പാട്ടും മ്യൂസിക്കും തമ്മിലുളള വ്യത്യാസം
ഫദ്‍ലുൽ ഹഖ് ഉമരി ആമയൂർ
Last Update 2020 November 18, 1442 Rabi Al-Akhar 3
അവലംബം: islamqa
ചോദ്യം:
- എന്താണ് പാട്ട്? എന്താണ് മ്യൂസിക്? രണ്ടും തമ്മിൽ എന്താണ് വ്യത്യാസം? രണ്ടും ഒന്നു തന്നെയാണോ?
- മ്യൂസിക് കേൾക്കുന്നതിന്‍റെയും ഉപയോഗിക്കുന്നതിന്‍റേയും പാട്ടു കേൾക്കുന്നതിന്‍റെയും മതവിധി എന്താണ്?
- അനുവദനീയമായ പാട്ടുകളുണ്ടോ?
- ഈ വിഷയങ്ങളെക്കുറിച്ച് പ്രമാണങ്ങൾ എന്തു പറയുന്നു? മ്യൂസിക്കിൽ അനുവദനീയമായതും നിഷിദ്ധമായതും ഉണ്ടോ?
ഉത്തരം: മ്യൂസിക്കിനെ കുറിച്ചും പാട്ടിനെ കുറിച്ചും പല ആളുകളും സംസാരിച്ചതിലും റിപ്പോർട്ട് ചെയ്തതിലും കൂടിക്കലരലുകൾ വന്നിട്ടുണ്ട് എന്നതിനെ നാം നിഷേധിക്കുന്നില്ല. മൂന്ന് കാര്യങ്ങളാണ് ഇതിനുള്ള കാരണം.
(1) ഖുർആനിലും സുന്നത്തിലും മുൻഗാമികളുടെ വാക്കുകളിലും വന്നിട്ടുള്ള ഈ രണ്ടു കാര്യങ്ങളുടെ അർത്ഥത്തെക്കുറിച്ച് യഥാവിധി മനസ്സിലാക്കാതിരിക്കൽ.
(2) ചില പണ്ഡിതന്മാർ പാട്ടിനെക്കുറിച്ച് മ്യൂസിക് എന്ന പദം ഉപയോഗിച്ചത്.
ഇബ്നുഹജർ رَحِمَهُ ٱللَّٰهُ പറയുന്നു:
"ജൗഹരിയിൽ നിന്നും ഖുർത്വുബി ഇപ്രകാരം റിപ്പോർട്ട് ചെയ്തിട്ടുണ്ട് ; 'المعازف ' (മ്യൂസിക്) എന്നാൽ അതു കൊണ്ട് ഉദ്ദേശം പാട്ടാണ്."
ഇബിനു ഹജർ رَحِمَهُ ٱللَّٰهُ വീണ്ടും പറയുന്നു.
"എല്ലാ പാട്ടുകൾക്കും പൊതുവേ 'العزف' (മ്യൂസിക്) എന്ന് പറയാറുണ്ട്. എല്ലാം കളികളെക്കുറിച്ചും 'العزف' എന്ന് പറയാറുണ്ട്. (ഫത്ഹുൽ ബാരി: 10/55).
(3) ഇന്ന് വാദ്യോപകരണങ്ങളോടു കൂടിയല്ലാതെ പാട്ടുകൾ കാണപ്പെടാറില്ല. അതുകൊണ്ടു തന്നെ പാട്ടുകൾക്കും മ്യൂസിക് എന്ന പദം ഉപയോഗിച്ചു വന്നു. അതാകട്ടെ മ്യൂസികോടുകൂടിയാണ് എന്നുള്ളതിൽ സംശയവുമില്ല. വാദ്യോപകരണങ്ങളിൽ നിന്നും മുക്തമായ നല്ല പാട്ടുകൾക്ക് 'നശീദ' എന്ന് പറയാറുണ്ട്. അതു കൊണ്ടു തന്നെ വാദ്യോപകരണങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ള ചീത്തയും മോശവുമായ ആശയങ്ങൾ ഉൾക്കൊള്ളുന്നവക്ക് പാട്ട് എന്ന പ്രയോഗം വന്നു. അതോടൊപ്പം പാട്ടു പാടുന്ന പാട്ടുകാരുടെ ഭാഗത്തു നിന്നാണ് ഈ പാട്ടുകൾക്ക് മ്യൂസിക് എന്ന പേരു വന്നത്.
എന്നാൽ മ്യൂസികിനും വാദ്യോപകരണങ്ങൾക്കുമിടയിൽ ചില വ്യത്യാസങ്ങളുണ്ട് എന്ന് നാം മനസ്സിലാക്കണം. പല ആളുകളും അതിനെ ഒന്നിച്ചാണ് ഉപയോഗിക്കുന്നത്. 'മആസിഫ്' എന്ന് പറഞ്ഞാൽ കൊട്ടാൻ വേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്. അതായത് വിനോദോപകരണങ്ങൾ. ഇത് അറബി പദമാണ്. എന്നാൽ മ്യൂസിക് എന്നുള്ളത് ഗ്രീക്ക് പദമാണ്. വാദ്യോപകരണങ്ങൾ ഉപയോഗിക്കുവാനുള്ള കലക്കാണ് (വിജ്ഞാനമേഖല) മ്യൂസിക് എന്ന് പറയുന്നത്. ഇതാണ് ശരിയായ വീക്ഷണം.
സാങ്കേതികാർത്ഥത്തിൽ മ്യൂസിക് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് 'ഈണങ്ങളുടെയും രാഗങ്ങളുടെയും അവസ്ഥകളും അവയെ പരസ്പരം കൂട്ടിയോജിപ്പിക്കലും ഉപയോഗപ്പെടുത്തലും വാദ്യോപകരണങ്ങൾക്ക് രൂപം നൽകലുമെല്ലാം ഉൾക്കൊള്ളുന്ന വിജ്ഞാനമാണ്. (അൽമൗസൂഅതുൽഫിഖ്ഹിയ്യ: 38/168).
