കുഫ്‌റും കാഫിറും ബിദ്അത്തും മുബ്തദിഉം
ശെയ്ഖ് സ്വാലിഹ് ബിൻ അബ്ദിൽ അസീസ് ആൽ ശെയ്ഖ്
Last Update 2020 December 12 1442 Rabi Al-Akhar 27
(വിവര്‍ത്തനം: ഫദ്‍ലുൽ ഹഖ് ഉമരി ആമയൂർ)
അവലംബം: അൽഅജ്‌വിബതു വൽബുഹൂഥു വൽമുദാറസാതുൽ മുശ്തമില അലെയ്ഹാ അദ്ദുറൂസിൽ ഇൽമിയ്യ
ചോദ്യം: ചിലർ പറയുന്നു, കുഫ്‌റിന്‍റെ പ്രവർത്തനം ചെയ്യുന്ന ഒരാളെ നിങ്ങൾ കണ്ടു എന്നിരിക്കട്ടെ (ആ പ്രവർത്തനം കുഫ്‌റാണെന്ന കാര്യം പണ്ഡിതന്മാർ പോലും സംശയിക്കാത്ത വിഷയമാണ്), കുഫ്‌റ് ചെയ്യുന്ന എല്ലാ ആളുകളും കാഫിറുകൾ അല്ല എന്ന് പണ്ഡിതന്മാർ പറയുകയും ചെയ്യുന്നു. ഇത് ഒരു പൊതുനിയമം ആണോ.?
ഉത്തരം: ഉസൂലിന്‍റെയും അഖീദയുടെയും ഫിഖ്‍ഹിന്‍റെയും പണ്ഡിതന്മാർക്കിടയിൽ അറിയപ്പെടുന്ന ഒരു വേർതിരിവ് ഈ വിഷയത്തിൽ ഉണ്ട്. അതായത് കുഫ്‌റ് കാഫിർ, കുഫ്‌റ് തക്‌ഫീർ (കാഫിറെന്ന് വിധി പറയൽ), ഫിസ്ഖ് ഫാസിഖ്, ബിദ്അത് മുബ്തദിഅ് എന്നീ വിഷയങ്ങളിലാണ് ആ വേർതിരിവ് ഉള്ളത്. കുഫ്‌റ് ചെയ്തവരെല്ലാം കാഫിർ അല്ല. ബിദ്അത്ത് ചെയ്യുന്നവരെല്ലാം മുബ്തദിഅ് അല്ല. ഫിസ്ഖ് (മ്ലേച്ഛം) ചെയ്യുന്നവരെല്ലാം ഫാസിഖ് അല്ല.
മറ്റൊരു തരത്തിലുള്ള വേർതിരിവും ഈ വിഷയങ്ങളിലുള്ള വിധികളിൽ വരേണ്ടതുണ്ട്. വാക്ക് പ്രവൃത്തി സംശയം തുടങ്ങിയിട്ടുള്ള ചില കാര്യങ്ങളാണ് ഒരു വ്യക്തിയുടെ കർമങ്ങളിൽ കടന്നു വരുന്നത്. ഇതിലൂടെയാണ് ഒരു വ്യക്തിയുടെ പ്രവർത്തിയിൽ ഫിസ്‌ഖും ബിദ്അതും കുഫ്‌റും ഉണ്ടാകുന്നത്. അപ്പോൾ ആരാണ് വിധി പറയേണ്ടത്? ഒരു വ്യക്തി ഇത്തരം കാര്യങ്ങൾ ചെയ്യുകയോ പറയുകയോ അതല്ലെങ്കിൽ സംശയിക്കുകയോ ചെയ്താൽ അവന്‍റെ കാര്യത്തിൽ (അവൻ കാഫിറാണെന്നോ, മുബ്തദി ആണെന്നോ ഫാസിഖാണെന്നോ) വിധി പറയണമെങ്കിൽ ചില നിബന്ധനകൾ അവിടെ അനിവാര്യമാണ്. അതോടൊപ്പം ആ വിധി പറയാൻ തടസ്സമാകുന്ന കാര്യങ്ങൾ ഇല്ലാതിരിക്കുകയും വേണം.
ഉദാഹരണമായി ഒരു വ്യക്തി ഒരു ബിദ്അത്ത് ചെയ്യുന്നു. പക്ഷേ അത് ബിദ്അത്താണ് എന്ന് ആ വ്യക്തിക്ക് അറിയുകയില്ല. അതല്ലെങ്കിൽ അവന്‍റെ അടുക്കൽ അതിന് ഒരു അംഗീകാര യോഗ്യമായ ന്യായമുണ്ട് (ന്യായങ്ങൾ അംഗീകാര യോഗ്യവും അല്ലാത്തവയുമുണ്ട്). ഉദാഹരണമായി التعريف يوم عرفة. അറഫാ ദിനത്തിലെ തഅ്‌രീഫ്". എന്താണ് تعريف എന്ന വാക്കിന്‍റെ അർത്ഥം.? അറഫാ ദിനത്തെ ആരാധനാ ദിവസമായി കണ്ട് ഹാജിമാർ അറഫയിലായിരിക്കെ നാം പള്ളിയിൽ ഇരിക്കുക. നമ്മളും അവരോടൊപ്പം ആരാധനയിൽ പങ്കാളിയാവുക എന്നുള്ളതാണ് ഉദ്ദേശം.
