ഏമ്പക്കമിട്ടാല്‍ ഹംദും കോട്ടുവായിട്ടാല്‍ ഇസ്തിആദത്തും പറയുന്നത് സുന്നത്താണോ?
നെല്ലിക്കുഴി ഇബ്‍റാഹിം ഫൈസി
Last Update 2023 June 13, 24 Dhuʻl-Qiʻdah, 1444 AH
ഒന്നാമതായി, ഒരാളുടെ വയറ് നിറയുന്ന സന്ദര്‍ഭത്തില്‍ ആമാശയത്തില്‍ നിന്നുളള വായു ശബ്ദത്തോടുകൂടി വായയിലൂടെ പുറത്തുപോകുന്നതാണ് ഏമ്പക്കം. ഒരു മുസ്ലീം ഏമ്പക്കമിട്ടാല്‍ അല്ലാഹുവിനെ സ്തുതിക്കുകയോ ഇസ്തിഗ്ഫാര്‍ തേടുകയോ മറ്റേതെങ്കിലും ദിക്‍ര്‍ ഉപയോഗിച്ച് അവനെ സ്മരിക്കുകയോ ചെയ്യുന്നത് മുസ്തഹബ്ബാണെന്ന് സൂചിപ്പിക്കാന്‍ സുന്നത്തില്‍ ഒന്നും സ്ഥിരപ്പെട്ടിട്ടില്ല. കാരണം, നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം)യുടെ സന്നിധിയില്‍ വെച്ച് ഏമ്പക്കമിട്ട ഒരു വ്യക്തിയോട് എന്തെങ്കിലും ഒന്ന് പറയുവാനായി അവിടുന്ന് നിര്‍ദ്ദേശിച്ചതായി രേഖയൊന്നുമില്ല.
ഇബ്നു ഉമര്‍(റളിയല്ലാഹു അന്‍ഹു) നിവേദനം, “പ്രവാചകന്‍ (സ്വല്ലല്ലാഹു അലൈഹിവസല്ലം)യുടെ അരികില്‍വെച്ച് ഒരു വ്യക്തി ഏമ്പക്കമിട്ടു. അന്നേരം നബി(സ്വല്ലല്ലാഹു അലൈഹിവസല്ലം) പറഞ്ഞു: ഞങ്ങളെ തൊട്ട് താങ്കളുടെ ഏമ്പക്കത്തെ നീ അകറ്റി നിര്‍ത്തുക. ആളുകളില്‍ അധികവും ദുനിയാവില്‍ വെച്ച് വയറ് നിറക്കുന്നവരും അന്ത്യനാളില്‍ ദീര്‍ഘകാലം വിശപ്പ് അനുഭവിക്കുന്നവരുമാണ്.” (തിര്‍മിദി 2478, അല്‍ബാനി (റഹിമഹുല്ലാഹ്) ഹസനെന്ന് വിശേഷിപ്പിച്ച ഹദീഥ്). ചുരുക്കത്തില്‍ ഏമ്പക്കം അമിതമായി ഭക്ഷണം കഴിക്കുന്നതിന്‍റെ അനന്തരഫലമാണ്. അമിതഭക്ഷണം കഴിക്കല്‍ മതത്തിന്‍റെ വീക്ഷണത്തില്‍ ആക്ഷേപാര്‍ഹവുമാണ്.