മ്യൂസികും മആസിഫും (വാദ്യോപകരണങ്ങൾ) തമ്മിലുള്ള ബന്ധം എന്താണ്?
മ്യൂസിക്കിന് വേണ്ടി വാദ്യോപകരണങ്ങൾ ഉപയോഗിക്കപ്പെടുന്നു. മുകളിൽ കൊടുത്ത നിർവചനത്തിൽ നിന്ന് നമുക്ക് അത് വ്യക്തമാകുന്നതാണ്.
ഇനി പാട്ടും വാദ്യോപകരണങ്ങളും തമ്മിൽ വേർതിരിവ് ഉണ്ട് എന്ന് പ്രമാണങ്ങളും മുൻഗാമികളുടെ വാക്കുകളും നമ്മെ പഠിപ്പിക്കുന്നു.
ആദ്യം നമുക്ക് ഇവ രണ്ടും തമ്മിലുള്ള വേർതിരിവ് മനസ്സിലാക്കാം. ശേഷം അവയുടെ മത വിധിയും പറയാം.
പാട്ടിന്‍റെ (غناء) നിർവചനവും അതിന്‍റെ ഇനങ്ങളും
ശബ്ദം ഉയർത്തുന്നതിന് 'غناء' എന്നു പറയാറുണ്ട്. ഈണത്തിനും 'غناء' എന്നു പറയാറുണ്ട്. ഇത് പലതരത്തിലുണ്ട്. അതിൽ ഏറ്റവും പ്രസിദ്ധമായതാണ് യാത്രക്കാർ അവരുടെ യാത്രാവേളകളിൽ പറയുന്നത്. ( غناء الركبان ) യാത്രാ സംഘങ്ങളുടെ പാട്ട് (غناء) എന്നാണ് ഇതിൽ പറയുക. 'النَّصْب' എന്നും ഇതിനെ പറയാറുണ്ട്. മേച്ചിൽകാർ ഒട്ടകങ്ങളെ മേയുമ്പോൾ ഉണ്ടാക്കുന്ന ശബ്ദത്തിന് 'الحُداء' എന്നു പറയാറുണ്ട്. ഇത് അവരുടെ غناء(പാട്ട്) ആണ്. നമസ്കാരത്തിനും ഹജ്ജുമായി മക്കയിലേക്ക് വരുന്നവർ അവരുടെ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് പറയുന്ന വാക്കുകളും യുദ്ധവേളയിൽ യോദ്ധാക്കൾക്ക് ആവേശം പകരുന്നതിനായി പറഞ്ഞു കൊണ്ടിരിക്കുന്ന വാക്കുകളും കുട്ടികളെ കളിപ്പിക്കുമ്പോൾ ഉമ്മ പറയുന്നതുമെല്ലാം غناءന്‍റെ, അതായത് പാട്ടിന്‍റെ വ്യത്യസ്ത ഇനങ്ങളിൽ പെട്ടതാണ്. വാദ്യോപകരണങ്ങളിൽ നിന്നും മുക്തമായതാണ് ഈ ഇനങ്ങളെല്ലാം. ഇവയെല്ലാം അനുവദനീയമായ പാട്ടുകളില്‍ പെട്ടതുമാണ്. (ഇൻഷാ അള്ളാ വഴിയേ വിശദീകരണം വരും).
ഇബ്നുൽമൻളൂർ പറയുന്നു: 'النَّصْبُ' എന്നത് അഅ്‌റാബികളുടെ പാട്ടിന്‍റെ ഇനങ്ങളിൽ പെട്ടതാണ്. (ലിസാനുൽ അറബ്: 1/758) ശബ്ദം ഉയർത്തപ്പെടുന്നു എന്നുള്ളതാണ് അങ്ങനെ ഉപയോഗിക്കുവാനുള്ള കാരണം. (താജുൽഉറൂസ്: 1/972) (നാട്ടിവെക്കുക ഉയർത്തി വയ്ക്കുക എന്നൊക്കെയാണ് 'النَّصْبُ' എന്ന വാക്കിന്‍റെ അർത്ഥം).
ഹാഫിദ് ഇബ്നു ഹജർ رَحِمَهُ ٱللَّٰهُ പറയുന്നു:
"ശബ്ദം ഉയർത്തുന്നതിന് മൊത്തത്തിൽ 'الغناء' എന്നു പറയാറുണ്ട്. രാഗം പുറപ്പെടുവിക്കുക ഈണം മുഴക്കുക എന്നതിനും ഈ പദം ഉപയോഗിക്കാറുണ്ട്. പക്ഷേ അവരെ കുറിച്ച് പാട്ടുകാർ എന്ന് പറയാറില്ല. തിന്മകൾ വെളിവാക്കിയോ സൂചനയിലൂടെയോ നൽകിക്കൊണ്ടുള്ള ആവേശവും വികാരം ഉണർത്തുന്നവർക്കാണ് പാട്ടുകാർ എന്ന പദം ഉപയോഗിക്കാറുള്ളത്. (ഫത്‌ഹുൽബാരി: 2/442)
വാദ്യോപകരണങ്ങളുടെ (المعازف) നിർവ്വചനവും അതിന്‍റെ ഇനങ്ങളും
വിനോദത്തിനുള്ള ഉപകരണങ്ങൾക്കാണ് المعازف എന്നു പറയുന്നത്. പാട്ടിനോടൊപ്പം അത് ഉപയോഗിക്കുന്നു. കാലഘട്ടങ്ങൾക്കനുസരിച്ച്കൊണ്ട് അതിന്‍റെ ഇനങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. തോല് വില്ല് (ഞാണ്) എന്നിവ ഉപയോഗിച്ചാണ് അധികവും ഇത് ഉണ്ടാക്കുന്നത്.
