ശിർക്കിന്‍റെയും കുഫ്‌റിന്‍റേയും വിഷയത്തിൽ അറിവില്ലായ്മയുടെ പേരിൽ മാപ്പു നൽകപ്പെടുമോ?
ഫദ്‍ലുൽ ഹഖ് ഉമരി ആമയൂർ
Last Update 2020 December 23 1442 Jumada Al-Awwal 08
അവലംബം: islamqa
ചോദ്യം: ശിർക്കിന്‍റെയും കുഫ്‌റിന്‍റേയും വിഷയത്തിൽ അറിവില്ലായ്മയുടെ പേരിൽ മാപ്പു നൽകപ്പെടുമോ (ശിക്ഷ കൂടാതെ വിട്ടേക്കപ്പെടുമോ) അവർക്ക് മാപ്പ് നൽകപ്പെടും എന്ന് പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്. ശിർക്ക് പോലെയുള്ള വിശ്വാസപരമായ വിഷയങ്ങളിൽ അറിവില്ലായ്മ കൊണ്ട് ചെയ്തു പോകുന്ന കാര്യങ്ങളിൽ മാപ്പ് നൽകപ്പെടും എന്നുള്ളതിന് തെളിവുകളോടു കൂടിയുള്ള ഒരു വിശദീകരണം ആഗ്രഹിക്കുന്നു.
ഉത്തരം: അറിവില്ലായ്മ കൊണ്ട് ശിർക്കും കുഫ്റും ചെയ്യുന്ന വ്യക്തി രണ്ട് അവസ്ഥയിലാണുള്ളത്.
(ഒന്ന്) മുസ്‌ലിം അല്ലാത്ത വ്യക്തി. അവൻ ചിലപ്പോൾ മറ്റു മതങ്ങളിലായിരിക്കാം അല്ലെങ്കിൽ മതമില്ലാത്തവനായിരിക്കാം. ഈ അവസ്ഥയിലുള്ളവൻ കാഫിറാണ്. അവൻ അറിഞ്ഞവനാണെങ്കിലും ശരി. അറിയാത്തവനാണെങ്കിലും ശരി. ന്യായങ്ങളും വ്യാഖ്യാനങ്ങളും പറയുന്നവരാണെങ്കിലും ശരി. ഇസ്‌ലാമിന്‍റെ വിധികൾ ഇഹലോകത്ത് അവനിൽ നൽകപ്പെടുകയില്ല. കാരണം അടിസ്ഥാനപരമായി തന്നെ അവൻ ഇസ്‌ലാമിൽ പ്രവേശിച്ചിട്ടില്ല. അതു കൊണ്ട് കുഫ്ഫാറുകളുടെ വിധികളായിരിക്കും അവനിൽ ഉണ്ടായിരിക്കുക. ഇസ്‌ലാമിലേക്ക് തന്നെ ചേർക്കുക പോലും ചെയ്തിട്ടില്ലാത്ത അവനിൽ എങ്ങിനെയാണ് ഇസ്‌ലാമിന്‍റെ വിധി നൽകുക.?
ഇനി യഥാർത്ഥത്തിൽ അവൻ തീരെ അറിവില്ലാത്തവനും അടിസ്ഥാനപരമായി തന്നെ ഇസ്‌ലാമിന്‍റെ സന്ദേശം എത്തിയിട്ടില്ലാത്തവനും അതല്ലെങ്കിൽ വക്രീകരിക്കപ്പെട്ട നിലയിലും വികൃതമാക്കപ്പെട്ട നിലയിലുമാണ് അവനിലേക്ക് ഇസ്‌ലാം എത്തിയതുമെങ്കിൽ ഇത്തരം ആളുകളിൽ ഇസ്‌ലാമിന്‍റെ തെളിവുകൾ സ്ഥാപിക്കപ്പെട്ടിട്ടില്ല. ഇത്തരക്കാരുടെ പരലോകത്തെ അവസ്ഥ എന്തായിരിക്കുമെന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ ഭിന്നാഭിപ്രായങ്ങളും സുദീർഘമായ ചർച്ചകളും ഉണ്ട്. അതിൽ ഏറ്റവും സ്വീകാര്യമായ അഭിപ്രായം ഇപ്രകാരമാണ്: അന്ത്യദിനത്തിൽ അവൻ പരീക്ഷിക്കപ്പെടും. അതില്‍ അല്ലാഹുവിനെ അനുസരിച്ചാൽ സ്വർഗ്ഗത്തിലും അനുസരണക്കേട് കാണിച്ചാൽ നരകത്തിലും പ്രവേശിക്കും. ശെയ്ഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ പറയുന്നു
"ഇഹലോകത്ത് ദൈവിക സന്ദേശങ്ങൾ എത്തിയിട്ടില്ലാത്ത ആളുകളിലേക്ക് പരലോകത്ത് വെച്ചുകൊണ്ട് ദൂതനെ നിയോഗിക്കപ്പെടുമെന്ന് അറിയിക്കുന്ന ഒട്ടനവധി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്". (മജ്മൂഉൽഫതാവാ:17/308).
(രണ്ട്) ഇസ്‌ലാമിലേക്ക് ചേർക്കപ്പെടുകയും ഇസ്‌ലാമിന്‍റെ വിശേഷണങ്ങൾ സ്ഥിരപ്പെടുകയും ചെയ്ത വ്യക്തി. ഇസ്‌ലാമിനെ അവൻ പ്രഖ്യാപിക്കുകയും മുഹമ്മദ് നബിയിലുള്ള صلى الله عليه وسلم വിശ്വാസം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം ആളുകൾ അറിവില്ലായ്മയിലൂടെ കുഫ്റിലേക്ക് എത്തുന്ന വല്ല പ്രവർത്തനങ്ങളും ചെയ്താൽ അതിന്‍റെ പേരിൽ അവൻ കാഫിറാകുന്നില്ല. അവന്‍റെ മുമ്പിൽ കാര്യങ്ങൾ വ്യക്തമാക്കി കൊടുക്കുകയും തെളിവുകൾ സമർത്ഥിച്ചു കൊടുക്കുകയും ചെയ്യുന്നതു വരെ ഇസ്‌ലാമിന്‍റെ വിശേഷണം അവനിൽ നിന്ന് ഉയർത്തപ്പെടുകയും ഇല്ല.
ശെയ്ഖ് അബ്ദുർറഹ്മാൻ അസ്സഅ്‌ദി رَحِمَهُ ٱللَّٰهُ പറയുന്നു
"അല്ലാഹുവിലും അവന്‍റെ പ്രവാചകനിലും വിശ്വസിക്കുകയും സത്യപ്പെടുത്തുകയും അനുസരണത്തോടു കൂടി ജീവിക്കുകയും ചെയ്യുന്ന ഒരു വ്യക്തി അറിവില്ലായ്മ കൊണ്ട് പ്രവാചകൻ കൊണ്ടുവന്ന ഒന്നിനെ നിഷേധിക്കുകയോ പ്രവാചകൻ അങ്ങനെ ഒരു കാര്യം പറഞ്ഞിട്ടുണ്ട് എന്ന അറിവില്ലായ്മയിലൂടെ നിഷേധിക്കുകയോ ചെയ്താൽ ആ പ്രവർത്തനം കുഫ്റും അത് ചെയ്യുന്നവൻ കാഫിറാകുന്നതുമാണെങ്കിൽതന്നെ അവനിലെ അറിവില്ലായ്മ എന്ന അവസ്ഥ അവനെക്കുറിച്ച് നിർണ്ണയിച്ച് (വ്യക്തിപരമായി) കാഫിറെന്ന് വിധിപറയുന്നതിൽ നിന്നും തടയുന്നു. ഈ അറിവില്ലായ്മ അടിസ്ഥാന വിഷയങ്ങളിലാണെങ്കിലും ശരി. അഥവാ അടിസ്ഥാന വിഷയങ്ങൾക്ക് കീഴിൽ വരുന്ന വിഷയങ്ങളാണെങ്കിലും ശരി. കാരണം, പ്രവാചകൻ കൊണ്ടുവന്നതിന്നയോ പ്രവാചകൻ കൊണ്ടുവന്ന ചിലതുകളേയോ അറിവുണ്ടായിട്ടും നിഷേധിക്കുന്നതിനാണ് കുഫ്റ് എന്ന് പറയുന്നത്. ഈ പറഞ്ഞതിൽ നിന്നും മുഹമ്മദ് നബി صلى الله عليه وسلم യിൽ നിഷേധിച്ച അന്ധമായ അനുകരണത്തിന്‍റെ ആളുകളും അറിവില്ലായ്മകൊണ്ട് മുഹമ്മദ് നബി صلى الله عليه وسلم കൊണ്ടുവന്നതിൽ ചിലതിനെ നിഷേധിച്ച ആളുകളും തമ്മിലുള്ള വ്യത്യാസം വ്യക്തമായി മനസ്സിലാക്കാം. അറിഞ്ഞു കൊണ്ടോ ദുശ്ശാഠ്യം കൊണ്ടോ അല്ല അവർ നിഷേധിച്ചിട്ടുള്ളത്". (അൽഫതാവാ അസ്സിഅ്‌ദിയ്യ: പേജ്: 443-447).