അല്‍മുനാവി (റഹിമഹുല്ലാഹ്) പറഞ്ഞു:
“ഒരാളുടെ ഭക്ഷണം അധികരിച്ചാല്‍ അയാളുടെ പാനീയവും അധികരിക്കും. അതുകാരണമായി അയാളുടെ ഉറക്കം അമിതമാകും. അന്നേരം അയാളുടെ ശരീരത്തിന് മടിയും ബാധിക്കും.” (അത്തയ്‌സീര്‍ (1/312)
ജനങ്ങളുടെ സന്നിധിയില്‍വെച്ച് ഏമ്പക്കമിടുന്നതിനെ നബി(സ്വല്ലല്ലാഹു അലൈഹിവസല്ലം) വിരോധിച്ചിട്ടുണ്ട്. കാരണം, അത് അവരെ ബുദ്ധിമുട്ടിപ്പിക്കുന്നതും സാമാന്യമര്യാദക്ക് വിരുദ്ധവുമാണ്. ഇതിലൂടെ ഒരു വ്യക്തി തന്‍റെ ഭക്ഷണം കുറക്കുന്നതിനെ പ്രേരിപ്പിക്കുകയാണ് പ്രവാചകന്‍ ചെയ്തത്.
ഇതെല്ലാം പരിഗണിച്ചുകൊണ്ട് പണ്ഡിതന്‍മാര്‍ പറയുന്നത്, ഏമ്പക്കത്തിന് ശേഷം ഒരു പ്രത്യേക ദിക്റോ ഇസ്തിഗ്ഫാറോ നിര്‍വ്വഹിക്കാന്‍ നബി(സ്വല്ലല്ലാഹു അലൈഹിവസല്ലം) ആവശ്യപ്പെട്ടിട്ടില്ല. അതറിയിക്കുന്നത് ഏമ്പക്കത്തിന് ശേഷം എന്തെങ്കിലും പ്രത്യേകമായി ചൊല്ലുന്നത് സുന്നത്തില്‍ പെട്ടതല്ല എന്നതാണ്.
രണ്ടാമതായി, ഒരാള്‍ ഏമ്പക്കത്തിന് ശേഷം അല്‍ഹംദുലില്ലാഹ് എന്ന് പറയുന്നതിന് വ്യത്യസ്ഥ അവസ്ഥകളുണ്ട്.
1. അല്ലാഹുവിന്‍റെ സാമീപ്യം കരസ്ഥമാക്കാന്‍ കഴിയുന്ന ഒരു പ്രത്യേകമായ ആരാധനയാണെന്നോ അതല്ലെങ്കില്‍ നബിചര്യയില്‍ പെട്ടതാണെന്നോ വിശ്വസിച്ചുകൊണ്ട് അപ്രകാരം പറയല്‍. അത് അനാചാരമാണ്, കാരണം ശറഇലില്ലാത്ത (മതം അനുശാസിക്കാത്ത) ഒരു കാര്യംകൊണ്ട് അല്ലാഹുവിന്‍റെ സാമീപ്യം ആഗ്രഹിക്കലാണത്.
2. ഒരു പ്രത്യേക പുണ്യമുണ്ടെന്ന് വിശ്വസിക്കാതെ, ഒരു ശീലമെന്ന നിലയില്‍ ഒരു വ്യക്തി അത് പറഞ്ഞാല്‍, ഇത് സുന്നത്തോ ബിദ്അത്തോ ആയി പറയപ്പെടില്ല. മറിച്ച് അനുവദനീയമായ (മുബാഹായ) കാര്യങ്ങളിലാണത് ഉള്‍പ്പെടുക.
3. ഒരു വ്യക്തിയുടെ ബുദ്ധിയില്‍ തോന്നിയ ആശയത്തെ പരിഗണിച്ചുകൊണ്ടാണ് അത് പറയുന്നതെങ്കില്‍, അതായത് ഏമ്പക്കമെന്നത് വയറുനിറഞ്ഞതിന്‍റെ ഫലമാണ്, ഈ വയറുനിറയല്‍ അല്ലാഹുവിനെ ഹംദ് (സ്തുതി) അര്‍പ്പിക്കേണ്ട ഒരു അനുഗ്രഹമാണ്. അതുപോലെ കോട്ടുവായ ഇട്ട ഒരാളുടെ മനസ്സില്‍ തോന്നി, ഈ കോട്ടുവായ പൈശാചികമാണ്, അതിനാല്‍ പിശാചില്‍ നിന്നും അല്ലാഹുവിനോട് ശരണം തേടണം. എന്നാല്‍ ഇതൊക്കെ ഒരു സുന്നത്താണെന്ന് അദ്ദേഹം വിശ്വസിക്കുന്നേയില്ല. എങ്കില്‍ അപ്രകാരം പറയുന്നത് കൊണ്ട് വിരോധമൊന്നുമില്ല എന്ന അഭിപ്രായമാണ് കൂടുതല്‍ ശരിയായിട്ടുളളത്.
