ബൈത്തുൽ മുഖദ്ദസ് കീഴടക്കിയപ്പോൾ ഉമർ(റ) ചര്‍ച്ചില്‍ നമസ്കരിച്ചോ?
ഫദ്‍ലുൽ ഹഖ് ഉമരി ആമയൂർ
Last Update 2023 April 10, 19 Ramadan, 1444 AH AH
അവലംബം: islamqa
ചോദ്യം: ബൈതുൽ മുഖദ്ദസ് പിടിച്ചടക്കിയ സന്ദർഭത്തിൽ ഉമറുബ്നുൽ ഖത്താബ്(റ)വും നബി(സ)യുടെ സ്വഹാബിമാരും ക്രിസ്ത്യൻ ചർച്ചിൽ വച്ച് നമസ്കാരം നിർവഹിച്ചു എന്നു പറയുന്നത് ശരിയാണോ?.
ഉത്തരം: ബൈതുൽ മുഖദ്ദസ് പിടിച്ചടക്കിയ സന്ദർഭത്തിൽ ഉമറുബ്നുൽ ഖത്താബ്(റ)വും നബി(സ)യുടെ സ്വഹാബിമാരും(റ) ക്രിസ്ത്യൻ ചർച്ചിൽ വച്ച് നമസ്കാരം നിർവഹിച്ചു എന്ന് സ്വഹീഹായ ഹദീസുകളിലോ സ്വഹാബികളുടെ റിപ്പോർട്ടുകളിലോ പരമ്പര സഹിതം കാണുവാൻ സാധിച്ചിട്ടില്ല. ഈ സംഭവം പറയുന്നത് ഇബ്നു ഖൽദൂനിന്‍റെ ചരിത്ര പുസ്തകത്തിലാണ്. ജനങ്ങൾ പിന്നീട് ആ സ്ഥലം പള്ളിയായി സ്വീകരിക്കും എന്ന കാരണത്താലാണ് ഉമറുബ്നുൽ ഖത്താബ്(റ) അവിടെ വെച്ച് നമസ്കരിക്കാതിരുന്നത് എന്ന് അതിൽ എഴുതിയിട്ടുളളത്.
ഇബ്നു ഖൽദൂൻ പറയുന്നു:
ഉമറുബ്നുൽ ഖത്താബ്(റ) ബൈതുൽ മുഖദ്ദസിൽ പ്രവേശിച്ചു. കനീസതുൽഖിയാമയുടെ അടുത്തു വരികയും അതിന്‍റെ അകത്തുള്ള മുറ്റത്ത് ഇരിക്കുകയും ചെയ്തു. നമസ്കാര സമയമായപ്പോൾ അദ്ദേഹം ബത്റകിനൊട് പറഞ്ഞു: എനിക്ക് നമസ്കരിക്കണം. അപ്പോൾ അദ്ദേഹം ഉമറുബ്നുൽ ഖത്താബിനോട് പറഞ്ഞു: താങ്കൾ ഇപ്പോൾ ഉള്ള സ്ഥലത്ത് വച്ച് തന്നെ നമസ്കരിച്ചു കൊള്ളുക. പക്ഷേ ഉമർ(റ) അത് വിസമ്മതിക്കുകയും ചർച്ചിന്‍റെ വാതിലിനു സമീപം ഉള്ള ഉമ്മറപ്പടിയിൽ വെച്ച് ഒറ്റക്ക് നമസ്കരിക്കുകയും ചെയ്തു.
നമസ്കാരം കഴിഞ്ഞപ്പോൾ അദ്ദേഹം ബത്റകിനോട് ഇപ്രകാരം പറഞ്ഞു: ചർച്ചിന്‍റെ അകത്തു വെച്ച് ഞാൻ നമസ്കരിച്ചാൽ എനിക്കു ശേഷമുള്ള മുസ്‌ലിംകൾ അത് സ്വീകരിക്കുകയും (പിടിച്ചെടുക്കുകയും) ഉമർ ഇവിടെവെച്ച് നമസ്കരിച്ചിട്ടുണ്ട് എന്ന് പറയുകയും ചെയ്യും. നമസ്കാരത്തിന് വേണ്ടി ഉമ്മറപ്പടിയിൽ ഒരുമിച്ചു കൂടരുത് എന്നും അവിടെ വച്ച് ബാങ്ക് വിളിക്കരുത് എന്നും എഴുതി കൊടുക്കുകയും ചെയ്തു". (تاريخ ابن خلدون :2 / 225 )
ഈ സംഭവത്തിനു തന്നെ കൃത്യമായ ഒരു സനദ് (പരമ്പര) ഇല്ല. അതുകൊണ്ടു തന്നെ ഉമറുബ്നുൽ ഖത്വാബിലേക്ക് ഇപ്രകാരം ചേർത്തി പറയുവാനും പാടില്ല.
രണ്ടു കാരണങ്ങൾ കൊണ്ടാണ് ഈ സംഭവം സ്വഹീഹല്ല എന്ന് നമുക്ക് ബോധ്യപ്പെടുന്നത്.
(ഒന്ന്) ഒരു ഭരണാധികാരിയോ പ്രജയോ നസ്വാറാക്കളുടെ ചർച്ചിൽ വെച്ച് നമസ്കരിച്ചത് കൊണ്ട് ആ ചർച്ച് മുസ്‌ലിംകൾക്ക് അവകാശപ്പെട്ടതായി മാറുന്നില്ല. കർമശാസ്ത്രപണ്ഡിതന്മാരുടെ അടുക്കൽ അപ്രകാരം ഒരു അഭിപ്രായവും ഇല്ല.
(രണ്ട്) ചിത്രങ്ങളിൽ നിന്നും രൂപങ്ങളിൽ നിന്നും ഒരു ചർച്ച് മുക്തമാണ് എങ്കിൽ അവിടെ വെച്ച് ഒരു മുസ്‌ലിമിന് നമസ്കരിക്കാവുന്നതാണ് എന്ന അഭിപ്രായമാണ് ഉമർ(റ) വിൽ നിന്നും സ്ഥിരപ്പെട്ടു വന്നിട്ടുള്ളത്. എന്നാൽ ചിത്രങ്ങളും രൂപങ്ങളും ഉള്ള ഒരു ചർച്ച് ആണെങ്കിൽ അതിൽ നമസ്കരിക്കുന്നത് പോയിട്ട് അതിലേക്കുള്ള പ്രവേശനം പോലും ഉമർ(റ) സമ്മതിക്കുകയില്ല. ഉമറുബ്നുൽ ഖത്വാബി(റ) ൽ നിന്നും ഇമാം ബുഖാരി(റ)യുടെ ഒരു റിപ്പോർട്ട് ഇപ്രകാരം കാണാവുന്നതാണ്;
"ചിത്രങ്ങളുള്ള രൂപങ്ങൾ ഉള്ള കാരണത്താൽ നിങ്ങളുടെ ചർച്ചുകളിലേക്ക് നാം പ്രവേശിക്കുകയില്ല".
അല്ലാഹു അഅ്‌ലം.