നിഷിദ്ധമായത് ചെയ്യേണ്ട നിര്‍ബന്ധ സാഹചര്യം വന്നാല്‍ അത് അനുവദനീയമാകുമോ?
ഫദ്‍ലുൽ ഹഖ് ഉമരി ആമയൂർ
Last Update 2022 July 04, 5 Dhuʻl-Hijjah, 1443 AH
അവലംബം: islamqa
ചോദ്യം: നിഷിദ്ധമായ ഒരു പ്രവർത്തനം ചെയ്യേണ്ട നിർബന്ധ സാഹചര്യം വന്നാൽ അത് അനുവദനീയമാകും എന്നു ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ഇതിനു വല്ല നിബന്ധനകളും ഉണ്ടോ? ശരിയായ വിധത്തിൽ കാര്യങ്ങൾ നടപ്പിലാക്കുന്നതിനു വേണ്ടിയാണ് (എന്‍റെ ചോദ്യം).
ഉത്തരം: ഇസ്‌ലാമിക ശരീഅത്തിൽ അംഗീകരിക്കപ്പെട്ടതും പണ്ഡിതന്മാർ ഏകോപിച്ചിട്ടുള്ളതുമായ ഒരു പൊതുനിയമമാണ്
(നിർബന്ധിതാവസ്ഥ നിഷിദ്ധമായവയെ അനുവദനീയമാക്കുന്നു) എന്നുള്ളത്. ക്വുർആനിലെ നിരവധി വചനങ്ങളും നബി(ﷺ)യുടെ ഹദീസുകളും ഈ പൊതുനിയമത്തിന് തെളിവാണ്.
അല്ലാഹു പറയുന്നു:
"ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസം മുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റ് ചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ (ജീവനോടെ) നിങ്ങള്‍ അറുത്തത് ഇതില്‍ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്കുമുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും (നിങ്ങള്‍ക്ക്) നിഷിദ്ധമാകുന്നു. അമ്പുകളുപയോഗിച്ച് ഭാഗ്യം നോക്കലും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) അതൊക്കെ അധര്‍മ്മമാകുന്നു. ഇന്ന് സത്യനിഷേധികള്‍ നിങ്ങളുടെ മതത്തെ നേരിടുന്ന കാര്യത്തില്‍ നിരാശപ്പെട്ടിരിക്കുകയാണ്. അതിനാല്‍ അവരെ നിങ്ങള്‍ പേടിക്കേണ്ടതില്ല. എന്നെ നിങ്ങള്‍ പേടിക്കുക. ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. വല്ലവനും പട്ടിണി കാരണം (നിഷിദ്ധമായത്) തിന്നുവാന്‍ നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ അധര്‍മ്മത്തിലേക്ക് ചായ്‌വുള്ളവനല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു". (മാഇദ: 3)
മറ്റൊരു സ്ഥലത്ത് ഇപ്രകാരം കാണാം:
"അല്ലാഹുവിന്‍റെ നാമം ഉച്ചരി(ച്ച് അറു)ക്കപ്പെട്ടതില്‍ നിന്ന് നിങ്ങള്‍ എന്തിന് തിന്നാതിരിക്കണം.? നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത് അവന്‍ നിങ്ങള്‍ക്ക് വിശദമാക്കിത്തന്നിട്ടുണ്ടല്ലോ. നിങ്ങള്‍ (തിന്നുവാന്‍) നിര്‍ബന്ധിതരായിത്തീരുന്നതൊഴികെ. ധാരാളം പേര്‍ യാതൊരു വിവരവുമില്ലാതെ തന്നിഷ്ടങ്ങള്‍ക്കനുസരിച്ച് (ആളുകളെ) പിഴപ്പിച്ചു കൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് അതിക്രമകാരികളെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ". (അൻആം: 119)
ഈ ഇനത്തിൽ പെട്ടവക്കുള്ള ചില ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു;
ശവം ഭക്ഷിക്കൽ. അതല്ലാത്ത മറ്റൊന്നും ലഭിക്കാതെ വരികയും വിശപ്പു കാരണത്താൽ മരണത്തോടടുക്കുകയും ചെയ്യുമ്പോഴാണ് ഇത് അനുവദനീയമാകുന്നത്.
