പാപം ചെയ്തവരിൽ നിന്നും സൽകർമ്മങ്ങൾ എടുക്കപ്പെടുന്നത്

ശെയ്ഖ് സ്വാലിഹ് ബിന്‍ അബ്ദില്‍ അസീസ് ആലുശെയ്ഖ്

Last Update 2023 April 27, 7 Shawwal, 1444 AH

വിവര്‍ത്തനം: ഫദ്‍ലുൽഹഖ് ഉമരി ആമയൂർ

അവലംബ ഗ്രന്ഥം: അൽഅജ്‌വിബതു വൽബുഹൂഥു വൽമുദാറസാതുൽ മുശ്തമില അലെയ്ഹാ അദ്ദുറൂസിൽ ഇൽമിയ്യ

ചോദ്യം:പാപം ചെയ്തവരിൽ നിന്നും പ്രായശ്ചിത്തമായി സൽകർമ്മങ്ങൾ എടുക്കപ്പെടുന്നത് കർമ്മങ്ങൾ തൂക്കിക്കണക്കാക്കുമ്പോഴാണോ അതോ ഖൻത്വറക്കു ശേഷമാണോ?

ഉത്തരം: മീസാനിൽ കർമ്മങ്ങൾ തൂക്കിക്കണക്കാക്കുമ്പോഴാണ് സൽകർമ്മങ്ങൾ എടുക്കപ്പെടുന്നത്. നബി(സ) പറയുന്നു:

عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : " أَتَدْرُونَ مَا الْمُفْلِسُ ؟ " قَالُوا : الْمُفْلِسُ فِينَا مَنْ لَا دِرْهَمَ لَهُ وَلَا مَتَاعَ. فَقَالَ : " إِنَّ الْمُفْلِسَ مِنْ أُمَّتِي يَأْتِي يَوْمَ الْقِيَامَةِ بِصَلَاةٍ وَصِيَامٍ وَزَكَاةٍ، وَيَأْتِي قَدْ شَتَمَ هَذَا، وَقَذَفَ هَذَا، وَأَكَلَ مَالَ هَذَا، وَسَفَكَ دَمَ هَذَا، وَضَرَبَ هَذَا ؛ فَيُعْطَى هَذَا مِنْ حَسَنَاتِهِ، وَهَذَا مِنْ حَسَنَاتِهِ، فَإِنْ فَنِيَتْ حَسَنَاتُهُ قَبْلَ أَنْ يُقْضَى مَا عَلَيْهِ ؛ أُخِذَ مِنْ خَطَايَاهُمْ فَطُرِحَتْ عَلَيْهِ، ثُمَّ طُرِحَ فِي النَّارِ ".(مسلم: ٢٥٨١(

"അബൂഹുറൈറ(റ)വിൽ നിന്നും നിവേദനം; നബി(സ) ചോദിച്ചു: പാപ്പരൻ എന്ന് പറഞ്ഞാൽ ആരാണെന്ന് നിങ്ങൾക്കറിയാമോ? സ്വഹാബികൾ പറഞ്ഞു: പണമോ ജീവിത വിഭവങ്ങളോ ഇല്ലാത്തവനാണ് പാപ്പരൻ. നബി(സ) പറഞ്ഞു: എന്‍റെ സമുദായത്തിലെ പാപ്പരൻ ഒരു വ്യക്തിയാണ്. ഖിയാമത്ത് നാളിൽ അവൻ നിർവഹിച്ച നമസ്കാരവും നോമ്പും സകാത്തുമായി വരും. പക്ഷെ വേറെയും ചിലർ വരുന്നു. അവരെ ഇവൻ അടിച്ചിട്ടുണ്ട്. ചിലരെ അസഭ്യം പറഞ്ഞിട്ടുണ്ട്. മറ്റു ചിലരെക്കുറിച്ച് ആരോപണം പറഞ്ഞിട്ടുണ്ട്. ചിലരുടെ സമ്പത്ത് തിന്നിട്ടുണ്ട്. ചിലരുടെ രക്തം ചിന്തിയിട്ടുണ്ട്. ഇവർക്കെല്ലാവർക്കും ഇവന്‍റെ സൽകർമ്മങ്ങളിൽ നിന്നും നൽകപ്പെടും. അവൻ ചെയ്ത തിന്മകൾ തീരുന്നതിനു മുമ്പ് സൽകർമ്മങ്ങൾ തീർന്നു കഴിഞ്ഞാൽ മറ്റുള്ളവരുടെ തിന്മകൾ ഇവനിലേക്ക് ഇടപ്പെടുകയും ശേഷം ഇവൻ നരകത്തിലേക്ക് എറിയപ്പെടുകയും ചെയ്യും, (ഇവനാണ് പാപ്പരൻ)." [മുസ്‌ലിം: 2581]

മീസാനിൽ കർമ്മങ്ങൾ തൂക്കിക്കണക്കാക്കുമ്പോഴാണ് ഇത്.

وَٱلۡوَزۡنُ یَوۡمَىِٕذٍ ٱلۡحَقُّۚ فَمَن ثَقُلَتۡ مَوَ ٰ⁠زِینُهُۥ فَأُو۟لَـٰۤىِٕكَ هُمُ ٱلۡمُفۡلِحُونَ - الأعراف: 8

"അന്നത്തെ ദിവസം (കര്‍മ്മങ്ങള്‍) തൂക്കികണക്കാക്കുന്നത് സത്യമായിരിക്കും. അപ്പോള്‍ ആരുടെ തുലാസുകള്‍ ഘനം തൂങ്ങിയോ അവരാണ് വിജയികള്‍" (അഅ്റാഫ് 8)

ഇവൻ ചെയ്ത സൽകർമ്മങ്ങൾ എടുത്ത് മർദ്ദിതന് നൽകും. മർദ്ദിതന്‍റെ തിന്മകൾ എടുത്ത് ഇവനിലേക്ക് ഇടപ്പെടുകയും ചെയ്യും.

