“അല്ലാഹു ഭംഗിയുളളവനാണ് അവന്‍ ഭംഗിയെ ഇഷ്ടപ്പെടുന്നു” എന്ന ഹദീഥിന്‍റെ അര്‍ത്ഥമെന്താണ്?
ഫദ്‍ലുൽ ഹഖ് ഉമരി ആമയൂർ
Last Update 2023 May 30, 10 Dhuʻl-Qiʻdah, 1444 AH
ചോദ്യം: അല്ലാഹു ഭംഗിയുള്ളവനാണ് അവൻ ഭംഗിയെ ഇഷ്ടപ്പെടുന്നു എന്ന ഹദീസിലെ ആശയമെന്താണ്? പ്രത്യേകിച്ചും, ഭംഗി കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ചില ആളുകൾ ഈ ഹദീസിനെ കൂട്ടു പിടിച്ച് കൊണ്ട് ഭംഗിയുള്ള സ്ത്രീകളിലേക്ക് നോക്കാമെന്നും ഭംഗിയുള്ള എന്തു കൊണ്ടും ആസ്വാദനമെടുക്കാമെന്നും പറയുന്നു. ഒരു വിശദീകരണം നൽകാമോ?.
ഉത്തരം: സർവ്വ സ്തുതിയും അല്ലാഹുവിന്.
ഇമാം മുസ്‌ലിം തന്‍റെ സ്വഹീഹിൽ 131 ാം നമ്പർ ഹദീസായി കൊടുത്തിട്ടുള്ളതാണ് ചോദ്യത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ളത്. അത് ഇപ്രകാരമാണ്;
"അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)വിൽ നിന്നും നിവേദനം; നബി(സ) പറഞ്ഞിരിക്കുന്നു: ആരുടെയെങ്കിലും മനസ്സിൽ അണുമണിത്തൂക്കം അഹങ്കാരമുണ്ടെങ്കിൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. അപ്പോൾ ഒരാൾ ചോദിച്ചു; ഒരു വ്യക്തി തന്‍റെ വസ്ത്രവും ചെരുപ്പും നല്ലതാകാന്‍ ഇഷ്ടപ്പെടുന്നു (ഇത് അഹങ്കാരത്തിൽ പെടുമോ?). അപ്പോൾ നബി (സ) പറഞ്ഞു: അല്ലാഹു ഭംഗിയുള്ളവനാണ് അവൻ ഭംഗിയെ ഇഷ്ടപ്പെടുന്നു. അഹങ്കാരം എന്ന് പറഞ്ഞാൽ സത്യത്തെ അവഗണിക്കലും ജനങ്ങളെ പുച്ഛിക്കലുമാണ്". (മുസ്‌ലിം: 131)
ഇബ്നുൽ ഖയ്യിം (റഹി) പറയുന്നു:
"അല്ലാഹു ഭംഗിയുള്ളവനാണ് അവൻ ഭംഗിയെ ഇഷ്ടപ്പെടുന്നു എന്ന ഹദീസിലെ വാക്ക് ഹദീസിൽ തന്നെ പരാമർശം വന്നിട്ടുള്ള വസ്ത്രത്തെ കുറിച്ചാണ്. എന്നാൽ പൊതുവായ ഭംഗിയും ഇതിൽ ഉൾപ്പെടും. കാരണം ഇമാം മുസ്‌ലിമിന്‍റെ ഒരു ഹദീസിൽ ഇപ്രകാരം കാണാം:
"അല്ലാഹു നല്ലവനാണ്. നല്ലതല്ലാതെ അവൻ സ്വീകരിക്കുകയില്ല". (മുസ്‌ലിം: 1686)
ഇമാം തുർമുദിയുടെ ഹദീസിൽ ഇപ്രകാരം കാണാം:
"അല്ലാഹു നൽകിയ അനുഗ്രഹങ്ങളുടെ അടയാളം തന്‍റെ അടിമകളിൽ കാണപ്പെടുന്നത് അവൻ ഇഷ്ടപ്പെടുന്നു." (തുർമുദി: 2963)
"അബൂ അഹ്‌വസുൽ ജശ്മി (റ) വിൽ നിന്നും നിവേദനം: പഴകിയ വസ്ത്രം ധരിച്ച അവസ്ഥയിൽ നബി(സ) എന്നെ കണ്ടു. നിങ്ങൾക്ക് സമ്പത്തുണ്ടോ എന്ന് നബി (സ) എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു: ഉണ്ട്. നബി (സ) ചോദിച്ചു; ഏത് തരം സമ്പത്താണുള്ളത്?. ഞാൻ പറഞ്ഞു: ഒട്ടകം ആട് തുടങ്ങി അല്ലാഹു നൽകിയ എല്ലാ സമ്പത്തുമുണ്ട്. നബി (സ) പറഞ്ഞു: അല്ലാഹു നിങ്ങൾക്ക് നൽകിയ അനുഗ്രഹവും ആദരവും നിന്‍റെ മേല്‍ കാണപ്പെടട്ടെ".