തന്‍റെ റബ്ബിന്‍റെ മതം സ്വീകരിച്ച ഏതൊരു വ്യക്തിക്കും തൗഹീദും ശിർക്കുമാകുന്ന വിശ്വാസപരമായ കാര്യങ്ങളാണെങ്കിലും കർമ്മപരമായ കാര്യങ്ങളാണെങ്കിലും അറിവില്ലായ്മ കാരണത്താൽ മാപ്പ് കൊടുക്കപ്പെടുന്നതാണ്. അവന്‍റെ കാരണം ബോധിപ്പിക്കൽ സ്വീകരിക്കപ്പെടുന്നതാണ്. വിശ്വാസപരമായ കാര്യങ്ങളാണെങ്കിൽ തന്നെ മുസ്‌ലിമായ വ്യക്തിക്ക് മാപ്പ് നൽകപ്പെടും എന്നതിനെ അറിയിക്കുന്ന ചില തെളിവുകൾ നമുക്ക് മനസ്സിലാക്കാം.
(1) തെറ്റ് ചെയ്തവന് മാപ്പ് നൽകപ്പെടും എന്നറിയിക്കുന്ന തെളിവുകൾ.
"...ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ.."(ബഖറ: 286)
"ഞാൻ അപ്രകാരം ചെയ്തിരിക്കുന്നു എന്നാണ് ഇതിന് മറുപടിയായി അല്ലാഹു പറയുന്നത്.(അതായത് അവന് മാപ്പുകൊടുത്തു എന്ന അർത്ഥം)" (മുസ്‌ലിം: 126).
മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു:
"അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ് കൊണ്ടു ചെയ്തത് (കുറ്റകരമാകുന്നു.) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു" (അഹ്സാബ്: 5).
നബി صلى الله عليه وسلم പറയുന്നു:
"മറവി, അബദ്ധം, നിർബന്ധിക്കപ്പെട്ടത് തുടങ്ങിയവ എന്‍റെ ഉമ്മത്തിന് മാപ്പ് നൽകപ്പെട്ടിരിക്കുന്നു." (ഇബ്നുമാജ 2043. ഈ ഹദീസ് ഹസൻ ആണെന്ന് (സ്വീകാര്യ യോഗ്യം) ശൈഖ് അൽബാനി رَحِمَهُ ٱللَّٰهُ രേഖപ്പെടുത്തിയിട്ടുണ്ട്).
ഏൽപ്പിക്കപ്പെട്ട കാര്യങ്ങളിൽ മറവി മൂലമോ അറിവില്ലായ്മ മൂലമോ സംഭവിച്ചു പോകുന്ന വിഷയങ്ങൾ മാപ്പ് നൽകപെടുന്നവയാണ് എന്ന് ഈ തെളിവുകൾ അറിയിക്കുന്നു.
അബദ്ധം സംഭവിച്ചവൻ (المخطأ) എന്നു പറഞ്ഞതിൽ അറിവില്ലാത്തവനും (الجاهل) ഉൾപ്പെടും. കാരണം മനപൂർവ്വമല്ലാത്ത നിലക്ക് സത്യത്തിന് എതിരെ പ്രവർത്തിക്കുന്നവരാണ് المخطأ കൊണ്ട് ഉദ്ദേശിക്കുന്നത്.
ശെയ്ഖ് അബ്ദുർറഹ്മാൻ അസ്സഅ്‌ദി رَحِمَهُ ٱللَّٰهُ പറയുന്നു:
"വിശ്വാസികളായി കൊണ്ട് തെറ്റ് ചെയ്യുന്ന എല്ലാവരും ഇതിലുൾപ്പെടും. അത് വിശ്വാസപരമായ കാര്യങ്ങളാകട്ടെ കർമപരമായ കാര്യങ്ങൾ ആകട്ടെ". (അൽഇർശാദ് ഇലാ മഅ്‌രിഫതിൽഅഹ്കാം: പേജ്: 208)
ശെയ്ഖ് ഉസൈമീൻ رَحِمَهُ ٱللَّٰهُ പറയുന്നു:
"അറിവില്ലായ്മ അബദ്ധമായ കുറ്റത്തിൽ പെട്ടതാണ് എന്ന കാര്യത്തിൽ സംശയമില്ല. അതു കൊണ്ട് നമുക്ക് പറയാനുള്ളത്: കുഫ്റാണ് എന്ന് അറിയാത്ത ഒരു വ്യക്തി (മതപരമായ തെളിവുകളിലൂടെ ഇത് കുഫ്റാണ് എന്ന് അവന് അറിയുകയില്ല) കുഫ്റ് നിർബന്ധമാകുന്ന ഒരു പ്രവർത്തനം അല്ലെങ്കിൽ ഒരു വാക്ക് ചെയ്തു കഴിഞ്ഞാൽ ആ വ്യക്തിയെക്കുറിച്ച് കാഫിറെന്ന വിധി നൽകരുത്". (അശ്ശറഹുൽമുംതിഅ്: 14/449).
ശെയ്ഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ ٱللَّٰهُ പറയുന്നു:
"ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ..."(ബഖറ: 286) എന്ന ആയത്തിന്‍റെ ഈ അവസരത്തിൽ ഇവിടെ തെറ്റുപറ്റി എന്ന് പറയുമ്പോൾ അത് ഖണ്ഡിതമായ വിഷയങ്ങളിലുള്ള തെറ്റാണ് എന്നോ ഊഹപരമായ വിഷയങ്ങളിലുള്ള തെറ്റാണ് എന്നോ അല്ലാഹു വേർതിരിച്ചിട്ടില്ല. രണ്ടു തരത്തിലുള്ള തെറ്റാണെങ്കിലും ആരിൽനിന്ന് സംഭവിച്ചാലും അവൻ കുറ്റക്കാരനാണ് എന്ന് വല്ലവനും പറഞ്ഞാൽ അവൻ ഖുർആനിനും സുന്നത്തിനും പഴയ(കാല) ഇജ്മാഇനും എതിരു പറഞ്ഞു എന്നാണ് അർത്ഥം." (മജ്മൂഈൽഫതാവാ: 19/ 210).
