പള്ളിയില്‍ ഇടത് കൈ കുത്തി ഇരിക്കല്‍
ഫദ്‍ലുൽ ഹഖ് ഉമരി ആമയൂർ
Last Update 2023 May 14, 24 Shawwal, 1444 AH
അവലംബം: islamqa
ചോദ്യം: രിയാളുസ്വാലിഹീൻ എന്ന ഹദീസ് ഗ്രന്ഥത്തിൽ വന്നിട്ടുള്ള ഒരു ഹദീസിനെ കുറിച്ചാണ് എനിക്ക് ചോദിക്കാനുള്ളത്. സരീദുബ്നു സുവൈദ് (റ) പറയുന്നു: നബി (സ) എന്‍റെ അടുക്കലൂടെ നടന്ന് പോയി. അപ്പോൾ ഞാൻ എന്‍റെ ഇടതു കൈ -കൈപത്തിയുടെ ഉൾ ഭാഗം- പിറകോട്ട് കുത്തി ഇരിക്കുകയായിരുന്നു. നബി (സ) ചോദിച്ചു; കോപത്തിന് വിധേയരായവരുടെ (ജൂതന്മാർ) ഇരുത്തം നീ ഇരിക്കുകയാണൊ?. (അബൂ ദാവൂദ്) ഈ ഹദീസ് സ്വഹീഹാണോ? ഇടതു കയ്യിന്‍റെ ഉൾഭാഗം (പള്ള ഭാഗം) കുത്തി ഇപ്രകാരം ഇരിക്കൽ ഹറാമാണൊ? അതോ മക്റൂഹാണോ?. പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ ഉദ്ധരിച്ചു കൊണ്ട് ഉപദേശം പ്രതീക്ഷിക്കുന്നു.
ഉത്തരം: സർവ്വ സ്തുതിയും അല്ലാഹുവിന്.
(ഒന്ന്) ഈ ഹദീസ് സ്വഹീഹാകുന്നു. ഇമാം അഹ്മദ് (18960) ഇമാം അബൂ ദാവൂദ് (4848) ഇബ്നു ഹിബ്ബാൻ (5674) തുടങ്ങിയവരാണ് ഇത് റിപ്പോർട്ട് ചെയ്തത്. ഇമാം ഹാകിം ഇത് സ്വഹീഹാണെന്ന് പറയുകയും ഇമാം ദഹബി അദ്ദേഹത്തൊട് അതിൽ യോജിക്കുകയും ചെയ്തിട്ടുണ്ട്. രിയാളുസ്സ്വാലിഹീനിൽ (1/437) ഇമാം നവവി സ്വഹീഹാണെന്ന് പറഞ്ഞിട്ടുണ്ട്. "അൽആദാബുശ്ശറഇയ്യയിൽ (3/288)" ഇബ്നു മുഫ്‍ലിഹും ഇത് സ്വഹീഹാണെന്ന് പറഞ്ഞിട്ടുണ്ട്. ശൈഖ് അൽബാനി സ്വഹീഹുഅബീദാവൂദിലും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇമാം ത്വീബി (റഹി) പറയുന്നു:
"കോപത്തിന് വിധേയരായവർ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ജൂതന്മാരാണ്. അവരെ പ്രത്യേകം എടുത്ത് പറഞ്ഞതിൽ രണ്ടു കാര്യങ്ങളുണ്ട്. (1) ഈ ഇരുത്തം അല്ലാഹു വെറുക്കുന്ന ഇരുത്തമാണ്. (2) അല്ലാഹു അനുഗ്രഹിച്ചവരവിൽ പെട്ടവനാണ് മുസ്‌ലിം. അതു കൊണ്ട് തന്നെ അല്ലാഹു കോപിക്കുകയും ശപിക്കുകയും ചെയ്തവരോട് സാദൃശ്യം പുലർത്തുന്ന കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കേണ്ടതുണ്ട്."
മുല്ലാ അലിയ്യുൽ ഖാരീ(റഹി) പറയുന്നു:
"കോപത്തിന് വിധേയരായവർ കൊണ്ട് ഉദ്ദേശിക്കുന്നത് ജൂതന്മാരാണ് എന്നത് ചർച്ച ചെയ്യേണ്ട മേഖലയാണ്. അത് അവരുടെ അടയാളമാണെന്നത് ശരി തന്നെയാണ്. എന്നാൽ ഇത് പൊതുവായ അർത്ഥത്തിലും എടുക്കാം. അതായത് ഇരുത്തത്തിലും നടത്തത്തിലും സ്വയം പെരുമയും അഹങ്കാരവും പൊങ്ങച്ചവും കാണിക്കുന്ന കുഫ്ഫാറുകളും തോന്നിവാസികളും അഹങ്കാരികളും എല്ലാം ഇതിൽ ഉൾപ്പെടും." (മിർഖാതുൽ മഫാതീഹ് : (13 / 500).
ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ റ) പറയുന്നു:
"ഇബ്നു ഉമർ (റ) വിൽ നിന്നും നിവേദനം; നമസ്കാരത്തിൽ ഇടത്തേ കൈ കുത്തിയിരിക്കുന്ന ഒരാളെ കണ്ടപ്പോൾ അദ്ദേഹം ഇപ്രകാരം പറഞ്ഞു: ഇപ്രകാരം ഇരിക്കരുത്. ശിക്ഷിക്കപ്പെടുന്നവരാണ് ഇപ്രകാരം ഇരിക്കുക."
മറ്റൊരു റിപ്പോർട്ടിൽ ഉള്ളത് "അത് കോപത്തിന് വിധേയരായവരുടെ നമസ്കാരമാണ്."
മറ്റൊരു റിപ്പോർട്ടിൽ പറയുന്നത് "തന്‍റെ കയ്യിൽ കുത്തിക്കൊണ്ട് ഒരു വ്യക്തി നമസ്കരിക്കുന്നതിനെ നബി (സ) നിരോധിച്ചിരിക്കുന്നു" എന്നാണ്. (എല്ലാ റിപ്പോർട്ടുകളും അബൂ ദാവൂദ് റിപ്പോര്‍ട്ട് ചെയ്തത്)
ഈ ഹദീസുകളിൽ ശിക്ഷക്കഹർരായവരുടെ ഇരുത്തം എന്ന കാരണം പറഞ്ഞാണ് നിരോധനം വന്നിട്ടുള്ളത്. അവരുടെ മാർഗം പിൻപറ്റിപ്പോകരുതെന്ന ശക്തമായ മുന്നറിയിപ്പാണിത്". (ഇഖ്തിളാഉസ്സ്വിറാതിൽമുസ്തഖീം. പേജ്: 65)
ഇബ്നു ബാസ് (റഹി) യോട് ഇപ്രകാരം ചോദിക്കപ്പെട്ടു: "ഇടത് കയ്യിന്‍റെയും കൈപ്പത്തി (പള്ള ഭാഗം) കുത്തി ഇരിക്കാൻ പാടില്ല എന്ന് ചില പണ്ഡിതന്മാർ പറയുന്നു. ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ (റഹി) പറയുന്നു: 'നബി (സ) ഒരാളുടെ അടുക്കലൂടെ നടന്ന് പോയി. അപ്പോൾ അദ്ദേഹം തന്‍റെ ഇടതു കൈ -കൈപത്തിയുടെ ഉൾഭാഗം- പിറകോട്ട് കുത്തി നമസ്കാരത്തിൽ ഇരിക്കുകയായിരുന്നു. നബി (സ) പറഞ്ഞു: ഇത് കോപത്തിന് വിധേയരായവരുടെ (ജൂതന്മാർ) ഇരുത്തമാണ്.' അപ്പോൾ ഈ നിരോധനം നമസ്കാരത്തിന് മാത്രമുള്ളതാണോ? അതോ പൊതുവായിട്ടുള്ളതാണോ?."
ഇബ്നു ബാസ് (റഹി) ഇപ്രകാരം മറുപടി പറഞ്ഞു:
"അതെ നബി (സ) ഈ ഇരുത്തം നിരോധിച്ചതായി ഹദീസില്‍ വന്നിട്ടുണ്ട്. അത് നമസ്കാരത്തിലും അല്ലാത്തപ്പൊഴും ബാധകമാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇടതു കൈ എന്നും കൈപ്പത്തിയുടെ കടഭാഗം എന്നുമൊക്കെ ഹദീസിൽ വന്നതാണല്ലോ. ഹദീസിന്‍റെ പ്രത്യക്ഷ രൂപം നിരോധനമാണ് അറിയിക്കുന്നത്". (മജ്മൂഉ ഫതാവാ ഇബ്നു ബാസ് (റഹി): 25/161)
ഇനി വല്ലവനും ഇരിക്കാൻ ഉദ്ദേശിക്കുന്ന പക്ഷം തന്‍റെ വലതു കൈപത്തയുടെ അടി ഭാഗം കുത്തി ഇരുന്നു കൊള്ളട്ടെ. അല്ലെങ്കിൽ രണ്ടു കൈകളും കുത്തി ഇരുന്നു കൊള്ളട്ടെ.
