ചന്ദ്രന്‍ വികാസംകൂടി ഉദയം ചെയ്യല്‍
അന്‍വര്‍ അബൂബക്കര്‍
Last Update 8 April 2026, 20 Shawwal, 1447 AH
ചോദ്യം: ചന്ദ്രന്‍ വികാസംകൂടി ഉദയം ചെയ്യല്‍ അന്ത്യനാളിന്‍റെ അടയാളമായി നബിﷺ പഠിപ്പിച്ചിട്ടുളളതാണ്. അന്ന് മാസപ്പിറവി കണ്ടാല്‍ ഒന്നാമത്തെ ദിവസം ഉദിച്ചുയര്‍ന്ന ചന്ദ്രന്‍ എത്രാമത്തെ ദിവസത്തെ ഉദയ ചന്ദ്രനാണെന്നാണ് ജനങ്ങള്‍ പറയുക?
ഉത്തരം: രണ്ടാമത്തെ ദിവസം
അബ്ദുല്ലാഹ് ഇബ്നു മസ്‍ഊദ് (റളിയല്ലാഹു അന്‍ഹു) നിവേദനം, അല്ലാഹുവിന്‍റെ പ്രവാചകന്‍ﷺ പറഞ്ഞു: “ഉദയചന്ദ്രന്‍ വികാസംകൂടി ഉദയം ചെയ്യല്‍ അന്ത്യനാള്‍ അടുത്തു എന്നതിനെ അറിയിക്കുന്നതില്‍ പെട്ടതാണ്.” (മുഅ്ജമുത്ത്വബറാനി, അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ച ഹദീഥ്)
അബൂഹുറൈറ (റളിയല്ലാഹു അന്‍ഹു) നിവേദനം, അല്ലാഹുവിന്‍റെ പ്രവാചകന്‍ﷺ പറഞ്ഞു: “ഉദയചന്ദ്രന്‍ വലിപ്പം കൂടി ഉദയം ചെയ്യുന്നത് അന്ത്യനാള്‍ അടുത്തതിനെ അറിയിക്കുന്നതാണ്. ഒന്നാം രാവിലെ ഉദയചന്ദ്രനെ കാണുമ്പോള്‍ പറയപ്പെടും, ഇത് രണ്ടാം രാവിലെ ചന്ദ്രനാണെന്ന്.” (മുഅ്ജമുത്ത്വബറാനി, അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ച ഹദീഥ്)
ഇസ്‍ലാമില്‍ ചന്ദ്ര കാലഗണനരീതിയാണ് മാസങ്ങളുടെ ആരംഭവും സമാപനവും നിര്‍ണ്ണയിക്കാന്‍ പണ്ടുകാലം മുതൽ ഉപയോഗിച്ചുവരുന്നത്.
അല്ലാഹു പറഞ്ഞു: “(നബിയേ,) നിന്നോടവര്‍ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ് തീര്‍ത്ഥാടനത്തിനും കാല നിര്‍ണയത്തിനുള്ള ഉപാധികളാകുന്നു അവ. (അല്‍ബക്വറ 189) അല്ലാഹു അവന്‍റെ ദയകൊണ്ടും കാരുണ്യംകൊണ്ടും ജനങ്ങള്‍ക്ക് സമയം നിര്‍ണ്ണയിക്കാനുളള ഒരു വ്യവസ്ഥ നിശ്ചയിച്ചു തന്നതാണിത്. ഈ ഒരു വ്യവസ്ഥ പ്രകാരം മാസത്തിന്‍റെ തുടക്കത്തില്‍ ഹിലാല്‍ വളരെ നേരിയതായിട്ട് വെളിവാകുകയും, ശേഷം ആ മാസം പകുതി ആകുന്നത് വരെ അത് വലുതായികൊണ്ടിരിക്കുകയും ചെയ്യും. മാസത്തിന്‍റെ പകുതിയാകുന്നതോടു കൂടി ആ ഹിലാല്‍, അത് പൂര്‍ണതയിലെത്തുകയും, പിന്നീട് അവിടന്നങ്ങോട്ട് അത് ചെറുതാകാന്‍ തുടങ്ങുകയും ചെയ്യും. അങ്ങനെയാണ് അല്ലാഹു ചന്ദ്രനുമായി ബന്ധപ്പെട്ടുകൊണ്ടുളള കാലഘണന രീതി മനുഷ്യര്‍ക്കു വേണ്ടി വ്യവസ്ഥപ്പെടുത്തിയിട്ടുളളത്.