ഫൈറോസാബാദി പറയുന്നു:
"Oud, anbur, തുടങ്ങിയവയ്ക്കൊക്കെ المَعازِفُ എന്നു പറയും. ഇവ ഉപയോഗിച്ച് കളിക്കുകയും പാട്ടുപാടുകയും ചെയ്യുന്നവർക്കാണ് العازِفُ എന്നു പറയുന്നത്. (അൽഖാമൂസുൽമുഹീത്വ്: 1082).
"Oud، Tanbur, ദഫ് ... തുടങ്ങിയ കൊട്ടാൻ ഉപയോഗിക്കപ്പെടുന്ന വിനോദോപകരണങ്ങളെല്ലാം المَعازِفُ ൽപെടും. ഉമ്മു സർഇന്‍റെ ഹദീസിൽ "إِذا سَمِعْنَ صَوْت المَعازِفِ أَيْقَنَّ أَنَّهُن هَوالِكُ " "കൊട്ട് കേട്ടാൽ ഞങ്ങളുടെ നാശമാണ് എന്ന് ഒട്ടകങ്ങൾ മനസ്സിലാക്കും" എന്നു വന്നിട്ടുണ്ട്. (അറബികളുടെ വീടുകളിൽ അതിഥികൾ വന്നാൽ കൊട്ടുകയും പാടുകയും ഒട്ടകങ്ങളെ അറുക്കാൻ ചെല്ലുകയും ചെയ്യും. ഈ കൊട്ട് കേൾക്കുമ്പോഴാണ് ഇന്ന് ഞങ്ങളെ അറുക്കുമെന്ന് ഒട്ടകങ്ങൾ മനസ്സിലാക്കും എന്ന് ഹദീസിൽ വന്നത്). വാദ്യോപകരണങ്ങൾ കൊണ്ട് കളിക്കുകയും പാട്ടു പാടുകയും ചെയ്യുന്നവർക്കും العازِفُ എന്നു പറയാറുണ്ട്. (താജുൽ ഉറൂസ്: ( 1 / 6022 )
ശൈഖ് അൽബാനി رَحِمَهُ ٱللَّٰهُ യുടെ "വാദ്യോപകരണങ്ങൾ നിഷിദ്ധം"
എന്ന ഗ്രന്ഥത്തിലും(تحريم آلات الطرب)( പേ: 76) ഇബ്നു തൈമിയ്യ رَحِمَهُ ٱللَّٰهُ യുടെ മജ്മൂഉൽ ഫതാവയിലും ( 11 / 535 & 576 ) ഇബ്നുൽഖയ്യിമിന്‍റെ رَحِمَهُ ٱللَّٰهُ 'ഇഗാസതുല്ലഹ്ഫാനിലും' സമാനമായ ആശയങ്ങൾ നമുക്ക് കാണുവാൻ സാധിക്കും.
ഇനി വാദ്യോപകരണങ്ങളെ സംബന്ധിച്ച് വന്നിട്ടുള്ള ചില ഹദീസുകൾ നമുക്ക് പരിശോധിക്കാം.
"അബു മാലികുൽ ആശ്അരിയിൽ നിന്നും നിവേദനം; അദ്ദേഹം പറയുന്നു നബി ﷺ പറഞ്ഞിരിക്കുന്നു: "എന്‍റെ സമുദായത്തിൽ ചില ആളുകൾ ഉണ്ടാകും. വ്യഭിചാരം, പട്ട്, മദ്യം, വാദ്യോപരണങ്ങൾ തുടങ്ങിയവ (നിഷിദ്ധമാക്കിയത്) അവർ അനുവദനീയമാക്കും".
ഈ ഹദീസിന്‍റെ പരമ്പര കണ്ണി മുറിഞ്ഞതാണ് എന്ന് ഇബ്നു ഹസം വാദിക്കുകയും അന്ധമായ ചില ആളുകൾ ഇദ്ദേഹത്തെ അനുകരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അംഗീകാര യോഗ്യരായ പണ്ഡിതന്മാർ കൃത്യമായ മറുപടി ഇവർക്ക് നൽകിയിട്ടുണ്ട്.
