അവസാനകാലവും ടെക്നോളജിയും
ഫദ്‍ലുൽ ഹഖ് ഉമരി ആമയൂർ
Last Update 2020 December 11 1442 Rabi Al-Akhar 26
അവലംബം: islamqa
ചോദ്യം: അവസാന കാലമാകുമ്പോൾ നാഗരികത നീങ്ങി പോവുകയും യുദ്ധങ്ങൾ വാളുകൾ കൊണ്ടും കുന്തങ്ങൾ കൊണ്ടും ആവുകയും ചെയ്യുമോ? ടെക്നോളജിയുടെ വിഷയത്തിലും അവസാനകാലത്ത് അതിന്‍റെ പരിണിതിയുടെ വിഷയത്തിലും ചില അഭിപ്രായ വ്യത്യാസങ്ങൾ ഇന്ന് നിലവിലുണ്ട്. ഈ ടെക്നോളജി നിലനിൽക്കുമോ? അത് നീങ്ങി പോകുമോ? ദജ്ജാലുമായുള്ള യുദ്ധം വാളുകൊണ്ടാണ് എന്നും ഈസാ നബി عليه السلام ദജ്ജാലിനെ കൊലപ്പെടുത്തുന്നത് കുന്തം കൊണ്ടാണ് എന്നുമൊക്കെ സൂചിപ്പിക്കുന്ന ഹദീസുകളുണ്ട്. ഇതിന്‍റെ അർത്ഥം ടെക്നോളജി ഇല്ലാതായിത്തീരും എന്നാണോ?
ഉത്തരം: വാള് കുന്തം തുടങ്ങി അക്ഷരാർത്ഥത്തിലുള്ള ആയുധങ്ങൾ കൊണ്ട് തന്നെയാണോ അവസാന കാലത്ത് യുദ്ധങ്ങൾ നടക്കുക, കുതിര ഒട്ടകം പോലെയുള്ള വാഹനങ്ങൾ അക്ഷരാർത്ഥത്തിൽ തന്നെ യുദ്ധത്തിനു വേണ്ടി ഉപയോഗപ്പെടുത്തുമോ അതോ സ്വഹാബികൾക്ക് അന്നത്തെ കാലത്ത് മനസ്സിലാക്കാവുന്ന രൂപത്തിൽ അതിൽ ചില പ്രയോഗങ്ങൾ നടത്തിയതാണോ എന്ന വിഷയത്തിൽ പണ്ഡിതന്മാർ വ്യത്യസ്ത വീക്ഷണങ്ങൾ പറഞ്ഞിട്ടുണ്ട്.
രണ്ടു വീക്ഷണങ്ങളാണ് പ്രധാനമായും ഈ വിഷയത്തിലുള്ളത്.
ഇന്ന് നാം കാണുന്ന നാഗരികതയും അത്യാധുനിക ആയുധങ്ങളും ഉപകരണങ്ങളുമെല്ലാം ഇല്ലാതെയാകും. അങ്ങിനെ കുതിരപ്പുറത്തും വാള് കുന്തം തുടങ്ങിയ ആയുധങ്ങൾ കൊണ്ടുമുള്ള യുദ്ധങ്ങൾ തിരിച്ചു വരും. നബി صلى الله عليه وسلم ആ പറഞ്ഞത് അക്ഷരാർത്ഥത്തിൽ തന്നെയാണ്. ഇതാണ് ഭൂരിപക്ഷ ആധുനിക പണ്ഡിതന്മാരുടെയും വീക്ഷണം. ശെയ്ഖ് മുഹമ്മദുബ്നു സ്വാലിഹുൽ ഉസൈമീൻ رَحِمَهُ ٱللَّٰهُ , ശെയ്ഖ് അബ്ദുൽ മുഹ്സിൻ അൽഅബ്ബാദ്, ശെയ്ഖ് ഉമർ അൽഅശ്ഖർ رَحِمَهُ ٱللَّٰهُ ... തുടങ്ങിയുള്ള പണ്ഡിതന്മാരെല്ലാം ഈ വീക്ഷണക്കാരാണ്. ഇവരുടെ തെളിവുകൾ താഴെപ്പറയുന്നവയാണ്.