പീഢനത്തിന്‍റെയും നിർബന്ധിക്കലിന്‍റെയും സാഹചര്യത്തിൽ കുഫ്റിന്‍റെ വാക്കുകള്‍ ഉച്ചരിക്കൽ.
അന്യായമായി അതിക്രമിച്ചു വരുന്ന വ്യക്തിയെ സ്വന്തം ശരീരം സംരക്ഷിക്കുന്നതിന് വേണ്ടി പ്രതിരോധിക്കുകയും അതിന്‍റെ ഭാഗമായി അയാളെ കൊല ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യൽ.
ഒരു കാര്യം ഉപേക്ഷിക്കൽ കൊണ്ട് മനുഷ്യന് അപകടം നേരിടുന്ന അവസ്ഥക്കാണ് നിർബന്ധിതാവസ്ഥ എന്ന് പറയുന്നത്. ഒരു വ്യക്തിയുടെ അഞ്ചുകാര്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. (മതം, ശരീരം, അഭിമാനം, ബുദ്ധി, സമ്പത്ത്) തുടങ്ങിയവയാണ് പ്രസ്തുത 5 കാര്യങ്ങൾ. الضروريات الخمس എന്നാണ് ഇതിനു പറയുക.
ഇനി, നിർബന്ധിതാവസ്ഥയിൽ നിഷിദ്ധമായവ അനുവദനീയം ആകുവാനുള്ള നിബന്ധനകൾ രണ്ടെണ്ണമാണെന്നാണ് ശെയ്ഖ് മുഹമ്മദുബ്നു ഉസൈമീൻ(റഹിമഹുല്ലാഹ്) എണ്ണിപ്പറഞ്ഞിട്ടുള്ളത്. ഉദാഹരണസഹിതം അദ്ദേഹമത് വിശദീകരിക്കുന്നുമുണ്ട്. ഇതിനെതിരെയുള്ള ചില വാദങ്ങളും അവക്കുള്ള മറുപടികളും ഇബ്നു ഉസൈമീൻ(റഹിമഹുല്ലാഹ്) അതിന്‍റെ കൂടെ നൽകുന്നുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്‍റെ വാക്കുകളിൽ മാത്രമായി നമുക്ക് ഈ ചോദ്യത്തിന്‍റെ ഉത്തരം ചുരുക്കാവുന്നതാണ്. ശെയ്ഖ് ഉസൈമീൻ(റഹിമഹുല്ലാഹ്) പറയുന്നു:
"നിഷിദ്ധമായ ഏതൊരു കാര്യവും നിർബന്ധിതാവസ്ഥയിൽ അനുവദനീയമാകും എന്നുള്ളത് കർമ്മ ശാസ്ത്രത്തിന്‍റെ അടിസ്ഥാന നിയമങ്ങളിൽ പെട്ടതാണ്. എന്നാൽ അതിന് രണ്ടു നിബന്ധനകൾ ഉണ്ട്.
(ഒന്ന്) നിഷിദ്ധമാക്കപ്പെട്ട ആ വസ്തു തന്നെ ഉപയോഗിക്കുന്നതിലേക്ക് മനുഷ്യൻ നിർബന്ധിതനാകണം. അതായത് അവന്‍റെ പ്രയാസഘട്ടം നീങ്ങാൻ നിഷിദ്ധമാക്കപ്പെട്ട ഈ വസ്തു അല്ലാതെ മറ്റൊന്നും അവനു ലഭിക്കാത്ത അവസ്ഥ സംജാതമാകുക. എന്നാൽ മറ്റൊരു വസ്തു ലഭിക്കുന്നതിലൂടെ അവന്‍റെ പ്രയാസാവസ്ഥ നീങ്ങുന്നു എങ്കിൽ നിഷിദ്ധമാക്കപ്പെട്ട ഈ വസ്തു അവൻ ഉപയോഗിക്കുവാൻ പാടില്ല.
