നബി(സ്വ)യുടെ ഖബറിന് മുകളിലുള്ള പച്ചക്കുബ്ബ
ഫദ്‍ലുൽ ഹഖ് ഉമരി ആമയൂർ
Last Update 2023 April 13, 22 Ramadan, 1444 AH AH
അവലംബം: islamqa
ചോദ്യം:നബിയുടെ ഖബറിന് മുകളിലുഉള്ള പച്ചക്കുബ്ബ ബിദ്അത്തുകളിൽ പെട്ടതും ശിർക്കിലേക്ക് എത്തിക്കുന്നതുമാണ് എങ്കിൽ സഊദി ഭരണകൂടം എന്തുകൊണ്ട് അത് നീക്കം ചെയ്യുന്നില്ല.?
ഉത്തരം: സർവ്വസ്തുതിയും അല്ലാഹുവിന്.
(ഒന്ന്) പച്ച ഖുബ്ബയുടെ ചരിത്രം.
നബി(സ) യുടെ ഖബറിന് മുകളിൽ നിലനിൽക്കുന്ന ഖുബ്ബ ഏഴാം നൂറ്റാണ്ടുവരെ ഉണ്ടായിരുന്നില്ല. സുൽത്താൻ ഖലാവൂനിന്‍റെ കാലഘട്ടത്തിലാണ് അത് ആദ്യമായി ഉണ്ടാക്കിയത്. മരത്തിന്‍റെ നിറമായിരുന്നു ആദ്യം. പിന്നീട് അത് വെള്ളനിറമായി. ശേഷം നീലയും ശേഷം പച്ചയും നിലവിൽ വന്നു. ആ പച്ചക്കളറാണ് ഇന്നുവരെയും നിലനിൽക്കുന്നത്.
ഉസ്താദ് അലി ഹാഫിള് പറയുന്നു: പരിശുദ്ധ റൂമിന് മുകളിൽ ഖുബ്ബ ഉണ്ടായിരുന്നില്ല. മറിച്ച് റൂമിന്‍റെ മുകൾ ഭാഗം പള്ളിയുടെ മേൽക്കൂരയിൽ നിന്നും വേറിട്ട് അറിയുന്നതിനു വേണ്ടി ഒരു അടിയോളം അളവിലുള്ള ഒരു കെട്ട് മാത്രമാണ് ഉണ്ടായിരുന്നത്. പരിശുദ്ധ റൂമിനു മുകളിൽ ആദ്യമായി ഖുബ്ബ കൊണ്ട് വരുന്നത് ഖലാവൂൻ സുൽത്താനാണ്. ഹിജ്റ 678ലാണ് ഈ പ്രവർത്തനം നടക്കുന്നത്. മരം കൊണ്ട് അടിഭാഗം നാലു കോണും മുകൾ ഭാഗം 8 കോണുമായിക്കൊണ്ടാണ് ഉണ്ടാക്കിയത്. പരിശുദ്ധ റൂമിനെ വലയം ചെയ്തു കൊണ്ടുള്ള തൂണുകൾക്ക് മുകളിലായി കൊണ്ടായിരുന്നു ഇത് ഉണ്ടാക്കിയിരുന്നത്. മരം കൊണ്ടുള്ള പലകകൾ അടിച്ചു നിറം കൊടുക്കുകയും ഇയ്യം ഉപയോഗിച്ച് പണി പൂർത്തിയാക്കുകയും ചെയ്തു. അവിടെ ആദ്യം ഉണ്ടായിരുന്ന ഇഷ്ടിക മാറ്റി പകരം മരം കൊടുക്കുകയുണ്ടായി.