ശെയ്ഖുൽ ഇസ്‌ലാം തുടരുന്നു;
"ഒരു വ്യക്തിയെ നിർണ്ണയിച്ചു കൊണ്ട് കാഫിർ എന്നോ ഫാസിഖ് എന്നോ ആസ്വി (അല്ലാഹുവിനോട് ധിക്കാരം കാണിച്ചവൻ) എന്നോ പറയുന്നതിനെ ഞാൻ ശക്തമായി എതിർക്കുന്ന ആളാണെന്ന് എന്‍റെ കൂടെ ഇരുന്നവർക്കൊക്കെ എന്നെ കുറിച്ച് നന്നായി അറിയുന്ന കാര്യമാണ്. ദൈവീകമായ തെളിവുകൾ അവന്‍റെ മുൻപിൽ സമർപ്പിക്കപ്പെട്ടതിനു ശേഷമല്ലാതെ അങ്ങനെ പറയരുത്. തെളിവുകൾ സമർപ്പിക്കപ്പെട്ടതിനു ശേഷവും വല്ലവനും അതിനെ എതിർക്കുകയാണ് എങ്കിൽ അവൻ ചിലപ്പോൾ കാഫിറാകും ചിലപ്പോൾ ഫാസിഖാകും ചിലപ്പോൾ ആസ്വിയാകും. ഈ ഉമ്മത്തിന് സംഭവിച്ചു പോയ അബദ്ധങ്ങളായ കുറ്റങ്ങൾ അല്ലാഹു അവർക്ക് മാപ്പ് കൊടുക്കും എന്ന് ഞാൻ ദൃഢമായി വിശ്വസിക്കുന്നു. വാക്കുകളും പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്ന എല്ലാ വിഷയങ്ങളിലും ഈ കുറ്റങ്ങൾ ഉൾപ്പെടുന്നതാണ്." (മജ്മൂഉൽഫതാവാ: 3/229)
ഇബ്നുൽ അറബി رَحِمَهُ ٱللَّٰهُ പറയുന്നു:
"ഈ (മുസ്‌ലിം) ഉമ്മത്തിൽപെട്ട ഒരു വ്യക്തി അറിവില്ലായ്മ കൊണ്ടോ അബദ്ധവശാലോ കുഫ്റിന്‍റേയും ശിർകിന്‍റേയും പ്രവർത്തനങ്ങൾ ചെയ്താൽ അവൻ കാഫിറോ മുശ്‌രികോ ആവുകയില്ല. കാരണം അജ്ഞത അവന്‍റെ മാപ്പിന് കാരണമായതാണ്. അവന്‍റെ മുമ്പിൽ തതുല്യമായ വിഷയത്തിൽ ആശയകുഴപ്പം ഇല്ലാത്ത വിധത്തിൽ വ്യക്തമായ നിലക്ക് തെളിവുകൾ സമർത്ഥിക്കപ്പെടേണ്ടതുണ്ട്. ആ തെളിവുകളെ ഒരു വ്യക്തി നിഷേധിക്കുകയാണ് എങ്കിൽ അവൻ കുഫ്റിൽ എത്തിച്ചേരുകയും ചെയ്യും". (മഹാസിനുത്തഅ്‌വീൽ: 3/161)
ശെയ്ഖ് അബ്ദുറഹ്മാൻ അൽമുഅല്ലിമി رَحِمَهُ ٱللَّٰهُ പറയുന്നു:
"ഇതും ഇത്തരത്തിലുള്ള ചോദ്യങ്ങൾക്കും ഉത്തരമായി നമുക്ക് പറയുവാനുള്ളത്; ഇത് അല്ലാഹുവല്ലാത്തവരോടുള്ള പ്രാർത്ഥനയും അവർക്കുള്ള ആരാധനയുമാണ്. അതാകട്ടെ ശിർക്കുമാണ്. എന്നാൽ ഈ ശിർക്ക് ചെയ്തവരെല്ലാം മുശ്‌രികാണ് എന്നല്ല നാം പറഞ്ഞതിന്‍റെ ഉദ്ദേശ്യം. കാരണം ബോധിപ്പിക്കാൻ കഴിയാത്ത (അവന്‍റെ മുമ്പിൽ തെളിവുകൾ കൃത്യമായി സമർപ്പിക്കപ്പെട്ടിട്ടുണ്ട്) ഒരു വ്യക്തിയുടെ വിഷയത്തിൽ മാത്രമേ അവൻ മുശ്‌രിക് എന്ന് പറയാൻ പറ്റുകയുള്ളൂ. എന്നാൽ അത്തരക്കാർ അല്ലാ എങ്കിൽ ചിലപ്പോൾ അവൻ അല്ലാഹുവിന് ഏറ്റവും നല്ലവനും ശ്രേഷ്ഠനും സൂക്ഷ്മത കാണിക്കുന്നതുമായ അടിമകളിൽ പെട്ടവനായിരിക്കാം". (ആസാറുശ്ശൈഖ് അബ്ദുറഹ്മാൻ അൽമുഅല്ലിമി: 3/826).
(2) അറിവിനു ശേഷമല്ലാതെ അല്ലാഹുവിന്‍റെ അടിമകളുടെമേൽ തെളിവു സ്ഥാപിക്കപ്പെടുകയില്ല എന്നതിനെ അറിയിക്കുന്ന രേഖകൾ.
"ഒരു ദൂതനെ അയക്കുന്നത് വരെ നാം (ആരെയും) ശിക്ഷിക്കുന്നതുമല്ല".
"സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത് നല്‍കുന്നവരുമായ ദൂതന്‍മാരായിരുന്നു അവര്‍. ആ ദൂതന്‍മാര്‍ക്ക് ശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിനെതിരില്‍ ഒരു ന്യായവും ഇല്ലാതിരിക്കാന്‍ വേണ്ടിയാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു."
"ഒരു ജനതയ്ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന് ശേഷം, അവര്‍ കാത്തുസൂക്ഷിക്കേണ്ടതെന്തെന്ന് അവര്‍ക്ക് വ്യക്തമാക്കികൊടുക്കുന്നതു വരെ അല്ലാഹു അവരെ പിഴച്ചവരായി ഗണിക്കുന്നതല്ല. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു".
തുടങ്ങിയ വചനങ്ങൾ അറിവും വ്യക്തതയും ലഭിച്ചതിനു ശേഷമല്ലാതെ അല്ലാഹു ഒരാളെയും ശിക്ഷിക്കുകയില്ല എന്ന് ബോധ്യപ്പെടുത്തുന്നു.
മതപരമായ കാര്യങ്ങളെക്കുറിച്ച് അറിവ് ലഭിച്ചാലല്ലാതെ ഒരു വ്യക്തി അത് നിർവഹിക്കുവാൻ ബാധ്യസ്ഥനല്ല എന്നും ഈ ആയത്തുകൾ അറിയിക്കുന്നുണ്ട്. അതിനെക്കുറിച്ച് അറിവു ലഭിക്കാത്ത ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ന്യായം പറയാൻ അവകാശമുണ്ട്. അവന് മാപ്പ് കൊടുക്കപ്പെടാം.
"സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത് നല്‍കുന്നവരുമായ ദൂതന്‍മാരായിരുന്നു അവര്‍. ആ ദൂതന്‍മാര്‍ക്ക് ശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിനെതിരില്‍ ഒരു ന്യായവും ഇല്ലാതിരിക്കാന്‍ വേണ്ടിയാണത്" എന്ന ആയത്തിനെ വിശദീകരിക്കുന്നേടുത്ത് ഇതിൽ നിന്നുള്ള ഗുണപാഠങ്ങൾ ഇബ്നു ഉസൈമീൻ رَحِمَهُ ٱللَّٰهُ എണ്ണിപ്പറയുന്നു.
