ഇഹ്‌യാഉ ഉലൂമിദ്ദീൻ എന്ന ഗ്രന്ഥം
ഫദ്‍ലുൽ ഹഖ് ഉമരി ആമയൂർ
Last Update 2020 November 27, 1442 Rabi Al-Akhar 12
അവലംബം: islamqa
ചോദ്യം: ശെയ്ഖ് അബു ഹാമിദുൽ ഗസ്സാലി رَحِمَهُ ٱللَّٰهُ യുടെ ഇഹ്‌യാഉ ഉലൂമിദ്ദീൻ എന്ന ഗ്രന്ഥം വായിക്കുന്നതിനെ കുറിച്ച് ഉപദേശം നൽകാമോ?.
ഉത്തരം: ഈ ചോദ്യം ശെയ്ഖുല്‍ ഇസ്ലാം ഇബ്നു തെയ്മിയ്യ رَحِمَهُ ٱللَّٰهُ യോട് ചോദിച്ചപ്പേൾപ്പോൾ അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു:
"ഖൂതുൽഖുലൂബ് പോലുള്ള ഒരു പുസ്തകമാണ് ഇഹ്‌യാഉ ഉലൂമിദ്ദീൻ. ക്ഷമ, നന്ദി, സ്നേഹം, തവക്കുൽ, തൗഹീദ് തുടങ്ങി ഹൃദയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശിക്കുന്ന ഗ്രന്ഥമാണിത്. സൂഫികളും മറ്റുമായി ഹൃദയങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നവരെ പറ്റിയും ഹദീസുകളെ കുറിച്ചും ഇമാം ഗസ്സാലിയെക്കാൾ കൂടുതൽ അറിവുള്ള ആളാണ് അബൂത്വാലിബ് (ഖൂതുൽഖുലൂബിന്‍റെ കർത്താവ്).
അദ്ദേഹത്തിന്‍റെ വാക്കുകളാണ് കൂടുതൽ ശരിയായിട്ടുള്ളതും ബിദ്അത്തുകളിൽ നിന്നും കൂടുതൽ അകന്നു നിൽക്കുന്നതും. അതോടൊപ്പം തന്നെ ഖൂതുൽഖുലൂബിൽ ദുർബലങ്ങളും നിർമ്മിതങ്ങളുമായ ഹദീസുകളും തള്ളപ്പെടേണ്ടതായ കാര്യങ്ങളും ഒട്ടനവധിയുണ്ട്.
എന്നാൽ ഇഹ്‌യാഉ ഉലൂമിദ്ധീനിൽ വന്നിട്ടുള്ള മഹാ പാപങ്ങളായ അഹങ്കാരം, സ്വയം മേന്മ നടിക്കൽ, രിയാഅ്, അസൂയ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ അധികവും എടുത്തിട്ടുള്ളത് ഹാരിസുൽ മഹാസിബിയുടെ (الرعاية) എന്ന ഗ്രന്ഥത്തിലെ) വചനങ്ങളിൽ നിന്നാണ്. അതിൽ തന്നെ തള്ളപ്പെടേണ്ടതായതും അഭിപ്രായവ്യത്യാസങ്ങൾ ഉള്ളതുമായ വിഷയങ്ങളുണ്ട്. ഇഹ്‌യാഇൽ ഒരുപാട് നന്മകളുണ്ട് . എന്നാൽ ആക്ഷേപകരമായ ഒട്ടനവധി കാര്യങ്ങളും അതിലുണ്ട്.
തൗഹീദ്, പ്രവാചകത്വം, മരണ ശേഷമുള്ള മടക്കം തുടങ്ങിയ വിഷയങ്ങളിൽ തത്ത്വചിന്തകരിൽ നിന്നും സ്വീകരിച്ചിട്ടുള്ള ഒരുപാട് കുഴപ്പം നിറഞ്ഞ കാര്യങ്ങൾ അതിലുണ്ട്. മുസ്‌ലിംകളുടെ വസ്ത്രം ധരിച്ചു കൊണ്ട് മുസ്‌ലിംകൾക്ക് വേണ്ടി ശത്രുവിനെ സ്വീകരിച്ചത് പോലെയാണ് സൂഫികളെ കുറിച്ചുള്ള പല പരാമർശങ്ങളും. മുസ്‌ലിം ഉമ്മത്തിലെ പല നേതാക്കന്മാരും തങ്ങളുടെ ഗ്രന്ഥങ്ങളിൽ ഗസ്സാലിയെ വിമർശിച്ച് സംസാരിച്ചിട്ടുണ്ട്. الشفاء അദ്ദേഹത്തെ രോഗിയാക്കി എന്നാണ് പല പണ്ഡിതന്മാരും അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത്. അതായത് ഇബ്നുസീനയുടെ 'അശ്ശിഫാഅ്' എന്ന ഗ്രന്ഥമാണ് അദ്ദേഹത്തെ ഈ പിഴവിലേക്ക് എത്തിച്ചത്.