ഹാഫിദ് അബൂ അംറുബ്നു സ്സ്വലാഹ് رَحِمَهُ ٱللَّٰهُ പറയുന്നു:
ബുഖാരിക്കും ഹിശാമിനും ഇടക്ക് പരമ്പര മുറിഞ്ഞിട്ടുണ്ട് എന്ന് ഇബ്നു ഹസം വാദിക്കുന്നു. സംഗീതം നിഷിദ്ധമാണ് എന്ന ആശയത്തിന് എതിരെയുള്ള വാദത്തിന് തെളിവായാണ് അദ്ദേഹം ഇത് കൊണ്ടുവരുന്നത്. യഥാർത്ഥത്തിൽ ഇദ്ദേഹത്തിന് ഇവിടെ തെറ്റ് സംഭവിച്ചിരിക്കുന്നു. അതിന് പല കാരണങ്ങളുണ്ട്. ഹദീസ് സത്യത്തിൽ സ്വഹീഹാണ്. ഹദീസ് സ്വഹീഹാകുവാനുള്ള നിബന്ധന അനുസരിച്ചു കൊണ്ട് അതിന്‍റെ പരമ്പര ചേർന്നതാണ് (കണ്ണി മുറിയാത്തതാണ്) എന്ന കാര്യം അറിയപ്പെട്ടതാണ്. പരമ്പരയിലുള്ള എല്ലാ ആളുകളുടെയും പേര് കൊടുക്കാതെ ഇമാം ബുഖാരി ഇപ്രകാരം ചില ഹദീസുകൾ റിപ്പോർട്ട് ചെയ്യാറുണ്ട്. തന്‍റെ കിതാബിൽ തന്നെ മറ്റൊരു സ്ഥലത്ത് ഇതേ പരമ്പര പൂർണമായ പേരുകളോടു കൂടി കൊടുത്തിട്ടുണ്ട് എന്നുള്ളതാണ് ചില സ്ഥലങ്ങളിൽ പേരുകൾ ഒഴിവാക്കാനുള്ള കാരണം. മറ്റു പല കാരണങ്ങളാലും ഇങ്ങനെ പേരുകൾ മുഴുവൻ കൊടുക്കാതെ ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യാറുണ്ട്. അതുകൊണ്ട് കണ്ണി മുറിയിലിന്‍റെ ദോഷം ഇവിടെ വരുന്നില്ല. (മുഖദ്ദിമതു ഇബ്നു സ്സ്വലാഹ്: പേജ്/36)
പാട്ടിനെ കുറിച്ച് വന്ന ഹദീസ്
അനസുബ്നു മാലികി رضي الله عنه ൽ നിന്ന് നിവേദനം; അദ്ദേഹം പറയുന്നു: നബി ﷺ ക്ക് (യാത്രയിൽ) ഒരു പാട്ടുകാരൻ (حَادٍ) ഉണ്ടായിരുന്നു. (യാത്രാവേളകളിൽ ചെറിയ പാട്ടുകൾ പാടി യാത്രക്കാർക്കും ഒട്ടകങ്ങൾക്കും മുന്നോട്ടു നീങ്ങാനുള്ള പ്രോത്സാഹനവും സന്തോഷവും കൊടുത്തിരുന്ന ആളുകൾ) അൻജശ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്. നല്ല ശബ്ദത്തിന്‍റെ ഉടമയായിരുന്നു അദ്ദേഹം. നബി ﷺ അദ്ദേഹത്തോട് പറഞ്ഞു: സാവകാശം നടക്കൂ അൻജശ. സ്ഫടികം നിങ്ങൾ പൊട്ടിക്കരുത്. (ഒട്ടകപ്പുറത്ത് ഇരിക്കുന്ന ദുർബലരായ സ്ത്രീകളെ സംബന്ധിച്ചാണ് നബി ﷺ അപ്രകാരം പറഞ്ഞത്). (ബുഖാരി: 2323. മുസ്‌ലിം: 5857).
ഇബ്നുഹജറുൽഅസ്ഖലാനി رَحِمَهُ ٱللَّٰهُ പറയുന്നു:
ചില പ്രത്യേക പാട്ടുകൾ പാടി ഒട്ടകങ്ങളെ തെളിച്ചു കൊണ്ടു പോകുന്ന ആളുകൾക്കാണ് حَادٍ എന്നു പറയുന്നത്. ചിലപ്പോൾ ഈണത്തിലും അല്ലാതെയുമുള്ള കവിതകൾ അവർ ചൊല്ലിയിരുന്നു. പിറകിൽ നിന്നും ഇത്തരം പാട്ടുകൾ പാടിയാൽ ഒട്ടകങ്ങൾ വേഗതയിൽ നടക്കൽ അവയുടെ പതിവായിരുന്നു.( ഫത്ഹുൽ ബാരി: 10/538)
ഇബ്നുൽഖയ്യിം رَحِمَهُ ٱللَّٰهُ പറയുന്നു:
"ഉമറുബ്നു അബ്ദിൽ അസീസ് തന്‍റെ മകന് സംസ്കാരം പഠിപ്പിക്കുന്ന (അധ്യാപകന്) ഇപ്രകാരം എഴുതി; 'നിങ്ങൾ ആദ്യം പഠിപ്പിക്കേണ്ട മര്യാദ വിനോദോപകരണങ്ങളെ അവഗണിക്കണം എന്നുള്ളതായിരിക്കണം. കാരണം അതിന്‍റെ തുടക്കം പിശാചിൽ നിന്നുള്ളതാണ്. അതിന്‍റെ അവസാനം അല്ലാഹുവിന്‍റെ വെറുപ്പാണ്. അംഗീകാര യോഗ്യമായ പണ്ഡിതന്മാരിൽ നിന്നും എനിക്ക് ഇപ്രകാരം അറിവ് ലഭിച്ചിട്ടുണ്ട്; 'വാദ്യോപകരണങ്ങളുടെ ശബ്ദവും പാട്ടുകൾ കേൾക്കലും അതിന് താളം പിടിക്കലും വെള്ളമുള്ള സ്ഥലത്ത് പുല്ലു മുളക്കുന്നത് പോലെ ഹൃദയത്തിൽ കാപട്യം ഉണ്ടാക്കും" (ഇഗാസതുല്ലഹ്ഫാൻ:1/250)
വാദ്യോപകരണങ്ങളുടെ മതവിധി
എല്ലാതരത്തിലുമുള്ള മ്യൂസിക് ഉപകരണങ്ങളുടെയും ഉപയോഗം നിഷിദ്ധമാണെന്ന കാര്യത്തിൽ നാലു ഇമാമുമാർക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല. ഏതെങ്കിലും ഇമാമുമാരെ കുറിച്ച് അത് അനുവദനീയമാണെന്ന് വല്ലവരും പറയുകയോ അവർ അത് ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് പറയുകയോ ചെയ്താൽ അവൻ കളവാണ് പറയുന്നത്. വ്യക്തമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ എന്താണോ വന്നിട്ടുള്ളത് അതു മാത്രമാണ് ഇമാമുമാർ പറഞ്ഞിട്ടുള്ളത്. നബി ﷺ യുടെ സ്വഹാബിമാരിൽ നിന്നും അവർക്ക് ശേഷമുള്ളവരിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുള്ളതും അപ്രകാരം തന്നെ.