"അജ്ഞത മാപ്പു നൽകപ്പെടാൻ കാരണമാണ് എന്നത് ഈ ആയത്തിൽ നിന്ന് ലഭിക്കുന്ന വലിയ ഒരു പാഠമാണ്. അത് ദീനിന്‍റെ അടിസ്ഥാന വിഷയങ്ങളിൽ ആണെങ്കിലും ശരി. കാരണം അടിസ്ഥാന വിഷയങ്ങളും അതിന്‍റെ കീഴിലുള്ള വിഷയങ്ങളും എല്ലാം കൊണ്ടുവന്നത് പ്രവാചകന്മാർ തന്നെയാണ്. അപ്പോൾ ഒരു വ്യക്തി ഒരു വിഷയത്തെക്കുറിച്ച് അജ്ഞനാണ് എങ്കിൽ അവന്‍റെ അടുക്കൽ ദൂതൻ വന്നിട്ടില്ല എന്നാണ് അർത്ഥം. അതു കൊണ്ടുതന്നെ അവന് അല്ലാഹുവിന് മുമ്പില്‍ സമര്‍പ്പിക്കാന്‍ ന്യായവും ഉണ്ട്. കാരണം ബോധിപ്പിക്കാൻ സാധിക്കുന്ന വ്യക്തിക്ക് മാത്രമേ അല്ലാഹുവിനോട് ന്യായം പറയാൻ കഴിയുകയുള്ളൂ". (2/485).
ഇബ്നുൽ ഖയ്യിം رَحِمَهُ ٱللَّٰهُ പറയുന്നു:
"ഇസ്‌ലാമിക വിധി വിലക്കുകളിലേക്ക് ഒരു വ്യക്തി എത്തുകയോ അല്ലെങ്കിൽ ആ വിധി വിലക്കുകൾ അവനിലേക്ക് എത്തുകയോ ചെയ്തതിനു ശേഷമല്ലാതെ ഒരു വ്യക്തിയിൽ അത് നിയമമായി ബാധിക്കുകയില്ല. അവൻ ആ വിധിവിലക്കുകളിലേക്ക് എത്തുന്നതു വരെ (അതിനെക്കുറിച്ച് അറിയുന്നത് വരെ) ആ വിഷയങ്ങളിൽ അവന് ബാധ്യത ഇല്ലാത്തതു പോലെ വിധിവിലക്കുകൾ അവനിലേക്ക് എത്തുന്നതു വരെയും അവനു ബാധ്യതകൾ ഇല്ല". (ബദാഇഉൽഫവാഇദ്: 4/168).
ശെയ്ഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ ٱللَّٰهُ പറയുന്നു:
"അപ്രകാരം തന്നെ അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കുന്നവനും അല്ലാഹുവല്ലാത്തവരെ ലക്ഷ്യം വെച്ച് നീങ്ങുന്നവരും (ഹജ്ജ് ചെയ്യുന്നവൻ) മുശ്‌രികാണ്. അവന്‍റെ പ്രവർത്തനം കുഫ്‌റാണ്. പക്ഷേ, ഇത് നിരോധിക്കപ്പെട്ട ശിർകിൽ പെട്ടതാണ് എന്ന് ചിലപ്പോൾ ആ വ്യക്തി അറിഞ്ഞു കൊള്ളണമെന്നില്ല. താർത്താരികളിൽ നിന്നും മറ്റുമായി ഒരുപാട് ആളുകൾ ഇസ്‌ലാമിൽ പ്രവേശിച്ചിട്ടുണ്ട്. അവരുടെ അടുക്കൽ ചെറിയ ചെറിയ വിഗ്രഹങ്ങൾ ഉണ്ടായിരുന്നു. അവയിലേക്ക് സാമീപ്യം തേടുകയും ബഹുമാനിക്കുകയും ചെയ്യാറുണ്ടായിരുന്നു. മതത്തിൽ ഇത് നിഷിദ്ധമാണ് എന്ന് അവർക്ക് അറിയുമായിരുന്നില്ല. അവരിൽ ചിലർ തീയിലേക്ക് സാമീപ്യം തേടിയിരുന്നു. ഇതു നിഷിദ്ധമാണെന്ന് അവർക്ക് അറിയുമായിരുന്നില്ല. ഇപ്രകാരം ഇസ്‌ലാമിലേക്ക് കടന്നുവന്ന പല ആളുകൾക്കും ചില കാര്യങ്ങളെക്കുറിച്ച് അജ്ഞതയുണ്ടാകാം. അവകൾ ശിർക്കാണെന്ന് അവന് അറിഞ്ഞു കൊള്ളണമെന്നില്ല. അപ്പോൾ അവൻ പിഴച്ചവനാണ്. അവന്‍റെ പ്രവർത്തനം നിഷ്ഫലമാണ്. അവന്‍റെ മുമ്പിൽ തെളിവുകൾ സമർപ്പിക്കപ്പെടുന്നത് വരെ അവൻ ശിക്ഷക്ക് അർഹനാവുകയില്ല. അല്ലാഹു പറയുന്നു:
"അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്".
(3) ശിർക്കിലോ കുഫ്റിലോ പെട്ട ആളുകൾക്ക് മാപ്പ് ഉണ്ട് എന്ന് അറിയിക്കുന്ന പ്രമാണങ്ങൾ.
(a) മരണ ശേഷം തന്നെ കരിച്ചു കളയണം എന്ന് പറയുകയും അല്ലാഹുവിന്‍റെ കഴിവിനെ നിഷേധിക്കുകയും ചെയ്ത വ്യക്തിയുടെ സംഭവം.
"അബൂഹുറൈറ رضي الله عنه യിൽ നിന്ന് നിവേദനം; നബി صلى الله عليه وسلم പറഞ്ഞിരിക്കുന്നു: "തിന്മകൾ ഒരുപാട് ചെയ്ത ഒരു വ്യക്തി ഉണ്ടായിരുന്നു. മരണം ആസന്നമായപ്പോൾ തന്‍റെ മക്കളോട് അദ്ദേഹം പറഞ്ഞു: ഞാൻ മരിച്ചു കഴിഞ്ഞാൽ എന്നെ കത്തിക്കുകയും പൊടിച്ചു കളയുകയും ശേഷം കാറ്റിൽപറത്തി കളയുകയും ചെയ്യുക. അല്ലാഹുവാണ് സത്യം, എന്‍റെ റബ്ബിന് എന്നെ ശിക്ഷിക്കുവാൻ കഴിയുമെങ്കിൽ എന്നെക്കാൾ വലിയ ശിക്ഷ മറ്റാർക്കും ലഭിക്കുകയില്ല. അദ്ദേഹം മരണപ്പെട്ടപ്പോൾ (മക്കൾ) അപ്രകാരം ചെയ്തു. അയാളുടെ ശരീരാവശിഷ്ടങ്ങൾ ഒരുമിച്ച് കൂട്ടാൻ അല്ലാഹു ഭൂമിയോട് കൽപ്പിച്ചു. ഭൂമി അതനുസരിച്ചു. അങ്ങനെ അദ്ദേഹം എഴുന്നേറ്റു വന്നു. അല്ലാഹു ചോദിച്ചു; ഇപ്രകാരമെല്ലാം ചെയ്യാൻ നിന്നെ പ്രേരിപ്പിച്ച ഘടകം എന്താണ്?. അദ്ദേഹം പറഞ്ഞു: നിന്നെക്കുറിച്ചുള്ള പേടി കൊണ്ടാണ് റബ്ബേ. അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുത്തു. (ബുഖാരി, മുസ്‌ലിം)
ഈ വ്യക്തിയിൽ നിന്നും പുറത്തു വന്ന വാക്ക് വലിയ കുഫ്‌റിൽ പെട്ടതും ഇസ്‌ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകുന്നതുമായ വാക്കാണ്. കാരണം മരണശേഷം ജീവിപ്പിക്കുവാനുള്ള അല്ലാഹുവിന്‍റെ കഴിവിനെയാണ് അദ്ദേഹം നിഷേധിച്ചത്. അല്ലാഹുവിന്‍റെ വ്യക്തവും പ്രകടവുമായ സിഫാത്തുകളിൽ (വിശേഷണങ്ങൾ) പെട്ടതാണ് 'ഖുദ്റത്' എന്നുള്ളത്. റൂബൂബിയ്യത്തിന്‍റെയും ഉലൂഹിയ്യത്തിന്‍റെയും അനിവാര്യതകളിൽ പെട്ടതാണ് ഈ വിശേഷണം. മാത്രവുമല്ല അല്ലാഹുവിന്‍റെ മാത്രം പ്രത്യേകതകളിൽ പെട്ടതും ആണ്. എന്നിട്ടും ഈ വ്യക്തി കാഫിറാകുന്നില്ല. കാരണം, അദ്ദേഹം ആ വിഷയത്തെക്കുറിച്ച് അജ്ഞനാണ്.