(രണ്ട്) നിഷിദ്ധമാക്കപ്പെട്ട ഈ വസ്തു ഉപയോഗിക്കുന്നതിലൂടെ അവന്‍റെ പ്രയാസം നീങ്ങി പോകണം എന്നതാണ് രണ്ടാമത്തെ നിബന്ധന. എന്നാൽ നിഷിദ്ധമാക്കപ്പെട്ട ആ വസ്തു ഉപയോഗിക്കുന്നതുകൊണ്ടും അവന്‍റെ പ്രയാസം നീങ്ങുന്നില്ല എങ്കിൽ അവനെ സംബന്ധിച്ചിടത്തോളം അത് ഉപയോഗിക്കൽ നിഷിദ്ധം തന്നെയാണ്. ഇത് ഉപയോഗിക്കുന്നതിലൂടെ പ്രയാസം നീങ്ങുമോ ഇല്ലയോ എന്ന് സംശയം തോന്നിയാലും അവനെ സംബന്ധിച്ചിടത്തോളം അത് നിഷിദ്ധം തന്നെയാണ്. കാരണം, നിഷിദ്ധമാക്കപ്പെട്ട ഒരു കാര്യം ചെയ്യൽ ദോഷകരമാണ് എന്നുള്ളത് ഉറപ്പുള്ള കാര്യമാണ്. നിഷിദ്ധമാക്കപ്പെട്ട കാര്യം ചെയ്യുന്നതിലൂടെയോ ആ വസ്തു ഉപയോഗിക്കുന്നതിലൂടെയോ തന്‍റെ പ്രയാസം നീങ്ങിപ്പോകുമോ ഇല്ലയോ എന്നുള്ളത് സംശയം ഉള്ള കാര്യമാണ്. സംശയമുള്ള ഒരു കാര്യം കൊണ്ട് നിഷിദ്ധമാണെന്നുറപ്പുള്ള കാര്യത്തെ തകർക്കുവാൻ പാടില്ല".
"എന്നാൽ വിശപ്പ് അനുഭവപ്പെടുകയും ശവം അല്ലാതെ മറ്റൊന്നും ലഭിക്കാതിരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവന്‍റെ വിധി ഇവിടെ വ്യത്യസ്ഥമാണ്. അവനോട് നമുക്ക് പറയുവാനുള്ളത് ആ ശവം ഭക്ഷിച്ചോളൂ എന്നാണ്. അപ്പോൾ അല്ലാഹു നിഷിദ്ധമാക്കിയത് തകർക്കുകയല്ലേ ഇവിടെ ചെയ്യുന്നത് എന്ന് ആരെങ്കിലും ചോദിച്ചാൽ നാം പറയും: നിർബന്ധിതാവസ്ഥ നിനക്ക് അത് അനുവദനീയമാക്കിയിരിക്കുന്നു. കാരണം ഇതല്ലാതെ മറ്റൊന്നും നിന്‍റെ അടുക്കൽ ഭക്ഷിക്കുവാനായിട്ട് ഇല്ല. മാത്രവുമല്ല നീ അത് ഭക്ഷിക്കുന്നതോടെ നിന്‍റെ പ്രയാസം നീങ്ങിപ്പോവുകയും ചെയ്യുന്നുണ്ട്".
"എന്നാൽ മറ്റൊരു വ്യക്തിയോട് നീ മദ്യം കുടിച്ചോളൂ രോഗത്തിൽ നിന്നും നിനക്ക് ശമനം ലഭിക്കും എന്ന് പറയപ്പെട്ടാൽ മദ്യം ഉപയോഗിക്കൽ നിനക്ക് അനുവദനീയമല്ല എന്നാണ് നമുക്ക് പറയുവാനുള്ളത്. മദ്യം ഉപയോഗിക്കുന്നതിലൂടെ നിന്‍റെ രോഗം മാറുമെന്ന് പറയപ്പെട്ടിട്ടുണ്ടെങ്കിലും ശരി. അതെന്തുകൊണ്ടാണ് അങ്ങിനെ? അതിന് പല കാരണങ്ങളുണ്ട്".