അബൂഹുറൈറ رضي الله عنه യിൽ നിന്ന് നിവേദനം; നബി صلى الله عليه وسلم പറഞ്ഞിരിക്കുന്നു: "റോമക്കാർ ദാബിഖ് പ്രദേശത്ത് ചെന്ന് ഇറങ്ങുന്നതു വരെ അന്ത്യദിനം സംഭവിക്കുകയില്ല. അപ്പോൾ ഭൂമിയിലെ ഏറ്റവും നല്ല ആളുകളായ ഒരു സൈന്യം മദീനയിൽ നിന്നും അവർക്ക് നേരെ പുറപ്പെടും.... അങ്ങിനെ അവർ കോൺസ്റ്റാന്‍റിനോപ്പിൾ പിടിച്ചടക്കിയതിനു ശേഷം യുദ്ധാർജ്ജിത സ്വത്ത് ഓഹരി വെക്കുന്ന സന്ദർഭത്തിൽ അവരുടെ വാളുകൾ സൈത്തൂൻ മരത്തിൽ തൂക്കിയിട്ടിട്ടുണ്ടായിരിക്കും. പിശാച് അവർക്കിടയിൽ വന്നു വിളിച്ചു പറയും: നിങ്ങൾ പോന്നതിനു ശേഷം നിങ്ങളുടെ സ്ഥലങ്ങളിൽ ദജ്ജാൽ വന്നെത്തിയിരിക്കുന്നു..... അവർ ശാമിൽ എത്തിക്കഴിഞ്ഞാൽ മസീഹുദ്ദജ്ജാൽ പുറപ്പെടും. യുദ്ധത്തിന് ഒരുങ്ങിക്കൊണ്ട് അണികൾ ശരിപ്പെടുത്തുന്ന സമയമായിരിക്കും അത്. നമസ്കാരത്തിനു വേണ്ടി ഇഖാമത്ത് വിളിക്കപ്പെട്ട സന്ദർഭത്തിൽ ഈസാ നബി عليه السلام ഇറങ്ങിവരും. അദ്ദേഹം അവർക്ക് നേതൃത്വം കൊടുക്കും. അല്ലാഹുവിന്‍റെ ശത്രു ഈസാനബി عليه السلام യെ കണ്ടാൽ വെള്ളത്തിലിട്ട ഉപ്പു പോലെ അലിയാൻ തുടങ്ങും. ആ അവസ്ഥയിൽ ദജ്ജാലിനെ വിടുമായിരുന്നെങ്കിൽ അലിഞ്ഞ് ഇല്ലാതെയായിത്തീരുമായിരുന്നു. എന്നാൽ ഈസാനബി عليه السلام തന്‍റെ കൈകൾ കൊണ്ട് ദജ്ജാലിനെ കൊലപ്പെടുത്തും. തന്‍റെ കുന്തത്തിൽ രക്തത്തിന്‍റെ അടയാളം അവർക്ക് കാണിച്ചു കൊടുക്കുകയും ചെയ്യും. (മുസ്‌ലിം: 2897).
ഈ ഹദീസിൽ വാളുകൾ കുന്തങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. അവസാനകാലത്ത് നടക്കുന്ന യുദ്ധങ്ങളാണിത്.
അവസാനകാലത്ത് ദജ്ജാലുമായി യുദ്ധം ചെയ്യുന്ന ആളുകളെ കുറിച്ച് പറയുന്ന ഹദീസിൽ ഇപ്രകാരം കാണാം.
അല്ലാഹുവിന്‍റെ പ്രവാചകൻ صلى الله عليه وسلم പറഞ്ഞിരിക്കുന്നു: "അവരുടെ പേരുകളും അവരുടെ പിതാക്കന്മാരുടെ പേരുകളും അവരുടെ കുതിരകളുടെ നിറങ്ങളും എനിക്കറിയാം. ആ കാലത്ത് ഭൂമിയിലെ ഏറ്റവും നല്ല യോദ്ധാക്കളായിരിക്കും അവർ". (മുസ്‌ലിം: 2899).
