ബിദ്അതും മസ്‍ലഹതുല്‍ മുര്‍സലയും
ഫദ്‍ലുൽ ഹഖ് ഉമരി ആമയൂർ
Last Update 2023 April 03, 12 Ramadan, 1444 AH AH
അവലംബം: islamqa
ചോദ്യം: ബിദ്അതും മസ്‍ലഹതുല്‍ മുര്‍സലയും തമ്മിലുള്ള വ്യത്യാസം എന്താണ്?.
ഉത്തരം: ഹാഫിദ് ഇബ്നു റജബുല്‍ഹമ്പലി (റഹിമഹുല്ലാഹ്) ബിദ്അത്തിന് ഇപ്രകാരം നിർവചനം നൽകിയിട്ടുണ്ട്.
"ദീനിലേക്ക് ചേർത്തു കൊണ്ട് പുതിയതായി ഉണ്ടാക്കുന്ന എല്ലാം ബിദ്അത്താണ്. അവയ്ക്കു ദീനില്‍ അവലംബാർഹമായ ഒരു അടിസ്ഥാനവുമില്ല. അതു വഴികേടാണ്. ദീൻ അതിൽ നിന്നും ഒഴിവുമാണ്".
ബിദ്അതിന്‍റെ മൂന്ന് റുക്നുകളാണ് നമുക്ക് ഇതിൽ നിന്നും മനസ്സിലാകുന്നത്.
(ഒന്ന്) പുതിയതായി ഉണ്ടാക്കൽ
(രണ്ട്) പുതിയതായി ഉണ്ടാക്കിയതിനെ മതത്തിലേക്ക് ചേർത്തിപ്പറയൽ
(മൂന്ന്) പുതിയതായി ഉണ്ടാക്കപ്പെട്ട കാര്യത്തെ മതത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളിലേക്ക് ചേർക്കാതിരിക്കൽ.
ഐഹികമായോ പാരത്രികമായോ (منفعة)ഉള്ള ഉപകാരങ്ങൾക്കാണ് 'മസ്‍ലഹത്' എന്നു പറയുന്നത്. ഒഴിവാക്കപ്പെട്ടത് വിടപ്പെട്ടത് എന്നൊക്കെയാണ് 'മുർസലത്' എന്ന വാക്കിന്റെ അർത്ഥം. അപ്പോൾ ഇസ്‌ലാം പരിഗണിക്കാത്തതും എന്നാൽ നിരോധിക്കാത്തതുമായിട്ടുള്ള 'മസ്‍ലഹതു'കൾക്കാണ് അൽമസ്‍ലഹതുൽമുർസല എന്നു പറയുന്നത്. [ഇസ്‌ലാം അംഗീകരിക്കുന്ന മസ്‍ലഹത്തുകൾക്ക് المصلحة المعتبرة എന്നും തള്ളിക്കളഞ്ഞവക്ക് المصلحة الملغاة എന്നും പറയുന്നു. പരിഗണിക്കുകയോ അവഗണിക്കുകയോ ചെയ്യാതെ വിടപ്പെട്ടവക്കാണ് المصلحة المرسلة എന്നു പറയുന്നത്]. المصلحة المرسلة യുടെ നിർവചനമായിക്കൊണ്ട് ശെയ്ഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ്യ(റഹിമഹുല്ലാഹ്) പറയുന്നു:
“ഒരു പ്രവർത്തനത്തെ കൂടുതൽ ഉപകാരമുള്ളതിലേക്ക് എത്തിക്കുന്നതായി ഒരു മുജ്തഹിദ് മനസ്സിലാക്കുന്നു. മതത്തിൽ അതിനെ എതിർക്കുന്നതായിട്ടുള്ള ഒന്നുമില്ല താനും. ഇത്തരം പ്രവർത്തനങ്ങൾക്കാണ് المصلحة المرسلة എന്നു പറയുന്നത്.” (മജ്മൂഉൽ ഫതാവാ: 11/342,343).
ബിദ്അത്തും 'അൽമസ്‍ലഹത്തുൽ മുർസലയും" തമ്മിലുള്ള വ്യത്യാസങ്ങളും അവ രണ്ടും എവിടെ യോജിക്കുന്നു എന്നും മനസ്സിലാക്കുന്നതിനായി വൈജ്ഞാനികമായ ചില കാര്യങ്ങൾ നമുക്ക് ഇവിടെ സൂചിപ്പിക്കാം. ചോദ്യത്തിന്‍റെ ഉത്തരം അതിലൂടെ പൂർത്തിയാക്കുവാൻ നമുക്ക് സാധിക്കും. എല്ലാവർക്കും അത് ഉപകാരപ്രദമാകും എന്നും പ്രതീക്ഷിക്കുന്നു.