ഇത് അനുവദനീയമാണ് എന്ന് സ്വഹാബികളിലും താബിഉകളിലും പെട്ട ചിലർ പറഞ്ഞിട്ടുണ്ട്. എന്നാൽ ഭൂരിപക്ഷം പണ്ഡിതന്മാരും അത് ബിദ്അത്താണ് എന്നാണ് പറയുന്നത്. ഹാജിമാരോട് പങ്കാളിയാകൽ എന്ന ഒരു വ്യാഖ്യാനത്തിനും ന്യായത്തിനും വകുപ്പ് ഉള്ളതു കൊണ്ടും സ്വഹാബികളിൽ ചിലർക്ക് അപ്രകാരം അഭിപ്രായം ഉള്ളതു കൊണ്ടും ഒരു വ്യക്തിക്ക് അത് സ്വീകരിക്കാൻ ന്യായമുണ്ട്. ഈ വീക്ഷണം പറഞ്ഞ സ്വഹാബിമാരിലും ഇമാമുമാരിലും ബിദ്അത്തിന്‍റെ മുദ്ര നാം കുത്തുവാൻ പാടില്ല. കാരണം സംശയാസ്പദമായ മേഖലയ്ക്ക് ഇവിടെ സാധ്യതയുണ്ട്.
അതേ പോലെ തന്നെ ശഅബാൻ പതിനഞ്ചിന്‍റെ രാത്രിയിലുള്ള നമസ്കാരം. ഇത് അനുവദനീയമല്ല എന്നുള്ളതാണ് നമ്മുടെ അടുക്കൽ ശരിയായ വീക്ഷണം. കാരണം അത് പുതിയതായി ഉണ്ടാക്കപ്പെട്ടതാണ്. നബി صلى الله عليه وسلم യോ ഖുലഫാഉ റാഷിദുകളോ അപ്രകാരം ചെയ്തിട്ടില്ല. എന്നാൽ ചില താബിഉകൾ അപ്രകാരം ചെയ്തിട്ടുണ്ട്. ഇവിടെ നമുക്ക് പറയുവാനുള്ളത്: അത് ബിദ്അത്താണ് എന്നതാണ് ശരി. എന്നാൽ അത് ചെയ്യുന്നവനൊക്കെ ബിദ്അത്തിന്‍റെ കക്ഷി (മുബ്തദിഅ്) ആണോ?. അല്ല.
എന്നാൽ വ്യാഖ്യാനങ്ങൾക്കോ ന്യായങ്ങൾക്കോ വകുപ്പില്ലാത്ത ചില മേഖലകൾ ഈ വിഷയത്തിൽ ഉണ്ട്. അത് മുകളിൽ നാം സൂചിപ്പിച്ച വിഷയത്തിൽ ഉൾപ്പെടുകയും ഇല്ല. ഉദാഹരണമായി ഫിസ്ഖിന്‍റെ വിഷയത്തിൽ, ചില ആളുകൾ സ്ഥിരമായി സുന്നത്തായ കാര്യങ്ങൾ ഒഴിവാക്കുന്നു. സുന്നത്തായ കാര്യങ്ങൾ പതിവായി ഒഴിവാക്കുന്നവൻ ഫാസിഖാണ് എന്നാണ് ചില പണ്ഡിതന്മാർ പറയുന്നത്. സ്ഥിരമായി ഒരാൾ ആരാധനകളുടെ സുന്നത്തുകൾ എങ്ങനെ ഒഴിവാക്കും?. റവാത്തിബ് സുന്നത്ത് നമസ്കരിക്കുന്നില്ല. വിത്‌റ് നമസ്കാരം നിർവഹിക്കുന്നില്ല. സുന്നത്ത് നോമ്പ് അനുഷ്ഠിക്കുന്നില്ല. ഇങ്ങനെ സുന്നത്തായി എന്തുണ്ടോ അതൊന്നും അവൻ തീരെ ചെയ്യുന്നില്ല.
