ഹിർക്കിളിനും മറ്റും നബിﷺ അയച്ച കത്തുകളിൽ ക്വുർആനിലെ ആയത്തുകളില്ല എന്ന് മുസ്ല്യാക്കന്മാർ പറയുന്നു- ഇത് ശരിയാണോ?
കെ എം മൗലവി (رحمه الله) യുടെ ഫത് വ
അൽമുർഷിദ് - സഫർ 1355
Last Update 11 November 2019
അല്‍മുര്‍ഷിദ് പത്രാധിപര്‍ അവര്‍കള്‍ക്ക് السَّلَام عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ നിങ്ങളുടെ അല്‍മുര്‍ഷിദ് ഒന്നാം പുസ്തകം പത്താം ലക്കത്തില്‍ ഖുര്‍ആന്‍ ഭാഷ്യത്തെക്കുറിച്ച് ടി.പി. ഉബൈദ് അവര്‍കളുടെ രണ്ടാം ചോദ്യത്തിന് കൊടുത്തിട്ടുള്ള ജവാബില്‍ ഇങ്ങിനെ കാണുന്നു: ഹിര്‍ക്കല്‍, മുഖൗഖിസ് എന്നിവര്‍ക്ക് അയച്ചിട്ടുണ്ടായിരുന്ന കത്തുകളില്‍
എന്ന ആയത്ത് പൂര്‍ണ്ണമായി എഴുതിയിരുന്നു” എന്നിങ്ങനെ എഴുതി കാണുന്നു: ആലിമീങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്ന പലരും പറയുന്നത് നബിﷺ കത്തയച്ച കാലത്ത് ആലു ഇംറാനിലെ ഈ ആയത്ത് ഇറങ്ങീട്ടെയില്ല, തന്നെയല്ല ആലു ഇംറാന്‍ സൂറത്തിലെ ആദ്യഭാഗമായ 80 ഓളം ആയത്ത് ഇറങ്ങീട്ടുള്ളത് നജ്റാനിലെ ക്രിസ്ത്യാനികളുടെ വഫ്ദ് (നിയുക്ത സംഘം) നബിﷺയുടെ അടുക്കല്‍ വന്നപ്പോള്‍ അവരെ സംബന്ധിച്ചാണ്. വഫ്ദുകള്‍ വന്നിട്ടുള്ളത് ഹിജ്റ ഒമ്പതാം കൊല്ലത്തിലാണ്. നബിﷺ മേല്‍പ്പറഞ്ഞവര്‍ക്ക് കത്തുകള്‍ അയച്ചത് ഹിജ്റ ആറാമത്തെ കൊല്ലത്തിലാകുന്നു. അതിനാല്‍ നബിയുടെ കത്തിലുള്ളത് ആയത്തല്ല, അത് നബിയുടെ വാചകമാണ് എന്നിങ്ങനെയാണ് പല മുസ്ല്യാക്കന്മാരും പറയുന്നത്. ഇവര്‍ അങ്ങിനെ പറയുന്നത് ശരിയാണോ അല്ലയോ? എന്ന് സി. എച്ച്. മുഹമ്മദ് والسّلام
ഇങ്ങിനെ പറയുന്നത് ശരിയല്ല. നബിﷺ ഹിറഖല്‍, മുഖൗഖിസ് എന്നീ ക്രിസ്തീയ രാജാക്കന്‍മാര്‍ക്ക് അയച്ച കത്തുകളില്‍ എഴുതീട്ടുള്ളത് "يَا أَهْلَ الْكِتَابِ تَعَالَوْا إِلَىٰ كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُم........ " എന്ന ആ തിരുവചനം മുഴുവനും ആലു ഇംറാന്‍ സൂറത്തിലെ قُلْ يَا أَهْلَ الْكِتَابِ എന്ന ആയത്തില്‍ അല്ലാഹുതആല നബിയോട് ആജ്ഞാപിച്ചിട്ടുള്ള പറയുക എന്ന കല്‍പന സ്വീകരിച്ച് നബിﷺ ഖുര്‍ആനിലെ ആയത്തിനെ ഉദ്ധരിച്ചിരിച്ച് പറഞ്ഞിട്ടുള്ളത് തന്നെയാണ്. സ്വന്തവാചകമായിട്ടല്ല അത്. റസൂലുല്ലാഹിﷺയുടെ കത്തുകളിലെ ഈ തിരുവചനം ഖുര്‍ആനിലെ ആയത്ത് തന്നെയാണെന്ന് ഇമാം നവവി (റഹി) ‘ശറഹു മുസ്‌ലിമി’ലും (1), ശൈഖ് ഇബ്നു ഹജറുല്‍ ഹൈതമി (റഹി) ‘ഫതാവ’യിലും(2) , ഇമാം ബുഖാരി (റഹി) ‘സ്വഹീഹി’ലും ഇങ്ങിനെ മറ്റ് പ്രമാണപ്പെട്ട ഇമാമീങ്ങളും വെളിപ്പെടുത്തി പറഞ്ഞിരിക്കുന്നു. ഇനി പ്രമാണപ്പെട്ട ഇമാമീങ്ങള്‍ പറഞ്ഞിട്ടുള്ളതിനെ മറ്റാരും സ്വീകാര്യമായ ദലീലുകള്‍ കൊണ്ട് ഖണ്ഡിച്ചിട്ടുമില്ല. അതിനാല്‍ പ്രമാണപ്പെട്ട ഇമാമീങ്ങളുടെ അഭിപ്രായങ്ങളെ നാം സ്വീകരിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. അതിനാല്‍ നാം നബിﷺയുടെ കത്തുകളില്‍ ഉള്ള يَا أَهْلَ الْكِتَابِ എന്ന വചനം ആലു ഇംറാന്‍ സൂറത്തിലെ തന്നെയാണെന്ന് പറയുന്നു. എന്ന് മാത്രമല്ല അതിന്ന് വിരോധമായി മുസ്ല്യാക്കന്മാര്‍ പറയുന്നത് തനിച്ച ബാത്വില്‍ തന്നെയാണ്. എന്ത് കൊണ്ടെന്നാല്‍ നബിﷺ ഉംറ ചെയ്യുവാന്‍ പുറപ്പെട്ടത് – ഹുദൈബിയ സന്ധിക്ക് കാരണമായിത്തീര്‍ന്ന പുറപ്പാട് – ഹിജ്റ ആറാമത്തെ കൊല്ലത്തിലെ ദുല്‍ഖഅദ:യില്‍ - 11ആം മാസത്തില്‍- ആയിരുന്നു. ഹുദൈബിയ കരാര്‍ (സന്ധി) ചെയ്ത് പിരിഞ്ഞതിന്ന് ശേഷമാണ് ഹിര്‍ക്കലിനും മുഖൗഖിസിനും നബിﷺ കത്തുകളയച്ചത്. ഹിജ്റ ഏഴാം കൊല്ലത്തിലെ ഒന്നാമത്തെ മാസമായ മുഹറം മാസത്തിലാണ് ഹിറഖലിന് കത്തയച്ചത് എന്നും കാണുന്നുണ്ട്. അപ്പോള്‍ കത്തുകള്‍ ഹിജ്റ ആറാം കൊല്ലം അവസാനത്തിലോ ഏഴാം കൊല്ലം ആദ്യത്തിലോ ആകുന്നു അയച്ചിരിക്കുന്നത്. ആറാം കൊല്ലം ആദ്യത്തിലും അല്ല, മധ്യത്തിലുമല്ല എന്നത് തീര്‍ച്ചതന്നെ. ഈ സംഗതി നബി ﷺയുടെ സീറയും ഇസ്ലാം ചരിത്രവും അറിയുന്നവരെല്ലാവരും സമ്മതിക്കും.