എന്നാൽ സ്വിറാത്വിന് ശേഷമുള്ള ഖൻത്വറക്കു ശേഷം നടക്കുന്നത് ഒരു ശുദ്ധീകരണം മാത്രമാണ്. മനസ്സിലുള്ളവ (പക, വെറുപ്പ്, വിദ്വേഷം...) ശുദ്ധീകരിക്കലാണ് അവിടെ വെച്ച് നടക്കുന്നത്. മനസ്സിലുള്ളവ എടുത്ത് കളയലല്ല പ്രതിക്രിയ കൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് ഒരു ഖാളി രണ്ടു പേർക്കിടയിൽ വിധി പറയുന്നു. ആക്രമിക്കപ്പെട്ടവനു വേണ്ടി അക്രമിച്ചവനെതിരെ വിധി പറയുന്നു. അതിന്‍റെ അർത്ഥം മനസ്സിലുള്ളത് പോയി എന്നാണൊ? മർദ്ദിതന്‍റെ അവകാശങ്ങൾ വാങ്ങിക്കൊടുക്കുന്നു. അതിന്‍റെ അർത്ഥം മനസ്സിലുള്ളത് പോയി എന്നാണൊ?.

അല്ലെങ്കിൽ രണ്ടു പേർ തർക്കവുമായി നിന്‍റെ അടുക്കൽ വരുന്നു. രണ്ട് പേർക്കുമിടയിൽ നീ സന്ധിയുണ്ടാക്കുന്നു. അല്ലെങ്കിൽ അവരുടെ അവകാശങ്ങൾ നൽകുന്നു. പക്ഷെ അത് കൊണ്ട് മനസ്സിലുള്ളത് പോകുമോ?. അവകാശങ്ങൾ എടുക്കുകയും കൊടുക്കുകയുമൊക്കെ ചെയ്താലും മനസ്സിൽ ചിലതൊക്കെ ബാക്കിയുണ്ടാകും. ഇവിടെയുള്ള വിഷയം മനസ്സിലുള്ളവ പോകലാണ്. അതിനെ കുറിച്ചാണ് അല്ലാഹു പറയുന്നത്:

وَنَزَعۡنَا مَا فِی صُدُورِهِم مِّنۡ غِلٍّ إِخۡوَ ٰ⁠نًا عَلَىٰ سُرُرࣲ مُّتَقَـٰبِلِینَ - الحجر: 47

"അവരുടെ ഹൃദയങ്ങളില്‍ വല്ല വിദ്വേഷവുമുണ്ടെങ്കില്‍ നാമത് നീക്കം ചെയ്യുന്നതാണ്‌. സഹോദരങ്ങളെന്ന നിലയില്‍ അവര്‍ കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും". (ഹിജ്റ്: 47)

സത്യവിശ്വാസികളുടെ പാപങ്ങൾ അല്ലാഹു പൊറുത്തു കൊടുത്തിട്ടുണ്ടെങ്കിലും മനസ്സിലുള്ള പകയും വിദ്വേഷവുമെല്ലാം എടുത്ത് മാറ്റി ശുദ്ധീകരണം വരുത്തേണ്ടതുണ്ട്. ഇത് സത്യനിഷേധികളെ സംബന്ധിച്ച് അവർക്ക് ശിക്ഷയാണ്. കാരണം അവരുടെ കർമ്മങ്ങൾക്ക് ഒരു തൂക്കവും അല്ലാഹു കൽപിക്കുകയില്ല.

أُو۟لَـٰۤىِٕكَ ٱلَّذِینَ كَفَرُوا۟ بِـَٔایَـٰتِ رَبِّهِمۡ وَلِقَاۤىِٕهِۦ فَحَبِطَتۡ أَعۡمَـٰلُهُمۡ فَلَا نُقِیمُ لَهُمۡ یَوۡمَ ٱلۡقِیَـٰمَةِ وَزۡنࣰا - الكهف: 105

"തങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളിലും അവനുമായി കണ്ടുമുട്ടുന്നതിലും വിശ്വസിക്കാത്തവരത്രെ അവര്‍. അതിനാല്‍ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോയിരിക്കുന്നു. അതിനാല്‍ നാം അവര്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ യാതൊരു തൂക്കവും (സ്ഥാനവും) നിലനിര്‍ത്തുകയില്ല." (കഹ്ഫ്: 105)

തങ്ങളുടെ കുറ്റങ്ങൾ അവർ സ്വയം അംഗീകരിക്കും. തങ്ങൾ സത്യനിഷേധികളായിരുന്നുവെന്ന് അവർ സ്വയം സമ്മതിക്കും. പക്ഷെ അവരുടെ കർമ്മങ്ങൾക്ക് തൂക്കം ഉണ്ടായിരിക്കുകയില്ല. കാരണം സത്യനിഷേധം സൽകർമ്മങ്ങളെ ഇല്ലാതാക്കും. അവർ ചെയ്ത പ്രവർത്തനങ്ങൾക്കുള്ള ഫലം ദുനിയാവിൽ നൽകപ്പെടും. അല്ലാഹുവിന്‍റെ അനുഗ്രഹം മഹത്തരമാണ്.

 

0
0
0
s2sdefault

കശ്ഫുശ്ശുബുഹാത് : മറ്റു ലേഖനങ്ങൾ