നാസ്വിർ ഹസൻ ഇബ്നു മുഹമ്മദ് ഖലാവൂനിന്‍റെ കാലഘട്ടത്തിൽ ഖുബ്ബ പുതുക്കിപ്പണിതു. ശേഷം ഇയ്യം ഒഴിച്ച പലകകൾ ഇളകിപ്പോന്നു. പിന്നീട് അശ്‌റഫ് ശഅ്‌ബാൻ ഇബ്നു ഹുസൈനുബ്നു മുഹമ്മദിന്‍റെ കാലഘട്ടത്തിൽ -765- ഇളകി പോന്നവ ഉറപ്പിക്കുകയും പുതുക്കിപ്പണിയുകയും ചെയ്തു. വീണ്ടും അതിന് കേടുപാടുകൾ സംഭവിച്ചു. ഹിജ്റ 881ൽ സുൽത്വാൻ ഖായിത്ബായ് വീണ്ടും നന്നാക്കിപ്പണിതു. ഹിജ്റ 886ല്‍ മസ്ജിദുന്നബവിയിൽ തീപിടുത്തം ഉണ്ടായപ്പോൾ ഖുബ്ബ കത്തിപ്പോവുകയുണ്ടായി. 887ൽ വീണ്ടും ആ ഖുബ്ബ പുതുക്കിപ്പണിതു. മസ്ജിദുന്നബവിയുടെ അടിയിൽ നിന്നു തന്നെ വലിയ തൂണുകൾ ഉണ്ടാക്കി. ഇഷ്ടിക ഉപയോഗിച്ച് ഖുബ്ബയുടെ നിർമ്മാണം പൂർത്തിയാക്കി. പക്ഷെ അതിന്‍റെ മുകൾ ഭാഗം പിന്നീട് പിളരുകയുണ്ടായി. സുൽത്താൻ ഖായിത്ബായ് വീണ്ടും മുകൾ ഭാഗം പൊളിക്കാൻ കൽപിക്കുകയും വെള്ള നിറത്തിലുള്ള സിമന്‍റ് ചേർത്ത് അത് ഉറപ്പിക്കുകയും ചെയ്തു. ഹിജ്റ 892ൽ ആയിരുന്നു ഈ സംഭവം നടന്നത്. ഹിജ്റ 1253ൽ സുൽത്താൻ അബ്ദുൽ ഹമീദ് ഉസ്മാനീ ഖുബ്ബക്ക് പച്ച നിറം കൊടുക്കാനുള്ള കൽപന നൽകി. ഇദ്ദേഹമാണ് ആദ്യമായി ഖുബ്ബക്ക് പച്ച നിറം കൊടുക്കുന്നത്. പിന്നീട് ആവശ്യം വരുന്ന സന്ദർഭങ്ങളിലെല്ലാം പച്ച നിറം പുതുക്കിക്കൊണ്ടിരുന്നു. ഇന്നു വരെയും അത് തുടർന്നു കൊണ്ടിരിക്കുന്നു. അങ്ങനെയാണ് അതിന് പച്ച ഖുബ്ബ എന്ന പേരുവന്നത്. (മദീനാ ചരിത്രം-അലി ഹാഫിള്- (فصول من تاريخ المدينة المنورة) പേജ്: 127,128)
(രണ്ട്). ഇതിന്‍റെ ഇസ്‌ലാമിക വിധിയെന്ത്?
ആധുനികരും പൗരാണികരുമായ പണ്ഡിതന്മാർ ഈ ഖുബ്ബ ഉണ്ടാക്കുന്നതിനെയും അതിന് നിറം കൊടുക്കുന്നതിനെയും എതിർത്തു പോന്നിട്ടുണ്ട്. പല മേഖലകളിലൂടെയും ശിർക്കിൽ എത്തിച്ചേരാൻ സാധ്യതയുള്ളതാണത് എന്ന് പണ്ഡിതന്മാർ മനസ്സിലാക്കിയതിന്‍റെ അടിസ്ഥാനത്തിൽ അതിലേക്കുള്ള മാർഗങ്ങളെ തടയുകയായിരുന്നു അവർ.
ചില പണ്ഡിതന്മാർ പറഞ്ഞ കാര്യങ്ങളിൽനിന്നും നമുക്ക് മനസ്സിലാക്കാം.