"(ഒന്ന്) മദ്യം ഉപയോഗിക്കുന്നതിലൂടെ രോഗം മാറും എന്ന് ഉറപ്പില്ല. ചിലപ്പോൾ മദ്യം ഉപയോഗിക്കുകയും എന്നിട്ട് രോഗം മാറാതിരിക്കുകയും ചെയ്തേക്കാം. ഉപകാരപ്രദമായ ഒട്ടനവധി മരുന്നുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ പല ആളുകൾക്കും അത് ഉപകാരപ്പെടാത്ത അവസ്ഥ നാം കാണാറുണ്ട്".
"(രണ്ട്) ചികിത്സ ഇല്ലാതെ തന്നെ അല്ലാഹുവിലുള്ള തവക്കുൽ കൊണ്ടും അവനോടുള്ള പ്രാർത്ഥന കൊണ്ടും രോഗിക്കു വേണ്ടിയുള്ള മറ്റു ആളുകളുടെ പ്രാർത്ഥന കൊണ്ടും... രോഗി ചിലപ്പോൾ രോഗ വിമുക്തനായേക്കാം. (രോഗമുക്തിക്ക് വേണ്ടി നിർബന്ധ സാഹചര്യത്തിലും മദ്യം ഉപയോഗിക്കരുത്) എന്ന് പറയുവാനുള്ള കാരണമാണ് ഈ സൂചിപ്പിച്ചത്. ഇനി പ്രമാണം പരിശോധിച്ചാലും നമുക്ക് ഇതു തന്നെയാണ് കാണുവാൻ സാധിക്കുക. നബി (ﷺ) പറയുന്നു: "അല്ലാഹു നിങ്ങൾക്ക് നിഷിദ്ധമാക്കിയ കാര്യങ്ങളിൽ അവൻ ശിഫ(രോഗശമനം) നിശ്ചയിച്ചിട്ടില്ല." അപ്പോൾ ഈ ഒരു നിയമത്തിന്‍റെ കാരണം ബുദ്ധിക്ക് മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണ്. നമുക്ക് ദോഷം ചെയ്യുന്ന വസ്തുക്കളല്ലാതെ അല്ലാഹു നിഷിദ്ധമാക്കിയിട്ടില്ല. അപ്പോൾ പിന്നെ എങ്ങനെയാണ് നിഷിദ്ധമാക്കപ്പെട്ട വസ്തു ശമനവും മരുന്നും ആയി മാറുന്നത്?.
അതുകൊണ്ട് ഹറാമായ വസ്തുക്കൾ കൊണ്ട് ചികിത്സ നടത്തൽ നിഷിദ്ധമാണ്. അപ്രകാരമാണ് പണ്ഡിതന്മാർ പറഞ്ഞിട്ടുള്ളത്. ഇത് ആളുകൾ മനസ്സിലാക്കി വെച്ചത് പോലെ നിർബന്ധിതാവസ്ഥ എന്ന് അതിനെ കുറിച്ച് പറയാൻ പാടില്ല".