ഇബ്നു അബ്ദിൽ ബർറ് رَحِمَهُ ٱللَّٰهُ പറയുന്നു:
ഈ ഹദീസിന്‍റെ ആശയത്തിൽ പണ്ഡിതന്മാർക്കിടയിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. ചില പണ്ഡിതന്മാർ ഇപ്രകാരം പറഞ്ഞു: ഖുദ്റത് എന്ന അല്ലാഹുവിന്‍റെ വിശേഷങ്ങളിൽപെട്ടതാണ് എന്ന കാര്യത്തിൽ ഈ വ്യക്തി അജ്ഞനായി. അല്ലാഹു താൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾക്കെല്ലാം കഴിവുള്ളവനാണ് എന്ന് ഈ വ്യക്തിക്ക് അറിയുമായിരുന്നില്ല. അതുകൊണ്ടു തന്നെ പണ്ഡിതന്മാർ പറയുന്നു: അല്ലാഹുവിന്‍റെ ഒരു സ്വിഫത്തിനെ കുറിച്ച് ഒരു വ്യക്തി അറിയാതിരിക്കുകയും മറ്റുള്ള സിഫാത്തുകളെ അറിയുകയും വിശ്വസിക്കുകയും ചെയ്താൽ ഒരു സ്വിഫത്തിനെ അറിയാതിരുന്നത് കൊണ്ട് അയാൾ കാഫിറാവുകയില്ല. സത്യത്തിനെതിരെ അഹങ്കാരം കാണിക്കുന്നവനാണ് കാഫിർ. അല്ലാതെ അറിവില്ലായ്മകൊണ്ട് നിഷേധിക്കുന്നവനല്ല. ഇതാണ് ഈ വിഷയത്തിലുള്ള മുൻഗാമികളുടെയും അവരെ തുടർന്നു വന്ന പിൻഗാമികളുടെയും അഭിപ്രായം"
ഇബ്നു തൈമിയ്യ رَحِمَهُ ٱللَّٰهُ പറയുന്നു:
"അല്ലാഹുവിന്‍റെ കഴിവിന്‍റെ വിഷയത്തിലും ദ്രവിച്ചതിനുശേഷം മടക്കി കൊണ്ടുവരുന്ന കാര്യത്തിലും ഈ വ്യക്തി സംശയിച്ചു. മാത്രവുമല്ല അങ്ങിനെ മടക്കപ്പെടുകയും ഇല്ല എന്ന് വിശ്വസിക്കുകയും ചെയ്തു. ഇത് കുഫ്റാണെന്ന കാര്യത്തിൽ മുസ്‌ലിംകളുടെ (പണ്ഡിതന്മാരുടെ) യോജിപ്പുണ്ട്. പക്ഷേ ഈ വ്യക്തി ജാഹിൽ ആയിരുന്നു ആ വിഷയത്തിൽ. അദ്ദേഹത്തിന് അറിയുമായിരുന്നില്ല. എന്നാൽ അല്ലാഹു തന്നെ ശിക്ഷിക്കുമെന്ന് ഭയപ്പെടുന്ന സത്യവിശ്വാസിയും ആയിരുന്നു. അതുകൊണ്ടു തന്നെ അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുത്തു."
'അൽഇസ്തിഖാമ' എന്ന ഗ്രന്ഥത്തിൽ ശെയ്ഖുൽ ഇസ്‌ലാം പറയുന്നു:
"(തന്‍റെ ശരീരം കത്തിച്ച് കരിച്ച്) കളഞ്ഞാൽ തന്നെ ഒരുമിച്ച് കൂട്ടുവാൻ അല്ലാഹുവിന് കഴിയുകയില്ല എന്നും തന്നെ പുനർജീവിപ്പിക്കുകയില്ല എന്നും ആ വ്യക്തി വിശ്വസിച്ചു. അല്ലെങ്കിൽ അപ്രകാരം സംശയിച്ചു. ഇത് രണ്ടും കുഫ്റാണ്. എന്നാൽ തെളിവ് സമർപ്പിക്കപ്പെട്ട വ്യക്തികൾ മാത്രമേ കുഫ്റിൽ എത്തുകയുള്ളൂ. ഈ വ്യക്തിയാകട്ടെ അതിനെക്കുറിച്ച് അജ്ഞനായിരുന്നു. തന്‍റെ അജ്ഞതയിൽ നിന്നും തന്ന മടക്കിക്കൊണ്ടുവരാൻ ആവശ്യമായ അറിവ് അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. അതോടൊപ്പം അല്ലാഹുവിലും അവന്‍റെ കല്പനകളിലും നിരോധനങ്ങളും സന്തോഷ വാർത്തകളിലും മുന്നറിയിപ്പുകളിലും വിശ്വാസവുമുണ്ടായിരുന്നു. അതുകൊണ്ടു തന്‍റെ റബ്ബിന്‍റെ ശിക്ഷയെ അദ്ദേഹം ഭയപ്പെട്ടു. അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കുകയും ചെയ്തു. അല്ലാഹുവിലും അവന്‍റെ പ്രവാചകനിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സൽകർമ്മങ്ങൾ അംഗീകരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് വിശ്വാസ കാര്യങ്ങളിൽ തെറ്റുപറ്റിയാൽ അയാൾ വളരെ മോശക്കാരനായ ആളെന്ന് പറഞ്ഞു കൂടാ. അല്ലാഹു അദ്ദേഹത്തിന്‍റെ അബദ്ധത്തെ പൊറുത്ത് കൊടുത്തേക്കാം. അതല്ലെങ്കിൽ സത്യത്തെ പിൻപറ്റുന്ന വിഷയത്തിൽ വന്ന വീഴ്ചക്കനുസരിച്ചു കൊണ്ട് അവനെ ശിക്ഷിച്ചേക്കാം. അതേ സ്ഥാനത്ത് വിശ്വാസം കൊണ്ട് അറിയപ്പെട്ട ഒരു വ്യക്തിയെ അയാളിൽ വന്ന ഒരു വീഴ്ചയുടെ ഫലമായി കാഫിർ എന്ന വിധി നൽകുന്നത് ഗൗരവമുള്ള വിഷയമാണ്".(الاستقامة: 1/164)
ഇമാം ശാഫിഈ رَحِمَهُ ٱللَّٰهُ പറയുന്നു:
"അല്ലാഹുവിന് നാമങ്ങളും വിശേഷണങ്ങളും ഉണ്ട്. ഖുർആനിൽ അത് വന്നിട്ടുണ്ട്. മുഹമ്മദ് നബി صلى الله عليه وسلم തന്‍റെ ഉമ്മത്തിന് അത് പഠിപ്പിച്ചിട്ടുമുണ്ട്. തെളിവ് ലഭിച്ച ഒരു വ്യക്തിക്കും അത് നിഷേധിക്കാൻ പാടില്ല. കാരണം ഖുർആനാണ് അതുമായി അവതരിച്ചത്. നബി صلى الله عليه وسلم യിൽ നിന്ന് അത്തരം കാര്യങ്ങൾ സ്വഹീഹായി വന്നിട്ടുമുണ്ട്. തെളിവുകൾ ലഭിച്ചതിനു ശേഷം വല്ലവനും അതിനെ നിഷേധിച്ചാൽ അവൻ കാഫിറാണ്. എന്നാൽ തെളിവുകൾ സ്ഥിരപ്പെടുന്നതിനു മുമ്പാണെങ്കിൽ അറിവില്ലായ്മ കാരണത്താൽ അവൻ മാപ്പിന് അർഹനാണ്. കാരണം, ചിന്ത കൊണ്ടോ ആലോചന കൊണ്ടോ ബുദ്ധി കൊണ്ടോ നേടാൻ കഴിയുന്ന അറിവ് അല്ല ഇത്. അറിവില്ലായ്മ കൊണ്ട് വല്ലവനും അതിനെ നിഷേധിച്ചാൽ അയാൾ കാഫിറാണെന്ന് നാം പറയരുത്. അതിനെക്കുറിച്ചുള്ള അറിവ് അദ്ദേഹത്തിന് എത്തിയതിനു ശേഷമല്ലാതെ.
