ ആയിരിക്കും പൂര്‍ത്തീകരിക്കപ്പെടുക എന്ന കൃത്യമായ സന്ദേശം ഈ സൂക്തം നമുക്ക് മുമ്പില്‍ നല്‍കുന്നുണ്ട്.
മുഹമ്മദ് നബി ﷺ തന്നെ പറഞ്ഞതായി കാണാം: “എനിക്കു പല പേരുകള്‍ ഉണ്ട്. ഞാന്‍ ‘മുഹമ്മദാണ്, ഞാന്‍ അഹ്‍മദുമാണ്. ഞാന്‍ ‘മാഹീ’യുമാണ്. എന്നെക്കൊണ്ടു അല്ലാഹു അവിശ്വാസത്തെ മായിച്ചുകളയുന്നു. ഞാനാണ് ഹാശിര്‍. എന്റെ കീഴില്‍ മനുഷ്യര്‍ ഒത്തുകൂടും. ഞാന്‍ ആക്വിബാണ്. എനിക്ക് ശേഷം പ്രവാചകനില്ല.” (ബുഖാരി) ഇവിടെ പ്രവാചകന്‍ പറഞ്ഞ ഓരോ പേരും അദ്ദേഹത്തിന്റെ ഓരോ ദൗത്യത്തിന്റെ അടയാളമാണ്, ഓരോ ഉത്തരവാദിത്വത്തിന്റെ പ്രഖ്യാപനമാണ്. അതുപോലെ തന്നെ ഞാന്‍ അബുല്‍ ക്വാസിമാണ് എന്നും നബിﷺ പറഞ്ഞത് ഇമാം ബുഖാരിയും ഇമാം മുസ്‍ലിമും ഉദ്ധരിച്ച ഒരു ഹദീഥിലുണ്ട്.
മുഹമ്മദ് നബിﷺയുടെ പിതാമഹന്‍ പ്രഖ്യാപിച്ചത് പോലെ, ആകാശത്തുള്ളവരും ഭൂമിയിലുള്ളവരും അവനെ പുകഴ്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്ന് പറയുമ്പോള്‍, പതിനാലു നൂറ്റാണ്ടുകള്‍ക്കുശേഷവും, കോടിക്കണക്കിന് നാവുകള്‍, ഹൃദയങ്ങള്‍ അദ്ദേഹത്തെ പുകഴ്ത്തുിക്കൊണ്ടിരിക്കുകയാണ്. അതുമാത്രമല്ല അവരുടെ ജീവിതങ്ങള്‍ അദ്ദേഹത്തെ മാതൃകയാക്കി കൊണ്ടിരിക്കുകാണ്. ഇതാണ് “മുഹമ്മദ്” എന്ന പേരിന്റെ അത്ഭുതം എന്ന് നമ്മള്‍ തിരിച്ചറിയണം. നമ്മള്‍ ആ പ്രവാചകന്റെ ഉമ്മത്താണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പേര് കേവലം നാവുകളില്‍ മാത്രം ഉണ്ടാകാതെ, നമ്മുടെ ജീവിതത്തിലും അത് പ്രകടമാകേണ്ട ഒരു ചര്യയാണ് എന്നതാണ് വിശ്വാസി സമൂഹം ആ മഹാനായ പ്രവാചകന് നല്‍കുന്ന സ്ഥാനം.