സൂറത്തു ആലു ഇംറാന്‍ അവതരിച്ചതിന്‍റെ ശേഷമാണ് സൂറത്തുല്‍ അഹ്സാബ് അവതരിച്ചിട്ടുള്ളത് എന്ന് ഇമാം സുയൂത്വി (റഹി)യുടെ ‘ഇത്ഖാന്‍’ വായിച്ചിട്ടുള്ള എല്ലാവരും സമ്മതിക്കും.(3) സൂറത്തുല്‍ അഹ്സാബ് അവതരിച്ചിട്ടുള്ളതാവട്ടെ ഹിജ്റ അഞ്ചാം കൊല്ലത്തിന് ശേഷമായിരിപ്പാന്‍ നിവൃത്തിയില്ല, എന്ത്കൊണ്ടെന്നാല്‍ غَزْوَة الأَحْزَاب (ഖന്‍ദഖ് യുദ്ധം), ഉമ്മുല്‍ മുഅമിനീന്‍ സൈനബ് ബിന്‍ത് ജഹ്ശ് (റ) എന്നിവരും നബിﷺയുമായുള്ള നികാഹ്, സ്ത്രീകളുടെ ഹിജാബ് (പര്‍ദ്ദ) എന്നീ വിഷയങ്ങളെ സംബന്ധിച്ചുള്ള ആയത്തുകള്‍ സൂറത്തുല്‍ അഹ്സാബിലാണ് ഉള്ളത്. അഹ്സാബ് യുദ്ധം നടന്നത് ഹിജ്റ: അഞ്ചാം കൊല്ലം പത്താം മാസമായ ശവ്വാലിലാണ്. ഹിജാബിന്‍റെ ആയത്ത് അവതരിച്ചതും, അതിന്‍റെ സബബിന്നു സബബായ സൈനബ് (റ) വിന്‍റെ നബിയുമായുള്ള നികാഹിന്ന് അടിസ്ഥാനമാക്കിയുള്ള വലീമത്ത് നടന്നതും, നികാഹും എല്ലാം ഹിജ്റ അഞ്ചാമത്തെ കൊല്ലത്തിലാണെന്നും, അല്ല മൂന്നാമത്തെ കൊല്ലത്തിലാണെന്നും രണ്ട് രിവായത്തുണ്ട്. ഏതായിരുന്നാലും സൂറത്തുല്‍ അഹ്സാബ് അവതരിച്ചിട്ടുള്ളത് ഹിജ്റ അഞ്ചാം കൊല്ലത്തിന്ന് പുറകെയല്ല തീര്‍ച്ചതന്നെ. അതിനാല്‍ സൂറത്തു ആലു ഇംറാന്‍ അവതരിച്ചത് ഹിജ്റ വര്‍ഷം അഞ്ചിലോ, നാലിലോ അല്ലാതെ ഹിജ്റ ആറിലായിരിക്കുവാന്‍ മാര്‍ഗ്ഗമില്ല. എന്ന് തന്നെയുമാണ് നജ്റാനിലെ നസ്വാറാക്കളുടെ രണ്ടാമത്തെ വഫ്ദ് മദീനയില്‍ വന്നപ്പോള്‍ അവരുമായുള്ള വാഗ്വാദങ്ങളില്‍ നബിﷺ പറയേണ്ടതായ ജവാബ് എന്ന പോലെയാണ് സൂറത്തു ആലു ഇംറാനിലെ ആദ്യഭാഗം എണ്‍പതോളം ആയത്തുകള്‍ ഇറങ്ങീട്ടുള്ളത് എന്ന് എല്ലാവരും സമ്മതിക്കുന്നുവല്ലോ. എന്നാല്‍ നജ്റാന്‍കാരുടെ വഫ്ദ് വന്നത് ഹിജ്റ ഒമ്പതില്‍ അല്ല എന്നത് തീര്‍ച്ചയാണ്, എന്ത്കൊണ്ടെന്നാല്‍ അവര്‍ വന്ന കാലത്ത് ഹുസൈന്‍(റ) ഒക്കത്ത് എടുക്കുന്ന ശിശുവായിരുന്നു.(4) ഇമാം ഹുസൈന്‍(റ) ന്‍റെ ജനനം ഹിജ്റ നാലാം കൊല്ലം ശഅബാനിലായിരുന്നുവെന്നും, അല്ല ഹിജ്റ മൂന്നാം കൊല്ലത്തിലായിരുന്നുവെന്നും ഇങ്ങനെയാണ് ഖിലാഫുള്ളത്. അതിനാലും സൂറത്തു ആലു ഇംറാന്‍ ഇറങ്ങിയത് ഹിജ്റ നാലിലോ, അഞ്ചിലോ, മൂന്നിലോ ആയിരുന്നുവെന്ന് പറയുകയല്ലാതെ ഹിജ്റ ഒമ്പതിലാണെന്ന് പറയുവാന്‍ യാതൊരു വജ്ഹുമില്ല. കൂടാതെ ഉഹുദ് യുദ്ധം സംബന്ധിച്ച് ആ സന്ദര്‍ഭത്തില്‍ ഇറങ്ങിയ പല ആയത്തുകളും സൂറത്തു ആലു ഇംറാന്‍റെ അവസാന ഭാഗങ്ങളില്‍ ഉണ്ട്. ഉഹുദ് യുദ്ധം ഹിജ്റ മൂന്നാം കൊല്ലത്തിലെ ശവ്വാല്‍ മാസത്തിലാണ് നടന്നത്. എന്നാല്‍ നജ്റാന്‍കാരുടെ വഫ്ദ് വന്ന കാലത്ത് ഹസന്‍ (റ) നടക്കുന്ന കുട്ടിയായിരുന്നു. ഹസന്‍ (റ)വിന്‍റെ കൈ നബി ﷺ പിടിച്ചുകൊണ്ട് അദ്ദേഹത്തെ നടത്തിയിരുന്നു.