(b) ബനൂ ഇസ്രായേല്യരും മൂസാ നബി عليه السلام യും തമ്മിൽ ഉണ്ടായ സംഭവം. അല്ലാഹു പറയുന്നു:
"ഇസ്രായീല്‍ സന്തതികളെ നാം കടല്‍ കടത്തി (രക്ഷപ്പെടുത്തി.) എന്നിട്ട് തങ്ങളുടെ ബിംബങ്ങളുടെ മുമ്പാകെ ഭജനമിരിക്കുന്ന ഒരു ജനതയുടെ അടുക്കല്‍ അവര്‍ ചെന്നെത്തി. അവര്‍ പറഞ്ഞു: ഹേ; മൂസാ, ഇവര്‍ക്ക് ദൈവങ്ങളുള്ളത് പോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ നീ ഏര്‍പെടുത്തിത്തരണം. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ വിവരമില്ലാത്ത ഒരു ജനവിഭാഗമാകുന്നു. തീര്‍ച്ചയായും ഈ കൂട്ടര്‍ എന്തൊന്നില്‍ നിലകൊള്ളുന്നുവോ അത് നശിപ്പിക്കപ്പെടുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതെല്ലാം നിഷ്ഫലവുമാകുന്നു. അദ്ദേഹം പറഞ്ഞു: അല്ലാഹുവല്ലാത്തവരെയാണോ ഞാന്‍ നിങ്ങള്‍ക്ക് ദൈവമായി അന്വേഷിക്കേണ്ടത്? അവനാകട്ടെ നിങ്ങളെ ലോകരില്‍ വെച്ച് ഉല്‍കൃഷ്ടരാക്കിയിരിക്കുകയാണ്. (അഅ്‌റാഫ്: 138-141)
ആരാധനയിലൂടെ അല്ലാഹുവിലേക്ക് അടക്കുന്നതിനു വേണ്ടി ഒരു വിഗ്രഹത്തെ ഉണ്ടാക്കിതരുവാനാണ് അവർ മൂസാനബി عليه السلام യോട് ആവശ്യപ്പെട്ടത്. അപ്രകാരമാണല്ലോ മുശ്‌രിക്കുകൾ അവരുടെ വിഗ്രഹങ്ങളെ ആരാധിക്കുന്നത്.
ഇബ്നുൽജൗസി رَحِمَهُ ٱللَّٰهُ പറയുന്നു:
"ഒട്ടനവധി ദൃഷ്ടാന്തങ്ങൾ അവർ കണ്ടതിനു ശേഷവും അല്ലാഹു അല്ലാത്തവർക്കുള്ള ആരാധന അനുവദനീയമാണ് എന്ന അവരുടെ തെറ്റായ ധാരണയായ വലിയ അജ്ഞതയെക്കുറിച്ച് അറിയിക്കുകയാണ് അല്ലാഹു". (സാദുൽമസീർ: 2/150).
ശെയ്ഖ് അബ്ദുറഹ്മാൻ അല്‍മുഅല്ലിമി رَحِمَهُ ٱللَّٰهُ പറയുന്നു:
"ഈ സമൂഹത്തിന്‍റെ അജ്ഞതയെ മൂസാനബി എതിർക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ ഉത്തരത്തിൽ നിന്ന് നമുക്ക് മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. അതായത്, വിഗ്രഹങ്ങളെ ആവശ്യപ്പെടൽ നിമിത്തം അവർ മതത്തിൽ നിന്ന് പുറത്താണെന്ന് പറഞ്ഞിട്ടില്ല. മൂരി കുട്ടിയെ ഉണ്ടാക്കിയപ്പോൾ ആ സമൂഹത്തെ പിടികൂടിയത് പോലെ ഇവിടെ മൂസാനബി അവരെ പിടി കൂടുന്നുമില്ല എന്നുള്ളതു അതിനു തെളിവാണ്. കാരണം-അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ- ഇസ്‌ലാമിലേക്ക് അവർ വന്നിട്ട് അധികനാളായിട്ടില്ല എന്നത് അവർക്കുള്ള മാപ്പിന് കാരണമാണ്.
(c) ദാതു അൻവാത്വ്.
"അബൂ വാഖിദുല്ലൈസി رضي الله عنه വിൽ നിന്നും നിവേദനം; ഞങ്ങൾ നബി صلى الله عليه وسلم യോടൊപ്പം ഹുനൈനിലേക്ക് പുറപ്പെട്ടു. ഒരു ഇലന്തമരത്തിന്‍റെ സമീപത്തു കൂടെ ഞങ്ങൾ നടന്നു പോയി. അപ്പോൾ ഞങ്ങൾ പറഞ്ഞു അല്ലാഹുവിന്‍റെ പ്രവാചകരെ, സത്യനിഷേധികൾക്ക് ദാതു അൻവാത്വ് ഉള്ളതു പോലെ ഞങ്ങൾക്കും ഒരു ദാതു അൻവാത്വ് ഉണ്ടാക്കി തരുമോ?. സത്യനിഷേധികൾ അവരുടെ ആയുധങ്ങൾ ഈ മരത്തിൽ കെട്ടിത്തൂക്കാറുണ്ടായിരുന്നു. അതിനുചുറ്റും ഭജനമിരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അപ്പോൾ നബി صلى الله عليه وسلم പറഞ്ഞു: അല്ലാഹു അക്ബർ! അവർക്ക് ആരാധ്യ വസ്തു ഉള്ളതുപോലെ ഞങ്ങൾക്കും ഒരു ആരാധ്യ വസ്തു ഉണ്ടാക്കി തരൂ എന്ന് ബനൂ ഇസ്റാഈല്യർ മൂസാനബിയോട് പറഞ്ഞതു പോലെയാണ് ഇത്. നിങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയവരുടെ നടപടിക്രമങ്ങൾ നിങ്ങൾ പിന്തുടരുകയാണ്. (തുർമുദി:2180. അഹമ്മദ്: 21900).
വലിയ ശിർകിൽ പെട്ട ഒരു കാര്യം ചെയ്യാനാണ് അവർ നബി صلى الله عليه وسلم യോട് ആവശ്യപ്പെട്ടത്. മുശ്‌രിക്കുകൾ ചെയ്യുന്നതു പോലെ മരവുമായി ബന്ധപ്പെടലായിരുന്നു അത്. അതുകൊണ്ടാണ് അവർ പറഞ്ഞ വാക്കിനെ മൂസാ നബിയോട് ബനൂ ഇസ്റാഈല്യർ പറഞ്ഞ വാക്കുമായി നബി صلى الله عليه وسلم ഉപമപ്പെടുത്തിയത്.
മുഹമ്മദ് റശീദ് റിദ്വാ رَحِمَهُ ٱللَّٰهُ പറയുന്നു:
ശിർക്കിനോട് സമീപകാല ബന്ധമുണ്ടായിരുന്ന ആളുകളാണ് നബി صلى الله عليه وسلم യോട് ഇപ്രകാരം ആവശ്യപ്പെട്ടത്. നബി صلى الله عليه وسلم അവർക്ക് നിശ്ചയിച്ചു കൊടുക്കുന്നതെല്ലാം മതത്തിൽ അംഗീകരിക്കപ്പെട്ടതാകുമെന്നും ഇസ്ലാമിനെതിരാവുകയില്ല എന്നും അവർ കരുതി.