ഒരുപാട് ദുർബലങ്ങളായ ഹദീസുകളും അഥറുകളും ഇഹ്‌യാഇൽ ഉണ്ട്. എന്ന് മാത്രമല്ല ഒട്ടനവധി നിർമ്മിത (الموضوع) റിപ്പോർട്ടുകൾ തന്നെയുണ്ട്. എന്നാൽ, അതോടൊപ്പം ഖുർആനിനോടും സുന്നത്തിനോടും യോജിക്കുന്ന വിധത്തിൽ ഹൃദയം കൊണ്ടുള്ള പ്രവർത്തനങ്ങളിൽ നേരെ ചൊവ്വേ നിലകൊള്ളുന്ന വൈജ്ഞാനികരായ സൂഫി ശെയ്ഖന്മാരുടെ സംസാരങ്ങളും ഖുർആനിനോടും സുന്നത്തിനോടും യോജിക്കുന്ന ആരാധനകളും മര്യാദകളും അതിൽ പറയുന്നുണ്ട്. തള്ളപ്പെടേണ്ട കാര്യങ്ങളെക്കാൾ കൂടുതൽ ഇതു തന്നെയാണ്. അതു കൊണ്ടു തന്നെ ഈ ഗ്രന്ഥത്തെക്കുറിച്ച് ആളുകളുടെ ഗവേഷണങ്ങൾ വ്യത്യസ്തമാവുകയും വ്യത്യസ്താഭിപ്രായങ്ങൾ വരികയും ചെയ്തിട്ടുണ്ട്.” (മജ്മൂഉൽഫതാവാ: 10/551).
അതു കൊണ്ട് ഈ ഗ്രന്ഥം വായിക്കരുത് എന്നാണ് ഉപദേശിക്കുവാനുള്ളത്. ഈ വിഷയങ്ങൾ പരാമർശിച്ച ഒട്ടനവധി ഉപകാരപ്രദമായ മറ്റു ഗ്രന്ഥങ്ങൾ ഉണ്ട് അത് വായിക്കുക.
- حادي الأرواح
- الفوائد ،
- زاد المعاد
ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ ٱللَّٰهُ യുടേതാണ് ഈ ഗ്രന്ഥങ്ങൾ.
- العبودية
- كتاب الإيمان.
ശെയ്ഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ رَحِمَهُ ٱللَّٰهُ യുടെതാണ് ഈ ഗ്രന്ഥങ്ങൾ.
- كتاب لطائف المعارف ،
- ورسالة الخشوع في الصلاة
എന്നീ ഗ്രന്ഥങ്ങളും വായിക്കാം. ഇബ്നു റജബിൽ ഹമ്പലി رَحِمَهُ ٱللَّٰهُ യുടെതാണ് ഈ ഗ്രന്ഥങ്ങൾ. അതോടൊപ്പം അങ്ങേയറ്റത്തെ സ്ഥാനത്തെത്തിയ ഇഹ്‌യാഉ ഉലൂമിദ്ദീനിന്‍റെ ചുരുക്കപ്പെട്ട ഗ്രന്ഥങ്ങളുണ്ട്. ഇബ്നു ഖുദാമ യുടെ منهاج القاصدين എന്ന ഗ്രന്ഥം അതിനുദാഹരണമാണ്. അത് ഉപയോഗപ്പെടുത്താവുന്നതാണ്. അതേ സ്ഥാനത്ത് ശരിയും തെറ്റും വേർതിരിക്കാനും സ്വഹീഹും ദുർബലവും മനസ്സിലാക്കാനും സാധിക്കുന്ന ഒരു വിദ്യാർത്ഥി അത് വായിക്കുന്നതിൽ വിരോധമില്ല.
അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.