ഇമാം ഖുർതുബി رَحِمَهُ ٱللَّٰهُ പറയുന്നു:
"ചെണ്ട വീണ പോലുള്ള വാദ്യോപകരണങ്ങൾ കേൾക്കൽ നിഷിദ്ധമാണെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. അംഗീകാര യോഗ്യരായിട്ടുള്ള മുൻഗാമികളിൽ നിന്നോ പിൻഗാമികളിൽ നിന്നോ അത് അനുവദനീയമാണെന്ന് പറയുന്ന ഒരാളെക്കുറിച്ചും ഞാൻ കേട്ടിട്ടില്ല. മദ്യപാനികളുടെയും മ്ലേച്ച സ്വഭാവക്കാരുടെയും അടയാളമായവയും വികാരങ്ങളെയും കുഴപ്പങ്ങളെയും ഇളക്കി വിടുകയും ചെയ്യുന്ന ഈ വിഷയം എങ്ങനെ ഹറാം ആകാതിരിക്കും. ഇത്തരത്തിലുള്ള കാര്യങ്ങൾ ഹറാമാണെന്ന കാര്യത്തിലും അത് ഉപയോഗിക്കുന്നവൻ കുറ്റക്കാരനും ഫാസിഖും ആണെന്ന കാര്യത്തിലും സംശയിക്കേണ്ടത് പോലുമില്ല." (അസ്സവാജിർ അൻ ഇഖ്തിറാഫിൽകബാഇർ: 2/193)
ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ ٱللَّٰهُ പറയുന്നു:
"വാദ്യോപകരണങ്ങൾ എല്ലാം നിഷിദ്ധമാണ് എന്നാണ് 4 ഇമാമുമാരുടെയും അഭിപ്രായം."
(മജ്മൂഉൽഫതാവാ: 11/576)
അൽമൗസൂഅതുൽഫിഖ്ഹിയ്യയിൽ ഇപ്രകാരം കാണാൻ സാധിക്കും:
"തൻബൂർ, rebec, violin, Zithers, തുടങ്ങി എല്ലാ വാദ്യോപകരണങ്ങളുടെയും ഉപയോഗം നിഷിദ്ധമാണ് എന്ന അഭിപ്രായമാണ് കർമശാസ്ത്രപണ്ഡിതന്മാർക്കുള്ളത്. അവ കൊണ്ട് കൊട്ടലാണ് അതിന്‍റെ ഉപയോഗം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്."
ഇതിന്‍റെ അടിസ്ഥാനത്തിൽ ആധുനികവും പൗരാണികവുമായിട്ടുള്ള എല്ലാ തരം മ്യൂസിക്കൽ ഇൻസ്ട്രുമെൻസ്കളും നിഷിദ്ധമാണ്. ഇവയിൽ ചിലത് പ്രമാണങ്ങളിൽ വ്യക്തമായി വന്നതാണ്. മറ്റു ചിലത് വാദ്യോപകരണങ്ങളുടെ പൊതുഗണത്തിൽ ഉൾപ്പെടുന്നതാണ്.
ശൈഖ് അൽബാനി رَحِمَهُ ٱللَّٰهُ പറയുന്നു:
"സഹോദരാ അറിയുക; എല്ലാ രൂപങ്ങളിലും ഇനങ്ങളിലുംപെട്ട വാദ്യോപകരണങ്ങൾ നിഷിദ്ധമാണെന്ന് മുകളിൽ കൊടുത്ത തെളിവുകൾ വ്യക്തമായി നമ്മെ അറിയിക്കുന്നു. ചെണ്ട, പുല്ലാങ്കുഴൽ ... തുടങ്ങിയവയെല്ലാം പ്രമാണങ്ങളിൽ വ്യക്തമായി വന്നവയാണ്. മറ്റു ചിലത് ഇതിലേക്ക് ചേർന്നു കൊണ്ടും നിഷിദ്ധമാകുന്നു. അതിനു രണ്ടു കാരണങ്ങൾ ഉണ്ട്.
(1) المعازف എന്ന പദം ഭാഷയിൽ എല്ലാ വാദ്യോപകരണങ്ങൾക്കും പറയപ്പെടുന്നതാണ്.
(2) ഇളക്കിവിടുന്നതിലും ആവേശം കൊള്ളിക്കുന്നതും അതു പോലെ തന്നെയാണ്. അബ്ദുല്ലാഹിബ്നു അബ്ബാസ് رضي الله عنه വിന്‍റെ ഈ വാക്ക് ഇതിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. 'ദഫ് നിഷിദ്ധമാണ്. വാദ്യോപകരണങ്ങൾ നിഷിദ്ധമാണ്. കൂബത് (നടു കുടുങ്ങിയതു അറ്റം പരന്നതുമായ ചെണ്ട) നിഷിദ്ധമാണ്. പുല്ലാംകുഴൽ നിഷിദ്ധമാണ്'. (ബൈഹഖി:10 / 222). ഇതിന്‍റെ പരമ്പര സ്വഹീഹാണ്." (تحريم آلات الطرب).
നിഷിദ്ധമാക്കപ്പെട്ട വാദ്യോപകരണങ്ങളിൽ നിന്ന് ദഫ് ഒഴിവാക്കാവുന്നതാണ്. അതും ചില പ്രത്യേകമായ സാഹചര്യങ്ങളിൽ മാത്രം.
പാട്ടിന്‍റെ മതവിധി
പാട്ടിന്‍റെ നിർവചനം മുമ്പ് നമ്മൾ മനസ്സിലാക്കിയതിന്‍റെ അടിസ്ഥാനത്തിൽ അടിസ്ഥാനപരമായി അത് നിഷിദ്ധമല്ല എന്ന് മനസ്സിലാക്കാൻ സാധിക്കും. മറിച്ച് അത് അനുവദനീയമാണ്. എന്നാൽ അതിനോടൊപ്പം വാദ്യോപകരണങ്ങൾ ഉപയോഗിക്കപ്പെടുമ്പോൾ അതു നിഷിദ്ധമാവുകയും ചെയ്യും. നിഷിദ്ധമാകാൻ കാരണമാകുന്ന മ്ലേഛതകളും തിന്മകളും ഉൾകൊള്ളുമ്പോഴും പാട്ട് നിഷിദ്ധത്തിന്‍റെ പരിധിയിൽ വരും.