"മരണപ്പെട്ടു പോയവരിൽ നിന്ന് (ഗുണം ലഭിക്കുമെന്ന്) വിശ്വസിക്കുകയും അവരോട് തേടുകയും ചെയ്യുന്ന ഖബർ പൂജകരെ കുറിച്ച് ശെയ്ഖ് അബ്ദുറസാഖ് അഫീഫിയോട് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം ഇപ്രകാരം പറഞ്ഞു":
"അവർക്കുമുമ്പിൽ തെളിവുകൾ സമർപ്പിക്കപ്പെട്ടതാണെങ്കിൽ അവർ ഇസ്ലാാമിൽ നിന്നും പുറത്തുപോയവരാണ്. അല്ലാത്ത പക്ഷം അവരുടെ അജ്ഞത കാരണത്താൽ അവർ മാപ്പിന് അർഹരാണ്. ദാതു അൻവാത്വിന്‍റെ ആളുകളെ പോലെ".
ശെയ്ഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ ٱللَّٰهُ പറയുന്നു:
"നബി صلى الله عليه وسلم കൊണ്ടു വന്നത് മനസ്സിലാക്കിയതിനു ശേഷം അമ്പിയാക്കളോടോ മഹത്തുക്കളോടോ മറ്റുള്ളവരോടോ തുടങ്ങി മരിച്ചുപോയവരോട് പ്രാർത്ഥിക്കൽ മതത്തിൽ അനുവദിക്കപ്പെട്ട കാര്യമല്ല എന്ന് അനിവാര്യമായും മനസ്സിലാക്കേണ്ട വിഷയമാണ്. ഇസ്തിഗാസയുടെ പദം ഉപയോഗിച്ചു കൊണ്ടും പാടില്ല അല്ലാത്തതു കൊണ്ടും പാടില്ല. ശരണം തേടലിന്‍റെ വാക്കു കൊണ്ടും പാടില്ല അല്ലാത്തതു കൊണ്ടും പാടില്ല. മരണപ്പെട്ടുപോയവരുടെ മുമ്പിലോ അല്ലാത്തവരുടെ മുമ്പിലോ സുജൂദ് ചെയ്യാൻ പാടില്ല എന്നതു പോലെ തന്നെയാണ് ഇതും. ഇത്തരം കാര്യങ്ങളിൽ നിന്നെല്ലാം നബി صلى الله عليه وسلم തടഞ്ഞിട്ടുണ്ട് എന്നും അല്ലാഹുവിന്‍റെ പ്രവാചകൻ നിഷിദ്ധമാക്കിയ ശിർക്കിൽ പെട്ടവയാണ് എന്നും നമ്മൾ മനസ്സിലാക്കണം. എന്നാൽ പ്രവാചക സന്ദേശങ്ങളെക്കുറിച്ചുള്ള വിജ്ഞാനത്തിന്‍റെ കുറവും അജ്ഞതയുടെ ആധിക്യവും പിൻഗാമികളിൽ ധാരാളമായി ഉണ്ടായി. അതിന്‍റെ പേരിൽ നബി صلى الله عليه وسلم എന്തൊന്നാണ് കൊണ്ടുവന്നത് എന്ന് അവർക്ക് വ്യക്തമാക്കി കൊടുക്കുകയും അതിനെതിരായ കാര്യങ്ങൾ ബോധ്യപ്പെടുത്തി കൊടുക്കുകയും ചെയ്യുന്നതു വരെ നാം അവരെ കാഫിർ എന്ന് മുദ്ര കുത്തരുത്.
ശെയ്ഖ് അബ്ദുൽ മുഹ്‌സിൻ അബ്ബാദ് പറയുന്നു:
ഖബറാളികളോട് പ്രാർത്ഥിക്കുന്നതും അവരോട് ഇസ്തിഗാസ നടത്തുന്നതും കാര്യ സാധൂകരണത്തിനും പ്രയാസങ്ങളുടെ ദുരീകരണത്തിനും അവരോട് ചോദിക്കുന്നതും ഇസ്‌ലാമിൽ നിന്നും പുറത്തു പോകുന്ന വലിയ ശിർകിൽ പെട്ടതാണ്. ഈ പ്രവർത്തനം ശിർക്കും കുഫ്റുമാണ് എന്ന് നമുക്ക് പറയാം. എന്നാൽ അത് ചെയ്തവരെ കുറിച്ചെല്ലാം കാഫിർ എന്നോ മുശ്‌രിക് എന്നോ പറയരുത്. അത് ചെയ്യുന്നവരിൽ അറിവില്ലാത്തവർ ഉണ്ടായിരിക്കാം. അറിവില്ലായ്മയുടെ പേരിൽ അവൻ മാപ്പിനർഹനാണ്. അവന്‍റെ മുമ്പിൽ തെളിവുകൾ സമർപ്പിക്കുകയും കാര്യം വ്യക്തമാക്കി കൊടുക്കുകയും വേണം. എന്നിട്ടും അവൻ അതിൽ ശഠിച്ചു നിൽക്കുന്നു എങ്കിൽ കുഫ്‌റിന്‍റെയും മുർതദ്ദിന്‍റെയും വിധി അവരിൽ പറയുകയും ചെയ്യാം. (ഇതും വ്യക്തികൾക്ക് അനുവദിക്കപ്പെട്ട കാര്യമല്ല. ഇസ്‌ലാമിക ഗവൺമെന്‍റോ ഭരണാധികാരികളോ ആണ് ഈ വിധി നൽകേണ്ടത്).
"ഖബറുകളെ ബഹുമാനിക്കലും ഖബറാളികളോട് പ്രാർത്ഥിക്കലും മഹത്തുക്കളോടുള്ള സ്നേഹത്തിന്‍റെ ഭാഗമായി കാണുന്ന സമൂഹത്തിൽ വളർന്നു വന്ന ആളുകൾ ആശയക്കുഴപ്പത്തിൽ അകപ്പെട്ടുപോയ ഒരു കാര്യമാണ് ഖബറാളികളോട് (സഹായം തേടുന്ന വിഷയത്തിലുള്ള) പരീക്ഷണം. പ്രത്യേകിച്ചും പണ്ഡിതന്മാരെ പോലെയുള്ള ആളുകൾ ഖബറിനെ വന്ദിക്കുന്നതിലേക്കും ഖബറാളികളോട് ഇസ്തിഗാസ നടത്തുന്നതിലേക്കും ജനങ്ങളെ നയിക്കുകയും ചയ്യുമ്പോൾ (അതിന്‍റെ ഗൗരവം പറയേണ്ടതില്ല). അല്ലാഹുവിലേക്ക് അടുക്കുവാനുള്ള മധ്യവർത്തികളാണ് ഇവർ എന്നാണ് പറയപ്പെടുന്ന ന്യായം.
