ആയിശ(റളിയല്ലാഹു അന്‍ഹ)യുടെ മഹത്വം
അന്‍വര്‍ അബൂബക്കര്‍
Last Update 27 June 2025, 2 Muharram, 1447 AH
ചോദ്യം: അബൂമുസ അല്‍അശ്അരി(റളിയല്ലാഹു അന്‍ഹു) പറഞ്ഞു: “മുഹമ്മദ് നബി(ﷺ)യുടെ സ്വഹാബികളില്‍പെട്ട ഞങ്ങള്‍ക്കാര്‍ക്കെങ്കിലും ഒരു സംശയം ഉണ്ടായാല്‍ അക്കാര്യം ഒരാളോട് ചോദിച്ചാല്‍ അവരുടെ പക്കല്‍ അതിനെ കുറിച്ച് അറിവില്ലാത്തതായി ഞങ്ങള്‍ കണ്ടിട്ടില്ല.” ആരെ കുറിച്ചാണ് അബൂമുസ അല്‍അശ്അരി(റളിയല്ലാഹു അന്‍ഹു) ഇപ്രകാരം പറഞ്ഞത്?
ഉത്തരം: ആയിശ (റളിയല്ലാഹു അന്‍ഹ)
അബൂമുസ അല്‍അശ്അരി (റളിയല്ലാഹു അന്‍ഹു) പറഞ്ഞു: “മുഹമ്മദ് നബി(ﷺ)യുടെ സ്വഹാബികളില്‍പെട്ട ഞങ്ങള്‍ക്കാര്‍ക്കെങ്കിലും ഒരു സംശയം ഉണ്ടായാല്‍ അക്കാര്യം ആയിശയോട് ചോദിച്ചാല്‍ അവരുടെ പക്കല്‍ അതിനെ കുറിച്ച് അറിവില്ലാത്തതായി ഞങ്ങള്‍ കണ്ടിട്ടില്ല.” (തിര്‍മിദി)
ഇസ്‍ലാമിക ചരിത്രത്തിലെ ഏറ്റവും സമർത്ഥയും ജ്ഞാനസമ്പന്നയുമായ മഹിളാരത്നമായിരുന്നു ആയിശ (റളിയല്ലാഹു അൻഹ). ആറാം നൂറ്റാണ്ടിൽ സ്ത്രീവിദ്യാഭ്യാസത്തിൽ മഹത്തായ സംഭാവന നൽകിയ, നബി(ﷺ)യുടെ ഹദീസുകളും നിയമവിജ്ഞാനവും ഉൾക്കൊണ്ട ഏറ്റവും മഹത്തായ അറിവുകാരി. അന്ന് അറബികളില്‍ സ്ത്രീകൾക്ക് പരിമിതമായ വിദ്യാഭ്യാസ അവസരങ്ങൾ ഉണ്ടായിരുന്നുളളു, എന്നിട്ടും ആയിശ (റളിയല്ലാഹു അൻഹ) ഏറ്റവും പ്രഗല്ഭയായ വിദ്യാർത്ഥിനിയും ഗുരുവുമായിത്തീര്‍ന്നു. കൂര്‍മ്മ ബുദ്ധിയും, അതുല്യ ഓര്‍മ്മശക്തിയും, വേഗത്തില്‍ മനഃപാഠമാക്കാനുളള കഴിവും അവര്‍ക്ക് അല്ലാഹു നല്‍കിയ വലിയ അനുഗ്രഹമായിരുന്നു. പ്രമുഖ സ്ഥാനത്തുളള പല സഹാബിമാരും നിയമപരമായ കാര്യങ്ങൾ ആയിശ (റളിയല്ലാഹു അൻഹ)യിൽ നിന്ന് മനസ്സിലാക്കിയിരുന്നു. സമ്പൂർണ്ണമായി പറയുമ്പോൾ, മുസ്ലിം ചരിത്രത്തിൽ സ്ത്രീകളുടെ അറിവിന്‍റെയും പ്രബുദ്ധതയുടെയും ഏറ്റവും വലിയ ഉദാഹരണമായി ഈ മഹതി മാറിയിരുന്നു.
ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്, ആയിശ (റളിയല്ലാഹു അൻഹ) ഇസ്ലാമിക വിജ്ഞാനത്തിന്‍റെ വലിയൊരു ഭാഗം കൈവശം വച്ചിരുന്ന ഏറ്റവും പ്രഗല്ഭയായ പണ്ഡിതയായിരുന്നു. ഇങ്ങനെ ഒരു അവസരം ലഭിച്ചതിന് കാരണമാവുന്നത് പ്രവാചകനുമായുളള ചെറുപ്രായത്തിലെ അവരുടെ വിവാഹബന്ധമാണ്. ആറാം വയസ്സിലെ വിവാഹവും ഒമ്പതാം വയസ്സില്‍ ആരംഭിച്ച ഒരുമിച്ചുളള ദാമ്പത്യജീവിതവും. 1400 വർഷങ്ങൾക്ക് മുമ്പ് അറബ് സമൂഹത്തിൽ ശാരീരിക, മാനസിക, സാമൂഹിക ഘടകങ്ങളാണ് പക്വതയും വളര്‍ച്ചയും അളക്കാൻ പരിഗണിച്ചിരുന്നത്. അക്കാലത്തെ കാലാവസ്ഥ, ആഹാരശീലം, ജീവിതരീതി എന്നിവയെ ആശ്രയിച്ച് പെൺകുട്ടികൾ ചെറുപ്രായത്തിൽ തന്നെ പ്രായപൂർത്തിയായിരുന്നു. ഇതൊന്നും മുഖവിലക്കെടുക്കാതെ നിരവധി ഓറിയന്റലിസ്റ്റുകളും ഇതര ഇസ്‌ലാമിക വിമർശകന്‍മാരും അവരുടെ വിവാഹപ്രായത്തെ വിമര്‍ശിക്കുന്നവരായിട്ടുണ്ട്. ഈ വിവാദം ഉയർത്തുന്നതിന്‍റെ ആസ്വാദനീയത 1400 വർഷങ്ങള്‍ക്ക് മുമ്പുള്ള സാമൂഹിക സാഹചര്യങ്ങളെ ഇന്നത്തെ മാനദണ്ഡങ്ങളിൽ അളക്കാനുള്ള അനാവശ്യ ശ്രമം മാത്രമാണ്. എന്നാല്‍, അവര്‍ കാണാതെപോകുന്നത്, നബി(ﷺ)യോടൊപ്പം നേരിട്ട് പഠിക്കാനുള്ള അനുഗ്രഹീത അവസരം ലഭിച്ചതിലൂടെ ആയിശ (റളിയല്ലാഹു അൻഹ) നേടിയെടുത്ത ഇസ്‌ലാമിക നിയമത്തിലും ഹദീസുകളിലുമുള്ള അതുല്യമായ അറിവും സംഭാവനകളുമാണ്. മതനിയമങ്ങളിലെ നാലിലൊന്ന് ഈ മഹതിയില്‍ നിന്നാണ് ലോകത്തിന് ലഭിച്ചിട്ടുളളതെന്ന് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നത്.