ശൈഖ് ഇബ്നു ഉസൈമീൻ (റഹി) പറയുന്നു:
"ഈ ഇരുത്തത്തെക്കുറിച്ച് കോപത്തിന് വിധേയരായവരുടെ ഇരുത്തം എന്നാണ് നബി (സ) പറഞ്ഞത്. എന്നാൽ രണ്ടു കൈകളും പിറകിലേക്കാക്കി അതിൽ അവലംബിച്ച് ഇരിക്കുന്നതിലും വലത് കൈ മാത്രം അവലംബിച്ച് ഇരിക്കുന്നതിലും വിരോധമൊന്നുമില്ല. ഇടതു കൈ പിറകിലേക്കാക്കി അതിന്‍റെ പള്ള ഭാഗം കുത്തി ഇരിക്കുന്നതിലാണ് നിരോധനം വന്നിട്ടുള്ളത്. അതിനെക്കുറിച്ചാണ് കോപത്തിന് വിധേയരായവരുടെ ഇരുത്തം എന്ന് നബി (സ) വിശേഷിപ്പിച്ചത്". (ശറഹു രിയാളുസ്സ്വാലിഹീൻ: 930)
ശൈഖ് ഉസൈമീൻ(റഹി) വീണ്ടും പറയുന്നു:
"ഹദീസിന്‍റെ അർത്ഥം വ്യക്തമാണ്. അതായത് ഇടതുകയ്യിന്‍റെ പള്ള ഭാഗം പിറകു വശത്തേക്ക് കുത്തി അതിൽ അവലംബിച്ച് ഒരാൾ ഇരിക്കരുത്.
അപ്പോൾ ശൈഖ് ഉസൈമിനോട് ഇപ്രകാരം ചോദിച്ചു;
"ജൂതന്മാരെ അനുകരിക്കുക എന്ന ഉദ്ദേശമില്ലാതെ വിശ്രമം എന്ന ഉദ്ദേശത്തോടെ മാത്രം ഒരാൾ അപ്രകാരം ഇരുന്നാൽ അദ്ദേഹം കുറ്റക്കാരെനാകുമോ?"
ശൈഖ് മറുപടി പറഞ്ഞു: "വിശ്രമമാണ് ലക്ഷ്യം എങ്കിൽ ഇടതു കയ്യിന്‍റെ കൂടെ വലതു കൈ കൂടി വെക്കുക. അപ്പോൾ നിരോധനം നീങ്ങും". (ഫതാവാ നൂറുൻ അലദ്ദർബ്: 10/111)
(രണ്ട്)
ഈ ഇരുത്തത്തിന് കറാഹത്തിന്‍റെ വിധിയാണ് ചില പണ്ഡിതന്മാർ നൽകിയിട്ടുള്ളത്. ഇമാം അബൂ ദാവൂദ് തന്‍റെ സുനനിൽ بَاب فِي الْجِلْسَةِ الْمَكْرُوهَةِ (12/480) 'മക്റൂഹായ ഇരുത്തത്തിന്‍റെ അദ്ധ്യായം' എന്നാണ് പേര് നൽകിയിട്ടുള്ളത്.
ഇബ്നുറമുഫ്‌ലിഹ്(റഹി) പറയുന്നു:
"ഇടത് കൈ പിറകിലേക്കാക്കി അതിൽ അവലംബിച്ച് ഇരിക്കൽ മക്റൂഹാണ്." (അൽആദാബുശ്ശറഇയ്യ: 3/288) "غذاء الألباب" (6 / 76 )" എന്ന ഗ്രന്ഥത്തിൽ ഇമാം സഫാരീനിയും അപ്രകാരം തന്നെയാണ് പറഞ്ഞിട്ടുള്ളത്.
ശൈഖ് അബ്ദുൽ മുഹ്സിൻ അൽഅബ്ബാദ് പറയുന്നു:
"മക്റൂഹ് കൊണ്ട് ചിലപ്പോൾ ഹറാമും ഉദ്ദേശിക്കാം. ചിലപ്പോൾ സൂക്ഷ്മത എന്ന നിലക്കും ആകാം. എന്നാൽ കോപത്തിന് വിധേയരായവരുടെ ഇരുത്തം എന്ന ഹദീസിലെ ഈ പ്രയോഗം ഹറാമിനെയാണ് അറിയിക്കുന്നത്". (ശറഹു സുനനി അബീ ദാവൂദ്: 28/49)
ചുരുക്കത്തിൽ; നമസ്കാരത്തിലും അല്ലാത്തപ്പോഴും ഈ ഇരുത്തം നിരോധിക്കപ്പെട്ടതാണ്. കോപത്തിന് വിധേയരായവരോടും അഹങ്കാരികളോടും ധിക്കാരികളോടും സാദൃശ്യം ഉദ്ദേശിച്ചാലും ശരി ഉദ്ദേശിച്ചില്ലെങ്കിലും ശരി. കോപത്തിന് വിധേയരായവരുടെ ഇരുത്തം എന്ന പ്രയോഗവും ശിക്ഷിക്കപ്പെടുന്നവരുടെ ഇരുത്തം എന്ന പ്രയോഗവും ഈ ഇരുത്തം കറാഹത്താണ് എന്ന അഭിപ്രായത്തേക്കാൾ ഹറാമാണ് എന്ന അഭിപ്രായത്തിന് കൂടുതൽ ശക്തി നൽകുന്നു. അല്ലാഹു അഅ്‌ലം.