(ഒന്ന്)
മുഹമ്മദുബ്നുൽ ഹുസൈനുൽ ജീസാനി പറയുന്നു:
(A) ബിദ്അത്തും 'അൽമസ്‍ലഹത്തുൽ മുർസലയും" യോജിക്കുന്ന മേഖലകൾ.
(1) ബിദ്അത്തും 'അൽമസ്‍ലഹത്തുൽ മുർസലയും" പ്രവാചകത്വ കാലഘട്ടത്തിൽ സംഭവിക്കാത്തവയാണ്. പ്രത്യേകിച്ചും 'അൽമസ്‍ലഹത്തുൽ മുർസല'. എന്നാൽ ചില ബിദ്അത്തുകൾ പ്രവാചകത്വത്തിന്‍റെ കാലഘട്ടത്തിൽ തന്നെ ഉണ്ടായിട്ടുണ്ട്. അതു വളരെ വിരളം മാത്രമാണ്. നബി(സ)യുടെ ആരാധനകളെ കുറിച്ച് ചോദിച്ചറിഞ്ഞു കൊണ്ട് ആഇശ(റ)യുടെ അടുക്കലേക്ക് വന്ന മൂന്ന് വ്യക്തികളുടെ സംഭവം ഇതിനുദാഹരണമാണ്. [രാത്രി മുഴുവൻ ഞാൻ നമസ്കരിച്ചു കൊണ്ടിരിക്കും. ഞാൻ എന്നും നോമ്പ് പിടിച്ചു കൊണ്ടിരിക്കും. ഞാൻ വിവാഹം കഴിക്കുകയില്ല എന്നിങ്ങനെയായിരുന്നു ആ മൂന്നു പേരും എടുത്ത തീരുമാനം. എന്നാൽ നബി അതിനെ വിമർശിച്ച് സംസാരിക്കുകയുണ്ടായി].
(2) ബിദ്അത്തും 'അൽമസ്‍ലഹത്തുൽ മുർസലയും" നിർണ്ണിതവും പ്രത്യേകവുമായ തെളിവുകളിൽ നിന്നും മുക്തമായി ഇരിക്കും. എന്നാൽ പൊതുവായ ചില തെളിവുകൾ കൊണ്ട് ചിലപ്പോൾ അവക്ക് തെളിവ് പിടിക്കാൻ സാധിച്ചു എന്നു വരാം.
(B) ബിദ്അത്തും 'അൽമസ്‍ലഹത്തുൽ മുർസലയും" വേറിട്ടു നിൽക്കുന്ന മേഖലകൾ.
(1) ആരാധനകളുടെ കാര്യത്തിലും ദീനുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മാത്രമാണ് ബിദ്അത്തുകൾ ഉള്ളത്. എന്നാൽ അൽമസ്‍ലഹത്തുൽ മുർസല പൊതുവേ പരിശോധിച്ചാൽ അതിന്റെ ആശയം നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. അംഗീകാര യോഗ്യമായ ചില സന്ദർഭങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന കാര്യങ്ങളാണിത്. ബുദ്ധിയോട് തട്ടിച്ചുനോക്കിയാൽ അത് സ്വീകാര്യമാണെന്ന് തോന്നുകയും ചെയ്യും. എന്നാൽ ദീനുമയി അതിന് ബന്ധം ഉണ്ടായിക്കൊള്ളണമെന്നില്ല. അതു മതവിഷയങ്ങളിൽ കടന്നുവരുന്നതും അല്ല.
ബിദ്അത്ത് ഉണ്ടാക്കുന്ന ആളുകളുടെ ഒന്നാമത്തെ ലക്ഷ്യം അതിലൂടെ അല്ലാഹുവിലേക്ക് സാമീപ്യം നേടുക എന്നുള്ളതാണ്. പുതു നിർമ്മിതികളായ പ്രവർത്തനങ്ങളിൽ നിന്ന് അവർ ഒരിക്കലും വിട്ടു നിൽക്കുകയില്ല. ഇത്തരം പ്രവർത്തനങ്ങളെ അവർ ഒഴിവാക്കുക എന്നുള്ളതും വിദൂരമായ കാര്യമാണ്. ബിദ്അത്തായ അത്തരം പ്രവർത്തനങ്ങൾക്ക് അവർ മുൻഗണനയും നൽകുന്നു. എന്നാൽ 'അൽമസ്‍ലഹത്തുൽ മുർസല'യുടെ കാര്യം ഇതിൽ നിന്നും വ്യത്യസ്തമാണ്. കാരണം ഇത് ഒരു മാർഗ്ഗം മാത്രമാണ്. അതായത് മതത്തിന്റെ വ്യത്യസ്ത ലക്ഷ്യങ്ങളിലേക്ക് എത്തുവാനുള്ള ഒരു മാർഗ്ഗം. എന്നാൽ ഈ മാർഗ്ഗത്തിന് എതിരായി മറ്റൊരു കുഴപ്പകരമായ വിഷയം വരുന്നുണ്ടെങ്കിൽ സ്വാഭാവികമായും ഈ മാർഗത്തിന് സാധുത ഇല്ലാതാവും. അതുകൊണ്ടു തന്നെ അൽമസ്‍ലഹത്തുൽ മുർസലയുടെ പേര് പറഞ്ഞു കൊണ്ട് ബിദ്അത്തുകൾ ഉണ്ടാക്കാവതല്ല.