അതു കൊണ്ട് ചില പണ്ഡിതന്മാർ പറഞ്ഞു: പതിവായി സുന്നത്തായ കാര്യങ്ങൾ ഒഴിവാക്കുന്നത് ഫിസ്ഖിൽ പെട്ടതാണ്. എന്നാൽ ഇതും പരിശോധനാ വിധേയമായ ഒരു കാര്യമാണ്. കാരണം ഒരു ഹദീസിൽ ഇപ്രകാരം കാണാം: നബി صلى الله عليه وسلم യുടെ അടുക്കലേക്ക് ഒരു അഅ്‌റാബി വന്നു. അഞ്ചു നേരത്തെ നിർബന്ധ നമസ്കാരത്തെ കുറിച്ച് പഠിപ്പിച്ചു കൊടുത്തപ്പോൾ ആ അഅ്‌റാബി നബി صلى الله عليه وسلم യോട് പറഞ്ഞു:
അല്ലാഹുവാണ് സത്യം; ഞാൻ ഇതിലൊന്നും കൂട്ടുകയോ ചുരുക്കുകയും ഇല്ല. അപ്പോൾ നബി صلى الله عليه وسلم പറഞ്ഞു: ഇദ്ദേഹം പറഞ്ഞത് സത്യമാണെങ്കിൽ വിജയിച്ചിരിക്കുന്നു. (ബുഖാരി:46)
ഈ ഹദീസിൽ നിന്നും സുന്നത്തായ നമസ്കാരങ്ങൾ ഒഴിവാക്കുന്ന ഒരാൾ ഫാസിഖാണ് എന്ന് പറയുന്നത് ശരിയല്ല എന്ന് വ്യക്തമായി. എന്നാൽ സുന്നത്തുകൾ ഒഴിവാക്കുന്ന ആളുകളെ ജാഗരൂകരാക്കുവാൻ വേണ്ടിയാണ് പണ്ഡിതന്മാർ ഇത്തരം കാര്യങ്ങൾ പറഞ്ഞത് എന്നും നാം ഈ സന്ദർഭത്തിൽ ഓർക്കണം.
ഒരു വ്യക്തി ഫിസ്ഖ് ചെയ്തു എന്നു പറയലും അവൻ ഫാസിഖാണ് എന്ന് വിധി കൊടുക്കലും തമ്മിൽ വ്യത്യാസമുണ്ട്. ഇവിടെ നാം അറിഞ്ഞിരിക്കേണ്ട ചില വിഷയങ്ങളുണ്ട്. ഇന്ന പ്രവർത്തനം കുഫ്റാണ്. അത് ചെയ്തവൻ കാഫിറാണ്. ഇന്ന പ്രവർത്തനം ബിദ്അത്താണ്. അത് ചെയ്തവൻ മുബ്തദിആണ്. ഇന്ന പ്രവർത്തനം ഫിസ്ഖാണ്. അത് ചെയ്തവൻ ഫാസിഖാണ് എന്നൊക്കെ പണ്ഡിതന്മാർ പറയുമ്പോൾ ഇത്തരം കാര്യങ്ങളിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസം ഉള്ളതു കൊണ്ട് ചില അടിസ്ഥാന കാര്യങ്ങൾ നമ്മൾ ഇവ്വിഷയകമായി അറിഞ്ഞേ പറ്റൂ.
1. ആ പ്രവർത്തനം കുഫ്റാണ് എന്നതിൽ പണ്ഡിതന്മാർക്കിടയിൽ ഏകോപനം ഉണ്ടായിരിക്കണം. പണ്ഡിതന്മാർക്കിടയിൽ ന്യായങ്ങൾക്ക് വകുപ്പില്ലാത്തതായിരിക്കണം.
2. ആ പ്രവർത്തനം ഫിസ്‌ഖാണ് എന്നതിൽ പണ്ഡിതന്മാർക്കിടയിൽ ഏകോപനം ഉണ്ടായിരിക്കണം. പണ്ഡിതന്മാർക്കിടയിൽ ന്യായങ്ങൾക്ക് വകുപ്പില്ലാത്തതായിരിക്കണം. അല്ലെങ്കിൽ പ്രമാണങ്ങൾക്ക് എതിരായ പ്രവർത്തനങ്ങൾ ആയിരിക്കണം.
3. ആ പ്രവർത്തനം ബിദ്അത്താണ് എന്നതിൽ പണ്ഡിതന്മാർക്കിടയിൽ ഏകോപനം ഉണ്ടായിരിക്കണം. സലഫു സ്സ്വാലിഹുകളിൽ നിന്ന് ഒരാളും അപ്രകാരം ചെയ്തതായി തെളിവു വന്നിട്ടില്ലാത്തതിനാൽ പണ്ഡിതന്മാർക്കിടയിൽ ന്യായങ്ങൾക്ക് വകുപ്പില്ലാത്തതായിരിക്കണം. അവസാന നൂറ്റാണ്ടുകളിൽ പ്രചരിച്ചിട്ടുള്ള ഇത്തരം പല വിഷയങ്ങളിലും യോജിപ്പും വിയോജിപ്പും ധാരാളമായി കണ്ടു വരുന്നുണ്ട്. എന്നാൽ ഉത്തമ തലമുറകൾക്ക് ശേഷം മുൻ മാതൃകയില്ലാതെ പുതിയതായി നിർമ്മിക്കപ്പെട്ട വിഷയങ്ങൾ ബിദ്അത്തിന്‍റെയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയും പരിധിയിൽ തന്നെയാണ് വരിക.
അല്ലാഹു അഅ്‍ലം