(1) ഇമാം സ്വൻആനി 'വിശ്വാസ ശുദ്ധീകരണം (تطهير الاعتقادِ)' എന്ന ഗ്രന്ഥത്തിൽ പറയുന്നു:
"നബിയുടെ ഖബറിന് മുകളിൽ വമ്പിച്ച ഖുബ്ബയുണ്ടെന്നും ഭീമമായ തുക അതിന് വേണ്ടി ചിലവഴിച്ചിട്ടുമുണ്ടെന്നാണ് നീ പറയുന്നത് എങ്കിൽ;
ഞാൻ പറയുന്നു: യാഥാർഥ്യങ്ങളെ കുറിച്ചുള്ള ശക്തമായ അജ്ഞത കൊണ്ടാണിത്. കാരണം ഇ ഖുബ്ബ നബി(സ)യോ സ്വഹാബികളോ താബിഉകളോ തബഉത്താബിഉകളോ ഈ ഉമ്മത്തിലെ പണ്ഡിതന്മാരോ ഇമാമുമാരോ ഉണ്ടാക്കിയതല്ല. മറിച്ച് പിൽക്കാലക്കാരായ ഈജിപ്തിലെ ചില ഭരണാധികാരികളാണ് ഈ ഖുബ്ബ ഉണ്ടാക്കിയത്. ഹിജ്റ 678ൽ 'അൽമലികുൽ മൻസൂർ' എന്ന പേരിൽ അറിയപ്പെടുന്ന സുൽത്താൻ ഖലാവൂൻ ആയിരുന്നു ഇതിന്‍റെ നിര്‍മ്മാണത്തില്‍ പങ്കെടുത്തത്. ഇത് മതപരമായ തെളിവുകളിൽ പെട്ടതല്ല. മറിച്ച് രാഷ്ട്രപരമായ കാര്യമാണ്.
(2) അല്ലജ്നതുദ്ദാഇമയോട് ഈ വിഷയത്തെ കുറിച്ച് ചോദിച്ചു.
(ചോദ്യം) അൽമദീനതുൽ മുനവ്വറയിലെ നബി(സ)യുടെ ഖബ്റിന് മുകളിലുള്ള പച്ചക്കുബ്ബ കാണിച്ചു കൊണ്ട് മഹാത്മാക്കളെ പോലുള്ളവരുടെ ഖബറിൻമേലും ഇപ്രകാരം ഖുബ്ബ പണിയാം എന്ന് പറയുന്നു. ഈ ഒരു തെളിവു പിടിക്കൽ ശരിയാണോ? എന്താണ് അതിന് മറുപടി കൊടുക്കുക.?
ലജ്നയുടെ മറുപടി ഇപ്രകാരമായിരുന്നു:
"മരണപ്പെട്ടവർ മഹാത്മാക്കൾ തുടങ്ങിയവരുടെ ഖബറുകൾക്ക് മുകളിൽ ഖുബ്ബയുണ്ടാക്കാൻ നബിയുടെ ഖബ്റിനു മുകളിലെ ഖുബ്ബയെ തെളിവ് പിടിക്കുന്നത് ശരിയല്ല. കാരണം നബി(സ)യുടെ ഖബറിന് മുകളിൽ ഖുബ്ബയുണ്ടാക്കൽ ഹറാമാണ്. അതു ചെയ്യുന്നവൻ കുറ്റക്കാരനാണ്. അബുൽ ഹയ്യാജുൽഅസദീ(റ)വിൽ നിന്നും നിവേദനം ചെയ്യുന്ന ഹദീസിന് എതിരാണ് ഈ പ്രവർത്തനം. അദ്ദേഹം പറയുന്നു:
"അലി (റ) എന്നോട് പറഞ്ഞു: എന്നെ നബി(സ) നിയോഗിച്ച കാര്യത്തിനു ഞാൻ നിങ്ങളെയും നിയോഗിക്കട്ടെയോ? ഒരു സ്തൂപവും തകർക്കാതെ വിടരുത്. ഉയർത്തപ്പെട്ട ഒരു ഖബ്റും നിരപ്പാക്കാതെ വിടരുത്." (മുസ്‌ലിം)
"ജാബിർ(റ)വിൽ നിന്നും നിവേദനം: ഖബറുകൾ കുമ്മായമിടുന്നതിനെയും അതിന് മുകളിൽ ഇരിക്കുന്നതിനേയും അതിന് മുകളിൽ എടുപ്പ് ഉണ്ടാക്കുന്നതിനെയും നബി(സ) നിരോധിച്ചിരിക്കുന്നു." (മുസ്‌ലിം)