യഅ്‌ജൂജ് മഅ്‌ജൂജിനെ കുറിച്ച് പറയുന്ന ഹദീസിൽ ഇപ്രകാരം കാണാം;
"യഅ്‌ജൂജ് മഅ്‌ജൂജിന്റെ അമ്പുകളും വില്ലുകളും പരിചകളും (മരത്താൽ ഉണ്ടാക്കപ്പെട്ടത്) ഏഴു വർഷത്തോളം (യഅ്‌ജൂജ് മഅജൂജിന്‍റെ നാശത്തിനു ശേഷം) മുസ്‌ലിംകൾ (ഭക്ഷണം പാകം ചെയ്യാനും മറ്റും കത്തിക്കാനായി) ഉപയോഗിക്കും. (തുർമുദി: 2240, ഇബ്നു മാജ: 4076).
ഈ വിഷയത്തിലുള്ള ചില ഹദീസുകൾ കൊണ്ടു വന്നതിനു ശേഷം ശെയ്ഖ് ഉമർ സുലൈമാൻ അൽഅശ്ഖർ رَحِمَهُ ٱللَّٰهُ പറയുന്നു:
"മിസൈലുകൾ ബോംബുകൾ തുടങ്ങി ആധുനിക ഭീകര ശക്തികൾ നശിച്ചു പോവുകയും നീങ്ങി പോവുകയും ചെയ്യും. അവ സ്വയം തകരുമെന്നാണ് കൂടുതലായി ഊഹിക്കുവാൻ സാധിക്കുന്നത്. കുതിരപ്പുറത്ത് കയറിയും കുന്തങ്ങളും പരിചകളും ഉപയോഗിച്ചു കൊണ്ടുമുള്ള ആദ്യകാല അവസ്ഥകളിലേക്ക് മനുഷ്യർ മടങ്ങും. അല്ലാഹു അഅ്‌ലം. (അൽഖിയാമതുസ്സുഗ്‌റാ: 275).
വ്യാഖ്യാനങ്ങൾക്ക് ഇടം നൽകാതെ ഹദീസുകളെ അതിന്‍റെ യഥാർത്ഥ അർത്ഥത്തിൽ തന്നെ നിലനിർത്തണമെന്നാണ് നാം മനസ്സിലാക്കുന്നത്. അവസാന കാലങ്ങളിൽ നടക്കുന്ന യുദ്ധങ്ങളിൽ കുതിരപ്പുറത്ത് കയറുകയും ആയുധങ്ങൾ ഉപയോഗിക്കുകയും ചെയ്യും. എന്നാൽ ഇന്ന് നിലവിലുള്ള നാഗരികത പൂർണമായും നീങ്ങിപ്പോകും എന്ന് നമുക്ക് അഭിപ്രായമില്ല. അങ്ങേയറ്റത്തെ അവസ്ഥയിലേക്ക് എത്തിയിട്ടുള്ള ആധുനിക നാഗരികത നിലനിൽക്കുന്നതോടൊപ്പം തന്നെ കുതിരകളും ആയുധങ്ങളും ഇതിനു വേണ്ടി ഉപയോഗിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാവും. ഹദീസുകളിൽ വന്നതിന്‍റെ അടിസ്ഥാനത്തിൽ ഈ അഭിപ്രായത്തിലാണ് നാം ഉറച്ചു നിൽക്കുന്നത്, നമുക്കറിയാത്ത ഗ്വൈബിയായ കാര്യങ്ങള്‍ അല്ലാഹുവിലേക്ക് വിടാം. നമ്മുടെ കർമ്മങ്ങളുമായി ബന്ധപ്പെട്ട് കൊണ്ട് കൂടുതൽ ഉപകാരമില്ലാത്ത ഒരു ചർച്ചയാണ് ഇത്. അതു കൊണ്ടു തന്നെ തർക്കങ്ങൾ പോയിട്ട് ഈ ചർച്ചയിൽ കൂടുതൽ മുഴുകാൻ പോലും നമ്മൾ ആഗ്രഹിക്കുന്നില്ല.
അല്ലാഹുവാണ് കാര്യങ്ങള്‍ കൂടുതല്‍ അറിയുന്നവന്‍.