ശൈഖ് അബ്ദുര്‍റഹ്‍മാന്‍ അല്‍ബറാഖി(ഹഫിളഹുല്ലാഹ്)നോട് പ്രസ്തുത വിഷയത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ നല്‍കിയ വിശകലനത്തിന്‍റെ ചുരുക്കമാണ് ഈ മൂന്ന് അവസ്ഥകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍.
ഇബ്‌നു മുഫ്ലിഹ് പറഞ്ഞു:
“ഏമ്പക്കമിട്ടവനോട് ഒന്നുകൊണ്ടും പ്രതികരിക്കേണ്ടതില്ല. അഥവാ, ഏമ്പക്കമിട്ടവന്‍ ‘അല്‍ഹംദു ലില്ലാഹ്’ എന്ന് പറഞ്ഞാല്‍ അത് കേട്ടവര്‍ അവനുവേണ്ടി ‘ഹനീഅന്‍ മരീഅ’ (ഭക്ഷണം നിങ്ങള്‍ക്ക് സന്തോഷകരവും ഇമ്പമുള്ളതുമാകട്ടെ)" അല്ലെങ്കില്‍ ‘ഹന്നഅക്ക അല്ലാഹു വ അംറാക്ക്’ (നിങ്ങള്‍ക്ക് ഭക്ഷണത്തിന്‍റെ ആനന്ദവും ആസ്വാദനവും അല്ലാഹു നല്‍കട്ടെ) എന്ന് പറയാമെന്ന് ഇബ്‌നു തമീമും ഇബ്‌നു അഖീലും അതുപോലെ അര്‍റിആയത്തുല്‍ കുബ്‌റയിലും പ്രസ്താവിച്ചതിനെ കുറിച്ച് അദ്ദേഹം (ഇബ്നു മുഫ്ലിഹ്) പറഞ്ഞു: അതിനെ സംബന്ധിച്ച് ഒരു സുന്നത്തും ഞങ്ങള്‍ക്കറിയില്ല. മറിച്ച് അതൊരു കെട്ടിയുണ്ടാക്കപ്പെട്ട നാട്ടാചാരമാണ്.” (അല്‍ആദാബ് അശ്ശറഇയ്യ (2/346))
ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അല്‍അബ്ബാദിനോട് ചോദിക്കപ്പെട്ടു: ഒരാള്‍ ഏമ്പക്കമിട്ട ശേഷം ഹംദ് പറഞ്ഞാല്‍ എന്താണ് അതിന്‍റെ വിധി? അദ്ദേഹം മറുപടി നല്‍കി:
“അങ്ങനെ (ഹംദ് പറയുന്നതിന്) തെളിവായിട്ട് ഒന്നും പ്രാമാണികമായി സ്ഥിരപ്പെട്ടു വന്നിട്ടില്ല. എന്നാല്‍ ഒരു വ്യക്തി എല്ലാ അവസ്ഥകളിലും അല്ലാഹുവിനെ സ്തുതിക്കേണ്ടതുണ്ട്. നിശ്ചയമായും, ഇങ്ങനെ വയറുനിറയുന്നത് അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ പെട്ടതാണ്. ഈ നിലക്ക് ഒരു വ്യക്തി ഹംദ് പറഞ്ഞാല്‍ അതില്‍ വിരോധമൊന്നുമില്ല. എന്നാല്‍ ഏമ്പക്കമിട്ടുകഴിഞ്ഞാല്‍ ഹംദ് പറയല്‍ ശറഇല്‍ പെട്ടതാണ് എന്ന് കരുതികൊണ്ട് ഇത് പറയുന്നത് എനിക്കറിയാവുന്നിടത്തോളം യാതൊരു തെളിവുമില്ലാത്ത കാര്യമാണ്. ” (ശര്‍ഹ് സുനനു അബുദാവൂദ് (492/19))
കോട്ടുവായിട്ടതിന് ശേഷം ഇസ്തിആദ ചൊല്ലുന്ന വിഷയത്തില്‍ ഉലമാക്കള്‍ നല്‍കിയിട്ടുളള ഫത്‍വകള്‍ മുകളില്‍കൊടുത്ത മസ്അലക്ക് സമാനമായിട്ടുളളതാണ്.