"അപ്പോൾ തന്‍റെ അടിമയിലുള്ള അനുഗ്രഹങ്ങൾ പ്രകടമായി കാണുന്നത് അവൻ ഇഷ്ടപ്പെടുന്നു. അല്ലാഹു ഇഷ്ടപ്പെടുന്ന ഭംഗിയാകുന്നു അത്. ഒരു അടിമ തന്‍റെ റബ്ബിന്‍റെ അനുഗ്രഹത്തിന് കാണിക്കുന്ന നന്ദി കൂടിയാണത്. പരോക്ഷമായ ഭംഗിയാകുന്നു അത്. അനുഗ്രഹമാകുന്ന പ്രത്യക്ഷ ഭംഗിയും അതിനുള്ള നന്ദിയാകുന്ന പരോക്ഷമായ ഭംഗിയും തന്‍റെ അടിമയിൽ കാണുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു.
ഭംഗിയെ അല്ലാഹു ഇഷ്ടപ്പെടുന്നു എന്നതു കൊണ്ടാണ് അടിമകളുടെ പ്രത്യക്ഷത്തെ അലങ്കരിക്കുന്ന വസ്ത്രവും, പരോക്ഷത്തെ അലങ്കരിക്കുന്ന തഖ്‍വയും അല്ലാഹു തന്‍റെ ദാസന്‍മാര്‍ക്ക് ഇറക്കിക്കൊടുത്തത്.
അല്ലാഹു പറയുന്നു:
"ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മ്മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതൽ ഉത്തമം..." (അഅ്‌റാഫ്:26)
"അതിനാല്‍ ആ ദിവസത്തിന്‍റെ തിന്‍മയില്‍ നിന്ന് അല്ലാഹു അവരെ കാത്തുരക്ഷിക്കുകയും, പ്രസന്നതയും സന്തോഷവും അവര്‍ക്കു അവന്‍ നല്‍കുകയും ചെയ്യുന്നതാണ്. അവര്‍ ക്ഷമിച്ചതിനാല്‍ സ്വര്‍ഗത്തോപ്പും പട്ടു വസ്ത്രങ്ങളും അവര്‍ക്കവന്‍ പ്രതിഫലമായി നല്‍കുന്നതാണ്". (ഇൻസാൻ: 11,12)
"പ്രസന്നത കൊണ്ട് അവരുടെ മുഖങ്ങളും സന്തോഷം കൊണ്ട് അവരുടെ ഉള്ളും പട്ടു കൊണ്ട് അവരുടെ ശരീരവും അവന്‍ ഭംഗിയുള്ളതാക്കി. അവന്‍ എത്രയോ പരിശുദ്ധനാണ്. വാക്ക്, പ്രവർത്തനം, വസ്ത്രം, രൂപം തുടങ്ങിയവയിൽ അല്ലാഹു ഭംഗിയെ ഇഷ്ടപ്പെടുന്നത് പോലെ ചീത്ത വാക്ക്, പ്രവർത്തനം, വസ്ത്രം, രൂപം തുടങ്ങിയവയെ അല്ലാഹു വെറുക്കുകയും ചെയ്യുന്നു. അപ്പോൾ ചീത്തതിനെയും അതിന്‍റെ ആളുകളെയും അല്ലാഹു വെറുക്കുകയും ഭംഗിയെയും അതിന്‍റെ ആളുകളെയും അല്ലാഹു ഇഷ്ടപ്പെടുകയും ചെയ്യുന്നു.