അതുകൊണ്ട് തന്നെ ഏതെങ്കിലും ചില ആളുകൾ ചെയ്ത ഹറാമായ പ്രവർത്തനം കൊണ്ട് തത്തുല്യമായ ഹറാം ചെയ്യാൻ തെളിവ് പിടിക്കുന്നത് അനുവദനീയമല്ല. കാരണം ഒരാളുടെയും വാക്കു കൊണ്ടോ പ്രവർത്തനം കൊണ്ടോ നബി(സ)യുടെ വാക്കുകൾക്ക് എതിരു പ്രവർത്തിക്കാൻ പാടില്ല. കാരണം അല്ലാഹുവിൽ നിന്നുള്ള സന്ദേശ വാഹകനാണ് നബി(സ). ആ നബി(സ)യെ അനുസരിക്കൽ നിർബന്ധമാണ്. അവിടത്തെ കൽപനകൾക്ക് എതിരു പ്രവർത്തിക്കുന്നതിനെ സൂക്ഷിക്കേണ്ടതുമുണ്ട്. അല്ലാഹു പറയുന്നു:
"നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക.". തുടങ്ങിയ ആയത്തുകൾ അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും അനുസരിക്കാൻ കൽപിക്കുന്നു. മാത്രമല്ല ഖബ്റിനു മുകളിൽ എടുപ്പുണ്ടാക്കലും (ഖബ്ർ കെട്ടിപ്പൊക്കൽ) അതിന് മുകളിൽ ഖുബ്ബ പണിയലും അത് ചെയ്യുന്ന ആളുകളെ ശിർക്കിലേക്ക് എത്തിക്കുന്ന വഴികളാണ് (മാർഗങ്ങൾ) . ശിർക്കിലേക്കുള്ള ഇത്തരം വസീലകളെ (മാർഗങ്ങളെ) തടയൽ നിർബന്ധമാണ്." (ശൈഖ് ഇബ്നു ബാസ് (റ). ശൈഖ് അബ്ദുർറസാഖ് അഫീഫി. ശൈഖ് അബ്ദുല്ലാഹിബ്നു ഖഊദ്(റ) [ ഫതാവാ അല്ലജ്നതുദ്ദാഇമ: 9/83,84]
3. അല്ലജ്നതുദ്ദാഇമയുടെ പണ്ഡിതന്മാർ തന്നെ പറയുന്നു:
"നബി(സ)യുടെ ഖബ്റിന് മുകളിൽ ഖുബ്ബ ഉണ്ടാക്കിയത് ഔലിയാക്കളുടെയും മഹാത്മാക്കളുടെയും ഖബ്റിന് മുകളിൽ ഖുബ്ബയുണ്ടാക്കാൻ തെളിവല്ല. കാരണം, നബി(സ)യുടെ ഖബ്റിന് മുകളിൽ ഉള്ള ഖുബ്ബ നബി(സ)യുടെ കൽപനയിൽ പെട്ടതല്ല. സ്വഹാബികളുടെയോ താബിഉകളുടെയോ പ്രവർത്തനങ്ങളിൽ പെട്ടതല്ല. ഉത്തമ തലമുറ എന്ന് നബി (സ) പരിചയപ്പെടുത്തിയ ആദ്യ തലമുറയിലെ സന്മാർഗ സരണിയിലെ നേതാക്കളുടെ പ്രവർത്തനമല്ല. മറിച്ച് അത് ബിദ്അത്തുകാരിൽ നിന്നുണ്ടായതാണ്. നബി(സ) പറയുന്നു:
"നമ്മുടെ ഇക്കാര്യത്തിൽ അതിൽ ഇല്ലാത്തത് ആരെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടുന്നതാകുന്നു."
അലി(റ) അബുൽ ഹയ്യാജുൽ അസദി(റ)വിനോദ് പറഞ്ഞു:
"എന്നെ നബി(സ) നിയോഗിച്ച കാര്യത്തിനു ഞാൻ നിങ്ങളെയും നിയോഗിക്കട്ടെയോ? ഒരു സ്തൂപവും തകർക്കാതെ വിടരുത്. ഉയർത്തപ്പെട്ട ഒരു ഖബ്റും നിരപ്പാക്കാതെ വിടരുത്." (മുസ്‌ലിം)
നബി(സ)യുടെ ഖബറിന് മുകളിൽ ഖുബ്ബ ഉണ്ടാക്കാമെന്ന് നബി(സ)യിൽ നിന്നോ ഉത്തമരായ ഇമാമുകളിൽ നിന്നോ സ്ഥിരപ്പെട്ടു വന്നിട്ടില്ല എന്ന് മാത്രമല്ല ഖുബ്ബക്ക് എതിരായിക്കൊണ്ടാണ് അവരുടെ പ്രസ്താവനകളുളളത് എന്ന കാരണത്താൽ നബി(സ)യുടെ ഖബറിന് മുകളിൽ ബിദ്അത്തിന്‍റെ കക്ഷികൾ ഖുബ്ബയുണ്ടാക്കിയതിന്‍റെ പിറകെ നാം കൂടാൻ പാടില്ല".
{ശൈഖ് ഇബ്നു ബാസ് (റ). ശൈഖ് അബ്ദുർറസാഖ് അഫീഫി(റ). ശൈഖ് അബ്ദുല്ല അൽഗദ്‌യാൻ(റ). ശൈഖ് അബ്ദുല്ലാഹിബ്നു ഖഊദ്(റ)} [ ഫതാവാ അല്ലജ്നതുദ്ദാഇമ: 2/264,265]
ശൈഖ് ശംസുദ്ദീൻ അൽഅഫ്ഗാനി പറയുന്നു (رحمه الله ):
"നബി(സ)യുടെ ഖബറിന് മുകളിലുള്ള പച്ച ഖുബ്ബയുടെ ചരിത്രം വ്യക്തമാക്കിക്കൊണ്ട് അൽഅല്ലാമതുൽ ഖജന്തി കൃത്യമായ പഠനത്തിന് ശേഷം ഇപ്രകാരം പറഞ്ഞിട്ടുണ്ട്: പാപികളായ ജാഹിലുകളായ ചില ഭരണാധികാരികളുടെ കരങ്ങളിലൂടെ ഉണ്ടാക്കപ്പെട്ട ബിദ്അത്താണത്. വ്യക്തവും സുദൃഢവും സ്വഹീഹുമായ ഹദീസുകൾക്ക് എതിരാണിത്. സുന്നത്തിനെക്കുറിച്ചുള്ള അജ്ഞതയാണ്. അതിര് കവിയലാണ്. പിഴച്ചവരായ നസ്വാറാക്കളെ അനുകരിക്കലാണ്.
