സദസ്സ് പിരിയുമ്പോള്‍
ഫദ്‍ലുൽ ഹഖ് ഉമരി ആമയൂർ
Last Update 2021 May 08, 1442 Ramadan 26
അവലംബം: islamqa
ചോദ്യം: സദസ്സ് പിരിയുമ്പോൾ അതിന്‍റെ പ്രായശ്ചിത്തമായും നമസ്കാര ശേഷവും പറയാറുളള سبحان ربك رب العزه عما يصفون എന്ന പ്രാർത്ഥന സ്ഥിരപ്പെട്ടു വന്നതാണോ? ചില ആളുകളിൽ നിന്നും ചില ദിക്റുകളെ സംബന്ധിച്ച് ചോദ്യങ്ങൾ വന്നിട്ടുണ്ട്. അതിന്‍റെ സ്വീകാര്യതയെ ഉറപ്പുവരുത്താനാണ് ഞാൻ ഉദ്ദേശിക്കുന്നത്. അതായത് നമസ്കാര ശേഷം ഈ ദിക്റ് മൂന്നുതവണ പറയൽ.
അതു പോലെ തന്നെ താഴെപ്പറയുന്ന പ്രാർത്ഥനയും
ഈ പ്രാർത്ഥന ആരെങ്കിലും നിർവഹിച്ചാൽ അവന് ആയിരം നന്മകൾ രേഖപ്പെടുത്തപ്പെടും. അവന്‍റെ ആയിരം പദവികൾ ഉയർത്തപ്പെടും. ഖിയാമത്ത് നാൾ വരെ അവനു വേണ്ടി പാപമോചന പ്രാർത്ഥന നടത്തുന്ന എഴുപതിനായിരം മലക്കുകൾ നിശ്ചയിക്കപ്പെടും. (ഇതൊക്കെ സഹായി വന്നതാണോ?)
ഉത്തരം:
ആദ്യം നമുക്ക് ഈ വിഷയത്തിൽ വന്നിട്ടുള്ള ഹദീഥുകൾ പരിശോധിക്കാം.
(ഒന്ന്)
"നബി صلى الله عليه وسلم നമസ്കാരത്തിന്‍റെ അവസാനത്തിലോ/നമസ്കാരത്തിൽ നിന്ന് പിരിയുമ്പോഴോ ഇപ്രകാരം പറയുന്നതായി പലതവണ ഞാൻ കേട്ടിട്ടുണ്ട്. سبحان ربك رب العزة ....."
ഇവരെല്ലാവരും ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളത് (അബൂഹാറൂനുൽ അബ്ദി) വഴിയാണ്. അദ്ദേഹം അബൂസഈദിൽഖുദ്‌രി رضي الله عنه വിൽ നിന്നും. (أبو هارون العبدي عن أبي سعيد الخدري)
അബൂഹാറൂനുൽഅബ്ദി എന്ന വ്യക്തി കാരണത്താൽ ഈ പരമ്പര ദുർബലമാണ്.
"അമാറതുബ്നു ജുവൈൻ എന്നാണ് അദ്ദേഹത്തിന്‍റെ പേര്. ഇമാം ബുഖാരി رَحِمَهُ ٱللَّٰهُ പറയുന്നു: യഹ്‌യൽഖത്താൻ رَحِمَهُ ٱللَّٰهُ ഇദ്ദേഹത്തെ ഉപേക്ഷിച്ചിട്ടുണ്ട് (ഇദ്ദേഹത്തിന്‍റെ ഹദീസുകൾ സ്വീകരിക്കാറില്ല). ഇമാം അഹ്മദ് رَحِمَهُ ٱللَّٰهُ പറയുന്നു: (ഹദീസ് വിഷയത്തിൽ) ഇദ്ദേഹം ഒന്നുമല്ല. ഇബ്നു മഈൻ رَحِمَهُ ٱللَّٰهُ പറയുന്നു: ഹദീസിൽ സത്യസന്ധത പാലിക്കാറില്ല. ഇമാം നസാഈ رَحِمَهُ ٱللَّٰهُ പറയുന്നു: ഹദീസ് വിഷയത്തിൽ ഇദ്ദേഹം തള്ളപ്പെട്ടവനാണ്. ശുഅ്‌ബ رضي الله عنه പറയുന്നു: حدثنا ابو هارون 'അബു ഹാറൂൻ ഞങ്ങൾക്ക് ഇപ്രകാരം ഹദീസ് പറഞ്ഞു തന്നു' എന്ന് ഞാൻ പറയുന്നതിനേക്കാൾ എനിക്കിഷ്ടം ഞാനെന്‍റെ കഴുത്തുവെട്ടലാണ്. ഇമാം ഹാകിം رَحِمَهُ ٱللَّٰهُ പറയുന്നു: ഹദീസ് വിഷയത്തിൽ ഇദ്ദേഹം തള്ളപ്പെട്ടവനാണ്." (തഹ്ദീബുത്തഹ്ദീബ്: 7/413)
അതുകൊണ്ട് തന്നെ ശെയ്ഖ് അൽബാനി رَحِمَهُ ٱللَّٰهُ പറയുന്നു: هذا إسناد ضعيف جداً. (السلسلة الضعيفة:4201)
"ഇതു വളരെ ദുർബലമായ പരമ്പരയാണ്".