(3) ബിദ്അത്ത്, അത് ചെയ്യുന്ന ആളുകൾക്ക് കൂടുതൽ പ്രയാസങ്ങളും പ്രശ്നങ്ങളുമാണ് ഉണ്ടാക്കുന്നത്. എന്നാൽ 'അൽമസ്‍ലഹത്തുൽ മുർസല' ആളുകൾക്ക് ലഘൂകരണവും ആയാസവുമാണ് ഉണ്ടാക്കുന്നത്. അതല്ലെങ്കിൽ മനുഷ്യന്‍റെ അനിവാര്യമായ ഒരു കാര്യത്തെ സംരക്ഷിക്കുകയാണ് ഇത് ചെയ്യുന്നത്.
(4) ബിദ്അത്തുകൾ മതത്തിന്‍റെ ലക്ഷ്യങ്ങൾക്ക് എതിരും അതിനെ തകർത്തു കളയുന്നതുമാണ്. എന്നാൽ 'അൽമസ്‍ലഹത്തുൽ മുർസല' മതപരമായി അംഗീകരിക്കപ്പെടണമെങ്കിൽ മതത്തിന്‍റെ ലക്ഷ്യങ്ങൾക്ക് കീഴിൽ വരണം. മത നിയമങ്ങൾക്ക് ഉപകാരപ്രദവും ആയിരിക്കണം. അല്ലാത്തപക്ഷം അത് പരിഗണിക്കപ്പെടുകയില്ല.
(5) 'അൽമസ്‍ലഹത്തുൽ മുർസല' പ്രവാചക കാലഘട്ടത്തിൽ ഉണ്ടായിട്ടില്ല. അതിന്‍റെ ആവശ്യം വന്നിട്ടില്ല എന്നുള്ളതായിരുന്നു കാരണം. അതല്ലെങ്കിൽ ആവശ്യം വന്നിട്ടുണ്ടെങ്കിലും അതിൽ നിന്നും തടയുന്ന ഒരു കാര്യം അപ്പുറത്ത് ഉണ്ടായിരുന്നു. എന്നാൽ ബിദ്അതിന്‍റെ കാര്യം അങ്ങനെയല്ല. അത് പ്രാവർത്തികമാക്കേണ്ടതിന്‍റെ ആവശ്യം ഉണ്ടായിട്ടുപോലും നബിയുടെ കാലഘട്ടത്തിൽ അങ്ങനെ ഒന്നും സംഭവിച്ചില്ല. മാത്രമല്ല അത്തരം കാര്യങ്ങൾ ചെയ്യാൻ ആവശ്യമായ പ്രേരക ഘടകങ്ങളും അന്നുണ്ടായിരുന്നു. അതിനു തടയുന്ന(مانع) ആകട്ടെ അപ്പുറത്ത് ഉണ്ടായിരുന്നതും ഇല്ല.
ചുരുക്കത്തിൽ, 'അൽമസ്‍ലഹത്തുൽ മുർസല'യുടെ നിബന്ധനകളോട് കൂടി അതിനെ പരിഗണിക്കുകയാണെങ്കിൽ ബിദ്അത്തുകൾക്ക് അത് ഏതിരും ബിദ്അത്തുകളിൽ നിന്ന് വേറിട്ടു നിൽക്കുന്നതുമാണ്. അപ്പോൾ 'അൽമസ്‍ലഹത്തുൽ മുർസല'യുടെ പേരിൽ ബിദ്അത്തുകളുടെ വ്യാപനം ഉണ്ടാവുകയുമില്ല. എന്നാൽ നിബന്ധനകൾ പാലിക്കാതെയാണ് അതിനെ സ്വീകരിക്കുന്നത് എങ്കിൽ പരിഗണിക്കപ്പെടുന്ന മസ്‍ലഹത് എന്ന ഗണത്തിൽ 'അൽമസ്‍ലഹത്തുൽ മുർസല'യെ ഉൾപ്പെടുത്താൻ പറ്റുകയില്ല. മറിച്ച് المصلحة الملغاة (ഒഴിവാക്കപ്പെട്ട മസ്‍ലഹത് ) എന്നോ المصلحة المفسدة (ദോഷകരമായ മസ്‍ലഹത്) എന്നോ ആണ് അതിനു പറയുക.
അല്ലാഹു ആഅ്‌ലം (.അല്ലാഹുവാണ് നന്നായി അറിയുന്നവൻ).