"ഹുദൈഫതുബ്നു യമാൻ رضي الله عنه വിൽ നിന്നും നിവേദനം; നബി صلى الله عليه وسلم പറഞ്ഞിരിക്കുന്നു: വസ്ത്രാലങ്കാരം (കൊത്തുപണി) ദ്രവിക്കുന്നത് പോലെ ഇസ്‌ലാമും ദ്രവിക്കും. നോമ്പ്, നമസ്കാരം, ഹജ്ജ്, ദാനധർമ്മം തുടങ്ങിയ കാര്യങ്ങൾ എന്താണെന്ന് പോലും അറിയാത്ത സാഹചര്യം വരും. ഖുർആൻ ഒറ്റ രാത്രി കൊണ്ട് ഉയർത്തപ്പെടും. അതിലൊരു ആയതു പോലും ഭൂമിയിൽ ബാക്കിയാവുകയില്ല. ജനങ്ങളിൽ ചില ആളുകൾ അവശേഷിക്കും. വൃദ്ധന്മാരും വൃദ്ധകളുമായിരിക്കും അവർ. അവർ പറയും: ഞങ്ങളുടെ പൂർവ്വ പിതാക്കൾ ലാ ഇലാഹ ഇല്ലല്ലാ എന്ന വചനം പറയുന്നതായി ഞങ്ങൾ കേട്ടു. ഞങ്ങളും അപ്രകാരം പറയുന്നു. അപ്പോൾ സ്വില ചോദിച്ചു; നമസ്കാരവും നോമ്പും ഹജ്ജും സ്വദഖയും എന്താണെന്നറിയാതെ ലാഇലാഹഇല്ലല്ലാഹ് കൊണ്ട് അവർക്ക് എന്ത് ഗുണം കിട്ടാനാണ്? ഈ ചോദ്യത്തെ ഹുദൈഫ(റളിലയല്ലാഹു അന്‍ഹു) അവഗണിച്ചു. പക്ഷേ അദ്ദേഹം അത് മൂന്നു തവണ ആവർത്തിച്ചു ചോദിച്ചു. ഓരോ തവണയും ഹുദൈഫ رضي الله عنه ചോദ്യത്തിൽ നിന്നും തിരിഞ്ഞു കളയുകയായിരുന്നു. മൂന്നാമതും ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലയോ സ്വില, ലാഇലാഹ ഇല്ലല്ലാഹു അവരെ നരകത്തിൽ നിന്ന് മോചിപ്പിക്കും. അദ്ദേഹം ഇത് മൂന്നു തവണ പറഞ്ഞു". (ഇബ്നുമാജ: 4049. സിൽസിലത്തുസ്സ്വഹീഹ: 1/171ൽ ഇത് സ്വഹീഹാണെന്ന് ശൈഖ് അൽബാനി رَحِمَهُ ٱللَّٰهُ രേഖപ്പെടുത്തിയിട്ടുണ്ട്)
തൗഹീദിനെ അംഗീകരിക്കുക എന്നുള്ള വിശ്വാസമല്ലാതെ ആ സമൂഹത്തിന്‍റെ അടുക്കൽ മറ്റൊന്നും ഇല്ല എന്ന് ഈ ഹദീസ് അറിയിക്കുന്നു. തങ്ങളുടെ പൂർവ പിതാക്കളിൽ നിന്നും കണ്ട കാര്യങ്ങളല്ലാതെ ഇസ്‌ലാമിനെക്കുറിച്ച് അവർക്ക് ഒന്നും അറിയില്ല.
ശെയ്ഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ ٱللَّٰهُ പറയുന്നു:
"പ്രവാചകത്വത്തിന്‍റെ വിജ്ഞാനങ്ങൾ ഇല്ലാതെയായി പോയ പല കാലത്തും സ്ഥലങ്ങളിലുമായി ജീവിക്കുന്ന ഒരുപാട് ആളുകളുണ്ട്. വേദ ഗ്രന്ഥത്തിൽ നിന്നും തത്വജ്ഞാനങ്ങളിൽ നിന്നും അമ്പിയാക്കൻമാരിലൂടെ പഠിപ്പിക്കപ്പെട്ട പലതും അവരിലേക്ക് എത്തിച്ചു കൊടുക്കുവാനുള്ള ആളുകൾ അവരിൽ അവശേഷിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അല്ലാഹുവിന്‍റെ പ്രവാചകൻ എന്തൊന്നു കൊണ്ടാണോ അയച്ചിട്ടുള്ളത് അതിലെ പല കാര്യങ്ങളും അവർക്ക് അറിയുകയില്ല. അത് അവരിലേക്ക് എത്തിച്ചു കൊടുക്കാൻ പറ്റിയ ആളുകളും ഇല്ല. ഇത്തരം ആളുകൾ നിഷേധികളാകുന്നില്ല. അതിനാൽ, പണ്ഡിതന്മാരിൽ നിന്നും വിശ്വാസങ്ങൾ ഉള്ള സ്ഥലത്ത് നിന്നും അകന്നു ജീവിക്കുന്ന ആളുകൾ, അവർ ഇസ്ലാമിലേക്ക് പുതിയതായി കടന്നു വന്നവരാണ് എങ്കിൽ വ്യക്തവും പ്രത്യക്ഷവുമായ ഇസ്‌ലാമിന്‍റെ ഏതെങ്കിലും വിധിവിലക്കുകളെ അവർ നിഷേധിച്ചാൽ റസൂൽ صلى الله عليه وسلم കൊണ്ടുവന്നത് എന്താണെന്ന് അവർ അറിയുന്നത് വരെ അവരിൽ കുഫ്‌റിന്‍റെ വിധി പറയാൻ പാടില്ല എന്ന് ഇമാമുമാർ യോജിച്ചിരിക്കുന്നു."
ചുരുക്കത്തിൽ
"സത്യം എന്താണെന്ന് അറിയാതിരിക്കുകയും അത് പറഞ്ഞു കൊടുക്കാതിരിക്കുകയും ചെയ്തിട്ടുള്ള ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവന്‍റെ അജ്ഞത മാപ്പു ലഭിക്കാൻ കാരണമാണ്. കുറ്റത്തിൽ നിന്ന് ഉയർത്തപ്പെട്ടവനാണ്. കർമങ്ങൾ അനുസരിച്ച് കൊണ്ടാണ് അവന്‍റെ വിധി പറയുക. ഇനി അവൻ തന്നെ ഇസ്‌ലാമിലേക്ക് ചേർത്തി പറയുന്നവനും ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുൻ റസൂലുള്ള എന്ന സാക്ഷ്യ വചനത്തെ അംഗീകരിക്കുന്നവനുമാണെങ്കിൽ അവനെ മുസ്‌ലിമായി തന്നെ പരിഗണിക്കണം. ഇനി അഥവാ മുസ്‌ലിംകളിലേക്ക് തന്നെ ചേർക്കാത്ത ഒരു വ്യക്തിയാണെങ്കിൽ ഇഹലോകത്ത് ഏത് മതത്തിലേക്കാണോ അവൻ തന്നെ ചേർത്തിയിട്ടുള്ളത് അതിന്‍റെ വിധിയായിരിക്കും അവനിലുണ്ടാകുക. എന്നാൽ പരലോകത്ത് അവന്‍റെ കാര്യം അഹ്‌ലുൽഫത്റയുടെ (നബിമാർ വരാത്ത ഇടവേളയുടെ കാലഘട്ടം) അവസ്ഥയിലായിരിക്കും. അവന്‍റെ തീരുമാനം അല്ലാഹുവിന്‍റെ കൈകളിലേക്കാണ്. ഏറ്റവും ശരിയായ അഭിപ്രായമനുസരിച്ച് ഇത്തരം ആളുകൾ അല്ലാഹു ഉദ്ദേശിക്കുന്ന രൂപത്തിൽ പരീക്ഷിക്കപ്പെടുകയും (ആ പരീക്ഷണരീതി എങ്ങിനെയാണെന്ന് അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ) അനുസരിക്കുന്നവരെ സ്വർഗ്ഗത്തിലേക്കും അല്ലാത്തവരെ നരകത്തിലേക്കും വിധിക്കുന്നതാണ്".
ഈ വിഷയത്തിൽ കൂടുതൽ പഠനം ആവശ്യമുള്ളവർക്ക്
ഡോ: സുൽത്താൻ അൽഉമൈരിയുടെ إشكالية الإعذار بالجهل في البحث العقدي എന്ന ഗ്രന്ഥം പഠന വിധേയമാക്കാവുന്നതാണ്.
അല്ലാഹു അഅ്‌ലം.