ശൈഖ് ഇബ്‌നു ബാസി(റഹിമഹുല്ലാഹ്)ന്‍റെ നേതൃത്വത്തിലുള്ള അല്‍ലജ്‌നത്തു ദ്ദാഇമയുടെ ഫത്‍വയില്‍ ഇപ്രകാരം പറയുന്നു:
“കോട്ടുവായിട്ടതിന് ശേഷം പിശാചില്‍നിന്ന് അഭയം തേടുക എന്നത് യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യമാണ്. എന്നാല്‍ സാധിക്കുന്ന രൂപത്തില്‍ അതിനെ അവന്‍ തടുത്തു നിറുത്തേണ്ടതുണ്ട്. ഇനി ഒരാള്‍ നമസ്കാരത്തിലാകട്ടെ നമസ്കാരത്തിന് പുറത്താകട്ടെ, കോട്ടുവായിട്ടതിന് ശേഷം ഇസ്തിആദ നടത്തിയാല്‍ അവനുമേല്‍ കുറ്റമൊന്നുമില്ല.” (അല്‍ലജ്‌നത്തു ദ്ദാഇമ (2/320))
ശൈഖ് ഇബ്‌നു ബാസി(റഹിമഹുല്ലാഹ്)നോട് ചോദിക്കപ്പെട്ടു: കോട്ടുവായിടുമ്പോള്‍ ഇസ്തിആദത്ത് പറയുന്നതിന്‍റെ വിധി എന്താണ്? അതിന് വല്ല പ്രമാണവും സ്ഥിരപ്പെട്ട് വന്നിട്ടുണ്ടോ? അദ്ദേഹത്തിന്‍റെ മറുപടി:
“അതില്‍ വിരോധമൊന്നുമില്ല, കാരണം കോട്ടുവായ പിശാചില്‍ നിന്നുളളതാണ്. പക്ഷെ, അത് സുന്നത്താണെന്ന് അറിയിക്കുന്ന പ്രമാണമൊന്നും സ്ഥിരപ്പെട്ടു വന്നിട്ടില്ല. നബി(സ്വല്ലല്ലാഹു അലൈഹിവസല്ലം) അറിയിച്ചു തന്നിട്ടുണ്ട് ‘കോട്ടുവായ പിശാചില്‍ നിന്നുളളതാണ്. നിങ്ങളിലാരെങ്കിലും കോട്ടുവായിട്ടാല്‍ സാധിക്കുന്ന രൂപത്തില്‍ അതിനെ തടഞ്ഞു നിറുത്തട്ടെ.’ മറ്റൊരു രിവായത്തില്‍ വന്നിട്ടുളളത് ‘അവന്‍ തന്‍റെ കൈ വായമേല്‍ വെക്കട്ടെ’ എന്നാണ്. അതിനാല്‍ ഇത് അറിയിക്കുന്നത് കോട്ടുവായ പിശാചില്‍ നിന്നുളളതാണെന്നാണ്. ഇനി ഒരാള്‍ أعوذ بالله من الشيطان الرجيم എന്ന് പറഞ്ഞാല്‍ അതില്‍ വിരോധമൊന്നുമില്ല. പക്ഷെ അതിനെ സ്ഥിരപ്പെടുത്തുന്ന യാതൊന്നും നബി(സ്വല്ലല്ലാഹു അലൈഹിവസല്ലം)യില്‍ നിന്നും സ്ഥിരപ്പെട്ടു വന്നിട്ടില്ല.”