ഇബ്നു അബ്ദിൽ ബർറ് رَحِمَهُ ٱللَّٰهُ പറയുന്നു:
പാട്ടിന്‍റെ ഇനത്തെ പണ്ഡിതന്മാർ അനുവദനീയമാക്കിയിട്ടുണ്ട്. അത് അനുവദനീയമാണെന്ന വിഷയത്തിൽ മുൻഗാമികളിൽ നിന്ന് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. യാത്രക്കാരുടെയും ഒട്ടകത്തെ തെളിക്കുന്ന ആളുകളുടെയും പാട്ടുകൾ ആ ഗണത്തിൽ പെടും. ഇത് അനുവദനീയമാണെന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ അന്തരമില്ല.
"ഉമറുബ്നുൽഖത്വാബ് رضي الله عنه പറഞ്ഞിട്ടുണ്ട്: പാട്ട് (الغناء) യാത്രക്കാരന്‍റെ പാഥേയത്തിൽ പെട്ടതാണ്....." പാട്ട് അശ്ളീലങ്ങളും തിന്മകളും ഇല്ലാത്തതാണെങ്കിൽ അനുവദനീയമാണെന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസം ഉള്ളതായി എനിക്ക് അറിയുകയില്ല. (അത്തംഹീദ്: 22/197,198)
ഇബ്നു അബ്ദിൽ ബർറ് رَحِمَهُ ٱللَّٰهُ തുടരുന്നു:
"അറബി അക്ഷരങ്ങൾ മുറിച്ചു കൊണ്ട് പാടൽ, കവിതകളുടെ രൂപങ്ങളിൽ കുഴപ്പം ഉണ്ടാക്കൽ, വിനോദത്തിനും ആമോദത്തിനും പ്രേരണ നൽകൽ, അറബികളുടെ രീതിയിൽ നിന്നും പുറത്ത് പോകൽ തുടങ്ങിയുള്ള പാട്ടുകൾ മക്‌റൂഹാണ്. മുൻപ് അനുവദനീയമാണ് എന്നതാണ് പറഞ്ഞ അതേ ആളുകൾ ഈ രൂപത്തിലുള്ളവ വെറുത്തു എന്നുള്ളതാണ് ഇത് മക്റൂഹാണ് എന്ന് പറയുവാനുള്ള തെളിവ്. നിരോധിക്കപ്പെട്ട ഒന്നും അവർ ചെയ്യാറുണ്ടായിരുന്നില്ല. (അത്തംഹീദ്: 22/198).
ഇബിനു ഹജർ رَحِمَهُ ٱللَّٰهُ പറയുന്നു:
നമസ്കാരത്തിനും ഹജ്ജുമായി മക്കയിലേക്ക് വരുന്നവർ അവരുടെ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് പറയുന്ന വാക്കുകളും യുദ്ധവേളയിൽ യോദ്ധാക്കൾക്ക് ആവേശം പകരുന്നതിനായി പറഞ്ഞുകൊണ്ടിരിക്കുന്ന വാക്കുകളും കുട്ടികളെ സ്വാന്തനിപ്പിക്കാനായി ഉമ്മമാർ പറയുന്നതുമെല്ലാം غناء ന്‍റെ- അതായത് പാട്ടിന്‍റെ- വ്യത്യസ്ത ഇനങ്ങളിൽ പെട്ടതാണ്. (ഫത്ഹുൽബാരി: 10/538).
അപ്പോൾ, വാദ്യോപകരണങ്ങളോടു കൂടിയുള്ള പാട്ടുകൾ, അന്യപുരുഷന്മാരുടെ മുൻപിൽ സ്ത്രീകൾ പാട്ടുപാടൽ, അന്യസ്ത്രീകളുടെ മുമ്പിൽ പുരുഷന്മാർ പാട്ടുപാടൽ, ആടലും കുഴയലുമുള്ള പാട്ടുകൾ, ഹറാം ആകാൻ കാരണമാകുന്ന വാക്കുകൾ ഉൾക്കൊള്ളുന്ന പാട്ടുകൾ ദീനിന്‍റെ നിർബന്ധ കാര്യങ്ങളിൽ നിന്ന് തെറ്റിച്ചു കളയുന്ന അമിതമായ ഉപയോഗമുള്ള പാട്ടുകൾ തുടങ്ങിയവയാണ് മുൻഗാമികൾ ആക്ഷേപിച്ചിട്ടുള്ളതും നിഷിദ്ധമാണെന്ന് പറഞ്ഞിട്ടുള്ളതും.
അതിനാൽ ചില നിബന്ധനകളോട് കൂടി പാട്ട് അനുവദനീയമാണെന്ന് മനസ്സിലാക്കുവാൻ സാധിക്കും. അവ താഴെ കൊടുക്കുന്നു.
(1) വാദ്യോപകരണങ്ങളിൽ നിന്ന് മുക്തമായിരിക്കണം.
(2) പാട്ടുകാരും പാട്ടുകാരികളുമായ ചീത്തവരോട് സാദൃശ്യം ഉണ്ടാവാൻ പാടില്ല.
(3) അല്ലാഹു നിർബന്ധമാക്കിയ കാര്യങ്ങൾ ഒഴിവാക്കുന്ന നിലക്ക് അമിതമാകുവാൻ പാടില്ല.
(4) അന്യ പുരുഷന്മാരുടെയും അന്യ സ്ത്രീകളുടെയും മുമ്പിൽ വെച്ച് ആകാൻ പാടില്ല.
(5) പിഴച്ച വിശ്വാസങ്ങളോ തിന്മയും മ്ലേച്ഛതകളും ഉൾക്കൊള്ളുന്നതോ നിഷിദ്ധമായ കാര്യത്തെ പുകഴ്ത്തുന്നതോ ആകാൻ പാടില്ല.