(5) ഹസന്‍ (റ) ജനിച്ചിട്ടുള്ളത് നബി ﷺയുടെ വഫാതിന്ന് എട്ട് കൊല്ലങ്ങള്‍ക്ക് മുമ്പാണ്. അപ്പോള്‍ ഹിജ്റ രണ്ട് അവസാനത്തിലോ മൂന്ന് ആദ്യത്തിലോ ആയിരിക്കണം. ഈ സംഗതികള്‍ എല്ലാം കൂടി നോക്കുമ്പോള്‍ നജ്റാന്‍കാരുടെ വഫ്ദ് മദീനയില്‍ വന്നതും സൂറത്തു ആലു ഇംറാനിന്‍റെ ആദ്യഭാഗമായ എണ്‍പതോളം ആയത്തുകള്‍ ഇറങ്ങിയതും ഹിജ്റയുടെ ‘അവാഇലി’ല്‍ (ആദ്യകാലങ്ങളുടെ ഉള്ളില്‍) ആണ് എന്ന് വെച്ചാല്‍ നാലിലോ, അഞ്ചിലോ, അല്ലെങ്കില്‍ മൂന്നിലോ ആകുകയല്ലാതെ പാടില്ല, യഖീന്‍ തന്നെ. നബി ﷺ മേല്‍ പറഞ്ഞ കത്തുകള്‍ അയച്ചത് ഹിജ്റ ആറു അവസാനത്തിലോ ഏഴ് ആരംഭത്തിലോ ആകുന്നുവെന്നത് സര്‍വ്വ സമ്മതവുമാകുന്നു. അതിനാല്‍ കത്തില്‍ ഉള്ള يَا أَهْلَ الْكِتَابِ എന്ന ആയത്ത് സൂറത്തു ആലു ഇംറാനില്‍ ഇറങ്ങിയതിന് ശേഷമാണ് നബി ﷺ കത്തുകള്‍ അയച്ചത് എന്ന് തീര്‍ച്ച തന്നെ. കൂടാതെ കത്തിന്‍റെ അവസാന ഭാഗം ചേര്‍ത്തിട്ടുള്ള فَإِن تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُون (ഇനി അഥവാ അവര്‍ (അഹ്ലു കിതാബ്) പിന്തിരിഞ്ഞുകളയുന്ന പക്ഷം ഞങ്ങള്‍ മുസ്ലിംകളാണെന്ന് നിങ്ങള്‍ സാക്ഷ്യം വഹിക്കുവിന്‍ എന്ന് നിങ്ങള്‍ (അവരോട്) പറയുവിന്‍) എന്ന വാക്കും അത് ആയത്താണെന്ന് തെളിയിക്കുന്നു. നബിയുടെ സ്വന്തവാക്കായിരുന്നുവെങ്കില്‍ فَإِن تَوَلَّيْتُمْ الخ നിങ്ങള്‍ പിന്തിരിയുന്നപക്ഷം എന്നായിരുന്നു പറയേണ്ടിയിരുന്നത്. ഖുര്‍ആനിലുള്ളത് പോലെ ആയത്ത് അങ്ങിനെതന്നെ പകര്‍ത്തിയത്കൊണ്ടാണ് فَإِن تَوَلَّوْا എന്നായത്. ചോദ്യത്തിലെ വാദത്തെക്കുറിച്ച് ഇമാം ഖസ്തല്ലാനി ഇങ്ങിനെ പറയുന്നു:
അതിനാല്‍ ഇമാം ബുഖാരി, ഇമാം നവവി എന്നീ പ്രമാണപ്പെട്ട ഇമാമുകളാണ് ഖുര്‍ആനിലെ ആയത്ത് തന്നെയാണെന്ന് പറഞ്ഞിട്ടുള്ളത്. അത് തന്നെയാണ് സത്യമെന്നും അതിന് വിരോധമായി നമ്മുടെ നാട്ടിലെ മുസ്ല്യാക്കന്മാര്‍ ആകട്ടെ, മറ്റാരാകട്ടെ പറയുന്നത് തനിച്ച ബാത്വിലാണെന്നും ഇപ്പോള്‍ പൂര്‍ണ്ണമായി തെളിഞ്ഞു.