(http://www.binbaz.org.sa/mat/9357)
മറ്റൊരു ഫത്‍വയില്‍ അദ്ദേഹം പറഞ്ഞു:
“പൊതുജനങ്ങളില്‍ നല്ലൊരു വിഭാഗം ആളുകള്‍ ഇപ്രകാരം ചെയ്യാറുണ്ട്. കാരണം കോട്ടുവായ പിശാചില്‍ നിന്നുളളതാണെന്ന് അവര്‍ മനസ്സിലാക്കിയിട്ടാണ് അവര്‍ അങ്ങനെ ചെയ്യുന്നത്. അതല്ലാതെ ഈ ഒരു വിഷയത്തില്‍ സുന്നത്തില്‍ സ്ഥിരപ്പെട്ട ഒന്നും നമുക്കറിയില്ല. നിസ്സംശയം, കോട്ടുവായ പിശാചില്‍ നിന്നുളളതാണ്. അല്ലാഹുവിന്‍റെ ശത്രുവായ പിശാചില്‍ നിന്ന് ഒരു ബുദ്ധിമുട്ട് ഉണ്ടാകുന്ന അവസരത്തിലോ, മടി തോന്നുന്ന സന്ദര്‍ഭത്തിലോ ഒരു സത്യവിശ്വാസിക്ക് أعوذ بالله من الشيطان الرجيم എന്ന് പറയാവുന്നതാണ്. അതുപോലെ മറ്റു ദിക്റുകള്‍ അധികരിപ്പിക്കുന്നതും നബി(സ്വല്ലല്ലാഹു അലൈഹിവസല്ലം)യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നതും ആകാവുന്നതാണ്. എന്നാല്‍ ഈ നിര്‍ണ്ണിത വിഷയത്തില്‍ (കോട്ടുവായിടുന്ന വിഷയത്തില്‍) ഇതൊന്നും സുന്നത്തില്‍ സ്ഥിരപ്പെട്ടു വന്നിട്ടുളളതല്ല...” (http://www.binbaz.org.sa/)
ശൈഖ് അബ്ദുല്‍ മുഹ്‍സിന്‍ അല്‍അബ്ബാദ്(ഹഫിളഹുല്ലാഹ്) പറഞ്ഞു:
“കോട്ടുവായിടുന്നത് പിശാചില്‍ നിന്നുളളതാണ് എന്ന പരിഗണനയില്‍ ഒരാള്‍ പിശാചില്‍ നിന്നും അല്ലാഹുവിനോട് കാവല്‍ തേടിയാല്‍, നബി(സ്വല്ലല്ലാഹു അലൈഹിവസല്ലം)യില്‍ നിന്ന് ഇപ്രകാരം ഒരു ചര്യ വന്നിട്ടുണ്ട് എന്ന് അയാള്‍ വിശ്വസിക്കുന്നുമില്ല എങ്കില്‍ അയാളുടെ പ്രവൃത്തിയില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ഇത് സുന്നത്തില്‍ സ്ഥിരപ്പെട്ടതാണ് എന്ന് വിശ്വസിക്കുകയോ അല്ലെങ്കില്‍ കോട്ടുവായിട്ടതിന് ശേഷം ഇപ്രകാരം പറയല്‍ മതത്തില്‍ പെട്ടതാണ് എന്ന് ഒരാള്‍ പറയുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് ശരിയായ കാര്യമല്ല.” (ശര്‍ഹു സുനനി അബീദാവൂദ് (17/492))
അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവന്‍.
അവലംബം: islamqa