(6) കീർത്തി നേടുന്ന രൂപത്തിൽ ഒരു ജോലിയായി ഏറ്റെടുക്കാൻ പാടില്ല.
ഈ നിബന്ധനകൾക്കുള്ള തെളിവുകൾ നമുക്ക് താഴെ മനസ്സിലാക്കാം.
ഇബ്നു ഉമറിൽ رضي الله عنه നിന്ന് നിവേദനം; അല്ലാഹുവിന്‍റെ പ്രവാചകൻ ﷺ പറഞ്ഞിരിക്കുന്നു. "ഒരു സമൂഹത്തോട് വല്ലവനും സാദൃശ്യം സ്വീകരിച്ചാൽ അവൻ അവരിൽ പെട്ടവനാണ്."
(2) ബാങ്ക് വിളിക്കുവാനോ പുരുഷന്മാർക്ക് ഇമാമായി നിൽക്കുവാനോ സ്ത്രീക്ക് ഇസ്‌ലാം അനുവാദം നൽകുന്നില്ല. നമസ്കാരത്തിൽ പോലും ഇമാമിന് മറവി സംഭവിച്ചാൽ കൈ കൊട്ടിക്കൊണ്ട് ഉണർത്താനാണ് സ്ത്രീകൾക്കുള്ള നിർദ്ദേശം. സുബ്ഹാനള്ള പറയൽ പോലും അവർക്ക് മതനിയമമാക്കിയിട്ടില്ല. അപ്പോൾ പിന്നെ അന്യ പുരുഷന്മാർക്ക് മുൻപിൽ വെച്ച് കൊണ്ട് അവൾ പാട്ടു പാടലിന്‍റെ വിധി എങ്ങിനെയായിരിക്കും? പ്രത്യേകിച്ചും മോശമായ വാക്കുകൾ ഉപയോഗപ്പെടുത്തിക്കൊണ്ടാകുമ്പോൾ.
(3) റുബയ്യിഅ് ബിൻതു മുഅവ്വിദിൽ رضي الله عنها നിന്നും നിവേദനം:
എന്‍റെ വിവാഹ ദിവസം നബി ﷺ എന്‍റെ അടുക്കലേക്ക് വന്നു. ഇപ്പോൾ നിങ്ങൾ ഇരിക്കുന്നത് പോലെ എന്‍റെ വിരിപ്പിൽ ഇരുന്നു. പെൺകുട്ടികൾ ദഫ് മുട്ടി പാട്ട് പാടുന്നുണ്ടായിരുന്നു. ബദ്‌റിന്‍റെ ദിവസം കൊല്ലപ്പെട്ട അവരുടെ പിതാക്കളെ സംബന്ധിച്ചുള്ള വീര കാവ്യങ്ങൾ പറയുകയായിരുന്നു അവർ. ഈ സന്ദർഭത്തിൽ ഒരു പെൺകുട്ടി പറഞ്ഞു. 'നാളത്തെ കാര്യം അറിയുന്ന ഒരു പ്രവാചകൻ ഞങ്ങളുടെ കൂട്ടത്തിലുണ്ട്' അപ്പോൾ നബി ﷺ പറഞ്ഞു: ഇപ്പോൾ പറഞ്ഞത് പറയരുത്. ആദ്യം നിങ്ങൾ പറഞ്ഞു കൊണ്ടിരുന്നത് പറഞ്ഞു കൊള്ളുക. (ബുഖാരി: 3779).
ഇസ്‌ലാമിക വിശ്വാസത്തിനെതിരായ പാട്ടിനെ നബി ﷺ എതിർക്കുകയാണ് ഇവിടെ ചെയ്യുന്നത്.
(4) ആഇശ رضي الله عنها യിൽ നിവേദനം; അവർ പറയുന്നു:
'അൻസാരികളിൽ പെട്ട രണ്ട് പെൺകുട്ടികൾ ബുആസ് ദിവസത്തെക്കുറിച്ച് എന്‍റെ അടുക്കൽ പാട്ടുപാടിക്കൊണ്ടിരിക്കെ അബൂബക്കർ رضي الله عنه എന്‍റെ അടുക്കലേക്ക് പ്രവേശിച്ചു. അവർ രണ്ടുപേരും പാട്ടുകാരികൾ ആയിരുന്നില്ല. അപ്പോൾ അബൂബക്കർ رضي الله عنه ചോദിച്ചു അല്ലാഹുവിന്‍റെ പ്രവാചകന്‍റെ വീട്ടിൽ പിശാചിന്‍റെ ശബ്ദമോ?. ഒരു ആഘോഷ ദിവസമായിരുന്നു അന്ന്. അപ്പോൾ നബി ﷺ പറഞ്ഞു: എല്ലാ സമൂഹത്തിനും ഒരു ആഘോഷം ഉണ്ട്. ഇത് നമ്മുടെ ആഘോഷമാണ്. (ബുഖാരി: 909. മുസ്‌ലിം: 892)
ഇബ്നു ഹജറുൽ അസ്ഖലാനി رَحِمَهُ ٱللَّٰهُ പറയുന്നു:
'അവർ രണ്ടുപേരും പാട്ടുകാരികളായിരുന്നില്ല' എന്ന വാചകത്തെ കുറിച്ച് ഇമാം ഖുർതുബി رَحِمَهُ ٱللَّٰهُ പറയുന്നു: 'പാട്ടുകാരികൾ അറിയപ്പെടുന്നതു പോലെ പാട്ടിന്‍റെ പേരിൽ അറിയപ്പെട്ടിരുന്നവരായിരുന്നില്ല ആ രണ്ട് പെൺകുട്ടികൾ. ആ കാര്യത്തിൽ സൂക്ഷ്മത പാലിക്കേണ്ടതുണ്ട്. അത്തരം പാട്ടുകളാണ് ചിലപ്പോൾ നിശബ്ദരായവരെ ചലിപ്പിക്കുന്നതും ഒളിഞ്ഞിരിക്കുന്ന കാര്യങ്ങളെ പുറത്തു കൊണ്ടുവരുന്നതും. പ്രത്യേകിച്ചും പാട്ടിൽ സ്ത്രീകളുടെ വർണ്ണനകളും മദ്യത്തിന്‍റെ പുകഴ്ത്തലുകളും തുടങ്ങി ഹറാമായ കാര്യങ്ങൾ ഉണ്ടാകുമ്പോൾ അതു തികച്ചും നിഷിദ്ധമാണ്.' (ഫത്ഹുൽബാരി: 2/442).