ക്വുര്‍ആനിന്‍റെ നിരവധി അവതരണങ്ങള്‍ക്ക് ഈ മഹതി സാക്ഷിയായിട്ടുണ്ട്. അല്‍ബഖറയും നിസാഉം എന്‍റെ സാന്നിദ്ധ്യത്തിലല്ലാതെ വഹ്‍യ് ഇറങ്ങിയിട്ടില്ലെന്ന് അവര്‍ വെളിപ്പെടുത്തി. നബി(ﷺ)യുടെ സ്വകാര്യ ജീവിതവും സ്ത്രീസംബന്ധിയായ ഇസ്ലാമിക നിയമങ്ങളും പഠിപ്പിക്കുന്നതില്‍ ആയിശ(റളിയല്ലാഹു അന്‍ഹ)യുടെ പങ്ക് വലുതായിരുന്നു. 2,210-ാളം ഹദീസുകൾ നബി(ﷺ)യിൽ നിന്നും അവര്‍ സംഗ്രഹിച്ചു! അബൂഹുറൈറ (റളിയല്ലാഹു അൻഹു) ജനാസയെ അനുഗമിക്കുന്നവർക്ക് ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് ഒരു ഹദീഥ് പ്രസ്താവിച്ചപ്പോൾ, അതിനോട് ഉമർ (റളിയല്ലാഹു അൻഹു)വിന് അവ്യക്തത തോന്നി. അവിടുന്ന് അതിൽ വ്യക്തത നേടിയത് ആയിശ (റളിയല്ലാഹു അൻഹ)യോട് ചോദിച്ച് മനസ്സിലാക്കിയിട്ടാണ്. സ്ത്രീകൾക്ക് ഹദീഥുകൾ പഠിപ്പിച്ചിരുന്ന ആയിശ (റളിയല്ലാഹു അൻഹ)യുടെ വീടിന് സമീപം അവയെ കേൾക്കാൻ അബൂഹുറൈറ (റളിയല്ലാഹു അൻഹു) ഇരുന്നിരുന്നതായി അറിയപ്പെടുന്ന കാര്യമാണ്. മുആവിയ (റളിയല്ലാഹു അൻഹു)വിന്‍റെ ഭരണകാലത്ത്, ഏതെങ്കിലും വിഷയത്തിൽ സംശയം തോന്നുമ്പോൾ, അദ്ദേഹം ആയിശ (റളിയല്ലാഹു അൻഹ)ക്ക് കത്തയക്കാറുണ്ടായിരുന്നു. മറുപടി ലഭിക്കുമ്പോൾ അതിൽ അദ്ദേഹം ആശ്വാസം കണ്ടെത്തുമായിരുന്നു. ഇതെല്ലാം, അറിയിക്കുന്നത്, ആയിശ (റളിയല്ലാഹു അന്‍ഹ)യുടെ വിവാഹം ഒരു സാധാരണ വിവാഹമല്ല, മറിച്ച് ഇസ്‌ലാമിക പണ്ഡിതയാകാനുള്ള ഒരു ദൈവികപദ്ധതിയുടെ ഭാഗമായിരുന്നു അത്. തന്‍റെ അധ്യയനവും അധ്യാപനവും കൊണ്ട് ആയിശ (റളിയല്ലാഹു അന്‍ഹ) മുസ്ലിം സമൂഹത്തിനകത്തുള്ള ഏറ്റവും വലിയ അക്കാദമിക് കേന്ദ്രമായി മാറിയിരുന്നു.
ചുരുക്കത്തില്‍, മുസ്ലിംകൾ ആയിശ (റളിയല്ലാഹു അൻഹ)യുടെ മഹത്തായ അറിവിനെയും ഇസ്‌ലാമിക ലോകത്ത് അവര്‍ വഹിച്ച അതുല്യ സ്ഥാനത്തെയും പരിഗണിക്കുമ്പോള്‍ വിമര്‍ശകരാകട്ടെ അവരുടെ മനസ്സിലെ അശുദ്ധചിന്തകൾ കൊണ്ട് മാത്രം പ്രവാചകനെയും അവരെയും അധിക്ഷേപിക്കാൻ ശ്രമിക്കുകയാണ്. എത്ര വിമര്‍ശനങ്ങള്‍ ആരുതന്നെ പടച്ചുവിട്ടാലും ആയിശ (റളിയല്ലാഹു അൻഹ) ഒരു മഹത്തായ പണ്ഡിതയായിതന്നെ ചരിത്രത്താളുകളില്‍ നിലനിൽക്കും. ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്, നബി(ﷺ)യുടെയും ആയിശ(റളിയല്ലാഹു അൻഹ)യുടെയും ജീവിതം വിജ്ഞാനത്തിന്‍റെയും ആദർശമൂല്യങ്ങളുടെയും ആഴത്തിലുള്ള സന്ദേശം നൽകുന്നതാണ്. അതിനെ പഠിക്കുമ്പോഴും വ്യാഖ്യാനിക്കുമ്പോഴും ഉദ്ദേശശുദ്ധിയോടെ സമീപിക്കണമെന്ന് മാത്രം!
