നിക്കാഹ് പള്ളിയിൽ നടത്തുന്നത് സുന്നത്താണോ?
ഫദ്‍ലുൽ ഹഖ് ഉമരി ആമയൂർ
Last Update 2021 May 09, 1442 Ramadan 27
അവലംബം: islamqa
ചോദ്യം: നിക്കാഹ് പള്ളിയിൽ വെച്ച് തന്നെ നടത്തണമെന്ന് അറിയിക്കുന്ന വല്ല സ്വഹീഹായ ഹദീസുകളുമുണ്ടോ?. ഇമാം തുർമുദിയുടെ ഒരു ഹദീസ് ഈ വിഷയത്തിൽ ഉണ്ടെന്ന് എനിക്കറിയാം പക്ഷേ അത് ദുർബലമാണ്. നബി صلى الله عليه وسلم തന്‍റെ മക്കളുടെ നിക്കാഹുകൾ എവിടെ വെച്ചാണ് നടത്തിയത്?.
ഉത്തരം: നികാഹ് പള്ളിയിൽ വെച്ച് നടത്തണമെന്ന് പറയുന്ന സ്വഹീഹായ ഹദീസുകൾ ഇല്ല. പള്ളിയിൽ വച്ച് നടത്തുന്നത് സുന്നത്താണെന്ന വിശ്വാസത്തിന് പോലും തെളിവില്ല.
ശെയ്ഖ് ഇബ്നു ഉഥയ്‌മീൻ رَحِمَهُ ٱللَّٰهُ പറയുന്നു:
"പള്ളിയിൽ വച്ച് നിക്കാഹ് നടത്തുന്നതിനെക്കുറിച്ച് സുന്നത്താണെന്ന് പറയാൻ യാതൊരു അടിസ്ഥാനവും ഇല്ല. നബി صلى الله عليه وسلم യിൽ നിന്ന് ആ വിഷയത്തിൽ ഒരു തെളിവും ഞാൻ കണ്ടിട്ടില്ല. എന്നാൽ യാദൃശ്ചികമായി വലിയ്യും വരനും പള്ളിയിൽ ഉണ്ടാവുകയും അവിടെ വെച്ചുകൊണ്ട് നിക്കാഹ് നടക്കുകയും ചെയ്താൽ അതിൽ യാതൊരു വിരോധവുമില്ല. അതേ സ്ഥാനത്ത് നിക്കാഹ് വീട്ടിൽ നിന്നും പള്ളിയിലേക്ക് കൊണ്ടു വരൂ. അല്ലെങ്കിൽ പള്ളിയിൽവച്ച്കൊണ്ട് വിവാഹം നിശ്ചയിക്കൂ എന്നു പറയണമെങ്കിൽ തെളിവ് ആവശ്യമാണ്. അങ്ങനെ ഒരു തെളിവ് എനിക്ക് അറിയുകയില്ല."
എന്നാൽ സ്ഥലത്തിന്റെ ബറകത്ത് ഉദ്ദേശിച്ചുകൊണ്ടും ജനങ്ങൾ എല്ലാവരും അറിയുവാനും വേണ്ടിയാണ് ചില പണ്ഡിതന്മാർ പള്ളിയിൽ വെച്ച് നികാഹ് നടത്തൽ സുന്നത്താണെന്ന് പറഞ്ഞത്. ചില പണ്ഡിതന്മാരാകട്ടെ ഈ വിഷയത്തിൽ വന്ന ഒരു ദുർബല ഹദീസിന്‍റെ അടിസ്ഥാനത്തിലും അപ്രകാരം പറഞ്ഞിട്ടുണ്ട്.
മറ്റു സ്ഥലങ്ങളിൽവെച്ച് നികാഹ് നടത്തപ്പെടുമ്പോൾ അവിടെ കണ്ടു വരുന്ന പുകവലി, ആണും പെണ്ണും കൂടിക്കലരൽ, സംഗീതം കേൾക്കൽ തുടങ്ങിയ ഒട്ടനവധി ഹറാമുകൾ പള്ളികളിൽവച്ച് നിക്കാഹ് നടത്തപ്പെടുമ്പോൾ ഉണ്ടാകുന്നില്ല എന്നുള്ള കാരണത്താലും പള്ളിയിൽവെച്ച് നികാഹ് നടത്തുന്നത് നല്ലതാണെന്ന് ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.
എന്നാൽ നിങ്ങളുടെ ചോദ്യത്തിലുള്ള, നബി صلى الله عليه وسلم യുടെ മക്കളുടെ വിവാഹങ്ങൾ എവിടെവെച്ച് നടന്നു എന്നതിന് വ്യക്തമായ ഹദീസുകൾ ഒന്നും നാം കണ്ടിട്ടില്ല. എവിടെവെച്ച് നടന്നു എന്ന് അറിയുന്നതിൽ വലിയ പ്രസക്തിയും അന്ന് ഉണ്ടായിരുന്നില്ല. അപ്പോഴാണല്ലോ അത് അന്വേഷിച്ചറിയാൻ ശ്രമിക്കുകയുള്ളൂ. അവർ സാധാരണയായി സംഘടിപ്പിക്കപ്പെടാറുള്ള സദസ്സുകളിലോ വീടുകളിലോ അതുമല്ലെങ്കിൽ എവിടെയാണ് സന്ദർഭം യോജിച്ചു വരുന്നത് അവിടെയൊക്കെയാണ് വിവാഹങ്ങൾ നടക്കാറുണ്ടായിരുന്നത്. അതിനെ പ്രത്യേകമായി സൂചിപ്പിക്കുന്ന റിപ്പോർട്ടുകളൊന്നും നമ്മുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.
അല്ലാഹു അഅ്‍ലം.