അറിയുക, നബി(സ)യുടെ ഖബ്ർ ഉൾകൊള്ളുന്ന ഹുജ്റതുന്നബവിയ്യക്ക് [നബി (സ)യുടെ റൂമിനു] മുകളിൽ ഹിജ്റ 678 വരെ ഒരു ഖുബ്ബ ഉണ്ടായിരുന്നില്ല. 678ൽ അൽമലികുള്ളാഹിർ അൽമൻസൂർ ഖലാവൂൻ അസ്സ്വാലിഹിയാണ് അതുണ്ടാക്കിയത്. ഞാൻ പറയുന്നു: അദ്ദേഹം ഇങ്ങനെ ചെയ്യാൻ കാരണമുണ്ട്; ഈജിപ്തിലും ശാമിലുമെല്ലാം നസ്വാറാക്കൾ അവരുടെ ചർച്ചുകൾ മോഡി പിടിപ്പിച്ചതായി ഖലാവൂൻ കണ്ടു. നബി(സ)യുടെ കൽപനയെക്കുറിച്ചും സുന്നത്തിനെ ക്കുറിച്ചും അറിവില്ലാത്തതിനാൽ ഖലാവൂൻ അവരെ അന്ധമായി അനുകരിച്ചു. പള്ളിയെ മോഡി പിടിപ്പിക്കുന്ന വിഷയത്തിൽ മുമ്പ് വലീദും അപ്രകാരമായിരന്നു. പക്ഷെ പിന്നീട് അദ്ദേഹം ഉൽബുദ്ധനായി. -വഫാഉൽ വഫായിൽ അപ്രകാരമാണ് വന്നിട്ടുള്ളത്.-
അറിയുക; തീർച്ചയായും ഖലാവൂന്‍റെ ഈ പ്രവർത്തനം നബി(സ)യിൽ നിന്നും സ്ഥിരപ്പെട്ടു വന്നിട്ടുള്ള സ്വഹീഹായ ഹദീസുകൾക്ക് ഖണ്ഡിതമായ എതിരാണ്. പക്ഷെ അജ്ഞത വലിയൊരു ദുരന്തമാണ്. സ്നേഹത്തിലും ആദരവിലുമുള്ള അതിരുകവിയൽ വലിയൊരു രോഗമാണ്. മറ്റുള്ളവരോടുള്ള അന്ധമായ അനുകരണം നാശകാരിയായ രോഗമാണ്. അജ്ഞതയിൽ നിന്നും (സ്നേഹത്തിലെയും ആദരവിലെയും) അതിരുകവിയലിൽ നിന്നും (ഗുലുവ്വ്) അന്ധമായ അനുകരണത്തിൽ നിന്നും അല്ലാഹുവോട് നാം ശരണം തേടുന്നു. (ജുഹൂദുൽ ഉലമാഇൽ ഹനഫിയ്യ ഫീ ഇബ്ത്വാലി അഖാഇദിൽ ഖുബൂരിയ്യ. 3/1660-1662)
(മൂന്ന്) എന്ത് കൊണ്ട് അത് തകർത്തു കളയുന്നില്ല?
ഖുബ്ബയുടെ നിർമ്മാണത്തെക്കുറിച്ചുള്ള മതപരമായ വിധി പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. ബിദ്അത്തിന്‍റെ ആളുകൾക്ക് അതിന്‍റെ ബിദ്അത്തായ സ്വാധീനങ്ങൾ കൃത്യമായി ബോധ്യപ്പെട്ടിട്ടുമുണ്ട്. എന്നിട്ടും അവർ അതിന്‍റെ നിർമ്മാണത്തിന്‍റെയും നിറത്തിന്‍റെയും പിറകെ കൂടിയിരിക്കുകയാണ്. പദ്യത്തിലൂടെയും ഗദ്യത്തിലൂടെയുമായി അവർ അതിനെ ധാരാളം പുകഴ്ത്തുകയും മഹത്വപ്പെടുത്തുകയും ചെയ്തു കൊണ്ടിരിക്കുന്നു. ഭരണാധികാരികളുടെ ഭാഗത്തുനിന്നും അതു നടപ്പിലാക്കുന്നില്ല എന്ന് മാത്രം.