"എന്നാൽ ഈ വിഷയത്തിൽ രണ്ടു വിഭാഗം ആളുകൾക്ക് പിഴവ് പറ്റിയിട്ടുണ്ട്. ഒരു വിഭാഗം പറയുന്നു: അല്ലാഹു സൃഷ്ടിച്ചതെല്ലാം ഭംഗിയുള്ളതാകുന്നു. അവൻ സൃഷ്ടിച്ചതിനെയെല്ലാം അവൻ ഇഷ്ടപ്പെടുന്നു. അല്ലാഹു സൃഷ്ടിച്ചതെല്ലാം ഞങ്ങളും ഇഷ്ടപ്പെടുന്നു. അതിൽ ഒന്നിനെയും ഞങ്ങൾ വെറുക്കുകയില്ല. പ്രപഞ്ചത്തിൽ കാണുന്നതെല്ലാം ഭംഗിയുള്ളതായി കാണണം എന്നാണ് അവരുടെ വാദം. യഥാർത്ഥത്തിൽ അല്ലാഹുവിന്‍റെ വെറുപ്പ് രോഷം എന്നീ അവസ്ഥകളെ നിഷേധിക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. അല്ലാഹുവിന് വേണ്ടി വെറുക്കുക, അല്ലാഹുവിന് വേണ്ടി ശത്രുത കാണിക്കുക, തിന്മകളെ എതിർക്കുക, അവന്‍റെ മാർഗത്തിൽ ജിഹാദ് ചെയ്യുക, ശിക്ഷാ നിയമങ്ങൾ നടപ്പിലാക്കുക തുടങ്ങിയുള്ള കാര്യങ്ങളെ നിഷേധിക്കുകയാണ് ഇത്തരക്കാർ ചെയ്യുന്നത്. അല്ലാഹു ഇഷ്ടപ്പെടുന്ന ഭംഗി എന്നു പറഞ്ഞാൽ ആണിന്‍റെയും പെണ്ണിന്‍റെയും രൂപ ഭംഗിയായി ഇവർ മനസ്സിലാക്കുന്നു. ചിലപ്പോൾ ഇത്തരക്കാർ അതിരു കവിഞ്ഞ് തങ്ങളുടെ ആരാധ്യൻ മുകളിൽ സൂചിപ്പിച്ച രൂപങ്ങളിൽ ഇറങ്ങുകയും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു എന്നും ഇത്തരക്കാർ വിശ്വസിക്കുന്നു".
"ഇവരുടെ വാദങ്ങൾക്ക് നേരെ എതിരാണ് രണ്ടാം വിഭാഗക്കാരുടെ വാദം. അതായത് രൂപ ഭംഗിയെയും പരിപൂർണ്ണ സ്രഷ്ടിപ്പിനേയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല എന്നാണ് ഇവർ പറയുന്നത്. അല്ലാഹു പറയുന്നു: "നീ അവരെ കാണുകയാണെങ്കില്‍ അവരുടെ ശരീരങ്ങള്‍ നിന്നെ അത്ഭുതപ്പെടുത്തും". (മുനാഫിഖൂൻ: 4) "സാധനസാമഗ്രികളിലും ബാഹ്യമോടിയിലും കൂടുതല്‍ മെച്ചപ്പെട്ടവരായ എത്ര തലമുറകളെയാണ് ഇവര്‍ക്ക് മുമ്പ് നാം നശിപ്പിച്ചിട്ടുള്ളത്!." (മർയം: 74) അതായത് കാഴ്ചയിലും സമ്പത്തിലും (ഭംഗി പ്രകടിപ്പിച്ചിരുന്ന ആളുകളെ).
ഇമാം മുസ്‌ലിമിന്‍റെ ഹദീസിൽ ഇപ്രകാരം കാണാം: "അല്ലാഹു നിങ്ങളുടെ രൂപത്തിലേക്കോ സമ്പത്തിലേക്കോ അല്ല നോക്കുന്നത്. മറിച്ച് നിങ്ങളുടെ ഹൃദയത്തിലേക്കും പ്രവർത്തനങ്ങളിലേക്കുമാണ്.” (മുസ്‌ലിം)
മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം: "ലളിത വസ്ത്രം ഈമാനിൽ പെട്ടതാണ്" (ഇബ്നുമാജ 3630, അബൂദാവൂദ്: 4161, ഇമാം അല്‍ബാനി സ്വഹീഹ് എന്ന് വിശേഷിപ്പിച്ച ഹദീഥ്)
"രൂപം, വസ്ത്രം, ഭാവം തുടങ്ങിയവയിലെ ഭംഗി എന്ന് പറഞ്ഞാൽ എന്ത് എന്ന് മനസ്സിലാക്കിയേടത്ത് വന്ന പ്രശ്നമാണ് ഈ തര്‍ക്കങ്ങൾക്ക് കാരണം. അതില്‍ പ്രശംസാര്‍ഹമായതും, ആക്ഷേപാര്‍ഹമായതും, പ്രശംസാര്‍ഹമോ ആക്ഷേപാര്‍ഹമോ അല്ലാത്തതുമായ മൂന്ന് ഇനങ്ങള്‍ ഈ ഭംഗിയില്‍ ഉണ്ട്.