ഇബ്നു ഖുദാമ رَحِمَهُ ٱللَّٰهُ പറയുന്നു:
"ചുരുക്കത്തിൽ പാട്ടിനെ തൊഴിലായി സ്വീകരിക്കുകയും അതിനെ ജീവിതത്തിന്‍റെ ഭാഗമാക്കി മാറ്റുകയും അല്ലെങ്കിൽ സ്ത്രീകളും പുരുഷന്മാരുമായ പാട്ടുകാരികളെയും പാട്ടുകാരെയും സ്വീകരിക്കുകയും ജനങ്ങളെ അവരിലേക്ക് ഒരുമിച്ച് കൂട്ടുകയും ചെയ്യുന്ന ആളുകൾക്ക് വേണ്ടി സാക്ഷി നിൽക്കാൻ പാടില്ല. മനുഷ്യത്വവും നന്മ ബോധവും നഷ്ടപ്പെട്ടവർക്കേ ഇതിനു സാധിക്കുകയുള്ളൂ. എന്നാൽ ഇതെല്ലാം നഷ്ടപ്പെട്ടവർ തങ്ങളുടെ വിവരക്കേടിൽ അനുസരണക്കേടിലും നില നിൽക്കുകയും തന്‍റെ തിന്മയെ പ്രകടമാക്കി കൊണ്ടിരിക്കുകയും ചെയ്യും. ഇതാണ് ഇമാം ഷാഫിയുടെ അഭിപ്രായം.(മുഗ്നി:12/42)
വൈകാരികത ഇളക്കിവിടുന്നതും തിന്മകൾ നിറഞ്ഞതുമായ ആധുനിക പാട്ടുകളെയും ചാഞ്ഞും ചെരിഞ്ഞും മറ്റുള്ളവരെ തങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യുന്ന ചലനങ്ങളെയും വാദ്യോപകരണങ്ങൾ ഇളക്കിവിടുന്ന കുഴപ്പങ്ങളെയും വിസ്മരിച്ചു കൊണ്ട് ഇത്തരം കാര്യങ്ങളിൽ ഒരാൾക്കും ഇന്ന് വിധി പറയുവാൻ സാധിക്കുകയില്ല. അതിന്‍റെയെല്ലാം ദുസ്സ്വാധീനങ്ങൾ കേൾക്കുന്ന ആളുകളിലാണ്.
ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ ٱللَّٰهُ പറയുന്നു:
"മനസ്സുകളെ മയക്കുന്ന ഒന്നാണ് വാദ്യോപകരണങ്ങൾ. മദ്യം എന്തോന്ന് ചെയ്യുന്നുവോ അതു തന്നെ വാദ്യോപകരണങ്ങളും മനസ്സു കൊണ്ട് ചെയ്യും. ശബ്ദങ്ങൾ കൊണ്ട് ജനങ്ങൾ മയക്കപ്പെട്ടവരായാൽ അവരിലേക്ക് ശിർക്ക് കടന്നു വരും. തിന്മകളിലേക്കും അക്രമങ്ങളിലേക്കും അവർ ചായും. അങ്ങനെ അവർ അല്ലാഹുവിൽ പങ്കു ചേർക്കും. അല്ലാഹു നിഷിദ്ധമാക്കിയതിനെ കൊലപ്പെടുത്തും. വ്യഭിചരിക്കും. വാദ്യോപകരണങ്ങൾ പതിവായി കേൾക്കുന്ന പല ആളുകളിലും ഈ സ്വഭാവങ്ങൾ ഇന്ന് കാണപ്പെടുന്നു. (മജ്മൂഉൽ ഫതാവ 10/417).
ഇബ്നുൽ ഖയ്യിം رَحِمَهُ ٱللَّٰهُ പറയുന്നു:
നമ്മളും നമ്മൾ അല്ലാത്തവരും ഇന്ന് കണ്ടു കൊണ്ടിരിക്കുന്നതും അനുഭവത്തിലൂടെ മനസ്സിലാക്കി കൊണ്ടിരിക്കുന്നതുമായ ഒരു കാര്യമാണ് വാദ്യോപകരണങ്ങളും വിനോദ വസ്തുക്കളും ഒരു സമൂഹത്തിൽ വ്യാപകമാവുകയും പ്രചരിക്കുകയും അവർ അതിൽ മുഴുകുകയും ചെയ്യുമ്പോൾ ശത്രുക്കൾക്ക് അല്ലാഹു അവരിൽ ആധിപത്യം കൊടുക്കുന്നു എന്നതും വരൾച്ച കൊണ്ടും ദുഷിച്ച ഭരണാധികാരികളെക്കൊണ്ടും അല്ലാഹു അവരെ പരീക്ഷിക്കുന്നു എന്നത്. ബുദ്ധിമാന്മാരായ ആളുകൾ ലോകത്തിന്‍റെ അവസ്ഥയെക്കുറിച്ച് നോക്കുകയും ചിന്തിക്കുകയും ചെയ്യും. അല്ലാഹുവിലേക്കാണ് സഹായതേട്ടം. (മദാരിജുസ്സാലികീൻ: 1/500)
അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.