ചന്ദ്രന്‍റെ രൂപത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍, പ്രത്യേകിച്ച് ആദ്യ രാത്രിയില്‍ തന്നെ രണ്ടുദിവസത്തെ പ്രായമുളള ചന്ദ്രനായി കാണപ്പെടുക എന്നത് അന്ത്യനാളിന്‍റെ അടയാളങ്ങളിൽ ഒന്നായി പ്രവാചകൻ മുഹമ്മദ് നബിﷺ സൂചിപ്പിച്ചിരിക്കുന്നു. ഇസ്‍ലാമിക വിശ്വാസപ്രകാരം, ക്വിയാമത്തിന്‍റെ അടയാളങ്ങള്‍ മനുഷ്യരെ ജാഗ്രതയോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ഇത്തരം അടയാളങ്ങള്‍ കണ്ടാല്‍, സത്യവിശ്വാസികള്‍ ആത്മപരിശോധന നടത്തുകയും തങ്ങളുടെ പാപങ്ങള്‍ പൊറുത്തുകിട്ടാന്‍ തൗബ ചെയ്യുകയും വേണം. ഇത് ആത്മീയ ഔന്ന്യത്വത്തിനും അല്ലാഹുവോടുളള അടുപ്പം നേടിയെടുക്കാനും സഹായകമാണ്. മാത്രമല്ല, ഇത് മനുഷ്യരെ ധാര്‍മ്മികമായ ജീവിതത്തിലേക്ക് തിരിച്ചുവിടാന്‍ പ്രേരണ നല്‍കുന്നതാണ്. അല്ലാഹുവിന്‍റെ കല്പനകൾ പാലിക്കുകയും നന്മയുടെ മാർഗത്തിലൂടെ സഞ്ചരിക്കുകയും ചെയ്യുക എന്നത് ഏതുകാലഘട്ടത്തിലും അത്യന്താപേക്ഷിതമാണല്ലോ!
അന്ത്യനാളിനോടനുബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ മാസപ്പിറവിയുമായി ബന്ധപ്പെട്ട ബാലചന്ദ്രന്‍റെ വലിപ്പം ഒരു ചര്‍ച്ചയാകുമെന്നത് ഈ ഹദീഥ് വ്യക്തമാക്കുന്നുണ്ട്. അന്ന്, ആദ്യ ദിനത്തിൽ ഉദിച്ചുയർന്ന ചന്ദ്രനെ ജനങ്ങൾ രണ്ടാമത്തെ ദിവസത്തെ ചന്ദ്രനാണെന്ന് പറയും എന്ന പ്രവചനത്തിൽ, ചന്ദ്രന് പ്രത്യക്ഷത്തിൽ സംഭവിക്കുന്ന മാറ്റങ്ങള്‍ മാസപ്പിറവി നിര്‍ണ്ണയത്തില്‍ കാഴ്ചയുടെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. ഇസ്ലാമിക പാരമ്പര്യത്തിൽ, മാസങ്ങളുടെ ആരംഭവും സമാപനവും നിശ്ചയിക്കാൻ ഉദയചന്ദ്രന്‍റെ കാഴ്ചയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. അല്ലാഹുവിന്‍റെ പ്രവാചകന്‍ﷺ പറഞ്ഞു: “മാസപ്പിറവി കണ്ടാല്‍ നിങ്ങള്‍ നോമ്പ് നോല്‍ക്കുക, മാസപ്പിറവി കണ്ടാല്‍ നിങ്ങള്‍ നോമ്പ് അവസാനിപ്പിക്കുക. മേഘാവൃതമായി മാസം കാണാതിരുന്നാല്‍ അതിനെ മുപ്പതായി കണക്കാക്കുക.” (മുസ്‍ലിം)