(രണ്ട്)
സൈദുബ്നു അർഖമിൽ നിന്നാണ് രണ്ടാമത്തെ ഹദീസ് വന്നിട്ടുള്ളത്. മുകളിൽ കൊടുത്ത ഹദീസിന്‍റെ ആശയം തന്നെയാണ് ഇതിനും ഉള്ളത്.
ഈ ഹദീസിനെ പരമ്പര ഇപ്രകാരമാണ്.
ഇതിൽ عبد المنعم بن بشير الأنصاري ഉള്ള കാരണത്താൽ ഈ ഹദീസ് മൗളൂഅ് (موضوع) ആയാണ് കണക്കാക്കപ്പെടുന്നത്. നിർമ്മിത ഹദീസ് എന്നാണ് ഇതിന്‍റെ അർത്ഥം. ഇയാൾ കളവു പറയുന്ന ആളാണ് എന്ന് പല പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്.
"ഇമാം ഹൈസമി رَحِمَهُ ٱللَّٰهُ പറയുന്നു: ഇതിന്‍റെ പരമ്പരയിൽ عبد المنعم بن بشير الأنصار ഉണ്ട് . ഇദ്ദേഹം വളരെ ദുർബലനാണ്".
ശെയ്ഖ് അൽബാനി رَحِمَهُ ٱللَّٰهُ പറയുന്നു:
ഈ ഹദീസ് നിർമ്മിത ഹദീസാണ്. عبد المنعم എന്ന വ്യക്തിയാണ് ഇവിടത്തെ പ്രശ്നം. ഇമാം അഹ്‍മദും رَحِمَهُ ٱللَّٰهُ മറ്റു പണ്ഡിതന്മാരുമെല്ലാം ഇയാളെക്കുറിച്ച് 'നുണ പറയുന്ന ആൾ' എന്ന് പറഞ്ഞിട്ടുണ്ട്. ഇമാം ഹാകിം رَحِمَهُ ٱللَّٰهُ പറയുന്നു: മാലികിൽ رَحِمَهُ ٱللَّٰهُ നിന്നും അബ്ദുല്ലാഹിബ്നു ഉമറിൽ رضي الله عنه നിന്നും നിർമ്മിത റിപ്പോർട്ടുകൾ രിവായത്ത് ചെയ്യുന്ന വ്യക്തിയാണ് ഇദ്ദേഹം. ഇതിന്‍റെ പരമ്പരയിൽ عبد المنعم ന് മുകളിലുള്ള രണ്ട് ആളുകൾ ആരെന്നു പോലും എനിക്കറിയില്ല. (عبد الله بن محمد الأنسي مِن ولد أنس) عبد المنعم പടച്ചുണ്ടാക്കിയ രണ്ട് വ്യാജ വ്യക്തികളായിരിക്കാനാണ് സാധ്യത.
(മൂന്ന്)
അനസുബ്നു മാലികിൽ رضي الله عنه നിന്നുള്ളതാണ് മൂന്നാമത്തെ ഹദീസ്.