"ഇനി ഒരു വ്യക്തി പറയുകയാണ്: ഒരാളുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങി. അദ്ദേഹത്തിന്‍റെ അടുക്കൽ ഒരു കപ്പ് മദ്യം അല്ലാതെ മറ്റൊന്നും ഇല്ല. തൊണ്ടയിൽ കുടുങ്ങിയത് നീക്കിക്കളയാൻ ഈ കള്ളു കുടിക്കൽ അനുവദനീയമാണോ? ഉത്തരം: അനുവദനീയമാണ്. കാരണം, നേരത്തെ നാം സൂചിപ്പിച്ച രണ്ടു നിബന്ധനകളും അവിടെ കാണപ്പെട്ടു. അതായത്, ഈ വ്യക്തി കള്ളെന്ന വസ്തുവിലേക്ക് തന്നെ നിർബന്ധിതനായി. അത് ഉപയോഗിക്കുന്നതിലൂടെ തനിക്ക് ബാധിച്ച പ്രയാസം നീങ്ങി പോകും എന്ന് ഉറപ്പിക്കുകയും ചെയ്തു. അപ്പോൾ നമ്മൾ പറയുന്നു: കുടിച്ചു കൊള്ളുക. എന്നാൽ ചങ്കിൽ കുടുങ്ങിയത് നീങ്ങിപ്പോകുന്നതോടെ കുടിക്കൽ നിർത്തുകയും വേണം.
ഒരു വ്യക്തി ഇപ്രകാരം പറയുന്നു: അനുവദനീയമായ നിലക്ക് അറുക്കപ്പെട്ട മാംസവും ചത്തു കിടക്കുന്ന ഒരു ജീവിയുടെ മാംസവും ഒരാൾക്ക് ലഭിച്ചു. നിർബന്ധിതൻ എന്ന നിലയ്ക്ക് ഈ വ്യക്തി ശവം ഭക്ഷിക്കാമോ?
ഉത്തരം: അവനത് അനുവദനീയമല്ല. കാരണം, അവന്‍റെ പ്രയാസത്തിന്‍റെ അവസ്ഥ നീങ്ങിപ്പോകാൻ കാരണമാകുന്ന മറ്റൊന്ന് അവന്‍റെ മുമ്പിലുണ്ട്. അതുകൊണ്ട് ശവം കഴിക്കൽ അവന് അനുവദനീയമല്ല. കാരണം ഒന്നാമത്തെ നിബന്ധന അവിടെ ഒത്തു വന്നിട്ടില്ല".
"എനിക്ക് ദാഹിക്കുന്നുണ്ട്. ഒരു പാത്രം മദ്യം അല്ലാതെ മറ്റൊന്നും എന്‍റെ അടുക്കൽ ഇല്ല. ഞാൻ അത് കുടിക്കാൻ പാടുണ്ടോ എന്ന് ഒരാൾ ചോദിച്ചാൽ അതിന്‍റെ ഉത്തരം ഇല്ല എന്നുള്ളതാണ്. അപ്രകാരമാണ് പണ്ഡിതന്മാർ പറഞ്ഞിട്ടുള്ളത്. കാരണം, മദ്യം കുടിക്കുന്നതിലൂടെ ദാഹം എന്ന അവന്‍റെ പ്രയാസാവസ്ഥ നീങ്ങുകയില്ല. മദ്യം കുടിക്കൽ അവന്‍റെ ദാഹത്തെ വർദ്ധിപ്പിക്കുകയേ ഉള്ളൂ. അപ്പോൾ ഒരു നിഷിദ്ധത്തെ തകർക്കുന്നത് കൊണ്ട് യാതൊരു ഉപകാരവും ഇല്ല. കാരണം, അവന്‍റെ പ്രയാസം അതിലൂടെ നീങ്ങുന്നില്ല. അപ്പോൾ ഇവിടെ രണ്ടാമത്തെ നിബന്ധന ഒത്തു വന്നിട്ടില്ല എന്ന് അർത്ഥം. ചികിത്സാർത്ഥം ഒരു രോഗി രക്തം കുടിക്കാൻ നിർബന്ധിതനായാൽ അത് അവന് അനുവദനീയമാണോ എന്ന് വല്ലവരും ചോദിച്ചാൽ അതിൻന്‍റെ ഉത്തരം അനുവദനീയമല്ല എന്നുള്ളതാണ്. കാരണം മുകളിൽ സൂചിപ്പിച്ച രണ്ടു നിബന്ധനകളും അവിടെ ഒത്തു വരുന്നില്ല".
അല്ലാഹുവാണ് നന്നായി അറിയുന്നവൻ.