ചന്ദ്രന്‍റെ വികാസം കൂടിയ ഉദയം പോലുള്ള പ്രതിഭാസങ്ങൾ, ജ്യോതിശാസ്ത്ര മാനദണ്ഡങ്ങള്‍ ഉപയോഗിച്ചുളള കലണ്ടർ സംവിധാനത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്, കണക്കുകൂട്ടലുകൾക്ക് 100% കൃത്യത ഉറപ്പാക്കാൻ അന്നേരം കഴിയണമെന്നില്ല. പ്രവാചകന്‍ﷺ പ്രവചിച്ച വികാസംപോലുളള അനിശ്ചിതത്വങ്ങൾ കൃത്യമായി കാലേകൂട്ടി പ്രവചിക്കാൻ ഖഗോളശാസ്ത്രത്തിന് സാധിക്കുമെന്നുറപ്പിക്കാന്‍ കഴിയില്ല. അതിനാൽ, മാസപ്പിറവി കണക്കുകൂട്ടലുകളെ മാത്രം ആശ്രയിക്കുന്നതിലൂടെ ഇസ്‍ലാമിക പ്രമാണങ്ങളുമായുളള സംഘർഷം നിലനില്‍ക്കും. എന്നാല്‍, കാഴ്ചയും (റുഅ്‍യ) കണക്കുകൂട്ടലുകളും തമ്മിൽ സമന്വയം സാധ്യമാണ്. കണക്കുകൂട്ടലുകൾ ചന്ദ്രന്‍റെ വൃദ്ധിക്ഷയങ്ങൾ (കലകൾ) എപ്രകാരമായിരിക്കും എന്നതിന്‍റെ സാധ്യതകൾ പ്രവചിക്കാൻ സഹായകമാണ്, എന്നാൽ അന്തിമ തീരുമാനം കാഴ്ചയുടെ അടിസ്ഥാനത്തിൽ തന്നെ എടുക്കേണ്ടതുണ്ട്. കാരണം, ഈ സമീപനത്തിലൂടെ മാത്രമാണ് മാസപ്പിറവിയുടെ ശാസ്ത്രീയവും പ്രാമാണികവുമായ രീതികളുടെ ഏകീകരണം ഉറപ്പാക്കാന്‍ സാധിക്കുക. അതിനാൽ, നബിﷺയുടെ ചന്ദ്രദർശനത്തെക്കുറിച്ചുള്ള പ്രവചനവും കാഴ്ചയുടെ അടിസ്ഥാനത്തിലുളള മാസപ്പിറവിയുടെ പ്രാധാന്യവും പരിഗണിക്കുമ്പോൾ, കണക്കുകൂട്ടലുകൾ മാത്രം ആശ്രയിക്കുന്ന കലണ്ടർ സംവിധാനങ്ങൾ എല്ലാ കാലഘട്ടത്തിലേക്കും പ്രായോഗികമല്ലെന്നും, ഇസ്ലാമിക പാരമ്പര്യത്തോടും പ്രവാചകന്‍റെ ﷺ ഉപദേശങ്ങളോടും കൂറുപുലര്‍ത്താന്‍ അതിന് സാധിക്കില്ലെന്നും വ്യക്തമാണ്. മറിച്ച്, കാഴ്ചയെ അടിസ്ഥാനപ്പെടുത്തി മാസപ്പിറവി നിശ്ചയിക്കുന്നതില്‍ യാതൊരു ആശയക്കുഴപ്പവും വരുന്നില്ല എന്നുമാത്രമല്ല, അത് എല്ലാ പ്രശ്നങ്ങള്‍ക്കുമുളള പരിഹാരവുമായിരിക്കും.