ഇതിന്റെ പരമ്പര ഇപ്രകാരമാണ്
ശെയ്ഖ് അൽബാനി رَحِمَهُ ٱللَّٰهُ പറയുന്നു:
"ഈ ഹദീസിന്‍റെ അപകടം بشر بن الحسين എന്ന വ്യക്തിയാണ്. ഇദ്ദേഹം കളവു പറയുന്ന ആളാണ്. زبير بن عدي ൽ നിന്നും നിർമ്മിത ഹദീസുകൾ റിപ്പോർട്ട് ചെയ്യുന്ന ആളാണ് ഇദ്ദേഹം. ഇദ്ദേഹത്തെക്കുറിച്ച് ഇതേ ആരോപണം ഇമാം അബു ഹതിമും رَحِمَهُ ٱللَّٰهُ അദ്ദേഹത്തെപ്പോലുള്ളവരും പറഞ്ഞിട്ടുണ്ട്.
(നാല്)
ഇബ്നു അബ്ബാസി رضي الله عنه ൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നതാണ് നാലാമത്തെ ഹദീസ്.
ഇമാം ത്വബ്റാനി رَحِمَهُ ٱللَّٰهُ ആണ് ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഈ ഹദീസിന്‍റെ പരമ്പര ഇപ്രകാരമാണ്.
ഈ പരമ്പരയും ദുർബലമാണ്.
"കാരണം ഇതിൽ محمد بن عبد الله بن عبيد بن عمير എന്ന വ്യക്തിയുണ്ട്. ഇമാം ബുഖാരി رَحِمَهُ ٱللَّٰهُ ഇമാം നസാഇ رَحِمَهُ ٱللَّٰهُ തുടങ്ങിയവരെല്ലാം ഇദ്ദേഹം അസ്വീകാര്യനാണെന്ന് പറഞ്ഞിട്ടുണ്ട്. ( لسان الميزان:5/216).
ഇമാം ഹൈസമി رَحِمَهُ ٱللَّٰهُ പറയുന്നു:
ഇതിൻറെ പരമ്പരയിൽ محمد بن عبد الله بن عبيد بن عمير എന്ന വ്യക്തിയുണ്ട്. അദ്ദേഹം തള്ളപ്പെട്ടയാളാണ്. (مجمع الزوائد: 10/103) .
(അഞ്ച്)
അഞ്ചാമത്തെ ഹദീസ് ശഅ്‌ബിയിൽ നിന്നുള്ളതാണ്. അതാകട്ടെ മുർസലുമാണ് (المرسل).
ഈ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇബ്നു അബീ ഹാത്വിം رَحِمَهُ ٱللَّٰهُ ആണ്
അതിന്‍റെ പരമ്പര ഇപ്രകാരമാണ്.
അൽബാനി رَحِمَهُ ٱللَّٰهُ പറയുന്നു:
"ഇതിന്‍റെ പരമ്പര ദുർബലമാണ് . കാരണം അതിൽ ഇർസാൽ ഉണ്ട്. (തനിക്ക് മുകളിൽ ഉള്ള ആളുകളുടെ പേര് പറയാതെ ഒരു വ്യക്തി റിപ്പോർട്ട് ചെയ്യുന്ന ഹദീസുകൾക്കാണ് മുർസൽ എന്ന് പറയുന്നത്. മുർസൽ പലതരത്തിലുള്ളതുണ്ട്. എല്ലാ മുർസലുകളുടെയും നിയമം ഒന്നല്ല. ഹദീസ് നിദാന ശാസ്ത്രം (أصول الحديث) കൃത്യമായി പഠിക്കുമ്പോൾ മാത്രമേ അത് ശരിയാംവണ്ണം ബോധ്യപ്പെടുകയുള്ളൂ.) ഇതിൽ മുഅൻഅനതും (المعنعنة) ഉണ്ട്. ഇതിന്‍റെ പരമ്പരയിലുള്ള സുബൈഇക്ക് إختلاط സംഭവിച്ചിട്ടുണ്ട്. (പ്രായാധിക്യം കാരണത്താൽ ശരിയും തെറ്റും വേർതിരിക്കാതെയോ വസ്തുതകൾ വ്യക്തമാക്കാതെയോ സംസാരിക്കുന്നതിനാണ് إختلاط സംഭവിക്കുക എന്ന് പറയുന്നത്). അദ്ദേഹത്തിന്‍റെ മകൻ യൂനുസിന്‍റെ വിഷയത്തിൽ പണ്ഡിതന്മാർ ഭിന്നാഭിപ്രായക്കാരാണ്. എന്നാൽ إختلاط ഉണ്ടാകുന്നതിനു മുമ്പ് ഇദ്ദേഹത്തിന്‍റെ പിതാവിൽ നിന്ന് ആരും റിപ്പോർട്ട് ചെയ്തതായി കേട്ടിട്ടില്ല എന്ന് ഇബ്നുഹജറുൽഅസ്ഖലാനി رَحِمَهُ ٱللَّٰهُ പറയുന്നു. അതു കൊണ്ടു തന്നെയായിരിക്കാം ഇദ്ദേഹത്തിന്‍റെ പിതാവിൽ നിന്നുള്ള ഇദ്ദേഹത്തിന്‍റെ റിപ്പോർട്ടുകൾക്ക് ضعيف ന്റെ വിധിയാണ് ഇമാം അഹ്‍മദ് رَحِمَهُ ٱللَّٰهُ നൽകാറുള്ളത്. ഇതിന്‍റെ അടിസ്ഥാനത്തിൽ " نتائج الأفكار " എന്ന ഗ്രന്ഥത്തിൽ ഇബ്നു ഹജറുൽ അസ്ഖലാനി رَحِمَهُ ٱللَّٰهُ ഈ ഹദീസിന്‍റെ പരമ്പരയെ കുറിച്ച് مرسل الشعبي بسند صحيح إليه 'ഇമാം ശഅ്‌ബി വരെ സ്വഹീഹായ പരമ്പരയായി വന്നിട്ടുള്ളത്' എന്നു പറഞ്ഞതിൽ വ്യക്തമായ അലംഭാവം ഉണ്ടായിട്ടുണ്ട്." (السلسلة الضعيفة:رقم/6530) എന്നഭിപ്രായപ്പെട്ടത്.
ഇനി ഈ വിഷയത്തിൽ നബി صلى الله عليه وسلم യിലേക്ക് എത്തിയിട്ടില്ലാത്തതും സ്വഹാബികളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതുമായിട്ടുള്ള ചില രിവായത്തകളും വന്നിട്ടുണ്ട്. موقوف എന്നാണ് അതിന് പറയുക.
ഉദാഹരണമായി:
അലിയ്യുബ്നു അബീത്വാലിബ് رضي الله عنه വിൽ നിന്നാണ് ഈ റിപ്പോർട്ട് വന്നിട്ടുള്ളത്. ഇതിന്‍റെ പരമ്പര വരുന്നത് ഇപ്രകാരമാണ്:
ഈ പരമ്പരയിൽ أصبغ بن نباتة എന്ന വ്യക്തി ഉള്ള കാരണത്താൽ ഇത് സ്വീകാര്യമല്ല എന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. (മീസാനുൽഇഅ്‌തിദാൽ: 1/271)
ഈ റിപ്പോർട്ട് ദുർബലമാണ് എന്ന് ശൈഖ് അൽബാനി رَحِمَهُ ٱللَّٰهُ യും രേഖപ്പെടുത്തിയിട്ടുണ്ട്. (السلسلة الضعيفة :6530)
ചുരുക്കത്തിൽ നബി صلى الله عليه وسلم യിൽ നിന്നും ഇങ്ങനെ ഒരു ഹദീസ് സ്വഹീഹായി വന്നിട്ടില്ല. റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസുകളുടെ വഴികളും അതിലെ പരമ്പരകളുമെല്ലാം ശക്തമായ ദുർബലത ഉള്ള കാരണത്താൽ ഒന്ന് മറ്റൊന്നിനെ ശക്തിപ്പെടുത്തുന്നവയല്ല. അതിന്‍റെ റിപ്പോർട്ടർമാരിലാകട്ടെ കളവു പറയുന്നവരും ആരോപണ വിധേയരും ഹദീസ് വിഷയത്തിൽ വെറുക്കപ്പെട്ടവരും (അസ്സ്വീകാര്യർ) ഒക്കെയുണ്ട്. ഇത്തരം ആളുകൾ ഉള്ള പരമ്പരകൾ എത്ര തന്നെ കൂടുതൽ വന്നാലും അവ ഒന്നു മറ്റൊന്നിനെ ശക്തിപ്പെടുത്തുകയില്ല.
അല്ലാഹു അഅ്‌ലം.