ഇത് യഥാർത്ഥത്തിൽ ഉലമാക്കളുടെ പ്രവർത്തനമല്ല. പൊതു ജനങ്ങൾക്കിടയിലും അജ്ഞരായിട്ടുള്ളവർക്കിടയിലും ഉണ്ടാകാൻ സാധ്യതയുള്ള അരക്ഷിതാവസ്ഥയും ഫിത്നയും ഒഴിവാക്കലായിരിക്കാം അത് പൊളിക്കാൻ തടസ്സമായി നിൽക്കുന്നത്. സങ്കടകരമെന്ന് പറയട്ടെ, ഈ ഖുബ്ബയെ ഇത്രത്തോളം ബഹുമാനിക്കുന്നതിലേക്ക് പൊതു ജനങ്ങൾ എത്തിയത് അവരെ നയിച്ചു കൊണ്ടിരിക്കുന്ന വഴിപിഴവിന്‍റെയും ബിദ്അത്തിന്‍റെയും നേതാക്കളിലൂടെയാണ്. തിരുഗേഹങ്ങളുടെ പേരു പറഞ്ഞു കൊണ്ട് ജനങ്ങളെ ആവേശം കൊള്ളിക്കുന്നത് ഇവരാണ്. അവിടുത്തെ വിശ്വാസങ്ങൾക്കെതിരെയും മൻഹജിനെതിരെയും അവർ ജനങ്ങളെ ഇളക്കി വിടുന്നു. മതത്തോട് യോജിച്ചു നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും അവർക്ക് ചീത്തയാണ്. അവരുടെ അടുക്കൽ അത് ബിദ്അത്തുമാണ്.
ഏതായാലും, ഈ വിഷയത്തിലുള്ള മതവിധി കൃത്യവും വ്യക്തവുമാണ്. അത് പൊളിക്കുന്നില്ല എന്നത് എടുപ്പുണ്ടാക്കൽ അനുവാദനീയമാണ് എന്നതിന് തെളിവല്ല. അവിടെ എന്നല്ല ഒരു ഖബറിന്മേലും എടുപ്പുണ്ടാക്കാൻ പാടില്ല.
ശൈഖ് സ്വാലിഹ് അൽഉസ്വൈമീ (ഹഫിളഹുല്ലാഹു) പറയുന്നു:
"ഈ ഖുബ്ബ എട്ടു നൂറ്റാണ്ട് നില നിന്നു എന്നത് അത് അനുവദനീയമായിത്തീർന്നു എന്നതിനെ അറിയിക്കുന്നില്ല. അതിനെക്കുറിച്ചുള്ള മൗനം സമ്മതത്തെ അറിയിക്കുന്നില്ല. അല്ലെങ്കിൽ അത് അനുവദനീയമാണ് എന്ന അർത്ഥവുമില്ല. മറിച്ച് അത് നീക്കം ചെയ്യലും സ്വഹാബത്തിന്‍റെ കാലഘട്ടത്തിൽ ഏതൊരു അവസ്ഥയിലായിരുന്നുവോ അതിലേക്ക് മടക്കലും ഭരണാധികാരികൾക്ക് നിർബന്ധമാണ്. ഖുബ്ബയും പള്ളികളിലുള്ള അലങ്കാരപ്പണികളും കൈത്തുപണികളുമെല്ലാം നീക്കം ചെയ്യപ്പെടേണ്ടതാണ്. അതിന്‍റെ മുമ്പിൽ വരേണ്ടത് മസ്ജിദുന്നബവി തന്നെയാണ്. എന്നാൽ അതിനെക്കാൾ വലിയ ഒരു ഫിത്ന അതിന്‍റെ പേരിൽ വരാൻ പാടില്ല. എന്നാൽ അതിന്‍റെ പേരിൽ വലിയ ഫിത്ന വരുമെങ്കിൽ അനുയോജ്യമായ അവസരം ലഭിക്കുന്നതുവരെ ധൃഢ നിശ്ചയത്തോടെ ഭരണാധികാരികൾ സാവകാശം കാണിക്കണം. (ബിദഉൽഖുബൂർ, അൻവാഉഹാ വ അഹ്കാമുഹാ. പേജ്: 25).
അല്ലാഹു അഅ്‌ലം.