"പ്രശംസാര്‍ഹമായത്, അല്ലാഹുവിന് വേണ്ടിയുള്ളതും അല്ലാഹുവോടുള്ള അനുസരണത്തിനും അവന്‍റെ കൽപനകൾ നടപ്പിലാക്കുന്നതിനും അവന്‍റെ വിളിക്ക് ഉത്തരം നൽകാൻ സഹായിക്കുന്നതുമാണ്. യുദ്ധത്തിനു വേണ്ടി പടക്കോപ്പ് ധരിക്കുക യുദ്ധത്തിൽ പട്ട് ധരിക്കുക അതിൽ പൊങ്ങച്ചം കാണിക്കുക തുടങ്ങിയവപോലുള്ളതാണിത്. അല്ലാഹുവിന്‍റെ വചനം ഉയർത്തിപ്പിടിക്കുക അവന്‍റെ ദീനിനെ സഹായിക്കുക ശത്രുക്കളെ ദേഷ്യം പിടിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇത് എങ്കിൽ, അപ്പോൾ അത് സ്തുത്യാർഹമാണ്.
"ആക്ഷേപാര്‍ഹമായത്, ദുൻയാവിന് വേണ്ടിയും സ്ഥാനമാനങ്ങൾക്ക് വേണ്ടിയും അഹങ്കാരത്തിന്‍റെ പേരിലും തന്‍റേതായ ഇച്ഛകളിലേക്ക് എത്തിച്ചേരാൻ വേണ്ടിയുമുളളതാണ്. അതു തന്നെ ജീവിതത്തിന്‍റെ ഒരു ലക്ഷ്യമായി അയാൾ സ്വീകരിച്ചിരിക്കുകയാണ്. അതല്ലാതെ മറ്റൊരു ലക്ഷ്യവും അവനില്ല."
"ആക്ഷേപാർഹമോ പ്രശംസാർഹമോ അല്ലാത്തത്, മുകളിൽ പറഞ്ഞ രണ്ടു ലക്ഷ്യങ്ങളിൽ നിന്നും ഒഴിവായിക്കൊണ്ടുള്ള ഭംഗിയാണ്".
മഹത്തായ രണ്ട് അടിസ്ഥാന തത്വങ്ങളാണ് ഈ ഹദീസിൽ ഉൾകൊണ്ടിട്ടുള്ളത്. (1) അറിവ് (2) പ്രവർത്തനം. തുല്യതയില്ലാത്ത ഭംഗി കൊണ്ട് അല്ലാഹു അറിയപ്പെടുന്നു. അല്ലാഹു ഇഷ്ടപ്പെടുന്ന വാക്ക് പ്രവർത്തനം സ്വഭാവം എന്നിവയുടെ ഭംഗി കൊണ്ട് അവനെ ആരാധിക്കുകയും വേണം"
"ഒരു അടിമ തന്‍റെ നാവിനെ സത്യസന്ധത കൊണ്ടും ഹൃദയത്തെ ആത്മാർത്ഥത കൊണ്ടും സ്നേഹം കൊണ്ടും അല്ലാഹുവിലേക്കുള്ള മടക്കം കൊണ്ടും തവക്കുൽ കൊണ്ടും അവയവങ്ങളുടെ അനുസരണം കൊണ്ടും ശരീരത്തെ വസ്ത്രമാകുന്ന അനുഗ്രഹം പ്രകടിപ്പിച്ചു കൊണ്ടും നജസുകളിൽ നിന്നും മാലിന്യങ്ങളിൽ നിന്നും വെറുക്കപ്പെട്ട ചിന്തകളിൽ നിന്നും ശുദ്ധീകരിച്ചു കൊണ്ടും ചേലാ കർമ്മം ചെയ്തും നഖം മുറിച്ചും ഭംഗിയാക്കുന്നതിനെ അല്ലാഹു ഇഷ്ടപ്പെടുന്നു. ഈ നിലക്ക് അല്ലാഹുവിന്‍റെ ഭംഗി എന്ന വിശേഷണത്തെ അറിയുകയും വാക്ക് പ്രവർത്തി തുടങ്ങി ഭംഗിയുള്ള അവസ്ഥകളിലൂടെ മനുഷ്യൻ റബ്ബിനെ ആരാധിക്കുകയും ചെയ്യുന്നു. അപ്പോൾ 'അറിവ്' 'പ്രവർത്തനം' എന്നീ രണ്ടു അടിസ്ഥാന തത്വങ്ങളാണ് ഈ ഹദീസിൽ അടങ്ങിയിട്ടുള്ളത്." (അൽഫവാഇദ്: 1/185)
ഹദീസിൽ അടങ്ങിയിട്ടുള്ള ഇത്തരം അതി മഹത്തായ ആശയങ്ങളും തങ്ങളുടെ ദുഷിച്ച ചിന്തകൾ നടപ്പിലാക്കാനിറങ്ങിയ സ്വന്തം ഇഛകളെ പിൻപറ്റുന്ന ആളുകളുടെ വഴിപിഴവും തമ്മിലെന്ത് ബന്ധം.
അല്ലാഹുവോട് മോക്ഷതിനായി പ്രാർത്ഥിക്കുന്നു.
അവലംബം: islamqa